അര്‍ബന്‍ബാങ്കുകളെ സഹായിക്കാന്‍ ദേശീയ സാമ്പത്തിക വികസനകോര്‍പ്പറേഷന്‍: ഉദ്ഘാടനം നാളെ

moonamvazhi

അര്‍ബന്‍ സഹകരണബാങ്കുകളെ ആധുനികീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നാഷണല്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ഫിനാന്‍സ് ആന്റ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് ( NUCFDC ) എന്ന സ്ഥാപനത്തിനു കേന്ദ്രസര്‍ക്കാര്‍ തുടക്കം കുറിച്ചു. ശനിയാഴ്ച ഡല്‍ഹിയിലെ വിജ്ഞാന്‍ഭവനില്‍ ചേരുന്ന ചടങ്ങില്‍ കേന്ദ്ര സഹകരണമന്ത്രി അമിത് ഷാ ഇതിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. സഹകരണത്തിലൂടെ സമൃദ്ധി എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ ഇതൊരു നാഴികക്കല്ലായിരിക്കും. അര്‍ബന്‍ സഹകരണബാങ്കുകളുടെ അംബ്രല്ല സംഘടനയായി ഈ സ്ഥാപനം പ്രവര്‍ത്തിക്കും.

NUCFDCക്കു റിസര്‍വ് ബാങ്കിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചുകഴിഞ്ഞു. ബാങ്കിങ്ങിതര ഫിനാന്‍സ് കമ്പനിയായി പ്രവര്‍ത്തിക്കുന്ന NUCFDC സ്വയംനിയന്ത്രിത സംഘടനയായിരിക്കും. 300 കോടി രൂപയായിരിക്കും ഇതിന്റെ മൂലധനം. ഈ മൂലധനമുപയോഗിച്ച്
അര്‍ബന്‍ സഹകരണബാങ്കുകളെ സഹായിക്കും. അവയുടെ സേവനരംഗം മെച്ചപ്പെടുത്തി ചെലവു കുറയ്ക്കാനുള്ള നടപടികള്‍ കൈക്കൊള്ളും. കോര്‍പ്പറേഷന് മൂലധനം സ്വരൂപിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ്.

NUCFDC സ്ഥാപിക്കുന്ന സാങ്കേതികവിദ്യാ പ്ലാറ്റ്‌ഫോം എല്ലാ അര്‍ബന്‍ ബാങ്കുകള്‍ക്കും പ്രയോജനപ്പെടുത്താം. ഫണ്ട് മാനേജ്‌മെന്റ്, മറ്റു കണ്‍സള്‍ട്ടന്‍സി സര്‍വീസുകള്‍ എന്നിവയും ഈ അംബ്രല്ലാ സംഘടന നല്‍കും. ഷെഡ്യൂള്‍ഡ്- നോണ്‍ ഷെഡ്യൂള്‍ഡ് വിഭാഗങ്ങളിലായി നിലവില്‍ 1500ലധികം അര്‍ബന്‍ സഹകരണബാങ്കുകളാണ് ഇന്ത്യയിലുള്ളത്. ഇവയ്‌ക്കെല്ലാംകൂടി 11,000 ത്തിലധികം ശാഖകളുമുണ്ട്. ഇവയിലെല്ലാംകൂടി 5.33 ലക്ഷം കോടി രൂപയുടെ നിക്ഷേപമുണ്ട്. 3.33 ലക്ഷം കോടി രൂപ വായ്പയായി നല്‍കി. സാങ്കേതികവിദ്യയില്‍ പിന്നാക്കം നില്‍ക്കുന്ന ഈ അര്‍ബന്‍ ബാങ്കുകള്‍ നിലവില്‍ ആധുനിക ബാങ്കിങ് സൗകര്യങ്ങള്‍ ഉപഭോക്താക്കള്‍ക്കു നല്‍കുന്നതില്‍ ഏറെ ബുദ്ധിമുട്ടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Latest News