യു.എല്‍.സി.സി.എസ്. ശതാബ്ദിസ്‌മാരകസ്‌കൂളിന് അക്ഷരദീപങ്ങളോടെ ഉദ്‌ഘാടനം
ദേശീയ പാതാവികസനത്തിനായി പൊളിച്ചതിനെത്തുടര്‍ന്ന് അടച്ചുപൂട്ടാറായ ചോറോട് സ്‌കൂള്‍ പഞ്ചായത്തിലെ മുട്ടുങ്ങല്‍ എല്‍പി.സ്‌കൂള്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘം (യുഎല്‍സിസിഎസ്) ഏറ്റെടുത്തു നൂതനമാതൃകയില്‍ പണി കഴിപ്പിച്ചതിന്റെ ഉദ്‌ഘാടനം അക്ഷരദീപങ്ങള്‍ കൊളുത്തിക്കൊണ്ടു നിര്‍വഹിക്കപ്പെട്ടു. ഇതിനി യുഎല്‍സിസിഎസ് സെന്റിനറി സ്‌കൂള്‍ മുട്ടുങ്ങല്‍ എന്ന് അറിയപ്പെടും. സാഹിത്യകാരന്‍ എം. മുകുന്ദന്‍, മുന്‍എം.എല്‍.എ. എ പ്രദീപ്‌കുമാര്‍, കൈതപ്രംദാമോദരന്‍നമ്പൂതിരി, പദ്‌മശ്രീ മീനാക്ഷിയമ്മ, ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് കെ.പി. ഗിരിജ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ മനോജ്‌കുമാര്‍ സി, ചലച്ചിത്രനടി അനുസിതാര, കവി വീരാന്‍കുട്ടി, ഗായകന്‍ വി.ടി. മുരളി, ഗായിക വിഷ്‌ണുമായ രമേഷ് എന്നിവര്‍ ആദ്യ ദീപങ്ങള്‍ കൊളുത്തി. തുടര്‍ന്ന് രക്ഷിതാക്കളും അധ്യാപകരും ദീപം തെളിയിച്ചു. വിദ്യാര്‍ഥികളായ കുരുന്നുകള്‍ ബലൂണുകള്‍ പറത്തി. ബാലഗായകന്‍ സാരംഗ് രാജീവ് വാഗ്‌ഭടാനന്ദകൃതികള്‍ ആലപിച്ചു.
ചോറോട് പഞ്ചായത്തുപ്രസിഡന്റ് പി.പി. ചന്ദ്രശേഖരന്‍മാസ്റ്റര്‍ അധ്യക്ഷനായ സമ്മേളനത്തില്‍ യുഎല്‍സിസിഎസ് ചെയര്‍മാന്‍ രമേശന്‍ പാലേരി സ്വാഗതവും എം.ഡി. എസ്. ഷാജു നന്ദിയും പറഞ്ഞു.131 വര്‍ഷത്തെ ചരിത്രമുള്ള സ്‌കൂളാണിത്. സ്‌കൂള്‍സംരക്ഷണസമിതിയുടെയും അധ്യാപകരക്ഷാകര്‍തൃസംഘടനയുടെയും നാട്ടുകാരുടെയും അഭ്യര്‍ഥന മാനിച്ചാണ് യുഎല്‍സിസിഎസ് ഏറ്റെടുത്തത്. ആദ്യം കെട്ടിടം വാടകയ്‌ക്കെടുത്ത് സ്‌കൂള്‍ അവിടേക്കു മാറ്റി. തുടര്‍ന്നു സ്ഥലം വാങ്ങി. ഡോ. കെ.എം. ഉണ്ണിക്കൃഷ്‌ണന്‍, ഡോ. പി.കെ. തിലക്, കെ.ടി. ദിനേശ്, രാജന്‍ ചെറുവാട്ട്, എം.എം. സുരേന്ദ്രന്‍, സുരേന്ദ്രന്‍ കവുത്യാട്ട് തുടങ്ങിയ വിദ്യാഭ്യാസവിദഗ്‌ധരെ ഉള്‍പ്പെടുത്തി നവീനബോധനസമ്പ്രദായം ആവിഷ്‌കരിച്ചു. അതിനിണങ്ങുന്ന പഠനാന്തരീക്ഷമുള്ള സ്‌കൂള്‍കെട്ടിടവും പശ്ചാത്തലസൗകര്യവും നിര്‍മിക്കാന്‍ യുഎല്‍സിസിഎസിലെ വിദഗ്‌ധര്‍ വിദേശങ്ങളിലെ വിദ്യാലയമാതൃകകള്‍ പഠിച്ചു. അങ്ങനെ വികസിപ്പിച്ച രൂപകല്‍പനയില്‍ പുസ്‌തകവായനയും ശാസ്‌ത്രപരീക്ഷണങ്ങളും ഗണിതനിര്‍ധാരണവും അഭിനയവും സംഗീതവും നൃത്തവും ചെസ്സും കളരിയും കൃഷിയും പൂന്തോട്ടപരിപാലനവും പ്രകൃതിപാഠവും അഭ്യസിക്കാന്‍ സൗകര്യങ്ങളുള്ള കെട്ടിടം നിര്‍മിച്ചു. പഠനവിഷയങ്ങള്‍ക്കപ്പുറം സര്‍ഗാല്‍മകത ഉള്‍പ്പെടെ കുട്ടികളുടെ സര്‍വതോമുഖമായ വികാസത്തിനുതകുന്ന സര്‍ഗാല്‍മകവിദ്യാഭ്യാസത്തില്‍ തുടര്‍വര്‍ഷങ്ങളില്‍ സ്‌കൂള്‍ അപ്‌ഗ്രേഡ്‌് ചെയ്യാനാണു സംഘത്തിന്റെ പരിപാടി.