കോമണ്‍ സോഫ്‌റ്റുവെയറിനു പകരം യൂണിഫോം സോഫ്‌റ്റുവെയര്‍ വരും
- സംഘങ്ങളെ മൂന്നായി ബാന്റ് ചെയ്യും
- പ്രസിഡന്റുമാരെയും ഓഡിറ്റ് പ്രക്രിയയുടെ ഭാഗമാക്കും
- ഒറ്റ ബട്ടണില്‍ പ്രതിദിനസാമ്പത്തികഓഡിറ്റ് ലഭിക്കും
- ആര്‍ടിജിഎസിനുംമറ്റു സ്വകാര്യബാങ്കിനെ ആശ്രയിക്കേണ്ടിവരില്ല
ദേശീയതലത്തിലുള്ള കോമണ്‍ സോഫ്‌റ്റുവെയറിനുപകരം കേരളത്തില്‍ സഹകരണസംഘങ്ങളില്‍ നടപ്പാക്കുക എല്ലാ സംഘങ്ങള്‍ക്കും ഉപയോഗിക്കാവുന്ന യൂണിഫോം സോഫ്‌റ്റുവെയര്‍. ഇതിന്റെ പ്രോട്ടോകോളും മറ്റും തയ്യാറായിട്ടുണ്ട്. സംഘങ്ങളെ ശക്തമെന്നും ദുര്‍ബലമെന്നും അതിദുര്‍ബലമെന്നും മൂന്നായി തിരിക്കുന്നതും, പ്രതിവര്‍ഷഓഡിറ്റിനുപകരം പ്രതിദിനഓഡിറ്റ് സാധ്യമാക്കുന്നതും ആയിരിക്കും യൂണിഫോം സോഫ്‌റ്റുവെയര്‍. സംഘംപ്രസിഡന്റിന് ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ തന്റെ സംഘത്തിന്റെ അതാതുദിവസത്തെ ഓഡിറ്റ് ലഭ്യമാക്കിക്കൊണ്ട് പ്രസിഡന്റുമാരെക്കൂടി ഓഡിറ്റിന്റെ ഭാഗമാക്കും. 42 മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ പോയിന്റുകള്‍ നല്‍കിയാവും സംഘങ്ങളെ ഗ്രേഡ് ചെയ്യുക.
2017മുതലുള്ള ആശയമാണു കോമണ്‍ സോഫ്‌റ്റുവെയര്‍. എന്നാല്‍ കേന്ദ്രത്തില്‍ സഹകരണത്തിനുമാത്രമായി പ്രത്യേകമന്ത്രാലയം രൂപവല്‍കരിച്ചശേഷം, ആ മന്ത്രാലയം മുന്‍കൈയെടുത്തു തയ്യാറാക്കി സംസ്ഥാനങ്ങള്‍ക്കു നല്‍കാന്‍ സന്നദ്ധമായ കോമണ്‍സോഫ്‌റ്റുവെയര്‍ സംബന്ധിച്ചു സംസ്ഥാനത്തിനു പല ആശങ്കയുമുള്ളതിനാലാണു സംസ്ഥാനത്തെ സംഘങ്ങള്‍ക്കായി യൂണിഫോം സോഫ്‌റ്റുവെയര്‍ എന്ന സ്‌ട്രാറ്റജിയിലേക്കു മാറാന്‍ തീരുമാനിച്ചത്. കേന്ദ്രം നല്‍കുന്ന സോഫ്‌റ്റുവെയര്‍ സ്വീകരിച്ചാല്‍ ഡാറ്റ സംസ്ഥാനത്തിന്റെതല്ലാതാകും എന്നതാണു പ്രധാന ആശങ്ക. ഭരണഘടനപ്രകാരം സംസ്ഥാനവിഷയമായ സഹകരണത്തില്‍ കേന്ദ്രസര്‍ക്കാരിനു കൂടുതല്‍ ഇടപെടാന്‍ അതു വഴിവെക്കുമെന്നും. സംസ്ഥാനവിഷയമായി നിലനിര്‍ത്തിക്കൊണ്ടുതന്നെ പരോക്ഷമായി സാധ്യമായ മാര്‍ഗങ്ങളിലൂടെയൊക്കെ കേന്ദ്രനിയന്ത്രണം കൊണ്ടുവരണമെന്ന താല്‍പര്യം കേന്ദ്രകോമണ്‍സോഫ്‌റ്റുവെയര്‍ നിര്‍ദേശത്തിനു പിന്നിലുണ്ടെന്നും സംസ്ഥാനസഹകരണവകുപ്പു കരുതുന്നു. കേന്ദ്രസര്‍ക്കാരും നബാര്‍ഡും കോമണ്‍സോഫ്‌റ്റുവെയറിനെയാണ് അനുകൂലിക്കുന്നത്.
എന്തായാലും യൂണിഫോം സോഫ്‌റ്റുവെയറുമായി മുന്നോട്ടുപോകാന്‍ ചീഫ്‌സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സമിതി അനുമതി നല്‍കിയിട്ടുണ്ട്. യൂണിഫോം സോഫ്‌റ്റുവെയറും ഓഡിറ്റ് പരിശോധനകള്‍ക്കായി നടപ്പാക്കിയ സിമ (കോഓപ്പറേറ്റീവ് ഇന്‍സ്‌പെക്ഷന്‍ മാനേജ്‌മെന്റ് ആപ്ലിക്കേഷന്‍) ആപ്പും പോലുള്ള ഡിജിറ്റല്‍ സംവിധാനങ്ങള്‍ സഹകരണമേഖലയുടെ വിശ്വാസ്യത വര്‍ധിപ്പിക്കുമെന്നും വിശ്വാസ്യത വര്‍ധിച്ചാല്‍ നിസ്സാരകാര്യങ്ങള്‍ക്കുപോലും സഹകരണവകുപ്പിന്റെ ഉന്നതങ്ങളില്‍നിന്ന് അനുമതി തേടേണ്ട ആവശ്യകത ഒഴിവാകുമെന്നും സംഘംതലത്തില്‍ തീരുമാനമെടുക്കാവുന്ന ചെലവുകള്‍ സംബന്ധിച്ച തുകയുടെ പരിധി വളരെയധികം ഉയര്‍ത്താനുമാവുമെന്നും പ്രതീക്ഷിക്കുന്നു.
ഇത്തരം കാര്യങ്ങള്‍ക്ക് ആവശ്യമായത്ര ഐ.ടി. പശ്ചാത്തലമുള്ളവരെ ലഭ്യമാക്കാന്‍ സഹകരണവകുപ്പിലെ ഐ.ടി പശ്ചാത്തലമുള്ള എല്ലാ ജീവനക്കാരെയും ഉള്‍പ്പെടുത്തി ഐ.ടി.സെല്‍ ശക്തമാക്കിയിട്ടുണ്ട്. ഐടി യൂണിറ്റിനെ സംസ്ഥാനപ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ് ആക്കി മാറ്റിയിട്ടുമുണ്ട്. യൂണിഫോം സോഫ്‌റ്റുവെയര്‍ എങ്ങനെയാണു പ്രവര്‍ത്തിക്കകയെന്ന മാര്‍ഗനിര്‍ദേശങ്ങളുംമറ്റും ഇവിടെനിന്നു ലഭ്യമാക്കും.എല്ലാ സംഘവും ഒരേപോലെയുള്ള സോഫ്‌റ്റുവെയര്‍ ഉപയോഗിക്കുക എന്നതാണു യൂണിഫോം സോഫ്‌റ്റുവെയറിന്റെ കാതല്‍. സംഘങ്ങളുടെ സാമ്പത്തികാരോഗ്യം പെട്ടെന്നു വിലയിരുത്താനുള്ള സൗകര്യം ഇതിലുണ്ടാവും. സംഘങ്ങളെ സഹായിക്കുന്ന രീതിയിലായിരിക്കണം ഓഡിറ്റ്, അല്ലാതെ ദോഷകരമായ രീതിയിലായിരിക്കരുത് എന്ന കാഴ്‌ചപ്പാടോടെയാണ് കാര്യങ്ങള്‍ നീക്കുക. സാമ്പത്തിക ഓഡിറ്റ് അല്ലെങ്കില്‍ ഓഡിറ്റിന്റെ പ്രസക്തഭാഗം ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ കിട്ടുന്ന സംവിധാനം ഏര്‍പ്പെടുത്താനാവുമോ എന്നു പരിശോധിച്ചു. അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഒരു ബട്ടണ്‍ ഞെക്കിയാല്‍ഓരോ ദിവസവും രാവിലെ തങ്ങളുടെ സ്ഥാപനത്തിന്റെ സാമ്പത്തികഓഡിറ്റ് നേരിട്ടു കാണാന്‍ അതിന്റെ പ്രസിഡന്റിനും സെക്രട്ടറിക്കും കഴിയും. എല്ലാദിവസവും ഓഡിറ്റ് നടക്കുന്ന ഡിജിറ്റല്‍ സംവിധാനമായിരിക്കും ഇത്. ഇതു സോഫ്‌റ്റുവെയറിന്റെ ഭാഗമാക്കിയിട്ടുണ്ട്.
42 മാനദണ്ഡങ്ങള്‍ നോക്കി സഹകരണസ്ഥാപനം സാമ്പത്തികമായി ശക്തമാണോ ദുര്‍ബലമാണോ അതിദുര്‍ബലമാണോ എന്നു എന്നു കണ്ടൈത്തും. ഇതിന്റെ അടിസ്ഥാനത്തില്‍ ബാന്റിങ് ഉണ്ടാകും. പച്ച, മഞ്ഞ, ചുവപ്പ് എന്നിങ്ങനെയായിരിക്കും ബാന്റ്. 20പോയിന്റ് വരെ ലഭിച്ചവ, 20നുമേല്‍ 49 വരെ ലഭിച്ചവ, 50മുതല്‍ മുകളിലേക്കു ലഭിച്ചവ എന്നിങ്ങനെയാണു മൂന്നായുള്ള തരംതിരിക്കല്‍. 50പോയിന്റിനുമുകളില്‍ ലഭിക്കുന്നവ മികച്ച നിലയില്‍ മാനദണ്ഡങ്ങള്‍ ഏതാണ്ടു പൂര്‍ണമായി പാലിച്ചു പ്രവര്‍ത്തിക്കുന്നവയായിരിക്കുമെന്നതിനാല്‍ അവിടങ്ങളില്‍ താല്‍കാലികമായി പരിശോധനകള്‍ ഒഴിവാക്കും. കുറഞ്ഞ പോയിന്റുകള്‍ ലഭിച്ചവയില്‍ കൂടുതല്‍ പരിശോധനകള്‍ നടക്കും. അവയില്‍ പരിശോധനകള്‍ കൂടുതലായി കേന്ദ്രീകരിച്ചു വേഗം പരിഹാരനടപടികള്‍ എടുത്ത് മെച്ചപ്പെടുത്തിയെടുക്കാന്‍ വേണ്ടിയാണിത്.
സംഘം പ്രസിഡന്റുമാരും മറ്റുഭരണസമിതിയംഗങ്ങളും പലപ്പോഴും മൂലധനപര്യാപ്‌തതാഅനുപാതം വിലയിരുത്തല്‍, വായ്‌പാനിക്ഷേപഅനുപാതം വിലയിരുത്തല്‍ തുടങ്ങി ബാങ്കിങ് വിജ്ഞാനത്തിന്റെ സാങ്കേതികസ്വഭാവമുള്ള കാര്യങ്ങളില്‍ അറിവുള്ളവരായിരിക്കില്ല. എങ്കിലും ഇവയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കപ്പെടുന്ന പോയിന്റുനില ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ അറിയാവുന്ന സ്ഥിതി വരുന്നതോടെ, പോയിന്റ് കുറഞ്ഞാല്‍ കാരണം അന്വേഷിക്കാനും പരിഹാരനടപടികള്‍ തീരുമാനിക്കാനും പ്രസിഡന്റുമാര്‍ക്കു കഴിയും എന്നതാണു യൂണിഫോം സോഫ്‌റ്റുവെയറിന്റെ ഒരു മെച്ചം. പ്രസിഡന്റുമാരുടെയും ഭരണസമിതിയംഗങ്ങളുടെയും സാങ്കേതികകാര്യങ്ങളിലുള്ള അറിവുകുറവ് ചില സംഘങ്ങളില്‍ ഉദ്യോഗസ്ഥര്‍ മുതലെടുക്കുന്നതു പരിഹരിക്കാനാണിത്. ഇതുവഴി പ്രസിഡന്റുമാര്‍കൂടി സാമ്പത്തികഓഡിറ്റിന്റെ ഭാഗമാകും. പ്രതിവര്‍ഷഓഡിറ്റിനുപകരം പ്രദിദിനഓഡിറ്റ് നടക്കുമ്പോള്‍ ഓഡിറ്റ് വിഭാഗത്തിനു ഭരണപരമായ ഓഡിറ്റില്‍ മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കാനാവും.
ആര്‍ടിജിഎസ്, എന്‍ഇഎഫ്‌ടി തുടങ്ങിയ ആധുനികസംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ സംഘങ്ങള്‍ക്ക് ഇപ്പോള്‍ പുതുതലമുറസ്വകാര്യബാങ്കുകളെ ആശ്രയിക്കേണ്ടിവരുന്നുണ്ട്. ഇതിനായി അവരുമായി സഹകരിക്കേണ്ടിവരുമ്പോള്‍ അത്തരം ബാങ്കുകളില്‍ അക്കൗണ്ട് തുറക്കേണ്ടിയും വരും. ഇത് ഓഡിറ്റ് ഒബ്‌ജക്ഷന് ഇടയാക്കും. ഇതിനു പരിഹാരവും യൂണിഫോം സോഫ്‌റ്റുവെയറില്‍ ഉണ്ടാകും. ഫ്രണ്ട് എന്റില്‍ സഹകരണമേഖലയില്‍തന്നെയുള്ള ഇത്തരം സോഫ്‌റ്റുവെയര്‍ സൊലൂഷനുകള്‍ നല്‍കുന്ന വിവരസാങ്കേതികവിദ്യാസ്ഥാപനങ്ങളെ മുന്നോട്ടുവരുത്തിക്കൊണ്ട് പുതുതലമുറ സ്വകാര്യബാങ്കുകളെ ഒഴിവാക്കാനാകുമെന്നു യൂണിഫോം സോഫ്‌റ്റുവെയര്‍ വിഭാവന ചെയ്യുന്നുണ്ട്.
[mbzshare]