ആരോഗ്യ ഇന്‍ഷൂറന്‍സ്: സഹകരണ ജീവനക്കാരെയും പരിഗണിക്കുന്നു
സഹകരണ മേഖലയിലെ ജീവനക്കാരെയും സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ധനമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സഹകരണ ജീവനക്കാരെ പദ്ധതിയില്‍നിന്ന് മാറ്റിനിര്‍ത്തേണ്ട കാര്യമില്ല. ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരും – മന്ത്രി പറഞ്ഞു.
സഹകരണ ജീവനക്കാരെ പദ്ധതില്‍നിന്ന് ഉള്‍പ്പെടുത്താത്തതിനെപ്പറ്റി ‘മൂന്നാംവഴി’യാണ്
ജൂണ്‍ ലക്കത്തില്‍ വാര്‍ത്ത നല്‍കിയത്.
സഹകരണ ജീവനക്കാരെ പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടത് അനിവാര്യമാണ്. അവര്‍ക്ക് നിലവില്‍ 3000 രൂപയോളം മെഡിക്കല്‍ അലവന്‍സ് നല്‍കുന്നുണ്ട്. ഇത് ഇന്‍ഷൂറന്‍സ് പദ്ധതിയിലേക്ക് മാറ്റാവുന്നതേയുള്ളൂ. ഇക്കാര്യം ധനകാര്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരും – മന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും കുറഞ്ഞ ചെലവില്‍ ചികിത്സ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, പെന്‍ഷന്‍കാര്‍, കുടുംബ പെന്‍ഷന്‍കാര്‍, സര്‍ക്കാരിന്റെ സഹായം സ്വീകരിക്കുന്ന സര്‍വകലാശാലകളിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍, ഈ സ്ഥാപനങ്ങളിലെ പെന്‍ഷന്‍കാര്‍, കുടുംബ പെന്‍ഷന്‍കാര്‍, മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍, പേഴ്‌സണല്‍ സ്റ്റാഫ് പെന്‍ഷന്‍കാര്‍ എന്നിവരും ഇവരുടെ ആശ്രിതരുമാണ് പദ്ധതിയില്‍പ്പെട്ടത്. പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ച് തുടക്കത്തിലിറങ്ങിയ ഉത്തരവില്‍ സഹകരണ ജീവനക്കാരും പദ്ധതിയുടെ ഭാഗമാകുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍, അന്തിമ ഉത്തരവില്‍ സഹകരണ ജീവനക്കാരെ ഒഴിവാക്കി. ഇതേക്കുറിച്ചാണ് ‘ മൂന്നാംവഴി ‘ വാര്‍ത്ത നല്‍കിയത്.
[mbzshare]