സഹകരണ വിജിലന്‍സ്‌ അന്വേഷണത്തിനു പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍

Moonamvazhi

സഹകരണവിജിലന്‍സ്‌ അന്വേഷണത്തിനു പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇറക്കി. ഇതുപ്രകാരം സഹകരണസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികളില്‍ രജിസ്‌ട്രാര്‍ ചുമതലപ്പെടുത്തുന്ന കേസുകള്‍ സഹകരണവിജിലന്‍സ്‌ അന്വേഷിക്കണം. രജിസ്‌ട്രാര്‍ നേരിട്ടോ സഹകരണഓഡിറ്റ്‌ ഡയറക്ടര്‍ രജിസ്‌ട്രാറുമായി ആലോചിച്ചോ അന്വേഷണവിചാരണക്കായി നല്‍കുന്ന ഓഡിറ്റ്‌ സ്‌പെഷ്യല്‍ റിപ്പോര്‍ട്ടുകള്‍, ഓഡിറ്റില്‍ സിസ്‌റ്റത്തിലുള്ള കൃത്രിമങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ എന്നിവയില്‍ സഹകരണവിജിലന്‍സ്‌ ഡയറക്ടര്‍ അന്വേഷണം നടത്തണം.
ആരെങ്കിലും സംഘത്തിന്‌ ഉണ്ടാക്കിയ നാശനഷ്ടങ്ങളുടെ പേരിലുള്ള നടപടികളില്‍നിന്നു രക്ഷപ്പെടാന്‍ രേഖകളോ റെക്കോഡോ നശിപ്പിക്കാനോ തിരുത്താനോ ശ്രമിച്ചെന്ന്‌ ഓഡിറ്റര്‍ക്കു ബോധ്യപ്പെട്ടാല്‍ നിയന്ത്രണഉദ്യോഗസ്ഥനെ/ഉദ്യോഗസ്ഥയെ അറിയിക്കണം. അവര്‍ പ്രാഥമികപരിശോധനാറിപ്പോര്‍ട്ട്‌ അടക്കം വിശദറിപ്പോര്‍ട്ട്‌ അന്വഷണത്തിനായി ഏഴുദിവസത്തിനകം രജിസ്‌ട്രാര്‍മുഖേന സഹകരണവിജിലന്‍സിനു കൈമാറണം. അന്വഷണവിചാരണയില്‍ 94-ാംവകുപ്പുപ്രകാരമുള്ള കുറ്റം വെളിവായാല്‍ ചെയ്യേണ്ടതും ഇതുതന്നെ.

വിജിലന്‍സ്‌ ഓഫീസുകളില്‍ കിട്ടുന്ന പരാതികളില്‍ സഹകരണസംഘംരജിസ്‌ട്രാറുടെ നിര്‍ദേശപ്രകാരം വിജിലന്‍സ്‌ ഡയറക്ടര്‍ അന്വേഷിച്ചു 90ദിവസത്തിനകം രജിസ്‌ട്രാര്‍ക്കു റിപ്പോര്‍ട്ടു കൊടുക്കണം.സഹകരണസംഘംരജിസ്‌ട്രാര്‍ക്കു സര്‍ക്കാരില്‍നിന്നു കിട്ടുന്ന പരാതികളിലും റിപ്പോര്‍ട്ടുകളിലും അന്വേഷണം ആവശ്യമാണെങ്കില്‍ പ്രാഥമികപരിശോധനാറിപ്പോര്‍ട്ട്‌ ഇല്ലാതെതന്നെ വിജിലന്‍സ്‌ വിഭാഗംവഴി വിജിലന്‍സ്‌ ഡയറക്ടര്‍ക്ക്‌ അതു കൈമാറാം. സഹകരണസംഘംനിയമത്തിലെ 65, 66, 68 വകുപ്പുകള്‍ പ്രകാരമുള്ള അന്വേഷണം/പരിശോധന പൂര്‍ത്തിയായി കിട്ടുന്ന റിപ്പോര്‍ട്ടില്‍ വിജിലന്‍സ്‌ അന്വേഷണം ആവശ്യമാണെങ്കിലും പ്രാഥമികപരിശോധനാറിപ്പോര്‍ട്ട്‌ ഇല്ലാതെതന്നെ സഹകരണവിജിലന്‍സ്‌ ഓഫീസര്‍ക്ക്‌ കൈമാറാം.

വിജിലന്‍സ്‌ ഡയറക്ടറുടെ അന്വേഷണറിപ്പോര്‍ട്ടില്‍ സഹകരണനിയമം വകുപ്പ്‌ 68(1) പ്രകാരം തുടര്‍നടപടികള്‍ എടുക്കാം.സഹകരണസ്ഥാപനങ്ങളില്‍ ധനാപഹരണം, അഴിമതി, മറ്റുക്രമക്കേടുകള്‍ എന്നിവ ആരോപിച്ചു സഹകരണസംഘം അസി്‌സ്റ്റന്റ്‌ രജിസ്‌ട്രാര്‍മാര്‍ക്കും (ജനറല്‍), സഹകരണഓഡിറ്റ്‌ അസിസ്റ്റന്റ്‌ ഡയറക്ടര്‍മാര്‍ക്കും, ജോയിന്റ്‌്‌ രജിസ്‌ട്രാര്‍മാര്‍ക്കും (ജനറല്‍), ഓഡിറ്റ്‌ ജോയിന്റ്‌ ഡയറക്ടര്‍മാര്‍ക്കും, ഓഡിറ്റ്‌ ഡയറക്ടര്‍ക്കും കിട്ടുന്ന പരാതികളില്‍ വിജിലന്‍സ്‌ അന്വഷണം അനിവാര്യമാണെന്നു കണ്ടാല്‍ പ്രാഥമികപരിശോധനാറിപ്പോര്‍ട്ടു സഹിതം വിശദറിപ്പോര്‍ട്ട്‌ ഉചിതമാര്‍ഗേണ സഹകരണസംഘം രജിസ്‌ട്രാര്‍ക്ക്‌ ഏഴുദിവസത്തിനകം നല്‍കണം. ഇതില്‍ പ്രാഥമികപരിശോധനാറിപ്പോര്‍ട്ടു തയ്യാറാക്കാന്‍ ജില്ലാജോയിന്റ്‌ രജിസ്‌ട്രാര്‍ ജോയിന്റ്‌ ഡയറക്ടര്‍മാരുമായി ആലോചിച്ച്‌ സഹകരണനിയമത്തിലും ചട്ടങ്ങളിലും സഹകരണഓഡിറ്റിലും മികവുള്ള രണ്ട്‌ ഇന്‍സ്‌പെക്ടര്‍മാരും രണ്ട്‌ ഓഡിറ്റര്‍മാരും ഉള്‍പ്പെട്ടസ്ഥിരം ടീം ജില്ലാതലത്തില്‍ ഉണ്ടാക്കണം. ഇതിലെ ഒഴിവുകള്‍ ജോയിന്റ്‌ രജിസ്‌സ്‌ട്രാറും ജോയിന്റ്‌ ഡയറക്ടറും ആലോചിച്ചു യഥാസമയം നികത്തുകയും വേണം.

സഹകരണസംഘം രജിസ്‌ട്രാര്‍ ഓഫീസുകളില്‍ കിട്ടുന്ന പരാതികളില്‍ വിജിലന്‍സ്‌ അന്വേഷണം അനിവാര്യമെങ്കില്‍ ഭരണവിഭാഗം പരാതി വിജിലന്‍സ്‌ വിഭാഗത്തിനു കൈമാറണം. അവര്‍ അതു മേല്‍പറഞ്ഞ ടീം മുഖേന പ്രാഥമികപരിശോധനാറിപ്പോര്‍ട്ട്‌ തയ്യാറാക്കി പരാതി/റിപ്പോര്‍ട്ട്‌ വിജിലന്‍സ്‌ഓഫീസര്‍ക്കു കൊടുക്കണം. അപ്പെക്‌സ്‌ ഫെഡറേഷനുകളുടെ കാര്യത്തില്‍ ആസ്ഥാനഓഫീസ്‌ ഇരിക്കുന്ന ജില്ലയിലെ ജോയിന്റ്‌ രജിസ്‌ട്രാറുടെ നിയന്ത്രണത്തിലുള്ള ടീം വഴിയോ ക്രമക്കേട്‌ നടന്ന ശാഖ/യൂണിറ്റ്‌ ഇരിക്കുന്ന ജില്ലയിലെ ടീം വഴിയോ പ്രാഥമികപരിശോധനാറിപ്പോര്‍ട്ട്‌ തയ്യാറാക്കാം.
പേരും വിലാസവും ഒപ്പും തെളിവുമില്ലാതെ സഹകരണസംഘംരജിസ്‌ട്രാര്‍ഓഫീസില്‍ കിട്ടുന്ന പരാതികള്‍ ബന്ധപ്പെട്ട ഭരണവിഭാഗം പരിശോധിച്ചു കഴമ്പുണ്ടെന്നും വകുപ്പുതലഅന്വേഷണംകൊണ്ടു യാഥാര്‍ഥ്യം തെളിയിക്കാനാവില്ലെന്നും വിജിലന്‍സ്‌ അന്വേഷണമാണ്‌ ഉചിതമെന്നും കണ്ടാല്‍ വിജിലന്‍സ്‌ വിഭാഗംമുഖേന അന്വേഷണത്തിനു െൈകമാറാം.


വിജിലന്‍സ്‌ അന്വേഷണറിപ്പോര്‍ട്ടിലെ ശുപാര്‍ശപ്രകാരമുള്ള നടപടികളേ പാടുള്ളൂ. മറ്റൊരുവിധ വകുപ്പുതലതുടരന്വേഷണവും പാടില്ല.വിജിലന്‍സ്‌ ഓഫീസര്‍ അന്വേഷണത്തിനു വകുപ്പുതലഉദ്യോഗസ്ഥരുടെ സേവനം ആവശ്യപ്പെട്ടാല്‍ നിയന്ത്രണഉദ്യോഗസ്ഥന്‍/ഉദ്യോഗസ്ഥ അനുവദിക്കണം.വിജിലന്‍സ്‌ ഓഫീസര്‍ക്ക്‌ അന്വേഷണത്തിനു കൈമാറുന്ന കേസുകളുടെ വിവരം സൂക്ഷിക്കണം. താലൂക്ക്‌/ജില്ലാഓഫീസുകളിലും ഓഡിറ്റ്‌ ഡയറക്ടറേറ്റിലും സഹകരണസംഘം രജിസ്‌ട്രാര്‍ ഓഫീസിലെ ഭരണവിഭാഗം സെക്ഷനുകളിലും അനുബന്ധം എ യിലും, സഹകരണസംഘം രജിസ്‌ട്രാര്‍ ഓഫീസിലെ വിജിലന്‍സ്‌ സെക്ഷനില്‍ അനുബന്ധം ബിയിലും, സഹകരണവിജിലന്‍സ്‌ ഓഫീസില്‍ അനുബന്ധം സി യിലും ആണു സൂക്ഷിക്കേണ്ടത്‌.
വിജിലന്‍സ്‌ അന്വഷണറിപ്പോര്‍ട്ട്‌ സഹകരണസംഘം രജിസ്‌ട്രാര്‍ഓഫീസിലെ വിജിലന്‍സ്‌ വിഭാഗം കൈപ്പറ്റി നടപടികള്‍ക്കായി ഭരണവിഭാഗം സെക്ഷനുകള്‍ക്കു കൊടുക്കണം. അവര്‍ യഥാസമയം നടപടിയെടുത്തു വിജിലന്‍സ്‌ വിഭാഗത്തെ അറിയിക്കണം.
പ്രാഥമികപരിശോധനാറിപ്പോര്‍ട്ടില്‍ ഭാരതീയന്യായസംഹിതപ്രകാരമോ മറ്റു ക്രിമിനല്‍ നിയമപ്രകാരമോ ഉള്ള കുറ്റങ്ങളുണ്ടെങ്കില്‍ സഹകരണസംഘംരജിസ്‌ട്രാര്‍ അതു സഹകരണവിജിലന്‍സ്‌ ഓഫീസര്‍ക്കോ വിജിലന്‍സ്‌ ആന്റ്‌ ആന്റി കറപ്‌ഷന്‍ ബ്യൂറോയ്‌ക്കോ കൈമാറണം. കുറ്റം ചെയ്‌തെന്നാണ്‌ അന്വേഷണറിപ്പോര്‍ട്ടെങ്കില്‍ രജിസ്‌ട്രാര്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കണം.

Moonamvazhi

Authorize Writer

Moonamvazhi has 671 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!