റിസര്‍വ് ബാങ്കില്‍ 11 ജൂനിയര്‍ എഞ്ചിനിയര്‍ ഒഴിവുകള്‍
റിസര്‍വ്ബാങ്ക് ഓഫ് ഇന്ത്യ 11 ജൂനിയര്‍ എഞ്ചിനിയര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂനിയര്‍ എഞ്ചിനിയര്‍ (സിവില്‍) തസ്തികയില്‍ ഏഴും ജൂനിയര്‍ എഞ്ചിനിയര്‍ (ഇലക്ട്രിക്കല്‍) തസ്തികയില്‍ നാലും ഒഴിവാണുള്ളത്. ഓണ്‍ലൈന്‍മത്സരപരീക്ഷയും ഭാഷാപ്രാവീണ്യപരീക്ഷയും ഉണ്ടാകും. വിജാഞാപനം www.rbi.org.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. സൈറ്റില്‍ Recruitment for the post of Junior Engineer (Civil/Electrical) – Panel Year (PY) 2024 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താണു പൂരിപ്പിക്കേണ്ടത്. 2025 ജനുവരി 20വരെ ലിങ്ക് തുറന്നിരിക്കും. അതിനകം ഫീസ് ഓണ്‍ലൈനായി അടച്ച് അപേക്ഷിക്കണം. ഫെബ്രുവരി എട്ടിനായിരിക്കും പരീക്ഷ.
പൂരിപ്പിക്കല്‍, ഫീ അടയക്കല്‍, കോള്‍ലെറ്റര്‍ സ്വീകരിക്കല്‍ എന്നിവയിലെ സംശയങ്ങള്‍ http://cgrs.ibps.in എന്ന ലിങ്കില്‍ ഉന്നയിച്ചു പരിഹരിക്കാം. ഇ-മെയിലില്‍ വിഷയമായി Recruitment of Junior Engineer (Civil/Electrical) – py 2024 എന്ന രേഖപ്പെടുത്തണം. ബംഗളൂരുവും ചെന്നൈയും കൊച്ചിയും തിരുവനന്തപുരുവും ഉള്‍പ്പെടുന്ന ദക്ഷിണമേഖലയില്‍ ജൂനിയര്‍ എഞ്ചിനിയര്‍ (സിവില്‍) തസ്തികയില്‍ പട്ടികജാതിവിഭാഗത്തിലും പൊതുവിഭാഗത്തിലും ഓരോ ഒഴിവുവീതവും ജൂനിയര്‍ എഞ്ചിനിയര്‍ (ഇലക്ട്രിക്കല്‍) വിഭാഗത്തില്‍ പൊതുവിഭാഗത്തില്‍ ഒരു ഒഴിവും അടക്കം മൂന്ന് ഒഴിവാണുള്ളത. മറ്റു പലമേഖലയിലും പൊതുവിഭാഗത്തിനുപുറമെ, മറ്റുപിന്നാക്കവിഭാഗത്തിലുംമറ്റും ഒഴിവുകളുണ്ട്. സംവരണതസ്തികകളില്‍ അപേക്ഷിക്കുമ്പോള്‍ നിര്‍ദിഷ്ടജാതി, ഭിന്നശേഷി, ക്രീമിലെയറിതര സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കണം.പ്രായപരിധി 20വയസ്സിനും 30വയസ്സിനും മധ്യേ. 1994 ഡിസംബര്‍ രണ്ടിനുശേഷവും 2004 ഡിസംബര്‍ ഒന്നിനുമുമ്പും ജനിച്ചവരായിരിക്കണം. പട്ടികജാതി-വര്‍ഗക്കാര്‍ക്ക് അഞ്ചുവര്‍ഷവും മറ്റുപിന്നാക്കസമുദായക്കാര്‍ക്കു മൂന്നുവര്‍ഷവും ഭിന്നശേഷിക്കാര്‍ക്കു 10വര്‍ഷവും ഒബിസിക്കാരായ ഭിന്നശേഷിക്കാര്‍ക്കു 13 വര്‍ഷവും പട്ടികജാതി-വര്‍ഗക്കാരായ ഭിന്നശേഷിക്കാര്‍ക്കു 15 വര്‍ഷവും ഇളവനുവദിക്കും. മുന്‍സൈനികര്‍ക്കു സര്‍വീസ് വര്‍ഷത്തിനുപുറമെ മൂന്നുവര്‍ഷംകൂടി ഇളവ് അനുവദിക്കും. ഇതു പരമാവധി 50വയസ്സില്‍ കവിയരുത്. വിധവകള്‍, വിവാഹമോചിതകള്‍, നിയമപരമായി വേര്‍പിരിഞ്ഞ സ്ത്രീകള്‍ എന്നിവര്‍ക്ക് 35 വയസ്സുവരെ അപേക്ഷിക്കാം. പട്ടികജാതി-വര്‍ഗക്കാര്‍ക്ക് ഇതു 40 വയസ്സുവരെയാണ്.
ജൂനിയര്‍ എഞ്ചിനിയര്‍(സിവില്‍) തസ്തികയിലേക്ക് അപേക്ഷിക്കാന്‍ വേണ്ട വിദ്യഭ്യാസയോഗ്യത അംഗീകൃത ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നോ സര്‍വകലാശാലയില്‍നിന്നോ ബോര്‍ഡില്‍നിന്നോ 65ശതമാനമെങ്കിലും (പട്ടികജാതി-വര്‍ഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 55%) മാര്‍ക്കോടെയുള്ള ത്രിവല്‍സര സിവില്‍ എഞ്ചിനിയറിങ് ഡിപ്ലോമയാണ്. അല്ലെങ്കില്‍ അംഗീകൃതസര്‍വകലാശാലയില്‍നിന്ന് 55%മാര്‍ക്കോടെയുള്ള (പട്ടികജാതി-വര്‍ഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 45%) സിവില്‍ എഞ്ചിനിയറിങ് ബിരുദം. ഡിപ്ലോമക്കാര്‍ക്കു രണ്ടുവര്‍ഷത്തെയും ബിരുദമുള്ളവര്‍ക്ക് ഒരുവര്‍ഷത്തെയും പ്രവൃത്തിപരിചയം വേണം. ഓഫീസ് കെട്ടിടങ്ങളുടെയോ വാണിജ്യമന്ദിരങ്ങളുടെയോ റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സുകളുടെയോ സിവില്‍ നിര്‍മാണപ്രവര്‍ത്തനങ്ങളുടെയും അറ്റകുറ്റപ്പണികളുടെയും നടത്തിപ്പിലും മേല്‍നോട്ടത്തിലുമാണു പരിചയം വേണ്ടത്. ആര്‍സിസി ഡിസൈനിലും മറ്റു സിവില്‍ പ്രവൃത്തികളിലും അടിസ്ഥാനവിജ്ഞാനവും കമ്പ്യൂട്ടര്‍ പ്രാവീണ്യവും സിവില്‍ പ്രവൃത്തികളുടെ ടെണ്ടര്‍ തയ്യാറാക്കലില്‍ പരിചയവും വേണം. അല്ലെങ്കില്‍ പൊതുമേഖലാസ്ഥാപനത്തില്‍ ഗ്രാജുവേറ്റ് അപ്രന്റിസായി ഒരുവര്‍ഷം പരിശീലനം നേടിയിരിക്കണം.
ജൂനിയര്‍ എഞ്ചിനിയര്‍ (ഇലക്ട്രിക്കല്‍ ) തസ്തികയ്ക്കുവേണ്ട വിദ്യാഭ്യാസയോഗ്യത അംഗീകൃതഇന്‍സ്റ്റിറ്റ്യൂട്ടിലോ സര്‍വകലാശാലയിലോ ബോര്‍ഡിലോ നിന്ന് 65%മാര്‍ക്കോടെ (പട്ടികജാതി-വര്‍ഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 55%) നേടിയ ഇലക്ട്രിക്കല്‍ എഞ്ചിനിയറിങ്ങിലോ ഇലക്രിക്കല്‍ ആന്റ് ഇലക്ട്രോണിക് എഞ്ചിനിയറിങ്ങിലോ ഉള്ള ഡിപ്ലോമ ആണ്. അല്ലെങ്കില്‍ അംഗീകൃതസര്‍വകലാശാലയില്‍ിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനിയറിങ്ങിലോ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക് എഞ്ചിനിയറിങ്ങിലോ 55% (പട്ടികജാതി-വര്‍ഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 45%) മാര്‍ക്കോടെയുള്ള ബിരുദം. ഡിപ്ലോമക്കാര്‍ക്കു രണ്ടുവര്‍ഷവും ബിരുദധാരികള്‍ക്ക് ഒരു വര്‍ഷവും പ്രവൃത്തിപരിചയം വേണം. എച്ച്ടി/എല്‍ടി സബസ്റ്റേഷനുകളും കേന്ദ്ര എ.സി. പ്ലാന്റുകളും ലിഫ്റ്റുകളും യുപിഎസും ഡിജിസെറ്റുകളും സിസിടിവികളു തീപിടിത്തജാഗ്രതാസംവിധാനങ്ങളുമുള്ള വലിയകെട്ടിടങ്ങളുടെയോ വാണിജ്യമന്ദിരങ്ങളുടെയോ വൈദ്യുതിസംവിധാനങ്ങളുടെ നടത്തിപ്പിലും മേല്‍നോട്ടത്തിലുമായിരിക്കണം പരിചയം. അല്ലെങ്കില്‍ പൊതുമേഖലാസ്ഥാപനത്തില്‍ ഒരുവര്‍ഷത്തെ ഗ്രാജുവേറ്റ് അപ്രന്റിസ് പരിശീലനം കഴിഞ്ഞിരിക്കണം.തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 33900രൂപയായിരിക്കും അടിസ്ഥാനശമ്പളം.
450രൂപയും ജിഎസ്ടിയുമാണു പരീക്ഷാഫീസ്. ഇതില്‍ 50രൂപ ഇന്റിമേഷന്‍ചാര്‍ജാണ്. പട്ടികജാതി-വര്‍ഗക്കാരും ഭിന്നശേഷിക്കാരും മുന്‍സൈനികരും ഇന്റിമേഷന്‍ചാര്‍ജും ജിഎസ്ടിയും മാത്രം അടച്ചാല്‍ മതി. വെബ്‌സൈറ്റിലുള്ള അപേക്ഷാനടപടിക്രമങ്ങള്‍ പൂര്‍ണമായി പാലിച്ചുകൊണ്ടാണ് അപേക്ഷിക്കേണ്ടത്.