SSLC, PLUS – 2 വിനു ശേഷം മുന്നോട്ട് പോകാം
10, 12 ക്ലാസുകളിലെ ബോര്‍ഡ്പരീക്ഷ കഴിഞ്ഞാല്‍പ്പിന്നെ രക്ഷിതാക്കളുടെ ചിന്ത മക്കളുടെ ഉപരിപഠനത്തെക്കുറിച്ചാണ്. ഏതു കോഴ്‌സാണു പ്ലസ് ടു തലത്തില്‍ / ബിരുദതലത്തില്‍ തിരഞ്ഞെടുക്കേണ്ടത് എന്നതിനെക്കുറിച്ചു വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാവും. ഇതുമായി ബന്ധപ്പെട്ട് ഉയരാനിടയുള്ള സംശയങ്ങള്‍ക്ക് എന്താണു പരിഹാരം ? ഒന്നാലോചിക്കാം.
കോഴ്‌സ് എങ്ങനെ
തിരഞ്ഞെടുക്കാം?
വിദ്യാര്‍ഥിയുടെ താല്‍പ്പര്യം, അഭിരുചി, മനോഭാവം, ലക്ഷ്യം എന്നിവ നന്നായി വിലയിരുത്തണം. കോഴ്‌സ് തിരഞ്ഞെടുക്കുന്നതിനുമുമ്പ് കോഴ്‌സിന്റെ പ്രസക്തി, പഠിക്കാനുള്ള കഴിവ് എന്നിവ വിലയിരുത്തണം. പത്താം ക്ലാസിനുശേഷം പ്ലസ് ടു കോമ്പിനേഷനുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ പ്ലസ് ടു വിനുശേഷം ഏതു കോഴ്‌സാണു പഠിക്കാനാഗ്രഹിക്കുന്നത് എന്നു വിലയിരുത്തിവേണം വിഷയങ്ങള്‍ തിരഞ്ഞെടുക്കാന്‍. ഉദാഹരണമായി, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റാകാന്‍ താല്‍പ്പര്യമുള്ള വിദ്യാര്‍ഥിക്കു കോമേഴ്‌സ്, ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടന്‍സി കോഴ്‌സുകളെടുക്കാം. പഠനവൈകല്യമുള്ള കുട്ടികള്‍ക്ക് ഓപ്പണ്‍ സ്‌കൂളുകള്‍ നല്ലതാണ്. എഞ്ചിനീയറിംഗ് താല്‍പ്പര്യമുള്ളവര്‍ക്കു ബയോളജി ഒഴിവാക്കാം. നീറ്റ് പരീക്ഷയാണു ലക്ഷ്യമെങ്കില്‍ ബയോളജി ഗ്രൂപ്പെടുക്കാം. പ്ലസ് ടുവിനുശേഷം താല്‍പ്പര്യമുള്ള വിഷയങ്ങള്‍ തിരഞ്ഞെടുക്കണം. പ്രവേശനപ്പരീക്ഷയിലൂടെ മികച്ച വിജയം നേടിയ ബിരുദ കോഴ്‌സുകള്‍ തിരഞ്ഞെടുക്കാം. ഏതെങ്കിലും കോഴ്‌സ് മതി എന്ന രീതി ഒഴിവാക്കണം. വിദ്യാര്‍ഥിയുടെ കഴിവ്, കഴിവുകേട്, ഉപരിപഠന-തൊഴില്‍സാധ്യത എന്നിവ വിലയിരുത്തണം.
പ്ലസ് ടു
ബോര്‍ഡ് മാറ്റം
പത്താം ക്ലാസുവരെ പഠിച്ച ബോര്‍ഡില്‍ത്തന്നെ പഠിക്കുന്നതാണു നല്ലത്. ആവശ്യമായ കോമ്പിനേഷനുകള്‍ ലഭിക്കുന്നില്ലെങ്കില്‍ ബോര്‍ഡുകള്‍ മാറാം. സ്റ്റേറ്റ് ബോര്‍ഡും സെന്‍ട്രല്‍ ബോര്‍ഡും എന്‍.സി.ഇ.ആര്‍.ടി. സിലബസിന്റെ അടിസ്ഥാനത്തിലാണ്. ഇതുമായി ബന്ധപ്പെട്ട് അകാരണമായി വ്യാകുലപ്പെടേണ്ടതില്ല.
പ്രവേശനപ്പരീക്ഷയ്ക്ക്
ഒരുങ്ങുമ്പോള്‍
സിലബസ്സിനനുസരിച്ചു തയാറെടുക്കണം. മുന്‍കാല ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കണം. ടൈം മാനേജ്‌മെന്റ് അത്യന്താപേക്ഷിതമാണ്. ചിട്ടയോടെ ഇനിയുള്ള സമയങ്ങളില്‍ തയാറെടുക്കണം. നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവര്‍ കീമില്‍ രജിസ്റ്റര്‍ ചെയ്യണം. ആര്‍ക്കിടെക്ചര്‍ കോഴ്‌സിനു താല്‍പ്പര്യമുള്ളവര്‍ നാറ്റ / ജെ.ഇ.ഇ. മെയിന്‍ രണ്ടാം പേപ്പര്‍ പരീക്ഷ എഴുതണം. കേരളത്തില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ കീമില്‍ രജിസ്റ്റര്‍ ചെയ്യണം. നാറ്റ പരീക്ഷ വര്‍ഷത്തില്‍ മൂന്നു തവണയും ജെ.ഇ.ഇ. മെയിന്‍ വര്‍ഷത്തില്‍ രണ്ടു തവണയും നടത്തും. കേന്ദ്ര സര്‍വകലാശാലകളിലേക്കുള്ള ബിരുദപ്രവേശനത്തിനു പ്രത്യേകം പൊതുപരീക്ഷയെഴുതണം. കേരളത്തിലെ എഞ്ചിനീയറിംഗ് കോളേജുകളില്‍ പ്രവേശനമാഗ്രഹിക്കുന്നവര്‍ സംസ്ഥാന പ്രവേശനപ്പരീക്ഷാ കമ്മീഷണര്‍ നടത്തുന്ന കീം എഞ്ചിനീയറിംഗ് പരീക്ഷയെഴുതണം. ബി ഫാമിനു താല്‍പ്പര്യമുള്ളവര്‍ എഞ്ചിനീയറിംഗ് പ്രവേശനപ്പരീക്ഷയുടെ ആദ്യ പേപ്പര്‍ എഴുതണം. എം.ബി.ബി.എസ്, ബി. ഡി.എസ്, ആയുര്‍വേദ, ഹോമിയോപ്പതി, യൂനാനി, സിദ്ധ, കാര്‍ഷിക, വെറ്ററിനറി, ഫിഷറീസ് ബിരുദ കോഴ്‌സുകള്‍ക്കുള്ള പ്രവേശനം നീറ്റ് റാങ്ക് ലിസ്റ്റില്‍ നിന്നാണ്. എന്നാല്‍, ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ അഖിലേന്ത്യാതലത്തില്‍ 15 ശതമാനം കാര്‍ഷികബിരുദ സീറ്റുകളിലേക്കു ഈ വര്‍ഷം മുതല്‍ പരീക്ഷ നടത്തുന്നില്ല. പകരം, കേന്ദ്രസര്‍വകലാശാലയുടെ പൊതുപ്രവേശനപ്പരീക്ഷാ റാങ്ക്‌ലിസ്റ്റില്‍നിന്നാകും സെലക്ഷന്‍.
കേന്ദ്രസര്‍വകലാശാല
പ്രവേശനപ്പരീക്ഷ
കേന്ദ്രസര്‍വകലാശാല പ്രവേശനപ്പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചാല്‍ താല്‍പ്പര്യമുള്ള യൂണിവേഴ്‌സിറ്റികളിലേക്കോ കോളേജുകളിലേക്കോ ഓണ്‍ലൈനായി സ്‌കോര്‍ വെച്ച് അപേക്ഷിക്കണം. കൗണ്‍സലിങ് അതതു വിദ്യാഭ്യാസസ്ഥാപനങ്ങളാണു നടത്തുന്നത്. കേന്ദ്രീകൃത അലോട്ടുമെന്റ് പ്രക്രിയയില്ല. ഉദാഹരണമായി, ഇംഗ്ലീഷ് ആന്റ്് ഫോറിന്‍ ലാംഗ്വേജ് യൂണിവേഴ്‌സിറ്റിയില്‍ താല്‍പ്പര്യമുണ്ടെങ്കില്‍ ആ യൂണിവേഴ്‌സിറ്റിയുടെ വെബ്‌സൈറ്റിലൂടെ വിജ്ഞാപനം വരുന്നതിനനുസരിച്ചു കേന്ദ്രസര്‍വകലാശാലയുടെ പ്രവേശനപ്പരീക്ഷാ സ്‌കോര്‍ വെച്ച് അപേക്ഷിക്കണം.
നീറ്റില്‍
വിജയം നേടാന്‍
പ്ലസ് ടു ബോര്‍ഡ് പരീക്ഷയ്ക്കുശേഷം ചിട്ടയോടെയുള്ള തയാറെടുപ്പുകള്‍ തുടരണം. പരീക്ഷയില്‍ എല്ലായ്‌പ്പോഴും പോസിറ്റീവ് മനോഭാവം പുലര്‍ത്തണം. ഏറ്റവും ഇഷ്ടപ്പെടുന്ന വിഷയങ്ങളിലെ ചോദ്യങ്ങള്‍ക്ക് ആദ്യം ഉത്തരമെഴുതാം. ഉത്തരം അറിയാത്തവ ഉപേക്ഷിക്കാം. പരീക്ഷയിലുടനീളം അനാവശ്യ പിരിമുറുക്കം ഒഴിവാക്കണം. വീട്ടിലുണ്ടാക്കുന്ന ഭക്ഷണവും തിളപ്പിച്ചാറ്റിയ വെള്ളവും മാത്രമെ പരീക്ഷക്കാലത്തു കഴിക്കാവൂ. രക്ഷിതാക്കള്‍ കുട്ടികളെ അനാവശ്യമായി ടെന്‍ഷനടിപ്പിക്കരുത്. മറ്റുള്ളവരുമായുള്ള താരതമ്യവും ഒഴിവാക്കണം. വിഷയങ്ങള്‍ക്കു യൂണിറ്റടിസ്ഥാനത്തില്‍ പ്രാധാന്യം നല്‍കി പഠിയ്ക്കണം. ടൈം മാനേജ്‌മെന്റ് പരീക്ഷയിലും തയാറെടുപ്പിലും പ്രാധാന്യമര്‍ഹിക്കുന്നു. പഠിയ്ക്കുമ്പോള്‍ വ്യക്തമായ സമയക്രമമനുസരിച്ച് ടൈംടേബിളുണ്ടാക്കണം. പഠിച്ച ഭാഗങ്ങള്‍ ഓര്‍ക്കാന്‍ ശ്രമിക്കണം. ഫോര്‍മുല പ്രത്യേകം എഴുതി പഠിയ്ക്കണം. പരീക്ഷയിലെ പ്രോബ്ലമടിസ്ഥാനത്തിലുള്ള ചോദ്യങ്ങള്‍ക്കു കൂടുതല്‍ സമയം ചെലവിടരുത്. ആദ്യം സുവോളജി, ബോട്ടണി ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുന്നതു ഫിസിക്‌സിനും കെമിസ്ട്രിക്കും കൂടുതല്‍ സമയം ലഭിയ്ക്കാനിടവരുത്തും.
സ്റ്റഡി പ്ലാനര്‍, ഫൗണ്ടേഷനിലുള്ള വ്യക്തത, യഥാസമയങ്ങളിലുള്ള സംശയനിവാരണം, നിരന്തരമായ പ്രാക്ടീസ്, റിവിഷന്‍, സ്വന്തമായി കുറിപ്പ് തയാറാക്കല്‍, സ്വയംപഠനവും കോച്ചിംഗും തമ്മിലുള്ള ബാലന്‍സിംഗ്, ശാന്തമായ പഠനാന്തരീക്ഷം, കൃത്യസമയത്തുള്ള ഉറക്കം, പുലര്‍ച്ചെ എഴുന്നേല്‍ക്കല്‍, ഭക്ഷണക്രമത്തിലെ ചിട്ട എന്നിവ നീറ്റിലെ വിജയത്തിനു സഹായിക്കും.
കീം
പരീക്ഷ
കേരളത്തിലെ വിവിധ പ്രൊഫഷണല്‍ ബിരുദ കോഴ്‌സുകളിലേക്കു സംസ്ഥാന പ്രവേശനപ്പരീക്ഷാ കമ്മിഷണര്‍ നടത്തുന്ന കീം പരീക്ഷ 2023 മെയ് 17 നാണ്. എഞ്ചിനീയറിംഗ്, ബി. ആര്‍ക്ക്, എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എ.എം.എസ്, ബി.എച്ച.്എം.എസ്, ബി.എസ്.എം.എസ്, ബി. യു.എം.എസ്, കാര്‍ഷിക, വെറ്ററിനറി, ഫോറെസ്ട്രി, ഫിഷറീസ്, ബയോടെക്‌നോളജി, ക്ലൈമറ്റ് ചേഞ്ച്, കോ-ഓപ്പറേഷന്‍ ആന്റ് ബാങ്കിങ്, ബി. ഫാം കോഴ്‌സുകള്‍ കീമില്‍ ഉള്‍പ്പെടും. ഇവയില്‍ മെഡിക്കല്‍, ഡെന്റല്‍, അലൈഡ് ആരോഗ്യ കോഴ്‌സുകള്‍, കാര്‍ഷിക കോഴ്‌സുകള്‍, ബി ആര്‍ക്ക് എന്നിവയൊഴികെ ബി.ടെക് കോഴ്‌സിനു പ്രവേശനപ്പരീക്ഷ നടത്തുന്നതു കീമിലൂടെയാണ്. ബി ആര്‍ക്കിനു നാറ്റ / ജെ.ഇ.ഇ. മെയിന്‍ രണ്ടാം പേപ്പര്‍ സ്‌കോര്‍ ആവശ്യമാണ്. ബി ഫാമിന് എഞ്ചിനീയറിംഗ് പ്രവേശനപ്പരീക്ഷയുടെ ഫിസിക്‌സ്, കെമിസ്ട്രി ഉള്‍പ്പെടുന്ന പേപ്പര്‍ ഒന്ന് എഴുതിയിരിക്കണം. മറ്റെല്ലാ കോഴ്‌സുകള്‍ക്കും സെലക്ഷന്‍ നീറ്റ് സ്‌കോര്‍ വഴിയാണ്.
സാധ്യതയുള്ള
കോഴ്‌സുകള്‍
2023 ല്‍ ടെക്‌നോളജി അധിഷ്ഠിത തൊഴിലുകള്‍ക്കു സാധ്യതയേറും. കോഡേഴ്‌സ്, ബ്‌ളോക്ക് ചെയിന്‍ ഡെവലപ്പര്‍, വിര്‍ച്ച്വല്‍ റിയാലിറ്റി ടെക്‌നീഷ്യന്‍, എത്തിക്കല്‍ ഹാക്കര്‍, ബിഗ്ഡാറ്റ അനലിസ്റ്റ്, എ.ഐ. തൊഴിലുകള്‍, ഡാറ്റ സയന്റിസ്റ്റ്, ജീന്‍ എഡിറ്റേഴ്‌സ്, ഡ്രോണ്‍ ടെക്‌നീഷ്യന്‍, സംരംഭകര്‍, മെഷീന്‍ ലേണിംഗ് എഞ്ചിനീയര്‍, മാര്‍ക്കറ്റിംഗ് അനലിസ്റ്റ്, നെറ്റ്‌വര്‍ക്ക് സെക്യൂരിറ്റി, പ്രൊജക്റ്റ് മാനേജര്‍, നഴ്‌സിംഗ്, സൈക്കോളജിസ്റ്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ഫിനാന്‍ഷ്യല്‍ മാനേജര്‍ എന്നിവയില്‍ കൂടുതല്‍ അവസരങ്ങളുണ്ടാകും. ഗ്രാഫിക് ആന്റ്് വെബ് ഡിസൈനിങ്, മാനേജ്‌മെന്റ്, അക്കൗണ്ടിംഗ്, ഐ.ടി, പോളിസി അനലിസ്റ്റ്, ഡവലപ്‌മെന്റല്‍ സയന്‍സ്, ലിബറല്‍ ആര്‍ട്‌സ്, സോഷ്യോളജി, ഇക്കണോമിക്‌സ്, മെഷീന്‍ ലേണിംഗ്, മാനുഫാക്ച്ചറിങ്, കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ്, പബ്ലിക് ഹെല്‍ത്ത്, മോളിക്യൂലര്‍ ബയോളജി, ക്വാന്റം കമ്പ്യൂട്ടിങ്, ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ്, റോബോട്ടിക്‌സ്, ആര്‍ക്കിടെക്ചര്‍, ഗെയിമിംഗ് ടെക്‌നോളജി, വിഷ്വല്‍ ബേസിക്‌സ്, അനിമേഷന്‍, കോമിക്‌സ്, ഹൈബ്രിഡ് ടെക്‌നോളജി, ഇലക്ട്രിക്ക് വാഹനങ്ങള്‍, എനര്‍ജി മാനേജ്‌മെന്റ്, സപ്ലൈ ചെയിന്‍, ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ്, പോര്‍ട്ട് മാനേജ്‌മെന്റ് എന്നിവയില്‍ 2023 ല്‍ അവസരങ്ങളേറും. സൈക്കോളജി, ഡത ഡിസൈന്‍, പ്രൊജക്റ്റ് മാനേജ്‌മെന്റ്, സോഫ്റ്റ്‌വെയര്‍ ഡവലപ്‌മെന്റ്, ഡാറ്റ സയന്‍സ്, ഫുള്‍സ്റ്റാക്ക് ഡവലപ്‌മെന്റ്, മെഷീന്‍ ലേണിംഗ്, സൈബര്‍ സെക്യൂരിറ്റി, ക്ലോസ്ഡ് കമ്പ്യൂട്ടിങ്, പ്രൊഡക്ട് മാനേജ്‌മെന്റ്, ബിഗ് ഡാറ്റ അനലിറ്റിക്‌സ്, ബിസിനസ് അനലിറ്റിക്‌സ് എന്നീ കോഴ്‌സുകള്‍ക്കു തൊഴില്‍സാധ്യതയേറും.
മികച്ച തൊഴില്‍
ലഭിക്കാന്‍
അഭ്യസ്തവിദ്യരായ യുവതീയുവാക്കള്‍ക്കു മികച്ച തൊഴില്‍ ലഭിക്കാന്‍ സ്‌കില്‍ വികസനം, സോഫ്റ്റ് സ്‌കില്‍സ്, ഇംഗ്ലീഷ് പ്രാവീണ്യം, കമ്പ്യൂട്ടര്‍ ലാംഗ്വേജ്, കമ്പ്യൂട്ടര്‍ പ്രാവീണ്യം, പൊതുവിജ്ഞാനം എന്നിവ ആവശ്യമായി വരും. സ്റ്റാര്‍ട്ടപ്പുകള്‍ കൂടുതലായി ആരംഭിക്കുമെങ്കിലും സുസ്ഥിരത നേടുന്നതില്‍ 50 ശതമാനത്തോളം പരാജയപ്പെടും. സുസ്ഥിരവികസനം, സാങ്കേതികവിദ്യ, കാലാവസ്ഥാ വ്യതിയാനം, കൃഷി, ഭക്ഷ്യ സംസ്‌കരണം മുതലായവയില്‍ ഗവേഷണസാധ്യതകളേറും. ബിരുദധാരികള്‍ പഠിച്ച വിഷയത്തില്‍ ഉപരിപഠനം നടത്തുന്നതിനു പകരം ടെക്‌നോളജി അധിഷ്ഠിത വിഷയങ്ങള്‍ തിരഞ്ഞെടുക്കും. എല്ലാ മേഖലകളിലും സാങ്കേതികവിദ്യയുടെ സ്വാധീനം വര്‍ധിച്ചുവരും.
പുത്തന്‍
പ്രവണതകള്‍
പുത്തന്‍ നൈപുണ്യശേഷി തൊഴിലിന് ആവശ്യമായി വരും. 2025 ആകുമ്പോഴേക്കും 40 ശതമാനം തൊഴിലാളികള്‍ക്കും റീ സ്‌കില്ലിംഗ് ആവശ്യമായി വരും. ഡിജിറ്റല്‍ ഐ.ടി. സ്‌കില്ലുകള്‍ക്കും സോഫ്റ്റ് സ്‌കില്ലുകള്‍ക്കും പ്രാധാന്യമേറും. ടീം മാനേജ്‌മെന്റ്, ആശയവിനിമയം എന്നിവയ്ക്ക് ആവശ്യകതയേറും. തൊഴിലില്‍നിന്നു മാറി പുത്തന്‍ തൊഴില്‍മേഖലകളിലെത്താന്‍ സാങ്കേതികവിദ്യ സ്വായത്തമാക്കാനുള്ള ശ്രമം ഊര്‍ജിതമാകും. പാരിസ്ഥിതിക, സാമൂഹിക, ഭരണനിര്‍വഹണ മേഖലകള്‍ക്കിണങ്ങിയ നയരൂപവത്കരണത്തിനു പ്രാധാന്യമേറും. ഇവയ്ക്കിണങ്ങിയ സുസ്ഥിര സാങ്കേതികവിദ്യാ നിര്‍മാണം, ഭൗതിക സൗകര്യവികസനം, ആര്‍ക്കിടെക്ചര്‍, അഗ്രിബിസിനസ് എന്നിവ വിപുലപ്പെടും. യു.എന്‍. കാലാവസ്ഥ ഉച്ചകോടി ഇഛജ 27 ന്റെ ചുവടുപിടിച്ച് പാരിസ്ഥിതികമേഖലയില്‍ കൂടുതല്‍ ഗവേഷണത്തിനു പ്രാധാന്യമേറും. ഇലക്ട്രിക്ക് വാഹന മേഖല, ഓട്ടമേഷന്‍, സുസ്ഥിര സാങ്കേതികവിദ്യ, ഡാറ്റ മാനേജ്‌മെന്റ് എന്നിവയിലും സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിംഗ് എന്നിവയിലും കൂടുതല്‍ തൊഴിലവസരങ്ങള്‍ രൂപപ്പെടും. സാമ്പത്തികമാന്ദ്യത്തിനുശേഷം മാനേജ്‌മെന്റ്, അക്കൗണ്ടിംഗ്, ഇന്‍ഷുറന്‍സ് എന്നിവയില്‍ വന്‍ വളര്‍ച്ച പ്രതീക്ഷിക്കാം. ആരോഗ്യമേഖലയില്‍ ടെക്‌നോളജി, ഡയഗ്നോസ്റ്റിക്‌സ്, നഴ്‌സിംഗ്, പാലിയേറ്റീവ് കെയര്‍, പാരാമെഡിക്കല്‍ രംഗത്ത് ലോകത്താകമാനം റിക്രൂട്ട്‌മെന്റ് വര്‍ധിക്കും.
ഭക്ഷ്യ റീട്ടെയില്‍, ഇ-കൊമേഴ്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, മെഷീന്‍ ലേണിംഗ്, ബ്ലോക്ക് ചെയിന്‍ ടെക്‌നോളജി, കുലിനറി ആര്‍ട്‌സ്, ഹോസ്പിറ്റാലിറ്റി, എയര്‍ലൈന്‍ മാനേജ്‌മെന്റ് എന്നിവയില്‍ വളര്‍ച്ച പ്രതീക്ഷിക്കാം. രോഗനിര്‍ണ്ണയ വാക്‌സിന്‍ നിര്‍മാണമേഖലയില്‍ ബയോടെക്‌നോളജി, ലൈഫ് സയന്‍സ് എന്നിവ വിപുലപ്പെടും. സോഷ്യല്‍ സയന്‍സ്, ലിബറല്‍ ആര്‍ട്‌സ്, ബിസിനസ് ഇക്കണോമിക്‌സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ഡിസൈന്‍, ഫാഷന്‍ കമ്മ്യൂണിക്കേഷന്‍, സൈക്കോളജി കോഴ്‌സുകള്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ തിരഞ്ഞെടുക്കും. ഫാഷന്‍, ന്യൂമീഡിയ, അപ്പാരല്‍ ഡിസൈന്‍, അനിമേഷന്‍, മോളിക്കുലാര്‍ ബയോളജി, എംബ്രിയോളജി, സോഷ്യോളജി, ഭാഷ എന്നിവയ്ക്ക് പ്രാധാന്യമേറും.
വിദേശപഠന
സാധ്യത
2023 ല്‍ വിദേശപഠനത്തിനു പോകുന്ന ഇന്ത്യന്‍വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിയ്ക്കും. കാനഡ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ ഉന്നത വിദ്യാഭ്യാസത്തിനു പോകാനാവും കൂടുതല്‍ വിദ്യാര്‍ഥികള്‍ താല്‍പ്പര്യപ്പെടുക. കാനഡ ഇമിഗ്രേഷന്‍ വിപുലമാകും. പ്ലസ് ടുവിനുശേഷം വിദേശപഠനത്തിനു പോകുന്നവരുടെ എണ്ണം വര്‍ധിക്കും. എന്നാല്‍, സ്‌കോളര്‍ഷിപ്പ്, അസിസ്റ്റന്റ്ഷിപ്പ്, ഫെല്ലോഷിപ്പ് എന്നിവയുടെ എണ്ണത്തില്‍ കുറവുണ്ടാകും. സ്‌കില്‍ വികസനം, റീ സ്‌കില്ലിംഗ്, അപ്പ് സ്‌കില്ലിംഗ് എന്നിവ മികച്ച തൊഴിലിനുള്ള വിജയമന്ത്രങ്ങളാകും.
മാറുന്ന കോഴ്സുകള്‍ – തൊഴില്‍ സാധ്യതകള്‍
ഉന്നതവിദ്യാഭ്യാസരംഗത്തു പുത്തന്‍ കോഴ്‌സുകള്‍ വരുന്നതോടൊപ്പം തൊഴിലുകളിലും തൊഴില്‍സാധ്യതകളിലും മാറ്റം പ്രകടമാണ്. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് 2040 ആകുമ്പോഴേക്കും ഇപ്പോഴുള്ള തൊഴിലുകളില്‍ 40 ശതമാനത്തോളം ഇല്ലാതാകും എന്നാണ്. പകരം, അറിയപ്പെടാത്ത പുതിയ തൊഴില്‍മേഖലകള്‍ ഉരുത്തിരിഞ്ഞുവരും. അനിമേഷന്‍, വിഷ്വല്‍ എഫക്ട്‌സ്, ഗെയിമിംഗ്, കോമിക്സ് എന്നിവ സാധ്യതയുള്ള മേഖലകളാണ്. ഇതുമായി ബന്ധപ്പെട്ട് എസ്.എസ.്എല്‍.സി, പ്ലസ് ടു, ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള ടെക്നീഷ്യന്‍, സൂപ്പര്‍വൈസറി, മാനേജീരിയല്‍തല കോഴ്‌സുകളുണ്ട്. ഡിസൈന്‍ കോഴ്സുകള്‍ക്ക് എല്ലാ മേഖലയിലും സാധ്യതകളുണ്ട്. മെഷീന്‍ ഡിസൈന്‍, പ്രോഡക്ട് ഡിസൈന്‍, അപ്പാരല്‍ ഡിസൈന്‍, ഫാഷന്‍ ഡിസൈന്‍, ഫാഷന്‍ കമ്മ്യൂണിക്കേഷന്‍ എന്നിവ തൊഴില്‍സാധ്യതയുള്ള മേഖലകളാണ്.
ഹീറ്റിംഗ്, വെന്റിലേഷന്‍, എയര്‍ കണ്ടിഷനിംഗ് (ഒഢഅഇ), മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, പ്ലംബിംഗ്, പെയിന്റിംഗ് (ങഋജ) തലങ്ങളില്‍ ടെക്നീഷ്യന്‍, സൂപ്പര്‍വൈസറിതല ജോലിസാധ്യതകള്‍ വര്‍ധിച്ചുവരികയാണ്. ടൂറിസംരംഗത്തു 2047 ആകുമ്പോഴേക്കും 100 ദശലക്ഷം അന്താരാഷ്ട്ര ടൂറിസ്റ്റുകളെയാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. പബ്ലിക് -പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ് കൂടുതല്‍ വിപുലപ്പെടും.
കാര്‍ഷികമേഖലയില്‍ അഗ്രിബിസിനസ് മാനേജ്മെന്റ്, സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, ഭക്ഷ്യസംസ്‌കരണം, ഫുഡ് ഇ റീറ്റെയ്ല്‍, ഫുഡ് ആന്‍ഡ് ന്യൂട്രീഷ്യന്‍ എന്നിവയില്‍ വളര്‍ച്ച പ്രതീക്ഷിക്കാം. ബയോ എഞ്ചിനീയറിംഗ്, റീജനറേറ്റീവ് ബയോളജി, ഡെര്‍മറ്റോളജി, കോസ്മെറ്റോളജി, ഫിസിയോതെറാപ്പി, വണ്‍ ഹെല്‍ത്ത്, മൈക്രോബയോളജി എന്നിവ ലോകത്താകമാനം സാധ്യതയുള്ള മേഖലകളാകും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ്, ഓട്ടോമേഷന്‍, സൈബര്‍ സെക്യൂരിറ്റി, ബ്ലോക്ക് ചെയിന്‍ ടെക്‌നോളജി, ഡാറ്റ അനലിറ്റിക്സ്, ഡാറ്റാ മാനേജ്മന്റ് എന്നിവ മികച്ച കോഴ്‌സുകളാകും.
കാര്‍ഷിക
മേഖലയില്‍
കാര്‍ഷികമേഖലയില്‍ സ്മാര്‍ട്ട് സേവനങ്ങള്‍ക്കിണങ്ങിയ ടെക്‌നോളജി പ്രാധാന്യം കൈവരിക്കും. പ്രെസിഷന്‍ ഫാമിംഗ്, ഡ്രോണ്‍ ടെക്‌നോളജി, ജി.ഐ.എസ്, സോയില്‍ മാപ്പിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റ സയന്‍സ് എന്നിവയില്‍ കൂടുതല്‍ വളര്‍ച്ച പ്രതീക്ഷിക്കാം. മൂല്യവര്‍ധിത ഉല്‍പ്പന്ന നിര്‍മാണത്തിനു പ്രാധാന്യം ലഭിക്കുന്നതോടെ ഫുഡ് ടെക്‌നോളജി കരുത്താര്‍ജിക്കും. സംരംഭകത്വം വിപുലപ്പെടുന്നതോടെ സ്റ്റാര്‍ട്ടപ്പുകള്‍ കൂടുതലായി രൂപപ്പെടും. വിദ്യാര്‍ഥികള്‍ സംരംഭകരാകുന്ന പ്രക്രിയ വര്‍ധിച്ചുവരും. കാലാവസ്ഥാ വ്യതിയാനങ്ങളെ നേരിടാനുള്ള ടെക്‌നോളജി, ഗവേഷണം, സുസ്ഥിര സാങ്കേതികവിദ്യ എന്നിവയില്‍ ആഗോളതലത്തില്‍ വന്‍വളര്‍ച്ച പ്രതീക്ഷിക്കാം. എനര്‍ജി മേഖലയുമായി ബന്ധപ്പെട്ട കോഴ്‌സുകളില്‍ ഹൈഡ്രജന്‍ എനര്‍ജി, ഗ്രീന്‍ എനര്‍ജി, ക്ലീന്‍ എനര്‍ജി എന്നിവ വിപുലപ്പെടും.
വിദേശപഠനത്തിനായി തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, ജര്‍മനി, യൂറോപ്യന്‍ യൂണിയന്‍ എന്നിവ തിരഞ്ഞെടുക്കും. പ്രാവീണ്യപരീക്ഷകളില്‍ മിക്ക സര്‍വകലാശാലകളും ഇളവ് വരുത്തിയീട്ടുണ്ട്. സാറ്റ്, ജി.ആര്‍.ഇ, ജി മാറ്റ് സ്‌കോറില്ലാതെയും പ്രവേശനം സാധ്യമാകും. എഞ്ചിനീയറിംഗ് രംഗത്തു കമ്പ്യൂട്ടര്‍ സയന്‍സ്, ബയോമെഡിക്കല്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, കമ്മ്യൂണിക്കേഷന്‍, കെമിക്കല്‍, ആര്‍ക്കിടെക്ചര്‍, റോബോട്ടിക്, ഡെയറി ടെക്‌നോളജി എന്നിവയില്‍ തൊഴിലവസരങ്ങളേറും. ഡിജിറ്റലൈസേഷന്‍ കൂടുതല്‍ വളര്‍ച്ച കൈവരിക്കുന്നതോടെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ഇ -കോമേഴ്സ് , അക്കൗണ്ടിംഗ്, ഇലക്ട്രിക് വെഹിക്കിള്‍ ടെക്‌നോളജി, ഹൈബ്രിഡ് ടെക്‌നോളജി, എഡ്യൂക്കേഷന്‍ ടെക്‌നോളജി, ന്യൂ മീഡിയ എന്നിവയില്‍ ഉയര്‍ന്ന വളര്‍ച്ചനിരക്ക് പ്രതീക്ഷിക്കാം.
പഠിച്ച മേഖലയില്‍
പണിയെടുക്കുന്നവര്‍ കുറവ്
ഇലക്ട്രിക്ക് വെഹിക്കിള്‍ ടെക്‌നോളജി, എനര്‍ജി, സുസ്ഥിര സാങ്കേതികവിദ്യ, 6 ജി കണക്റ്റിവിറ്റി, സോളാര്‍ ജിയോ എഞ്ചിനീയറിംഗ്, ഡയറക്റ്റ് കാര്‍ബണ്‍ ക്യാപ്ചര്‍, സൂപ്പര്‍സോണിക് എയര്‍ ക്രാഫ്റ്റുകള്‍, പറക്കുന്ന കാറുകള്‍, ഓപ്പണ്‍ റാന്‍ സാങ്കേതികവിദ്യ, പ്രീഫാബ് കണ്‍സ്ട്രക്ഷന്‍, ഗ്രീന്‍ കണ്‍സ്ട്രക്ഷന്‍, കാലാവസ്ഥാ മാറ്റത്തിനിണങ്ങിയ ഭൗതികസൗകര്യ വികസനം, 3 ഡി പ്രിന്റഡ് വീടുകള്‍, ഹെല്‍ത്ത്‌കെയര്‍ ടെക്‌നോളജീസ്, ബയോമെഡിക്കല്‍ സയന്‍സ്, മോളിക്യൂലാര്‍ ബയോളജി , ഹെല്‍ത്ത് ജനറ്റിക്സ്, വ്യക്തിഗത മരുന്നുകള്‍, ഹെല്‍ത്ത് ട്രാക്കറുകള്‍, വ്യക്തിഗത പോഷണം, സ്ലീപ് ടെക്‌നോളജീസ്, 3 ഡി പ്രിന്റഡ് ബോണ്‍ ഇമ്പ്‌ലാന്റുകള്‍, സൈക്കോളജി, ഡവലപ്‌മെന്റല്‍ സയന്‍സ്, പാരിസ്ഥിതിക ശാസ്ത്രം, ബിസിനസ് ഇക്കണോമിക്സ്, സ്‌പേസ് ടൂറിസം, ഗ്ലോബല്‍ എന്റര്‍ടൈന്‍മെന്റ് സ്ട്രീമിംഗ്, മെറ്റാ വേര്‍സ് എന്നിവ തൊഴില്‍മേഖലയില്‍ മാറ്റത്തിനു വഴിയൊരുക്കും. മികച്ച തൊഴിലിനു സ്‌കില്‍ വികസനം അത്യന്താപേക്ഷിതമായിത്തീരും. വിദ്യാര്‍ഥികള്‍ വര്‍ധിച്ചുവരുന്ന സാധ്യതകള്‍ വിലയിരുത്തി ഉപരിപഠനമേഖല കണ്ടെത്തണം. പഠിച്ച മേഖലയില്‍ത്തന്നെ ഉപരിപഠനം നടത്തണമെന്നില്ല. തൊഴിലിന്റെ കാര്യത്തിലും ഇത് ഏറെ പ്രസക്തമാണ്. പഠിച്ച മേഖലയില്‍ത്തന്നെ തൊഴില്‍ ചെയ്യുന്നവരുടെ എണ്ണം ലോകത്താകമാനം പന്ത്രണ്ടു ശതമാനത്തോളം മാത്രമാണ്.