അര്‍ബന്‍ബാങ്കുകള്‍ വായ്പ സഹകരണ സംഘങ്ങളാക്കേണ്ടിവരുമെന്ന് ആര്‍.ബി.ഐ. മുന്നറിയിപ്പ്

moonamvazhi

സംസ്ഥാനത്തെ അര്‍ബന്‍ സഹകരണ ബാങ്കുകള്‍ പലതും വായ്പ സഹകരണ സംഘങ്ങളാക്കി മാറ്റേണ്ടിവരുമെന്ന് റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പ്. കേന്ദ്രനിയമത്തിലെ ഭേദഗതി വ്യവസ്ഥകളും റിസര്‍വ് ബാങ്കിന്റെ പുതിയ മാര്‍ഗരേഖയും പാലിച്ചില്ലെങ്കിലാകും ഈ മാറ്റം വേണ്ടിവരിക. റിസര്‍വ് ബാങ്കിന്റെ പുതിയ ബാങ്കിങ് മാര്‍ഗ രേഖ പാലിക്കാനാകാത്ത സംസ്ഥാനത്തെ 50 അര്‍ബന്‍ ബാങ്കുകളില്‍ ആര്‍.ബി.ഐ. നിയന്ത്രണ നടപടികള്‍ കൊണ്ടുവന്നിട്ടുണ്ട്. ഇവയ്ക്കാണ് ബാങ്ക് പദവി റദ്ദാക്കല്‍ ഭീഷണി നിലനില്‍ക്കുന്നത്.

സംസ്ഥാനങ്ങളിലെ സഹകരണ സംഘം രജിസ്ട്രാര്‍മാരുടെ യോഗം മുംബൈയില്‍ വിളിച്ചുചേര്‍ത്താണ് ഈ നിര്‍ദ്ദേശം നല്‍കിയത്. കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണങ്ങളും ആര്‍.ബി.ഐ. വ്യവസ്ഥകളും പാലിക്കുന്നില്ലെങ്കില്‍ അവയുടെ ‘ബാങ്ക്’ പദവി മാറ്റി സഹകരണ വായ്പ സംഘങ്ങളാക്കി മാറ്റാമെന്നാണ് രജിസ്ട്രാര്‍മാര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. കേന്ദ്രവും റിസര്‍വ് ബാങ്കും നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍ അര്‍ബന്‍ ബാങ്കുകള്‍ നടപ്പാക്കാനുള്ള ഉത്തരവാദിത്തം സഹകരണ രജിസ്ട്രാര്‍ക്കാണെന്ന് ആര്‍.ബി.ഐ. ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാരുകളെ ബോധ്യപ്പെടുത്തി അടിയന്തര നടപടി സ്വീകരിക്കണം. മാറ്റത്തിന് തയ്യാറായില്ലെങ്കില്‍ അര്‍ബന്‍ ബാങ്കുകളെ സഹകരണ സംഘങ്ങളാക്കി സംസ്ഥാന പരിധിയില്‍ നിര്‍ത്താമെന്നാണ് മുന്നറിയിപ്പ്.

അര്‍ബന്‍ ബാങ്കുകളെ നാല് വിഭാഗങ്ങളാക്കി മാറ്റി നിയന്ത്രണം കൊണ്ടുവരാന്‍ റിസര്‍വ് ബാങ്ക് നിയോഗിച്ച എന്‍.എസ്.വിശ്വനാഥന്‍ കമ്മിറ്റി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് അനുസരിച്ച് റിസര്‍വ് ബാങ്ക് സര്‍ക്കുലറും ഇറക്കിയിട്ടുണ്ട്. നിക്ഷേപം അനുസരിച്ച് അര്‍ബന്‍ ബാങ്കുകളുടെ നിയന്ത്രണം, പ്രവര്‍ത്തനപരിധി എന്നിവയെല്ലാം നിശ്ചയിക്കുന്നതാണ് ഈ വ്യവസ്ഥകള്‍. ഇതൊന്നും സംസ്ഥാനത്തെ അര്‍ബന്‍ ബാങ്കുകള്‍ നടപ്പാക്കാന്‍ തയ്യാറായിട്ടില്ല.

അര്‍ബന്‍ ബാങ്കുകളില്‍ സംസ്ഥാന സര്‍ക്കാരിന്റെ അധികാരം പരിമിതപ്പെടുത്തുന്നതാണ് കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും നിര്‍ദ്ദേശിക്കുന്ന വ്യവസ്ഥകളിലേറെയും. സംസ്ഥാന സഹകരണ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് അര്‍ബന്‍ ബാങ്കുകള്‍ രൂപവത്കരിച്ചിട്ടുള്ളത്. ഭരണസമിതിയുടെ ഘടന, ഓഡിറ്റ്, ഭരണസമിതി അംഗങ്ങളുടെ കാലാവധി എന്നിവ സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങളെല്ലാം സംസ്ഥാന നിയമത്തിന് വിരുദ്ധമാണ്. അര്‍ബന്‍ ബാങ്കുകളുടെ നിയന്ത്രണം കേന്ദ്രതലത്തില്‍ ഏകോപിപ്പിക്കുന്നതിന് ‘അംബ്രല്ല ഓര്‍ഗനൈസേഷന്‍’ സ്ഥാപിച്ചിട്ടുണ്ട്. ഇതിലും കേരളത്തിലെ ബാങ്കുകള്‍ അംഗമാകാന്‍ തയ്യാറായിട്ടില്ല. ഈ ഘട്ടത്തിലാണ് ആര്‍.ബി.ഐ.യുടെ പുതിയ നിര്‍ദ്ദേശം വരുന്നത്.

നിഷ്‌ക്രിയ ആസ്തി, മൂലധന പര്യാപ്തത, ലാഭക്ഷമത എന്നിവ അടിസ്ഥാനമാക്കിയാണ് അര്‍ബന്‍ ബാങ്കുകളുടെ പ്രവര്‍ത്തനം റിസര്‍വ് ബാങ്ക് പരിശോധിക്കുന്നത്. ആര്‍.ബി.ഐ.യുടെ മാനദണ്ഡം പാലിക്കാനാകാത്ത ബാങ്കുകളില്‍ നിയന്ത്രണം കൊണ്ടുവരും. സൂപ്പര്‍വൈസറി ആക്ഷന്‍ ഫെയിം വര്‍ക്ക് (സാഫ്) എന്ന പേരിലാണ് സഹകരണ അര്‍ബന്‍ ബാങ്കുകളിലെ ഈ നിയന്ത്രണം. ഇത് മൂന്ന് ഘട്ടമായാണ് നടപ്പാക്കുന്നത്. നിഷ്‌ക്രിയ ആസ്തി ആറ് ശതമാനത്തില്‍ താഴെയും മൂലധനപര്യാപ്തത ഒമ്പതശതമാനത്തില്‍ കൂടുതലും വേണമെന്നാണ് ആര്‍.ബി.ഐ. വ്യവസ്ഥ.

ഇത് പാലിക്കാന്‍ പറ്റാത്ത ബാങ്കുകളിലാണ് അതിന്റെ തോത് അനുസരിച്ച് മൂന്നുഘട്ടമായി നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്. രണ്ടാം ഘട്ട നിയന്ത്രണം വരുമ്പോള്‍തന്നെ ബാങ്കുകളോട് ‘രക്ഷാമാര്‍ഗം’ തേടണമെന്ന നിര്‍ദ്ദേശം ആര്‍.ബി.ഐ. നല്‍കുന്നുണ്ട്. ഈ ഘട്ടത്തില്‍തന്നെ നിക്ഷേപത്തിനും വായ്പയ്ക്കും നിയന്ത്രണം കൊണ്ടുവരും. മൂന്നാംഘട്ടത്തിലാകുന്നതോടെ ഒന്നുകില്‍ ലയനം അല്ലെങ്കില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കല്‍ ഇതാണ് ആര്‍.ബി.ഐ.യുടെ നടപടി. സംസ്ഥാനത്തെ 60 അര്‍ബന്‍ബാങ്കുകളില്‍ 50 എണ്ണത്തിലും റിസര്‍വ് ബാങ്കിന്റെ നിയന്ത്രണങ്ങള്‍ പലതലത്തില്‍ നടപ്പാക്കിയിട്ടുണ്ട്. ഇതില്‍ 20 അര്‍ബന്‍ ബാങ്കുകള്‍ ആര്‍.ബി.ഐ. വ്യവസ്ഥ പാലിക്കാന്‍ പറ്റുമെന്ന ഘട്ടത്തിലെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മാറാനായില്ലെങ്കില്‍ ഈ ബാങ്കുകളെല്ലാം സൊസൈറ്റികളായി മാറേണ്ടിവരുമെന്നാണ് ആര്‍.ബി.ഐ. നല്‍കുന്ന മുന്നറിയിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *

Latest News