അക്കൗണ്ടില്‍നിന്ന് പണം നഷ്ടമായാല്‍ ബാങ്ക് തിരിച്ചുനല്‍കണം
ഇടപാടുകാരന്റെ വീഴ്ചകൊണ്ടല്ലാതെ അക്കൗണ്ടില്‍നിന്ന് പണം നഷ്ടപ്പെട്ടാല്‍ അതിന്റെ ഉത്തരവാദി ബാങ്കാണെന്ന് ഹൈക്കോടതിയുടെ വിധി. ഇത്തരത്തില്‍ ഇടപാടുകാരനുണ്ടാകുന്ന നഷ്ടം നികത്താനുള്ള ബാധ്യത ബാങ്കിനാണ്. കോഴിക്കോട് സ്വദേശിയുടെ പരാതിയിലാണ് ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് നിര്‍ണായകമായ വിധിയുണ്ടായത്.
ഐ.സി.ഐ.സി.ഐ. ബാങ്കിന്റെ കോഴിക്കോട് ശാഖയിലെ എന്‍.ആര്‍.ഐ. അക്കൗണ്ടില്‍ല്‍നിന്ന് 6.26ലക്ഷം രൂപ നഷ്ടമായത് സംബന്ധിച്ചുള്ള ഹർജിയാണ് ഈ വിധിക്ക് കാരണമായിട്ടുള്ളത്. കോഴിക്കോട് സ്വദേശിയായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഗോപിനാഥന്‍ പാലക്കലാണ് ഹര്‍ജി നല്‍കിയത്. 2015-ല്‍ തന്റെ അറിവില്ലാതെ അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിച്ചതായാണ് ഹര്‍ജിക്കാരന്റെ പരാതി. നഷ്ടപ്പെട്ട 6.26 ലക്ഷംരൂപ ഒരുമാസത്തിനകം തിരിച്ചുനല്‍കണമെന്നാണ് ജസ്റ്റിസ് എന്‍.നഗരേഷിന്റെ ഉത്തരവ്.
ഓണ്‍ ലൈന്‍ ബാങ്കിങ്ങിലൂടെ പണം പിന്‍വലിക്കുമ്പോള്‍ വൺ ടൈം പാസ്‌വേര്‍ഡ് നല്‍കുന്ന രീതിയുണ്ട്. ഇത്തരത്തിലൊന്നം സംഭവിക്കാതെയാണ് പണം നഷ്ടമായത്. ഇതാണ് ബാങ്കിന്റെ അനുമതിയോടെ പണം അക്കൗണ്ടില്‍നിന്ന് പിന്‍വലിച്ചതാണെന്ന വാദം പരാതിക്കാരന്‍ ഉയര്‍ത്തിയത്. ഒ.ടി.പി. നമ്പര്‍ ഇ-മെയിലില്‍ നല്‍കി പണം പിന്‍വലിക്കുന്നത് അക്കൗണ്ട് ഉടമയാണെന്ന് ഉറപ്പാക്കുന്ന ഉത്തരവാദിത്വം ബാങ്കിനുണ്ടെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.
അക്കൗണ്ടില്‍നിന്ന് പണം നഷ്ടപ്പെട്ടുവെന്നതിന്റെ ഉത്തരവാദിത്തം ബാങ്കിന് ഏറ്റെടുക്കാവുന്നതല്ലെന്നായിരുന്നു അവരുടെ വാദം. ഇടപാടുകാരന്റെ വീഴ്ചകൊണ്ടാണ് ബാങ്കില്‍നിന്ന് പണം നഷ്ടമാകുന്നത്. അതില്‍ ബാങ്കിന് ഒന്നും ചെയ്യാനാവുന്നതല്ല. അക്കൗണ്ട് പാസ്‌വേര്‍ഡ് അടക്കം ഹര്‍ജിക്കാരന്‍ ഡയറിയില്‍ കുറിച്ചുവച്ചത് കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ലഭിച്ചിരിക്കാമെന്നും ഇങ്ങനെയാകാം പണം നഷ്ടപ്പെട്ടതെന്നുമായിരുന്നു ബാങ്കിന്റെ നിലപാട്.
ഈ കേസില്‍ പോലീസ് അന്വേഷണം കൂടി നടന്നതാണ് പരാതിക്കാരനായ ഗോപിനാഥന്‍ പാലക്കലനിന് തുണയായത്. പൊലീസ് അന്വേഷണത്തില്‍ തുക മറ്റ് അക്കൗണ്ടുകളിലേക്ക് അനധികൃതമായാണ് മാറ്റിയിട്ടുള്ളതെന്ന് കണ്ടെത്തിയതായി കോടതി ചൂണ്ടിക്കാട്ടി. ഇടപാടുകാരന് അറിവോ ബന്ധമോ ഇല്ലാത്തവരുടെ അക്കൗണ്ടിലേക്ക് പണം മാറിയത് ഇടപാടുകാരന്റെ വീഴ്ചയായി കാണാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. അത്തരത്തില്‍ പണം തട്ടിയവരില്‍ നിന്ന് ബാങ്കിന് പണം ഈടാക്കാം. പക്ഷേ, അത് ഹർജിക്കാരൻ്റെ ബാധ്യതയല്ല. അതിനാല്‍, ഇടപാടുകാരന് നഷ്ടപ്പെട്ട തുക മുഴുവന്‍ ബാങ്ക് തിരികെ നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.
[mbzshare]