അനധികൃതമായ അടയ്ക്കഇറക്കുമതി തടയണം- കാംപ്‌കോ

moonamvazhi

മറ്റു രാജ്യങ്ങളില്‍നിന്നു ആഭ്യന്തരവിപണിയിലേക്ക് അനധികൃതമായി അടയ്ക്ക ഇറക്കുമതി ചെയ്യുന്നതില്‍ സഹകരണസംരംഭമായ കാംപ്‌കോ ( സെന്‍ട്രല്‍ അരിക്കനട്ട് ആന്റ് കൊക്കോ മാര്‍ക്കറ്റിങ് ആന്റ് പ്രോസസിങ് കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് – CAMPCO )  ആശങ്ക രേഖപ്പെടുത്തി. നിയമവിരുദ്ധമായ ഇറക്കുമതി തടയാന്‍ എത്രയും പെട്ടെന്നു നടപടിയെടുക്കണമെന്നു കാംപ്‌കോ കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. പ്രാദേശിക അടയ്ക്കവിപണിയെ ഗുരുതരമായി ബാധിക്കുന്ന ഇറക്കുമതിവഴി സര്‍ക്കാരിനു സാമ്പത്തികനഷ്ടവും ഉണ്ടാകുന്നുണ്ടെന്നു കാംപ്‌കോ ചൂണ്ടിക്കാട്ടി.

അടയ്ക്ക കര്‍ഷകരും അടയ്ക്കയെ ആശ്രയിച്ചു പ്രവര്‍ത്തിക്കുന്ന സഹകരണസംഘങ്ങളും നിയമവിരുദ്ധമായ ഇറക്കുമതി കാരണം ന്യായമായ വില കിട്ടാതെ ബുദ്ധിമുട്ടുകയാണ്. പ്രശ്‌നത്തില്‍ സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്നു കേരളവും കര്‍ണാടകവും പ്രവര്‍ത്തനപരിധിയായി രൂപംകൊണ്ടിട്ടുള്ള മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘമായ കാംപ്‌കോയുടെ പ്രസിഡന്റ് എ. കിഷോര്‍കുമാര്‍ കൊഡ്ഗി ആവശ്യപ്പെട്ടു. കേരളം, കര്‍ണാടക സംസ്ഥാനങ്ങളിലെ അടയ്ക്ക-കൊക്കോ കര്‍ഷകരുടെ ക്ഷേമം മുന്‍നിര്‍ത്തി 1973 ജൂലായ് പതിനൊന്നിനാണു മംഗളൂരു ആസ്ഥാനമായി കാംപ്‌കോ രൂപംകൊണ്ടത്. 2019-20 ല്‍ സംഘത്തിന്റെ വിറ്റുവരവ് 1848 കോടി രൂപയാണ്.

പ്രധാനമായും മൂന്നു രാജ്യങ്ങളില്‍നിന്നാണു നിയമപരമായ മാര്‍ഗങ്ങളിലൂടെ അടയ്ക്ക ഇന്ത്യയിലെത്തുന്നത്. മ്യാന്‍മര്‍, ശ്രീലങ്ക, ഇന്തോനേഷ്യ എന്നിവയാണ് ഈ രാജ്യങ്ങള്‍. ഇവിടങ്ങളില്‍നിന്നുള്ള ഇറക്കുമതി ഓരോ വര്‍ഷവും കൂടുകയാണെന്നാണു കേന്ദ്രസര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 2021-22 ല്‍ മ്യാന്‍മറില്‍നിന്നു 7645.77 ടണ്‍ അടയ്ക്കയാണ് ഇറക്കുമതി ചെയ്തത്. 2022-23 ല്‍ ഇതു 28,589.22 ടണ്ണായി വര്‍ധിച്ചു. അതായത് 273.92 ശതമാനം വര്‍ധന. ഇതേകാലത്ത് ഇന്തോനേഷ്യയില്‍നിന്നും ശ്രീലങ്കയില്‍നിന്നുമുള്ള ഇറക്കുമതിയും വര്‍ധിച്ചു. 2021-22 ല്‍ ഇന്തോനേഷ്യയില്‍നിന്നു 6,106 ടണ്‍ അടയ്ക്ക ഇറക്കുമതി ചെയ്ത സ്ഥാനത്ത് 2022-23ല്‍ 11,632 ടണ്ണായി ഉയര്‍ന്നു. ശ്രീലങ്കയില്‍നിന്നുള്ള ഇറക്കുമതി 10,446.67 ടണ്ണില്‍നിന്നു 15,114.25 ടണ്ണായി വര്‍ധിച്ചു. മാലദ്വീപ്, സിംഗപ്പൂര്‍, ടാന്‍സാനിയ, നേപ്പാള്‍, യു.എ.ഇ. എന്നിവിടങ്ങളില്‍നിന്നും അടയ്ക്ക ഇറക്കുമതി ചെയ്യുന്നുണ്ട്. ഭൂട്ടാനില്‍നിന്നു നാലു കൊല്ലമായി ഇറക്കുമതിയില്ല – 2023 ഫെബ്രുവരിയില്‍ ലോക്‌സഭയില്‍ നല്‍കിയ കണക്കില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Latest News