ആരോഗ്യ സുരക്ഷാ പദ്ധതിയിൽ സഹകരണ ജീവനക്കാരെ ഉൾപ്പെടുത്തുമെന്ന് മന്ത്രിയുടെ ഉറപ്പ്.
ആരോഗ്യ സുരക്ഷാ പദ്ധതിയിൽ സഹകരണ ജീവനക്കാരെ ഉൾപ്പെടുത്തുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉറപ്പുനൽകി. സഹകരണ രംഗത്തുള്ള വിവിധ സംഘടനകളുടെ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഹോസ്പിറ്റൽ സംഘങ്ങളുടെയും പ്രാഥമിക വായ്പാ സംഘങ്ങളുടെയും ശമ്പള പരിഷ്കരണ കമ്മിറ്റി രൂപീകരിച്ച് കൊണ്ടുള്ള ഉത്തരവ് രണ്ടുദിവസത്തിനകം ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.
പി.ടി.എസ്, അപ്രൈസർ, കമ്മീഷൻ ഏജന്റ്മാർ എന്നിവരുടെ പ്രശ്നങ്ങൾ പ്രത്യേകം യോഗം വിളിച്ച് ചർച്ച ചെയ്യാമെന്ന് മന്ത്രി ഉറപ്പു നൽകി. എന്നാൽ 1:4 ചട്ടം ഭേദഗതി പിൻവലിക്കാനാവില്ലെന്ന് മന്ത്രി പറഞ്ഞു. എന്നാൽ ഇതിലെ വിവേചനവും നിയമം പ്രാബല്യത്തിൽ വരുന്നതിനു മുമ്പ് സർവീസിൽ കയറി വർക്കുള്ള സംരക്ഷണവും ആലോചിക്കാം എന്ന് മന്ത്രി പറഞ്ഞു.
ശനിയാഴ്ച ദിവസങ്ങളിലെ അവധിയെ സംബന്ധിച്ച് വൈകാതെ തീരുമാനം എടുക്കാം എന്ന് പറഞ്ഞ മന്ത്രി പെൻഷൻ പ്രായം വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് പിന്നീട് ആലോചിക്കാം എന്നാണ് സംഘടന നേതാക്കളോട് പറഞ്ഞത്. സഹകരണ മേഖലയിലെ ജീവനക്കാരുടെ പ്രധാന സംഘടനകളുടെ നേതാക്കളെല്ലാം തന്നെ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. കഴിഞ്ഞ ദിവസങ്ങളിൽ വിവിധ സംഘടനകൾ സെക്രട്ടറിയേറ്റിനു മുന്നിൽ ഈ ആവശ്യങ്ങളുന്നയിച്ച് സമരം നടത്തിയിരുന്നു.