ബാങ്ക് ഓഫ് ഇന്ത്യയില്‍ വായ്‌പാഓഫീസര്‍മാരുടെ 514 ഒഴിവുകള്‍
ബാങ്ക് ഓഫ് ഇന്ത്യ വായ്‌പാഓഫീസര്‍മാരുടെ 514 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി അഞ്ചിനകം അപേക്ഷിക്കണം. ഓണ്‍ലൈനായി മാത്രമേ അപേക്ഷിക്കാവൂ. ഇന്റിമേഷന്‍ ചാര്‍ജും ജിഎസ്‌ടിയുമടക്കം 850രൂപയാണ് അപേക്ഷാഫീസ്. പട്ടികജാതിക്കാരും പട്ടികവര്‍ഗക്കാരും ഭിന്നശേഷിക്കാരും ഇന്റിമേഷന്‍ ചാര്‍ജായ 175 രൂപ അടച്ചാല്‍മതി. ബാങ്കിന്റെ വെബ്‌സൈറ്റായ www.bankofindia.bank.inhttp://www.bankofindia.bank.in ല്‍ വിജ്ഞാപനവും വിശദവിവരങ്ങളും കിട്ടും.ക്രെഡിറ്റ് ഓഫീസര്‍ എസ്‌എംജിഎസ് -IV വിഭാഗത്തില്‍ 36, എംഎംജിഎസ് III വിഭാഗത്തില്‍ 60, എംഎംജിഎസ് II വിഭാഗത്തില്‍ 418 എന്നിങ്ങനെയാണ് ഒഴിവുകള്‍. സംവരണതസ്‌തികകള്‍ ഉള്‍പ്പെടെയാണിത്.

ക്രെഡിറ്റ് ഓഫീസര്‍ എംഎംജിഎസ് II തസ്‌തികയിലേക്ക് അപേക്ഷിക്കാന്‍ വേണ്ട വിദ്യാഭ്യാസയോഗ്യത ഏതെങ്കിലും വിഷയത്തില്‍ 60% മാര്‍ക്കോടെയുള്ള ബിരുദമാണ്. പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കും ഒബിസിക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 55ശതമാനം മതി. പ്രിഫര്‍ ചെയ്യുന്ന മറ്റുയോഗ്യതകള്‍/സര്‍ട്ടിഫിക്കേഷനുകള്‍: ചാര്‍ട്ടേഡ് അക്കൗണ്ടന്റ്/ ചാര്‍ട്ടേഡ് ഫിനാന്‍ഷ്യല്‍ അനലിസ്റ്റ്/ സിഎംഎ – ഐസിഡബ്ലിയുഎ. അല്ലെങ്കില്‍ ബാങ്കിങ്ങിലോ ഫിനാന്‍സിലോ എംബിഎ/പിജിഡിബിഎം. അല്ലെങ്കില്‍ ബാങ്കിങ്ങിലോ ഫിനാന്‍സിലോ വായ്‌പയുമായി ബന്ധപ്പെട്ട മേഖലയിലോ ബിരുദാനന്തരബിരുദം. മൂന്നുകൊല്ലം പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ഇതില്‍ രണ്ടുകൊല്ലം വലുതോ ഇടത്തരമോ ആയ ഷെഡ്യൂള്‍ഡ് പൊതുമേഖലാബാങ്കുകള്‍, ഷെഡ്യൂള്‍സ് സ്വകാര്യമേഖലാബാങ്കുകള്‍, ഷെഡ്യൂള്‍ഡ് വാണിജ്യബാങ്കുകളുടെ അസോസിയേറ്റ് സ്ഥാപനങ്ങള്‍, ഉപസ്ഥാപനങ്ങള്‍, പൊതുമേഖലയിലുള്ളതോ ലിസ്‌റ്റു ചെയ്‌തതോ ആയ ധനകാര്യസ്ഥാപനങ്ങള്‍, വിദേശബാങ്കുകള്‍ എന്നിവയുടെ എംഎസ്‌എംഇ വായ്‌പ/ വാണിജ്യവായ്‌പ/ പ്രോജക്ട് ഫിനാന്‍സ് രംഗങ്ങളിലായിരിക്കണം.
ക്രെഡിറ്റ് ഓഫീസര്‍ എംഎംജിഎസ് III തസ്‌തികയില്‍ അപേക്ഷിക്കുന്നവര്‍ക്കു വേണ്ട വിദ്യാഭ്യാസയോഗ്യതയും പ്രിഫര്‍ ചെയ്യുന്ന മറ്റുയോഗ്യതകളും സര്‍ട്ടിഫിക്കേഷനുകളും പ്രവൃത്തിപരിചയനിബന്ധനകളും മേല്‍പറഞ്ഞ തസ്‌തികയുടെതുതന്നെ. പ്രവൃത്തിപരിചയം അഞ്ചുകൊല്ലമാണെന്നതാണു വ്യത്യാസം. എംഎസ്‌എംഇ വായ്‌പ, വാണിജ്യവായ്‌പ, പ്രോജക്ട് ഫിനാന്‍സ് രംഗങ്ങളില്‍ പ്രവര്‍ത്തിച്ചിരിക്കേണ്ട വര്‍ഷം മൂന്ന് ആണ് എന്ന വ്യത്യാസവുമുണ്ട്.
ക്രെഡിറ്റ് ഓഫീസര്‍ എസ്‌എംജിIV തസ്‌തികയിലേക്ക് അപേക്ഷിക്കാന്‍ 60ശതമാനം മാര്‍ക്കോടെ (പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗക്കാര്‍ക്കും മറ്റുപിന്നാക്കക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 55%) ബിരുദവും കൂടാതെ എംബിഎ/പിജിഡിബിഎം യോഗ്യതയും നേടിയിരിക്കണം. അല്ലെങ്കില്‍ രണ്ടുവര്‍ഷബിരുദാനന്തരബിരുദം ഉണ്ടായിരിക്കണം. അല്ലെങ്കില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്/ ചാര്‍ട്ടേഡ് ഫിനാന്‍ഷ്യല്‍ അനലിസ്റ്റ്/ സിഎംഎ – ഐസിഡബ്ലിയുഎ യോഗ്യത നേടിയവരാകണം. പ്രിഫര്‍ ചെയ്യുന്ന മറ്റുയോഗ്യതകളും സര്‍ട്ടിഫിക്കേഷനുകളുമായി നിര്‍ദേശിക്കുന്നത് ഐഐബിഎഫില്‍നിന്നുള്ള അന്താരാഷ്ട്രവാണിജ്യത്തിലോ ഫിനാന്‍സിലോ ക്രെഡിറ്റ് പ്രൊഫഷണലിലോ എംഎസ്‌എംഇയിലോ ഉള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ആണ്. പ്രവൃത്തിപരിചയനിബന്ധന മുന്‍തസ്‌തികകളുടെതുതന്നെ. വര്‍ഷവും നിര്‍ദിഷ്ടമേഖലകളില്‍തന്നെ വേണ്ട പരിചയകാലവും യഥാക്രമം എട്ടും അഞ്ചും വര്‍ഷങ്ങളാണെന്നുമാത്രം.
എസ്‌എംജിഎസ് IV വിഭാഗത്തില്‍ 30മുതല്‍ 40വരെയും, എംഎംജിഎസ് IIവിഭാഗത്തില്‍ 28മുതല്‍ 38വരെയും, എംഎംജിഎസ് II വിഭാഗത്തില്‍ 25മുതല്‍ 35വരെയും വയസ്സാണു പ്രായപരിധി. പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ചുകൊല്ലവും, ക്രിമീലെയറില്‍പെടാത്ത മറ്റുപിന്നാക്കക്കാര്‍ക്കു മൂന്നുകൊല്ലവും, ഭിന്നശേഷിക്കാര്‍ക്കു പത്തുകൊല്ലവും എക്‌സ് സര്‍വീസ് മെന്നിന് (ഒരുകൊല്ലത്തിനകം അസൈന്‍മെന്റ് കഴിയുന്നവരടക്കം) അഞ്ചുകൊല്ലവും പ്രായപരിധിയില്‍ ഇളവുണ്ട്.
മിഡില്‍ മാനേജ്‌മെന്റ് ഗ്രേഡ് സ്‌കെയില്‍ IIല്‍ പെട്ട തസ്‌തികകളുടെ ശമ്പളനിരക്ക് 64820-2340(1)-67160-2680(10)-93960 രൂപ. മിഡില്‍ മാനേജ്‌മെന്റ് ഗ്രേഡ് സ്‌കെയില്‍ III തസ്‌തികയുടെ ശമ്പളനിരക്ക് 85920-2680(5)-99320-2980(2)-105280 രൂപ. സീനിയര്‍ മാനേജ്‌മെന്റ് ഗ്രേഡ് സെ്‌കെയില്‍ IV ല്‍പെട്ട തസ്‌തികകളുടെ ശമ്പളനിരക്ക് 102300-2980(4)-114220-3360(2)-120940 രൂപ.
എംഎംജിഎസ് II തസ്‌തികകളില്‍ നിയമിതരാകുന്ന ഓഫീസര്‍മാര്‍ രണ്ടുലക്ഷം രൂപയും എംഎംജിഎസ് III തസ്‌തികകളില്‍ നിയമിതരാകുന്ന ഓഫീസര്‍മാര്‍ മൂന്നുലക്ഷംരൂപയും ബാങ്കില്‍ സുരക്ഷാനിക്ഷേപം നടത്തണം. ഇതു മൂന്നുകൊല്ലം കഴിഞ്ഞു തിരിച്ചുകിട്ടും. മൂന്നുവര്‍ഷം പൂര്‍ത്തിയാക്കാതെ ബാങ്കില്‍നിന്നു വിട്ടുപോയാല്‍ ഈ തുക തിരിച്ചുകിട്ടില്ല.

