ആര്‍.ബി.ഐ. പറയുന്നതിലെ പൊരുളും പൊരുത്തക്കേടും

Deepthi Vipin lal

സഹകരണ സംഘങ്ങള്‍ നിക്ഷേപം സ്വീകരിക്കുന്നതിനും ബാങ്ക് എന്നു പേരിനൊപ്പം ചേര്‍ക്കുന്നതിനുമെതിരെ പൊതുജനങ്ങളെ അറിയിക്കാനായി റിസര്‍വ് ബാങ്ക് ഒരു കുറിപ്പ് ഇറക്കിയിരിക്കുകയാണ്. റിസര്‍വ് ബാങ്കിന്റെ ലൈസന്‍സില്ലാത്ത സഹകരണ സംഘങ്ങള്‍ ബാങ്ക്, ബാങ്കിങ്, ബാങ്കര്‍ എന്നിങ്ങനെ പേരിനൊപ്പം ചേര്‍ക്കാന്‍ പാടില്ല, വോട്ടവകാശമുള്ള അംഗങ്ങളെ മാത്രമേ സഹകരണ സംഘങ്ങളിലെ അംഗങ്ങളായി കണക്കാക്കാന്‍ പാടുള്ളൂ എന്നീ രണ്ടു കാര്യങ്ങളാണ് ഈ കുറിപ്പിലെ ഉള്ളടക്കം. നോമിനല്‍, അസോസിയേറ്റ് അംഗങ്ങളുമായി നടത്തുന്ന ഇടപാടുകള്‍ ബാങ്കുകളുടേതിനു സമാനമായി പൊതുജനങ്ങളുടെ ഇടപാടായി പരിഗണിക്കുകയും അതു നിയമവിരുദ്ധമായി കണക്കാക്കുകയും ചെയ്യുമെന്നാണു മുന്നറിയിപ്പ്. സഹകരണ സംഘങ്ങളില്‍ നിക്ഷേപം നടത്തുന്നവര്‍ അവര്‍ക്കു ബാങ്കിങ് ലൈസന്‍സ് ഉണ്ടോയെന്ന് ഉറപ്പുവരുത്തണമെന്നും അല്ലെങ്കില്‍ നിക്ഷേപത്തിനു കേന്ദ്ര നിക്ഷേപ ഗ്യാരന്റി കോര്‍പ്പറേഷന്റെ പരിരക്ഷ ലഭിക്കില്ലെന്നും പൊതുജനങ്ങളെ ബോധ്യപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ആര്‍.ബി.ഐ.യുടെ പത്രക്കുറിപ്പ്.

മാധ്യമങ്ങള്‍ ഇതിനു വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥാപനങ്ങളുടെ നിയന്ത്രണ അതോറിറ്റിയായ റിസര്‍വ് ബാങ്ക് ഇത്തരമൊരു പത്രക്കുറിപ്പ് നല്‍കിയാല്‍ അതിന് ഏറെ പ്രാധാന്യമുണ്ട്. അതനുസരിച്ച് മാധ്യമങ്ങള്‍ അതു നല്‍കുകയും ചെയ്തിട്ടുണ്ട്. ഇനി ഇതിന്റെ വസ്തുകള്‍ പരിശോധിച്ചുനോക്കിയാലാണു റിസര്‍വ് ബാങ്കിന്റെ ഉദ്ദേശശുദ്ധി സംശയിക്കപ്പെടുന്നത്. 2020 സെപ്റ്റംബര്‍ 29 നു നിലവില്‍ വന്ന ബാങ്കിങ് നിയന്ത്രണ നിയമത്തിലെ ഭേദഗതിനിര്‍ദേശമനുസരിച്ചാണ് ഇപ്പോഴത്തെ നടപടിയെന്നാണു റിസര്‍വ് ബാങ്ക് പറയുന്നത്. ഈ ഭേദഗതിക്കു മുമ്പുതന്നെ, അതായത് 2017 ജൂണ്‍ 30 നു , സമാനമായ ഒരു കുറിപ്പ് ആര്‍.ബി.ഐ. നല്‍കിയിരുന്നു. അതില്‍ നിയമഭേദഗതി പരാമര്‍ശിച്ചിട്ടില്ല എന്നുമാത്രമേയുള്ളൂ. കേന്ദ്ര ബാങ്കിങ് നിയമത്തില്‍ വന്ന മാറ്റം സഹകരണ സംഘങ്ങള്‍ക്കു ‘ബാങ്ക്’ എന്നു ചേര്‍ക്കുന്നതിനുള്ള വിലക്കാണ്. അതാണു റിസര്‍വ് ബാങ്ക് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടത് എങ്കില്‍ നമുക്കു മനസ്സിലാക്കാം. പക്ഷേ, നിക്ഷേപത്തിനു നിയന്ത്രണവും നിക്ഷേപിക്കുന്നവരെ വിലക്കുന്ന മുന്നറിയിപ്പും നല്‍കുന്നത് ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്നു വിശദീകരിക്കേണ്ടതുണ്ട്.
കേന്ദ്ര നിയമത്തില്‍ ഒരിടത്തും സഹകരണ സംഘങ്ങളുടെ അംഗങ്ങള്‍ ആരൊക്കെയാകണമെന്നു നിര്‍വചിച്ചിട്ടില്ല. അതിനു കഴിയുകയുമില്ല. കാരണം, സഹകരണം സംസ്ഥാന വിഷയമാണെന്നു ഭരണഘടനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 97-ാം ഭരണഘടനാ ഭേദഗതിയുടെ തീര്‍പ്പില്‍ ഇക്കാര്യം സുപ്രീം കോടതി ആവര്‍ത്തിച്ച് വിശദീകരിച്ചിട്ടുമുണ്ട്.

സഹകരണ സംഘങ്ങള്‍ സംസ്ഥാന നിയമത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ്. ആ സംഘങ്ങളിലെ അംഗങ്ങളില്‍ വോട്ടവകാശമുള്ളവരെ മാത്രമേ തങ്ങള്‍ അംഗീകരിക്കൂവെന്നു റിസര്‍വ് ബാങ്കിനു പറയാന്‍ ഒരധികാരവുമില്ല. സഹകരണ സംഘത്തില്‍ അംഗങ്ങളെ നിശ്ചയിക്കുന്നത് അതതു സംസ്ഥാന നിയമങ്ങളാണെന്നും അതു കേന്ദ്രതലത്തിലെ മറ്റ് അധികാര സ്ഥാപനങ്ങള്‍ പരിശോധിച്ചു തീരുമാനത്തിലെത്തേണ്ടതില്ലെന്നും ആദായനികുതി കേസില്‍ സുപ്രീം കോടതിയും വ്യക്തമാക്കിയതാണ്. നിയമവും നീതിപീഠങ്ങളുടെ വിധികളും ഇതായിരിക്കേ റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം മറ്റെന്തോ ലക്ഷ്യത്തിനു വേണ്ടിയാണെന്നു കരുതണം. ഇതില്‍ കേരള സര്‍ക്കാര്‍ ഉടനടി ഇടപെട്ടത് അഭിനന്ദനാര്‍ഹമാണ്. സുപ്രീം കോടതിയേയും റിസര്‍വ് ബാങ്കിനേയും സമീപിക്കാനുള്ള തീരുമാനമാണു സര്‍ക്കാര്‍ എടുത്തത്. ഇതൊന്നും ബാധിക്കില്ലെന്നു പറയുന്നവരും ആ വാദത്തിനു പുതിയ വ്യാഖ്യാനങ്ങളുണ്ടാക്കുന്നവരും നമുക്കിടയിലുണ്ട്. ആ നിഷേധ പ്രചരണമാണു പണം പിന്‍വലിക്കുമ്പോള്‍ നികുതി നല്‍കേണ്ട ബാധ്യത കേരളത്തിലെ സഹകരണ സംഘങ്ങള്‍ക്കുണ്ടാക്കിയത്. അതിനാല്‍, ഇക്കാര്യത്തില്‍ സര്‍ക്കാരിനൊപ്പം ചേരണം. എതിര്‍ക്കേണ്ടതും തിരുത്തേണ്ടതും ബോധ്യപ്പെടുത്തേണ്ടതും പൊരുതി നേടേണ്ടതും വേര്‍തിരിച്ചുകാണാനും ഒന്നിക്കാനും സഹകാരികള്‍ക്കു കഴിയണം.

– എഡിറ്റര്‍

Leave a Reply

Your email address will not be published. Required fields are marked *

Latest News