ഇടപാടുകാരന്റെ ജീവന്‍ രക്ഷിച്ച ബാബുരാജിനെ കേരള ബാങ്ക് ആദരിച്ചു
കേരള ബാങ്ക് വടകര ശാഖയിലെ ഇടപാടുകാരനായ നടുപ്പറമ്പില്‍ ബിനുവിനെ അപ്രതീക്ഷിത അപകടത്തില്‍ നിന്നും രക്ഷപ്പെടുത്തിയ ശാഖയിലെ ഇടപാടുകാരനും വടകര-കീഴല്‍ സ്വദേശിയുമായ തയ്യല്‍ മീത്തല്‍ ബാബുരാജിനെ കേരള ബാങ്ക് ആദരിച്ചു.
ഒന്നാം നിലയിലുള്ള ബാങ്ക് കെട്ടിടത്തിന്റെ വരാന്തയില്‍ നിന്ന് തലകറങ്ങി താഴേക്ക് മറിഞ്ഞുവീണ ബിനുവിനെ സമയോചിത ഇടപെടലിലൂടെ ബാബുരാജ് രക്ഷപ്പെടുത്തുകയായിരുന്നു. ബിനു മറിഞ്ഞുവീഴുന്നതും സെക്കന്റുകള്‍ക്കുള്ളില്‍ തെല്ലുംപതറാതെ ബിനുവിന്റെ ഒരുകാലില്‍ പിടിച്ച് മറ്റുള്ളവരുടെ സഹായത്തോടെ രക്ഷപ്പെടുത്തുന്ന ബാബുരാജിന്റെയും വീഡിയോയും വാര്‍ത്തയും ഏറെ ചര്‍ച്ചയായിരുന്നു.
സമാനതകളില്ലാത്ത ധൈര്യം പ്രകടിപ്പിച്ച് മനുഷ്യ സ്നേഹത്തിന്റെ മഹാമാതൃകയായി മാറിയ ബാബുരാജിനും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായ കെ കെ ദാമുവിനും കേരള ബാങ്ക് ഭരണസമിതിയുടേയും ജീവനക്കാരുടേയും നേതൃത്വത്തിലാണ് ആദരവ് നല്‍കിയത്. കേരളാ ബാങ്ക് സി.ജി.എം കെ സി സഹദേവന്‍ വീഡിയോകോണ്‍ഫറന്‍സിലൂടെ ആദരവും അഭിനന്ദനവും അറിയിച്ചു. കേരള ബാങ്ക് കോഴിക്കോട് റീജിയണല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ റീജിയണല്‍ ജനറല്‍ മാനേജര്‍ സി അബ്ദുല്‍ മുജീബ് ഉപഹാരം നല്‍കി.
സി.പി.സി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എം പി ഷിബു അധ്യക്ഷത വഹിച്ചു. കോഴിക്കോട് റീജിയണല്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ എന്‍ നവനീത്കുമാര്‍, ഐ കെ വിജയന്‍, ടി സൂപ്പി, സീനിയര്‍ മാനേജര്‍ കെ കെ സജിത് കുമാര്‍, മാനേജര്‍ പി പ്രേമാനന്ദന്‍, ഒ രമേശന്‍, ഇ എം പ്രശാന്തന്‍ എന്നിവര്‍ പ്രസംഗിച്ചു. ബാബുരാജ് മറുപടി പ്രസംഗം നടത്തി. സീനിയര്‍ മാനേജര്‍ വിനോദന്‍ ചെറിയാലത്ത് സ്വാഗതവും പി.ആര്‍.ഒ. സി. സഹദ് നന്ദിയും പറഞ്ഞു.