അപ്പെക്‌സ് സംഘങ്ങളിലെ പ്യൂണ്‍, അറ്റന്റര്‍ തസ്തിക: ബിരുദധാരികള്‍ അപേക്ഷിക്കരുതെന്ന വിജ്ഞാപനം ഇറങ്ങി
അപ്പെക്‌സ് സഹകരണസ്ഥാപനങ്ങളിലെ പ്യൂണ്‍, അറ്റന്റര്‍ തസ്തികകളില്‍ ബിരുദധാരികള്‍ അപേക്ഷിക്കുന്നതു വിലക്കുന്ന ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങി. ഡിസംബര്‍ ഒമ്പതാണു വിജ്ഞാപനത്തിയതി. കേരളസഹകരണസംഘം നിയമത്തില്‍ ഭേദഗതി വരുത്തിയാണു വിജ്ഞാപനം. ഇതു പ്രകാരം ഷെഡ്യൂള്‍ ഒന്നില്‍ പെടുന്ന സംഘങ്ങളിലെ അറ്റന്റര്‍, പ്യൂണ്‍ തസ്തികകളിലേക്ക് അപേക്ഷിക്കാന്‍ ഏഴാംക്ലാസ് പാസ്സായിരിക്കണം, പക്ഷേ, ബിരുദം നേടിയിരിക്കരുത്. അപ്പെക്‌സ് സ്ഥാപനങ്ങളാണു ഷെഡ്യൂള്‍ ഒന്നില്‍ വരുന്നത്. ഷെഡ്യൂള്‍ ഒന്നില്‍ പെടാത്തവയിലും ഏഴാംക്ലാസ് പാസ്സ് ആയിരിക്കണം. എന്നാല്‍ ബിരുദം നേടിയിരിക്കരുത് എന്ന വ്യവസ്ഥ ഇതില്‍ ഇല്ല.
2023 മെയ് 30ന് ഇതു കരട് അസാധാരണവിജ്ഞാപനമായി പ്രസിദ്ധീകരിക്കുകയും ആക്ഷേപങ്ങളും നിര്‍ദേശങ്ങളും ക്ഷണിക്കുകയും ചെയ്തിരുന്നു. അവ പരിഗണിച്ചാണ് ഇപ്പോഴത്തെ വിജ്ഞാപനം. അപ്പെക്‌സ് സ്ഥാപനങ്ങളില്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴിയാണു നിയമനം.