അമ്മത്തണലില്‍ അരുമക്കുരുന്നുകള്‍
അനില്‍ വള്ളിക്കാട്
പാലക്കാട് ചെര്‍പ്പുളശ്ശേരിയിലെ ‘ ഉണര്‍വ് ‘ എന്ന അമ്മക്കൂടാരത്തില്‍ സേവന സന്നദ്ധരായി ഉണര്‍ന്നിരിക്കുന്നത് ഒമ്പത് അമ്മാര്‍. അവര്‍ക്ക് താലോലിക്കാന്‍ മുപ്പത് മക്കള്‍. സാമൂഹിക സേവനത്തിന് പുതിയൊരു മാനം തീര്‍ക്കുകയാണ് ഈ അമ്മമാര്‍.
കുറെ മുമ്പത്തെ കുട്ടിക്കാലം മുതിര്‍ന്നവര്‍ ഇപ്പോള്‍ ഓര്‍ത്തെടുക്കുന്നുണ്ടാവും. അന്ന് , മാതാപിതാക്കള്‍ക്ക് പുറമെ നാട്ടിലും ധാരാളം രക്ഷിതാക്കള്‍ കുട്ടികള്‍ക്കുണ്ടായിരുന്നു. കുട്ടികളെ നേരെ നടത്തിക്കാനുള്ള അടയാത്ത വഴിക്കണ്ണുകളായിരുന്നു അത്. മുതിര്‍ന്നവരോടുള്ള വിനയവും വിവേകവും വീട്ടില്‍ മാത്രമല്ല നാട്ടിലുള്ളവരോടും വേണമെന്ന് പഠിച്ച കാലം. തങ്ങളെപ്പോലെ നാട്ടിലെ രക്ഷിതാക്കളെയും ബഹുമാനിക്കണമെന്ന് മാതാപിതാക്കള്‍ കുട്ടികളെ ഉപദേശിച്ച കാലം. നാട്ടിലെ കുട്ടികളെല്ലാം തങ്ങളുടെയും മക്കളാണെന്ന് അച്ഛനമ്മമാര്‍ നെഞ്ചോട് ചേര്‍ത്തു പറഞ്ഞിരുന്നു അന്ന്. സ്‌നേഹ, സുരക്ഷകള്‍ കൈകോര്‍ത്ത കാലം. സ്വാര്‍ത്ഥമല്ലാത്ത കുടുംബകാലം. എല്ലാ കുട്ടികളും അന്ന് പൊതുമക്കളായിരുന്നു. ഇന്നോ ? സ്‌നേഹം എത്രമേല്‍ സ്വാര്‍ഥമാകുന്നുവോ കുട്ടികള്‍ അത്രയധികം അരക്ഷിതമാകുന്ന അവസ്ഥ. ഇവരിലേക്ക് ക്രൂരതയോടെ നീളുന്ന സമൂഹത്തിന്റെ കരങ്ങള്‍. സ്‌നേഹം ഒരു വ്യവസ്ഥയല്ല, മനസ്സില്‍ വിരിയേണ്ട പൂക്കളാണെന്ന് കാലം നമ്മെ ഓര്‍മപ്പെടുത്തുന്നു. കാലം ഇപ്പോഴും ഇങ്ങനെ വിരിയിക്കുന്ന സ്‌നേഹപ്പൂക്കളുണ്ട്, ലോകത്ത്. നമുക്കത് കണ്‍തുറന്നു കാണാം. പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ ‘ഉണര്‍വ്’ എന്ന ന•മരത്തിന്റെ അമ്മച്ചില്ലകളില്‍ ആലോലമാടുന്ന അരുമക്കിടാങ്ങള്‍. മാതൃത്വത്തെ മഹനീയമാക്കുന്ന സ്‌നേഹക്കൂടാരം.
ഇവര്‍ ഒമ്പത് അമ്മമാര്‍
ഒരമ്മയുടെ സ്‌നേഹത്തിന്റെ ആഴക്കടല്‍ അളക്കാന്‍ ആര്‍ക്കുമാവില്ല. അപ്പോള്‍ ഒമ്പത് അമ്മമാര്‍ കൈകോര്‍ത്ത് സ്‌നേഹം ചൊരിഞ്ഞാലോ? വലിയൊരു അമ്മമരത്തിന്റെ സ്‌നേഹത്തണലില്‍ ഭിന്നശേഷിക്കാരായ മുപ്പതു മക്കള്‍. ചെര്‍പ്പുളശ്ശേരി കാവുവട്ടത്തെ സ്‌നേഹഭവനത്തില്‍, അമ്മമാരുടെ ഒത്തുചേരലില്‍, ആഹ്ലാദത്തിന്റെ ആകാശം തൊടുന്നത് എല്ലാവരുടെയും അരുമമക്കള്‍. ആരുടെ അമ്മ, ആരുടെ കുഞ്ഞ് എന്നൊന്നില്ല. മാതൃസ്‌നേഹത്തിന്റെ വര്‍ണ്ണത്തൂവലില്‍ മക്കള്‍ ഈ പകല്‍വീട്ടില്‍ പാറിക്കളിക്കുന്നു. അമ്മക്കരുത്തിന്റെ പട്ടുനൂല്‍ വലയത്തില്‍ നിര്‍ഭയമായി വളരുന്നു.
കഴിഞ്ഞ ഡിസംബറില്‍ ചെര്‍പ്പുളശ്ശേരി കാവുവട്ടത്ത് പ്രവര്‍ത്തനം തുടങ്ങിയ ഉണര്‍വ് അസ്സിസ്റ്റഡ് ലിവിങ് ഡേകെയര്‍ ആന്‍ഡ് ഹോം ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന സ്ഥാപനമാണ് അമ്മച്ചിറകു വിരിച്ച് എല്ലാ മക്കളെയും ഒരുപോലെ താലോലിച്ചു വളര്‍ത്തുന്നത്. അത്രമേല്‍ ലാളനക്കും സ്‌നേഹത്തിനും അര്‍ഹരാണ് ഈ മക്കള്‍. മുപ്പതു മക്കളും അമ്മേ എന്ന് വിളിക്കുന്നതിന്റെ ചാരിതാര്‍ഥ്യമാണ് ഒമ്പത് അമ്മമനസ്സുകളില്‍ അലയടിക്കുന്നത്. ഈ അമ്മമാര്‍ക്കാര്‍ക്കും ഇപ്പോള്‍ പേരുകളില്ല. അമ്മ എന്ന ഒറ്റപേര് മാത്രം. ചിലര്‍ മക്കളുടെ പേരിനൊപ്പം അമ്മ എന്ന് ചേര്‍ത്തും വിളിക്കും. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും ഇവരെ അങ്ങനെയാണ് വിളിക്കുക.
ഭിന്നശേഷിക്കാരായ മക്കളുള്ള രക്ഷിതാക്കള്‍ മൂന്നു വര്‍ഷമായി ചെര്‍പ്പുളശ്ശേരിയിലെ ‘ പരിവാര്‍ ‘ എന്ന സംഘടനയില്‍ നിന്നുകൊണ്ട് നടത്തിയ പ്രവര്‍ത്തനമാണ് ഈ ‘നവ മാതാക്കളെ’ പുതിയ സ്‌നേഹ സംഘത്തിലേക്ക് ചുവടുവെപ്പിച്ചത്. മക്കളുടെ ജീവിതാശങ്കകള്‍ ഇവര്‍ പരസ്പരം പങ്കുവെക്കുമായിരുന്നു. മക്കളെ വീട്ടില്‍ ഒറ്റയ്ക്ക് നിര്‍ത്തിപ്പോകാന്‍ കഴിയാതെ അമ്മമാരുടെ ജീവിതം തളയ്ക്കപ്പെട്ടു. പുറത്തുപോയി അത്യാവശ്യകാര്യങ്ങള്‍ നടത്തണം. മക്കള്‍ അറിവും ഉല്ലാസവും നേടി വളരണം. മക്കളെ ഓര്‍ത്തുള്ള അമ്മമാരുടെ മനസ്സിന്റെ ഐക്യപ്പെടല്‍ ഒടുവില്‍ ‘ഉണര്‍വില്‍’ എത്തിച്ചു.
മക്കള്‍ക്ക് പകല്‍നേരം കഴിയാന്‍ ഒരു പൊതു ഇടം വേണം. തങ്ങളുടേത് മാത്രമല്ല, പ്രവേശനം തേടിവരുന്ന എല്ലാ ഭിന്നശേഷി മക്കളെയും പാര്‍പ്പിക്കാന്‍ കഴിയണം. ഇവരെ മാറിമാറി പരിചരിക്കാന്‍ കുറച്ച് അമ്മമാര്‍ സമയം കണ്ടെത്തണം. കുട്ടികള്‍ക്ക് അറിവും ആനന്ദവും നല്‍കാന്‍ കഴിയുന്ന പഠന, പരിശീലനങ്ങള്‍ ഏര്‍പ്പെടുത്തണം. അമ്മമനസ്സുകളുടെ വിശാലതയില്‍ ചിന്തകള്‍ വിരിഞ്ഞു. ആലോചനകള്‍ക്കൊടുവില്‍ സഹായഹസ്തങ്ങള്‍ തേടിയുള്ള അന്വേഷണമായി. മാനേജിങ് ട്രസ്റ്റി സ്വയംപ്രഭ ജയരാജിന്റെ ബന്ധു മേലേകുന്നത്ത് കൃഷ്ണദാസ് കുറഞ്ഞ വാടകക്ക് ചെര്‍പ്പുളശ്ശേരി പട്ടണത്തിനടുത്ത് ഒരു വീട് നല്‍കി. അധികം താമസിയാതെ ഇവിടെ മാതൃസ്‌നേഹത്തിന്റെ ഒരു പകല്‍വീട് ‘ഉണര്‍വ്’ ഒരുക്കി.
ഇവര്‍ക്ക് മക്കള്‍ മുപ്പത്
‘ ഉണര്‍വി ‘ ന്റെ ഒരു ഇടവഴിക്കപ്പുറം നഗരബഹളമുണ്ട്. അതൊന്നുമറിയാതെ, ജീവിതത്തിലെ അത്യപൂര്‍വമായ ഒരിടമായി ഈ അമ്മവീട് പതുക്കെ വളരുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ലോക അംഗപരിമിത ദിനമായ ഡിസംബര്‍ മൂന്നിന് പകല്‍വീട് തുറന്നപ്പോള്‍ പതിനാലു കുട്ടികളാണുണ്ടായിരുന്നത്. ഇന്ന് 30 മക്കളായി. എല്ലാവരും സന്തോഷസുരക്ഷിതര്‍. ഒമ്പത് വയസ്് മുതല്‍ 29 വയസുവരെയുള്ള മക്കളില്‍ ആറ് പെണ്‍കുട്ടികളുമുണ്ട്.
കുട്ടികള്‍ക്കെല്ലാം പഠനത്തിനും തൊഴില്‍ പരിശീലനത്തിനുമുള്ള സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് പ്രവര്‍ത്തന സമയം. പ്രാര്‍ഥന, അസംബ്ലി എന്നിവയോടെയാണ് ക്ലാസുകള്‍ തുടങ്ങുക. വ്യായാമം, യോഗ എന്നിവക്ക് ശേഷം പഠനം തുടങ്ങും. അക്ഷരമറിയുന്നവര്‍ പേര്, വിലാസം എന്നിവ എഴുതും. ചിലര്‍ക്ക് അക്ഷരങ്ങളും അക്കങ്ങളും അതേപടി പകര്‍ത്താനേ കഴിയൂ. അതെന്താണെന്നു വായിച്ചു പറയാന്‍ അറിയില്ല. പറഞ്ഞുകൊടുത്താലും മറക്കും. ഇടയ്ക്ക് കമ്പ്യൂട്ടര്‍, കീബോര്‍ഡ് എന്നിവയില്‍ ചിലര്‍ വിരലോടിച്ചു തുടങ്ങും. പതിനെട്ടു വയസ്സിനു മുകളിലുള്ളവര്‍ തൊഴില്‍ പരിശീലനത്തിലേര്‍പ്പെടും. ചവുട്ടി നെയ്ത്ത്, തെങ്ങോല ചീന്തിയുള്ള ചൂല്, കടലാസുകൊണ്ട് സഞ്ചികള്‍, കുട്ട, ചെറിയ പാത്രങ്ങള്‍, പൂക്കൂട എന്നിവയുണ്ടാക്കും. ഉച്ചതിരിഞ്ഞ് തയ്യല്‍ പരിശീലനം. പഠനത്തിനും പരിശീലനത്തിനുമായി സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍, അസിസ്റ്റന്റ് ടീച്ചര്‍ എന്നിവരെ നിയമിച്ചിട്ടുണ്ട്. തൊഴില്‍ പരിശീലനത്തിന് കുട്ടികളുടെ കൂടെ അമ്മമാരും ചേരും. മറ്റു സ്‌പെഷ്യല്‍ സ്‌കൂളുകളെ അപേക്ഷിച്ച് ഉണര്‍വിന്റെ വീട് വ്യത്യസ്തമാകുന്നത് ഇവിടെയാണ്. മക്കളുടെ കഴിവുയര്‍ച്ച നേരിട്ടറിയുന്നുണ്ട് അമ്മമാര്‍. രണ്ട് പേരുടെയും ജീവിതവികാസത്തിന് അതുപകരിക്കും.
വൈകീട്ട് മൂന്നു മണിയോടെ മുറ്റത്തും പറമ്പിലുമുള്ള പച്ചക്കറിത്തോട്ടത്തില്‍ കുട്ടികള്‍ ഇറങ്ങും. ഗ്രോബാഗുകളില്‍ മണ്ണ് നിറച്ച് ചെടികള്‍ നടുന്നതും നനയ്ക്കുന്നതുമൊക്കെ കുട്ടികളാണ്. ഈ തോട്ടത്തില്‍ നിന്നുള്ള പച്ചക്കറികളാണ് ഉച്ചയൂണിന് പരമാവധി ഉപയോഗിക്കുക. കുട്ടികളുടെ ഭക്ഷണ കാര്യത്തിലും നിയന്ത്രണവും ശ്രദ്ധയും ആവശ്യമാണ്. അഞ്ചു മണിയാകുമ്പോള്‍ രക്ഷിതാക്കളെത്തി കുട്ടികളെ കൊണ്ടുപോകും. പഠനത്തിനും പരിശീലനത്തിനുമിടയില്‍ ചില ചില്ലറ ജോലികള്‍ കുട്ടികള്‍ ചെയ്യും. മുരിങ്ങയില അടര്‍ത്തിയെടുക്കല്‍, ചക്കച്ചുള വേര്‍തിരിക്കല്‍, നിലത്തു വിരിച്ച അരി സഞ്ചിയിലാക്കല്‍ തുടങ്ങിയവയാണവ. ഒറ്റക്കും കൂട്ടായുമുള്ള ജോലികളിലൂടെ അവരുടെ മനസ്സിന്റെ കരുത്തു കൂട്ടുകയാണ് ലക്ഷ്യം.
മുപ്പതു മക്കളുടെയും അമ്മമാരെ ഉണര്‍വിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കിയിട്ടുണ്ട്. കുട്ടികളുടെ പരിപാലനം രണ്ടോ മൂന്നോ അമ്മമാര്‍ ചേര്‍ന്ന് നടത്തും. മറ്റുള്ള അമ്മമാര്‍ക്ക് കുട്ടികളെ ഇവിടെയെത്തിച്ച് ജോലിക്കോ മറ്റ് ആവശ്യങ്ങള്‍ക്കോ പോകാന്‍ കഴിയും. ഏതെങ്കിലും കുട്ടിയുടെ അമ്മ ആസ്പത്രിയിലോ മറ്റോ ആയാല്‍ കൂട്ടായ്മയിലെ മറ്റൊരാള്‍ ഈ കുട്ടിയെ സ്വന്തം വീട്ടില്‍ കൊണ്ടുപോയി പരിപാലിക്കും. വീട്ടില്‍പ്പോലും ഒറ്റയ്ക്ക് ചുവട് വെയ്ക്കാന്‍ ഭയന്നിരുന്ന കുട്ടികള്‍ ഇപ്പോള്‍ തനിയെ 15 കിലോ മീറ്ററോളം ദൂരം ബസ്സില്‍ യാത്ര ചെയ്ത് ഈ അമ്മത്തറവാട്ടില്‍ എത്തുന്നുണ്ട്. അത്രയ്ക്ക് ധൈര്യം പകരുന്നുണ്ട് ഈ അമ്മമാര്‍.
പ്രായമറിയാത്ത അമ്മമാര്‍
‘ഞങ്ങള്‍ക്ക് പ്രായമാകുന്നത് അറിയുന്നേയില്ല. ഈ മക്കളെപ്പോഴും കുട്ടികളായിത്തന്നെ കഴിയുന്നതുകൊണ്ടാവാം’ – ഒരമ്മ പറഞ്ഞു. തങ്ങളുടെ കാലശേഷം ഇവര്‍ക്കാരുണ്ടാകും എന്ന ആധിയാണ് ഈ അമ്മമാരെ ഏറെ അലട്ടുന്നത്. വീടുകളില്‍പ്പോലും ഭിന്നശേഷിക്കാരായ മക്കള്‍ ഒറ്റപ്പെടുന്നു. ഇവിടെയാണവര്‍ കൂട്ടുണ്ടാക്കുന്നത്. തങ്ങളെ അംഗീകരിച്ചുവെന്ന് അവര്‍ക്ക് തോന്നിത്തുടങ്ങി. അടുത്തു പെരുമാറുന്ന കുട്ടി ഒരു ദിവസം വരാതായാല്‍ അവര്‍ അന്വേഷിക്കാന്‍ തുടങ്ങും. വ്യസനിക്കും. അധ്യാപിക അവധിയായാല്‍പ്പോലും അന്ന് സങ്കടമായി. എട്ടു മണിക്ക് ഇവിടെയെത്താന്‍, നടന്നെത്താവുന്ന ദൂരത്തുള്ള വീട്ടില്‍ ആറരക്ക്തന്നെ ഒരുങ്ങി നില്‍ക്കുന്ന കുട്ടിയുണ്ട് ഈ കൂട്ടത്തില്‍. അല്‍പം താമസിച്ചാല്‍ രക്ഷിതാക്കളോട് പരിഭവിക്കുന്ന കുട്ടികളായിക്കഴിഞ്ഞു അവര്‍. നിര്‍വികാര മനസ്സുകളില്‍ ഇപ്പോള്‍ സ്‌നേഹ,സന്താപങ്ങള്‍ പൊടിയുന്നുണ്ട്.
‘ ഒരമ്മക്കും ഈയവസ്ഥയുണ്ടാകരുതെന്ന് പ്രാര്‍ഥിക്കുന്നവരാണ് ഞങ്ങള്‍. ഈ തീരാവേദന ആര്‍ക്കും പറഞ്ഞാലറിയില്ല. അറിയേണ്ട അധികാരികളാകട്ടെ, ഈ മക്കളുടെ അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ക്കു നേരെ പുറം തിരിഞ്ഞു നില്‍ക്കുന്നു ‘ – അമ്മമാരുടെ സങ്കടക്കടലില്‍ അമര്‍ഷത്തിരയാണ് അടിക്കുന്നത്. ഭിന്നശേഷിയുള്ള കുട്ടികളില്‍ പഠനം നടത്തുന്നവര്‍ക്ക് 28,500 രൂപയും വീട്ടിലിരിക്കുന്നവര്‍ക്ക് 10,000 രൂപയും പ്രതിവര്‍ഷം സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, ഇത് ലഭിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ കനിയണം. പലപ്പോഴും ഫണ്ടില്ലെന്നു പറഞ്ഞു നല്‍കാതിരിക്കും. ഇതിനെതിരെ നല്‍കിയ പരാതിയില്‍ ഓംബുഡ്‌സ്മാനും മനുഷ്യാവകാശ കമ്മീഷനും അനുകൂല ഉത്തരവിട്ടിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുണ്ട്. ഇനി ഇതിനായി ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ഉണര്‍വിന്റെ സംഘാടകര്‍.
സ്‌നേഹം തന്നെ ലക്ഷ്യം
കൗമാരം കടന്നിട്ടും പറക്കമുറ്റാത്ത മക്കളാണ് ഇവിടെ അധികവും. ഇവരെ സ്‌നേഹിച്ചു വളര്‍ത്തുക തന്നെയാണ് ലക്ഷ്യം – ഉണര്‍വ് മാനേജിങ് ട്രസ്റ്റി സ്വയംപ്രഭ ജയരാജ് പറയുന്നു. രക്ഷിതാക്കള്‍ മരിച്ച് ഏതെങ്കിലും കുട്ടി അനാഥമായാല്‍ ആ കുട്ടിയെ തങ്ങളുടെ കൂട്ടത്തിലുള്ള ഒരു കുടുംബം ഏറ്റെടുക്കുന്നതുള്‍പ്പടെയുള്ള മനസ്സിന്റെ സ്‌നേഹ വികാസത്തിലേക്കാണ് ഇവരുടെ യാത്ര.
സാമ്പത്തിക ഞെരുക്കമുണ്ടെങ്കിലും ഒരു ഫിസിയോ തെറാപ്പിസ്റ്റിന്റെയോ സൈക്കോളജിസ്റ്റിന്റെയോ സേവനം കൂടി ഉടന്‍ ലഭ്യമാക്കാന്‍ ആലോചിക്കുന്നുണ്ട്. സ്വന്തമായി ഒരു കെട്ടിടം പണിയണം. കുട്ടികളും രക്ഷിതാക്കളും ചേര്‍ന്നുണ്ടാക്കുന്ന ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തണം. സഹായത്തിനായി ചില വാതിലുകള്‍ തുറക്കുന്നുണ്ട്. ജീവിത നിരാശ വെടിയാന്‍ സാമൂഹിക സേവനത്തിന്റെ പ്രതീക്ഷാ വഴികള്‍ തേടുകയാണ് അമ്മക്കൂട്ടത്തിന്റെ നെടുംതൂണായ സ്വയംപ്രഭ. രാജശ്രീ വാസുദേവന്‍, എ.വി. സുജാത, നാസിറ സുള്‍ഫിക്കര്‍, രാധ കുമാരന്‍, ഷീജ നാരായണന്‍കുട്ടി, രാജലക്ഷ്മി ഭാസ്‌കരന്‍, സുധ പരമേശ്വരന്‍, ഫസീല അബൂബക്കര്‍ സിദ്ദിക്ക് എന്നിവരാണ് ട്രസ്റ്റിലെ മറ്റംഗങ്ങള്‍.
സ്‌നേഹവീടിന്റെ നീളന്‍ ഹാളില്‍ വട്ടത്തിലിരുന്ന് കുട്ടികള്‍ കളി തുടങ്ങി. ‘കൊളോം കൊളോം മുന്തിരിങ്ങ’ എന്ന് തുടങ്ങുന്ന പാട്ട് അവസാനിക്കുമ്പോള്‍ തൊടുന്നവര്‍ കളിക്കു പുറത്ത്. ഓരോരുത്തരും ഇങ്ങനെ പുറത്താകുമ്പോള്‍ അവശേഷിക്കുന്നവര്‍ക്ക് ആഹ്ലാദം. കസേരകളി നടത്തിയപ്പോഴും കസേരക്കായി നല്ല മത്സരം. മ്യൂസിക് തെറാപ്പിക്കായി ശനിയാഴ്ചകളില്‍ അദ്ധ്യാപകന്‍ വരും. ഏതെങ്കിലും ദിവസം അവധിയെടുത്താല്‍പ്പോലും ശനിയാഴ്ച ഒരു കുട്ടിയും വരാതിരിക്കില്ല. ആട്ടവും പാട്ടുമായി കുട്ടികള്‍ അന്ന് തകര്‍ക്കും.
കുട്ടികള്‍ അവരുടെ സുഹൃദ്‌സംഘത്തെ ഇവിടെ കണ്ടെത്തിയിരിക്കുന്നു. ഇതാദ്യമായി തങ്ങള്‍ ഒറ്റക്കല്ലെന്ന് കുട്ടികള്‍ക്കൊരു തോന്നല്‍. ഒരേ വിഷമമുള്ള അമ്മമാര്‍ അവര്‍ക്കു ചുറ്റും ഉണര്‍വിന്റെ രക്ഷാവലയവും തീര്‍ത്തുകഴിഞ്ഞു. എങ്കിലും ഇതളടക്കത്തോടെ ഈ സ്‌നേഹപുഷ്പങ്ങളെ വിരിയിക്കാന്‍ അമ്മമാര്‍ ഇനിയും ചുമക്കേണ്ട വേദന കാണാതിരിക്കാനാവില്ല. ആശിക്കാം; ഈ മക്കള്‍ക്കും അമ്മമാര്‍ക്കും നല്ല നാളുകള്‍ വരുമെന്നുതന്നെ.
ഈയിടെ മലയാള മനോരമ സംസ്ഥാനാടിസ്ഥാനത്തില്‍ നടത്തിയ ‘ പെണ്ണൊരുമ ‘ മത്സരത്തില്‍ മൂന്നാം സ്ഥാനം ‘ ഉണര്‍വി ‘ നായിരുന്നു.