വര്‍ഗീസ്‌ കുര്യന്റെ സ്‌മരണയില്‍ ദേശമെങ്ങും ക്ഷീരദിനാഘോഷം

Moonamvazhi

ക്ഷീരസഹകരണപ്രസ്ഥാനത്തിന്റെകുലപതിയും ധവളവിപ്ലവത്തിന്റെ പിതാവും മലയാളിയുമായ ഡോ. വര്‍ഗീസ്‌ കുര്യന്റെ ജന്‍മദിനമായ നവംബര്‍ 26ന്‌ ഇന്ത്യയിലെങ്ങും സഹകരണപ്രസ്ഥാനങ്ങള്‍ ക്ഷീരദിനം ആഘോഷിച്ചു. ഡോ. വര്‍ഗീസ്‌ കുര്യന്‍ ക്ഷീരസഹകരണപ്രസ്ഥാനത്തിലൂടെ ദശലക്ഷക്കണക്കിനു കര്‍ഷകരെ ശാക്തീകരിച്ചുകൊണ്ടാണ്‌ ഇന്ത്യയെ ലോകത്തെ ഏറ്റവും കൂടുതല്‍ പാല്‍ ഉല്‍പാദിപ്പിക്കുന്ന രാജ്യമായി മാറ്റിയത്‌. സഹകരണസംഘങ്ങളും ക്ഷീരസഹകരണയൂണിയനുകളും ക്ഷീരോല്‍പാദകസ്ഥാപനങ്ങളും ഡോ. വര്‍ഗീസ്‌ കുര്യന്‍ അനുസ്‌മരണപരിപാടികള്‍ സംഘടിപ്പിച്ചു.
സഹകരണപ്രസ്ഥാനത്തിനു കര്‍ഷകരുടെയും പാവപ്പെട്ടവരുടെയും ജീവിതം മാറ്റാനാവുമെന്നു തെളിയിച്ചയാളാണു ഡോ. വര്‍ഗീസ്‌ കുര്യനെന്ന്‌ പ്രമുഖസഹകാരി ജ്യോതീന്ദ്രമേത്ത അഭിപ്രായപ്പെട്ടു. ഉദാരമായ സഹകരണചട്ടക്കൂടിനുവേണ്ടിയാണ്‌ അദ്ദേഹം നിലകൊണ്ടതെന്നും ജ്യോതീന്ദ്രമേത്ത അനുസമിരിച്ചു. കുര്യന്റെ 104-ാം ജന്‍മവാര്‍ഷികദിനം അനുസ്‌മരണപരിപാടികളോടെ അമുല്‍ സംഘടിപ്പിച്ചു.

ദേശീയക്ഷീരവികസനബോര്‍ഡും (എന്‍ഡിഡിബി) അദ്ദേഹത്തിന്റെ സേവനങ്ങളെ പ്രകീര്‍ത്തിച്ചു. ഇന്ത്യയുടെ പ്രശസ്‌തി സൂര്യശോഭ കൈവരിച്ചത്‌ പ്രൊഫഷണലുകളുടെ വൈദഗ്‌ധ്യവും ഗ്രാമീണരുടെ ജ്ഞാനവും കൈകോര്‍ത്തപ്പോഴാണെന്നും അതിനു പിന്നില്‍ പ്രവര്‍ത്തിച്ചതു കുര്യന്റെ ദൗത്യദര്‍ശനമാണെന്നും എന്‍ഡിഡിബിയുടെ അനുസ്‌മരണച്ചടങ്ങില്‍ പ്രകീര്‍ത്തിക്കപ്പെട്ടു. ക്ഷീരമേഖലയുടെ പുരോഗതിയിലൂടെ രാഷ്ട്രനിര്‍മാണമെന്ന കുര്യന്റെ ദൗത്യം മുന്നോട്ടുകൊണ്ടുപോകുന്ന എല്ലാ ക്ഷീരകര്‍ഷകരെയും ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന മറ്റുള്ളവരെയും തങ്ങള്‍ അഭിവാദ്യം ചെയ്യുന്നതായി എന്‍ഡിഡിബി അറിയിച്ചു.
പായസ്‌ ഡയറി സംഘടിപ്പിച്ച ചടങ്ങില്‍, പ്രൊഫഷണലുകള്‍ തങ്ങള്‍ക്കുവേണ്ടിയല്ല ജനങ്ങള്‍ക്കുവേണ്ടിയാണു പ്രവര്‍ത്തിക്കേണ്ടതെന്ന കുര്യന്റെ സന്ദേശം പ്രാസംഗികര്‍ പ്രകീര്‍ത്തിച്ചു. ക്ഷീരകര്‍ഷകര്‍ക്ക്‌ ആദരസമര്‍പ്പണവും ഉണ്ടായിരുന്നു.ഗോവ ഡയറിയും കുര്യന്‍അനുസ്‌മരണം സംഘടിപ്പിച്ചു. ഗ്രാമീണസമ്പദ്‌വ്യവസ്ഥയുടെ മുഖച്ഛായ മാറ്റിയയാളാണു കുര്യനെന്നും സ്രഹകരണമാതൃകയിലൂടെ ദശലക്ഷക്കണക്കിനാളുകള്‍ക്ക്‌ അന്തസ്സാര്‍ന്ന ജീവിതവും മാന്യമായ വരുമാനവും അദ്ദേഹം പ്രദാനം ചെയ്‌തുവെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു.


ജമ്മുകശ്‌മീര്‍ ക്ഷീരോല്‍പാദകസഹകരണസംഘം സ്‌നോക്യാപ്‌ ടി20 എന്ന പേരില്‍ ക്ഷീരകര്‍ഷകരുടെ ക്രിക്കറ്റ്‌ മല്‍സരം സംഘടിപ്പിച്ചു.
കുര്യന്‍ സ്ഥാപിച്ച കൈറ ജില്ലാ ക്ഷീരസഹകരണയൂണിയനാണ്‌ ആനന്ദ്‌ മാതൃാ ക്ഷീരസഹകരണസംഘങ്ങളിലൂടെ അമുല്‍ എന്ന ലോകസഹകരണഭീമന്‍സ്‌ഥാപനങ്ങളിലൊന്നായി വളര്‍ന്നത്‌. എന്‍ഡിഡിബി, ആനന്ദ്‌ ഗ്രാമീണമാനേജ്‌മെന്റ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌, ആനന്ദാലയ വിദ്യാഭ്യാസസംഘം, വിദ്യ ഡയറി എന്നിവയും അദ്ദേഹം സ്ഥാപിച്ചു. ഗുജറാത്ത്‌ സഹകരണക്ഷീരവിപണന ഫെഡറേഷന്റെ ചെയര്‍മാനുമായിരുന്നു.

Moonamvazhi

Authorize Writer

Moonamvazhi has 768 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!