അര്‍ബന്‍ബാങ്കുകളുടെയുംമറ്റും ട്രാന്‍സാക്‌ഷന്‍ അക്കൗണ്ടുപരിഷ്‌കരണത്തിന്റെ കരട് പ്രസിദ്ധീകരിച്ചു
അര്‍ബന്‍ സഹകരണബാങ്കുകളുടെയും മറ്റും ട്രാന്‍സാക്‌ഷന്‍ അക്കൗണ്ടുനിബന്ധനകള്‍ സമഗ്രമായി പരിഷ്‌കരിക്കാനുള്ള കരടുനിര്‍ദേശങ്ങള്‍ റിസര്‍വ് ബാങ്ക് പ്രസിദ്ധീകരിച്ചു. കറന്റ് അക്കൗണ്ടുകള്‍, പണവായ്‌പാഅക്കൗണ്ടുകള്‍ (ക്യാഷ്‌ക്രെഡിറ്റ് അക്കൗണ്ടുകള്‍), ഓവര്‍ഡ്രാഫ്‌റ്റ് അക്കൗണ്ടുകള്‍ എന്നിവയുള്‍പ്പെടുന്നതാണു ട്രാന്‍സാക്ഷന്‍ അക്കൗണ്ടുകള്‍.
2026ഏപ്രില്‍ഒന്നിനുമുമ്പ് ഇവ നടപ്പാക്കണം. അര്‍ബന്‍ സഹകരണബാങ്കുകള്‍ക്കും ഗ്രാമീണസഹകരണബാങ്കുകള്‍ക്കും വാണിജ്യബാങ്കുകള്‍ക്കും ഇവ ബാധകമാണ്. ഗ്രാമീണസഹകരണബാങ്കുകളില്‍ സംസ്ഥാനസഹകരണബാങ്കുകളും കേന്ദ്രസഹകരണബാങ്കുകളും ഉള്‍പ്പെടും. വാണിജ്യബാങ്കുകളില്‍ ചെറുകിടധനകാര്യബാങ്കുകള്‍, പ്രാദേശികഏരിയാബാങ്കുകള്‍, റീജണല്‍ റൂറല്‍ ബാങ്കുകള്‍, പേമെന്റ്‌സ് ബാങ്കുകള്‍ എന്നിവയും ഉള്‍പ്പെടും.
വായ്‌പയായും അല്ലാതെയും മൊത്തം ബാങ്കിങ് എക്‌സപോഷര്‍ 10കോടിയില്‍ താഴെയുള്ള വായ്‌പക്കാരുടെ കാര്യത്തില്‍ വായ്‌പയെടുക്കുന്നയാളിന്റെ ആവശ്യാനുസരണം ട്രാന്‍സാക്‌ഷന്‍ അക്കൗണ്ടുകള്‍ നിലനിര്‍ത്താം.10കോടിയില്‍കൂടുതലാണെങ്കില്‍ വായ്‌പക്കാര്‍ക്ക് ഇഷ്ടമുള്ള വായ്‌പാദാതാക്കളായ രണ്ടുബാങ്കുകളാണു ട്രാന്‍സാക്ഷന്‍ അക്കൗണ്ടനിലനിര്‍ത്തേണ്ടത്. ഓരോന്നിലും വായ്‌പയെടുക്കുന്നയാളിന്റെ മൊത്തം ബാങ്കിങ് എക്‌സ്‌പോഷറിന്റെ 10 ശതമാനം ഉണ്ടായിരിക്കണം. അല്ലെങ്കില്‍ വായ്‌പയെടുക്കുന്നയാളിന്റെ മൊത്തം ഫണ്ടധിഷ്‌ഠിതഎക്‌സ്‌പോഷറിന്റെ 10 ശതമാനം ഓരോന്നിലും ഉണ്ടായിരിക്കണം. രണ്ടു ബാങ്കിനും ഇതു പറ്റുന്നില്ലെങ്കില്‍ കൂടുതല്‍ എക്‌സ്‌പോഷറുള്ള ബാങ്കിനു ട്രാന്‍സാക്ഷന്‍ അക്കൗണ്ട് നിലനിര്‍ത്താം. ഒരു വാണിജ്യബാങ്കിനും ഇതു പാലിക്കാന്‍ പറ്റുന്നില്ലെങ്കിലും വായ്‌പയെടുക്കുന്നയാള്‍ ഇന്ന ബാങ്കുതന്നെ അക്കൗണ്ട് നിലനിര്‍ത്തണമെന്നു നിര്‍ബന്ധം പിടിച്ചാല്‍ ബാങ്കിങ് സംവിധാനത്തിലെ ദാതാക്കളായ മറ്റുബാങ്കുകളുടെ എന്‍ഒസിയോടെ അതാകാം.
ദാതാവായതും അല്ലാത്തതുമായ ഏതു ബാങ്കിനും കളക്‌ഷന്‍ അക്കൗണ്ട് നിലനിര്‍ത്താം.കളക്‌ഷന്‍ അക്കൗണ്ടില്‍ വരുന്ന പണം രണ്ടുദിവസത്തിനകം മേല്‍പറഞ്ഞ വ്യവസ്ഥപ്രകാരമുള്ള ട്രാന്‍സാക്‌ഷന്‍ അക്കൗണ്ടില്‍ ഇടണം. അതിനുമുമ്പു ബാങ്കിനു കിട്ടേണ്ട നികുതികളും മറ്റ് അടവുകളും പിടിക്കാം. വിേദശനാണ്യമാനേജ്‌മെന്റ് നിയമ(ഫെമ)പ്രകാരമുള്ള അക്കൗണ്ടുകള്‍ക്കിതു ബാധകമല്ല. കേന്ദ്രസംസ്ഥാനസര്‍ക്കാരുകളുടെയോ സാമ്പത്തികമേഖലാ റെഗുലേറ്റിങ് സ്ഥാപനത്തിന്റെയോ സ്‌റ്റാറ്റിയൂട്ടോ പ്രത്യേകനിര്‍ദേശമോ പ്രകാരമുള്ള പ്രത്യേകഅക്കൗണ്ടുകള്‍ക്കും ഇടപാടുകള്‍ക്കും ബാധകല്ല. സാമ്പത്തികറെഗുലേറ്റിങ് സ്ഥാപനത്തിന്റെ റെഗുലേറ്റു ചെയ്‌ത പ്രവര്‍ത്തനങ്ങള്‍ക്കുള്ള ട്രാന്‍സാക്‌ഷന്‍ അക്കൗണ്ടുകളും ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഇടപാടുകള്‍ ഇളവുള്ള കാര്യങ്ങളിലേ നടക്കുന്നുള്ളൂ എന്ന് ഉറപ്പാക്കണമെന്നുമാത്രം. മിച്ചംതുക നിര്‍ദിഷ്ട ട്രാന്‍സാക്‌ഷന്‍ അക്കൗണ്ടിലേക്കു മാറ്റുകയും വേണം.
ബാങ്കുകള്‍ ആറുമാസത്തിലൊരിക്കലെങ്കിലും ട്രാന്‍സാക്‌ഷന്‍ അക്കൗണ്ടുകള്‍ നോക്കി നിബന്ധനകള്‍ ലംഘിച്ചിട്ടില്ലെന്ന് ഉറപ്പാക്കണം. എക്‌സ്‌പോഷര്‍ പരിധിയായ 10 കോടി കവിയുകയോ മറ്റു കാരണങ്ങളാലോ ബാങ്ക് ട്രാന്‍സാക്ഷന്‍ അക്കൗണ്ട് നിലനിര്‍ത്താന്‍ യോഗ്യമല്ലാതായാല്‍ ഒരുമാസത്തിനകം ഉപഭോക്താവിനെ അറിയിച്ച് കളക്‌ഷന്‍ അക്കൗണ്ടിലേക്കു മാറ്റാനോ ക്ലോസ് ചെയ്യാനോ പറയണം. ഉപഭോക്താവിന്റെ തീരുമാനം രണ്ടുമാസത്തിനകം നടപ്പാക്കണം. ട്രാന്‍സാക്‌ഷന്‍ അക്കൗണ്ടുകാര്യങ്ങള്‍ കോര്‍ബാങ്കിങ്ങില്‍ ചേര്‍ക്കണം. ഒരേ വായ്‌പക്കാരുടെപേരില്‍ ഒന്നിലേറെ ട്രാന്‍സാക്‌ഷന്‍ അക്കൗണ്ട് നിലനിര്‍ത്തുന്നുണ്ടെങ്കില്‍ അവയും ഇടപാടുകളും പണത്തിന്റെ പോക്കുവരവുകളും വായ്‌പക്കാരുടെ തലത്തിലും അക്കൗണ്ടുതലത്തിലും നിരീക്ഷിക്കണം. മേല്‍പറഞ്ഞവയ്‌ക്കുപുറമെ നിയമപരമായ മറ്റുനിബന്ധനകളും ലീഡിങ് ബാങ്കിന് ഏര്‍പ്പെടുത്താം. അംഗീകരിച്ച ബിസിനസും പ്രവര്‍ത്തനങ്ങള്‍ക്കുമേ ട്രാന്‍സാക്‌ഷന്‍ അക്കൗണ്ടുകള്‍വഴി നടക്കുന്നുള്ളൂവെന്നു മൂന്നാംകക്ഷിഇടപാടുകള്‍ നടക്കുന്നില്ലെന്നും ഉറപ്പാക്കണം. അല്ലെങ്കില്‍ മൂന്നാംകക്ഷിഇടപാടിനായി ധനകാര്യറെഗുലേറ്റിങ് സ്ഥാപനത്തിന്റെ ലൈസന്‍സോ അംഗീകാരമോ വാങ്ങിയിരിക്കണം. കാലാവധിവായ്‌പകള്‍ വായ്‌പക്കാരുടെ ട്രാന്‍സാക്‌ഷന്‍ അക്കൗണ്ടു വഴി പോകാതെ, കഴിവതും ഉപഭോക്താവിന്റെ അക്കൗണ്ടിലോ വ്യക്തമാക്കിയിട്ടുള്ള എന്‍ഡ് യൂസ് അക്കൗണ്ടിലേക്കോ നേരിട്ടുതന്നെ കൊടുക്കണമെന്നും കരടിലുണ്ട്.
ഇവയെപ്പറ്റിയുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഒക്ടോബര്‍ 24വരെ അറിയിക്കാം. റിസര്‍വ് ബാങ്ക് സൈറ്റിലെ കണക്ട് ടു റെഗുലേറ്റ് ലിങ്കിലൂടെയും ഇ-മെയിലിലൂടെയും തപാലിലൂടെയും അറിയിക്കാം. ചീഫ് ജനറല്‍ മനേജര്‍ ഇന്‍ ചാര്‍ജ്, ഡിപ്പാര്‍ട്ടുമെന്റ് ഓഫ് റെഗുലേഷന്‍, സെന്‍ട്രല്‍ ഓഫീസ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, 12/13-ാം നില, ഷഹീദ് ഭഗത്‌സിങ് മാര്‍ഗ്, ഫോര്‍ട്ട് മുംബൈ 400 001 എന്നതാണ് തപാലില്‍ അയക്കാനുള്ള വിലാസം.