ആശങ്ക അവഗണിക്കരുത്
കേരളബാങ്ക് ഒരു പ്രതീക്ഷയായാണ് സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്. ആ ഉദ്യമത്തെ സംശയിക്കേണ്ടതില്ല. കാലങ്ങളായി സഹകരണ മേഖലയില്‍ നിലനില്‍ക്കുന്ന ത്രിതല വായ്പാ സംവിധാനത്തിന്റെ പുന:സംഘടനയാണ് കേരളബാങ്ക് രൂപവത്കരണത്തിലൂടെ നടക്കുന്നത്. ശക്തമായ ഒരു സംസ്ഥാന ബാങ്കും ആ ശക്തി അംഗസംഘങ്ങളുടെ വളര്‍ച്ചയ്ക്ക് ഉപയോഗിക്കാന്‍ പാകത്തിലുള്ള പ്രവര്‍ത്തനഘടനയും സഹകരണ മേഖലയിലുണ്ടാകുമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം. സര്‍ക്കാരിന്റെ എല്ലാ ഇടപാടുകളും ഏറ്റെടുക്കാന്‍ കഴിവുള്ള, മൂലധന ശേഷിയുള്ള കേരളബാങ്ക് കേരളത്തിന്റെയും സഹകരണ മേഖലയുടെയും വളര്‍ച്ചയെ സഹായിക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല. പണരഹിത ഇടപാടിലേക്ക് മാറുകയാണ് സമൂഹം. എ.ടി.എം.കാര്‍ഡ് എന്നത് പണം പിന്‍വലിക്കാനുള്ള ഒരു ഉപകരണം എന്നനിലയില്‍നിന്ന് ‘മള്‍ട്ടി സര്‍വീസ ്’ ഉപയോഗത്തിലേക്ക് മാറിയിരിക്കുന്നു. ഇതൊക്കെ കേരളബാങ്കില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതൊന്നും അവഗണിക്കേണ്ടതോ തള്ളിപ്പറയേണ്ടതോ അല്ല. ആ നിലയില്‍ കേരളബാങ്കിനെ സഹകരണ മേഖലയാകെ ഏറ്റെടുക്കുന്നുണ്ട്.
അതേസമയം, ചില ആശങ്കകളുമുണ്ട്. അവയും പരിഗണിക്കേണ്ടതാണ്. നല്ല കാര്യങ്ങള്‍ക്കായി ഇറങ്ങുമ്പോള്‍ വഴിയിലെ അപകടത്തെക്കുറിച്ച് കൂടി ജാഗ്രതവേണം. കേരളബാങ്കിന്റെ കാര്യത്തില്‍ വിമര്‍ശനങ്ങളെയും ആശങ്കയേയും തുറന്ന മനസ്സോടെ ഉള്‍കൊള്ളാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടോയെന്നതില്‍ സംശയമുണ്ട്. നബാര്‍ഡിന്റെ അധിക നിബന്ധനയും റിസര്‍വ് ബാങ്ക് നേരത്തെ നിര്‍ദ്ദേശിച്ച 19 ഉപാധികളില്‍ ചിലതും ഭാവിയിലെ അപകടത്തെക്കുറിച്ചുള്ള സൂചന നല്‍കുന്നതാണ്. ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് എന്ന പുതിയ പരിഷ്‌കാരം കേരളബാങ്കില്‍ കൊണ്ടുവരുന്നത് റിസര്‍വ് ബാങ്കിന്റെ പൂര്‍ണ നിയന്ത്രണം ഉറപ്പുവരുത്താനാണ്. സംസ്ഥാന നിയമത്തിന് കീഴില്‍വരുന്നതാണ് സഹകരണ സ്ഥാപനങ്ങള്‍. അവിടെ ഭരണപരമായ ഇടപെടലിന് റിസര്‍വ് ബാങ്കിന് അധികാരമില്ല; അത് ബാങ്കുകളാണെങ്കില്‍ പോലും. ഇത് മറികടക്കാനുള്ള കുറുക്കുവഴിയാണ് ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ്. കേരളത്തിലെ പ്രാഥമിക സഹകരണ മേഖലയ്ക്ക് ഒരു കുരുക്കു വീണാല്‍ അത് ഈ മേഖലയില്‍ ഇതുവരെ നാം നേടിയ മുന്നേറ്റങ്ങളെയെല്ലാം തകര്‍ക്കും. കേരളബാങ്കിനെ പ്രാഥമിക ബാങ്കുകളെ നിയന്ത്രിക്കുന്നതിനുള്ള ഉപകരണമായി റിസര്‍വ് ബാങ്ക് ഉപയോഗിച്ചാല്‍ അതുണ്ടാക്കുന്ന തിരിച്ചടി ചെറുതാവില്ല.
കേരളബാങ്ക് വരുമ്പോള്‍ ഇല്ലാതാകുന്ന ജില്ലാ ബാങ്കുകളിലെ ജീവനക്കാരുടെ ആശങ്കയും തള്ളിക്കളയാവുന്നതല്ല. സംസ്ഥാന- ജില്ലാ ബാങ്കുകളിലെ ജീവനക്കാരെ രണ്ടു തട്ടിലാക്കിയുള്ള വിഭജനം കേരളബാങ്കിന്റെ ഭാവിയെപ്പോലും ബാധിച്ചേക്കാം. സേവനകാലവും കഴിവും അടിസ്ഥാനമാക്കിയാവണം കേരളബാങ്ക് ജീവനക്കാരുടെ സ്ഥാനം നിര്‍ണയിക്കേണ്ടത്. അല്ലാതെ സംസ്ഥാനബാങ്ക് ഒരു അധീശ ശക്തിയായി കണക്കാക്കിയാവരുത്. ഒറ്റക്കെട്ടായി മുന്നേറാനുള്ള ഊര്‍ജം നല്‍കുമ്പോഴാണ് വളര്‍ച്ചയുടെ വഴിതെളിയുന്നത്. ആ വഴിയിലെ നിഴലുകള്‍ മാറ്റണം. അസ്വസ്ഥതകള്‍ തീര്‍ക്കണം. ഒരു വലിയ ദൗത്യം ഏറ്റെടുക്കുമ്പോള്‍ ഒരാശങ്കയും അവഗണിക്കരുത്. പരിഗണിച്ചശേഷം തള്ളേണ്ടതിനെ തള്ളാം. അല്ലാതെ മുഖംതിരിച്ചാല്‍ അപകടത്തെക്കുറിച്ചുള്ള മുന്നറിയിപ്പായിരിക്കും കിട്ടാതെ പോകുന്നത്.