റിസര്‍വ് ബാങ്കിന്റെ ഐ.ഡി.ആര്‍.ബി.ടി.യില്‍ വിദ്യാര്‍ഥികള്‍ക്ക് സമ്മര്‍ ഇന്റേണ്‍ഷിപ്പ്; അവസാനതിയതി 15
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഡവലപ്‌മെന്റ് ആന്റ് റിസര്‍ച്ച് ഇന്‍ ബാങ്കിങ് ടെക്‌നോളജി (ഐഡിആര്‍ബിടി) സമ്മര്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കേണ്ട അവസാനതിയതി ഏപ്രില്‍ 15 ആണ്. സാങ്കേതികവിദ്യാരംഗത്തു വിവിധ പ്രോജക്ടുകള്‍ ചെയ്യാനാണ് മൂന്നുമാസത്തെ ഇന്റേണ്‍ഷിപ്പ്. ഇതില്‍ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുന്നവരെ ആറുമാസത്തെ അസസ്‌മെന്റ് ഇന്റേണ്‍ഷിപ്പിനു പരിഗണിക്കും. അതിലും മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുന്നവരെ പ്ലേസ്‌മെന്റിനു പരിഗണിക്കും. സാങ്കേതികവിദ്യ, മാനേജ്‌മെന്റ് മേഖലകളില്‍ ബിരുദാനന്തരബിരുദകോഴ്‌സുകള്‍ ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. അംഗീകൃതവും പ്രശസ്‌തവുമായ സ്ഥാപനങ്ങളിലോ കോളേജുകളിലോ എഞ്ചിനിയറിങ് മേഖലയില്‍ നാലുവര്‍ഷബിരുദകോഴ്‌സുകള്‍ക്കു പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അവസാനവര്‍ഷത്തിനുതൊട്ടുമുന്‍പുള്ളവര്‍ഷത്തെ പഠനത്തിലെത്തിയവര്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹത
ഏറ്റവും പുതിയ റെസ്യൂമെ, പൂരിപ്പിച്ച് ഒപ്പിട്ടു സീല്‍ വച്ച ലെറ്റര്‍ ഓഫ് റെക്കമെന്‍ഡേഷന്‍, നോ-ഒബ്‌ജക്ഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ സ്‌കാന്‍ ചെയ്‌ത കോപ്പി, അപേക്ഷിക്കുന്നയാളിന്റെ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫ് എന്നിവ അടക്കമുള്ള അപേക്ഷ [email protected] ലേക്ക് അയക്കണം. ഐഡിആര്‍ബിടി സമ്മര്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിനുള്ള അപേക്ഷയാണെന്ന കാര്യം വിഷയമായി രേഖപ്പെടുത്തണം.
ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള കാലത്തായിരിക്കും ഇന്റേണ്‍ഷിപ്പ് തുടങ്ങുക. 10പേരെ തിരഞ്ഞെടുക്കും. ഇവരെ ഓണ്‍ലൈനായി ഇന്റര്‍വ്യൂ ചെയ്യും. മൂന്നുമാസത്തേക്കായിരിക്കും ഇന്റേണ്‍ഷിപ്പ്. തെലങ്കാനയില്‍ ഹൈദരാബാദിലെ മസാബ് ടാങ്ക് റോഡ് നമ്പര്‍ ഒന്നിലുള്ള ഐഡിആര്‍ബിടി യിലായിരിക്കും ഇന്റേണ്‍ഷിപ്പ്. മാസം 12500 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. താമസസൗകര്യം സ്വയം ഏര്‍പ്പാടുചെയ്യണം. ബിരുദധാരികള്‍ക്ക് https://forms.gle/bmBeNc9TGyx4W6Lk6https://forms.gle/bmBeNc9TGyx4W6Lk6 എന്ന ലിങ്കിലൂടെയും ബിരുദാനന്തരബിരുദധാരികള്‍ക്കു https://forms.gle/xnzpZD2gM6jAnkru9https://forms.gle/xnzpZD2gM6jAnkru9 എന്ന ലിങ്കിലൂടെയുമാണ് ഓണ്‍ലൈന്‍ അപേക്ഷഫോം ലഭ്യമാവുക.
എല്ലാ വിദ്യാഭ്യാസയോഗ്യതകളും ഇന്ത്യയിലെ അംഗീകൃതസര്‍വകലാശാലകളില്‍നിന്നോ സ്ഥാപനങ്ങളില്‍നിന്നോ നേടിയതായിരിക്കണം. ബിരുദമാര്‍ക്കു ശതമാനക്കണക്കില്‍ രണ്ടക്കങ്ങളായിവേണം ഓണ്‍ലൈന്‍ അപേക്ഷയില്‍ രേഖപ്പെടുത്താന്‍. സിജിപിഎയോ എസ്‌ജിപിഎയോ ലഭിച്ചിട്ടുണ്ടെങ്കില്‍ അതും ശതമാനക്കണക്കിലാക്കി രേഖപ്പെടുത്തണം. അപേക്ഷയുടെ പ്രിന്റൗട്ട് ഒരു മേല്‍വിലാസത്തിലേക്കും അയക്കുകയോ സമര്‍പ്പിക്കുകയോ ചെയ്യേണ്ടതില്ല. ഓണ്‍ലൈനില്‍ അപേക്ഷാഫോം പൂരിപ്പിച്ചു സമര്‍പ്പിച്ചശേഷം മാറ്റം വരുത്താന്‍ അനുവദിക്കില്ല. ഇതു സംബന്ധിച്ചു കത്തിടപാടുകളും അനുവദിക്കില്ല. പൂര്‍ണമായി പൂരിപ്പിച്ച ഓണ്‍ലൈന്‍ ഫോം, ഇ-മെയില്‍, അപ്‌ഡേറ്റ് ചെയ്‌ത സിവി, ഫോട്ടോ, പൂര്‍ണമായി പൂരിപ്പിച്ച് ഒപ്പുവച്ച ബന്ധപ്പെട്ട അധികാരി മുദ്രവച്ച ലെറ്റര്‍ ഓഫ് റെക്കമെന്‍ഡേഷന്‍, നോ-ഒബ്‌ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (ഇതിന്റെ കോപ്പി ഓണ്‍ലൈന്‍ അപേക്ഷാഫോമില്‍നിന്നു ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്) എന്നിവയില്ലാത്ത അപേക്ഷ പൂര്‍ണമായി കണക്കാക്കില്ല. കൂടുതല്‍ വിവരങ്ങള്‍ idrbt.ac.in ല്‍ ലഭിക്കും.