പാന്‍ സേവനങ്ങള്‍ക്ക് ഒറ്റ പ്ലാറ്റ്ഫോമായി പാന്‍ 2.0 വരുന്നു
ആദായനികുതി വകുപ്പിന്റെ പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ (പാന്‍) 2.0പദ്ധതിക്കു കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികകാര്യ ക്യാബിനറ്റ് സമിതി അംഗീകാരം നല്കി. നിലവില്‍ പാനുമായി ബന്ധപ്പെട്ട സേവനങ്ങള്‍ മൂന്നു വ്യത്യസ്ത പ്ലാറ്റഫോമുകളിലാണുള്ളത്. ഇ-ഫയലിങ് പോര്‍ട്ടല്‍, യു.ടി.ഐ.ഐ.ടി.എസ്.എല്‍. പോര്‍ട്ടല്‍ പ്രോട്ടിയന്‍ ഇ-ഗവ പോര്‍ട്ടല്‍ എന്നിവയാണിവ. പാന്‍ 2.0 പ്രാബല്യത്തില്‍ വരുന്നതോടെ ഈ സേവനങ്ങളെല്ലാം ഒറ്റപ്ലാറ്റഫോമിലാകും. പാനും ടാനുമായി ബന്ധപ്പെട്ട അപേക്ഷ, അപഡേറ്റുകള്‍, തിരുത്തുകള്‍, ആധാര്‍-പാന്‍ ബന്ധിപ്പിക്കല്‍, വീണ്ടും ലഭിക്കാനുള്ള അപേക്ഷകള്‍, ഓണ്‍ലൈന്‍ പാന്‍ വാലിഡേഷന്‍ തുടങ്ങിയവയൊക്കെ ഈ ഒറ്റ പോര്‍ട്ടലില്‍ സാധിക്കും. പാന്‍ അനുവദിക്കലും അപ്ഡേറ്റ് ചെയ്യലും തിരുത്തലും സൗജന്യമായിരിക്കും.രജിസ്റ്റര്‍ ചെയ്ത മെയില്‍ ഐ.ഡിയിലേക്ക് ഇ-പാന്‍ അയച്ചുതരികയും ചെയ്യും.
പാന്‍ കാര്‍ഡായി കിട്ടുന്നതിന് 50രൂപ അടച്ച് അപേക്ഷിക്കണം. നിലവില്‍ പാന്‍ കാര്‍ഡ് ഉള്ളവര്‍ പുതിയ കാര്‍ഡിന് അപേക്ഷിക്കേണ്ടതില്ല. എന്നാല്‍ അതിലെ ഇമെയില്‍, മൊബൈല്‍, മേല്‍വിലാസം, പേര്, ജനനത്തിയതി തുടങ്ങിയവയിലെ തിരുത്തുകളും അപ്ഡേറ്റുകളും പാന്‍ 2.0 വരുന്നതോടെ സൗജന്യമായി വരുത്താം. പാന്‍ 2.0 നിലവില്‍വരുന്നതുവരെ ഇമെയില്‍, മൊബൈല്‍, മേല്‍വിലാസം എന്നിവയുടെ അപ്ഡേഷനും തിരുത്തലിനും ആധാര്‍ അധിഷ്ഠിത ഓണ്‍ലൈന്‍ സൗകര്യം ഉപയോഗിക്കാവുന്നതാണ്. ഇതും സൗജന്യമാണ്.https://www.onlineservices.nsdl.com/paam/endUserAddressUpdate.html,https://www.pan.utiitsl.com/PAN_ONLINE/homeaddresschange എന്നിവയിലാണു ഇതു ചെയ്യാന്‍ കഴിയുക. മറ്റുതരത്തിലുള്ള അപ്ഡേഷനുകള്‍ക്കും തിരുത്തലുകള്‍ക്കും നിലവിലുള്ളതുപോലെ ബന്ധപ്പെട്ട കേന്ദ്രങ്ങളില്പോയോ പണമടച്ച് ഓണ്‍ലൈന്‍ ആയോ ചെയ്യാം.നിലവിലുള്ള പാന്കാര്ഡുകള്ക്കു പാന്‍2.0 നിലവില്‍വന്നാലും പ്രാബല്യമുണ്ടാകും. 2017-18മുതല്‍ പാന്‍കാര്‍ഡുകളില്‍ ക്യുആര്‍കോഡ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അത് പാന്‍2.0 വന്നശേഷവും തുടരും. ക്യൂആര്‍കോഡ് ഇല്ലാത്ത പഴയ പാന്‍കാര്‍ഡ് ഉളളവര്‍ക്ക് ക്യുആര്‍ കോഡ് ഉള്ള പുതിയ പാന്‍കാര്‍ഡിനായി നിലവിലുള്ള രീതിയില്‍ അപേക്ഷിക്കുകയോ പാന്‍ 2.0 വരുമ്പോള്‍ അതനുസരിച്ച് അപേഷിക്കുകയോ ചെയ്യാവുന്നതാണ്. പാനും പാന്‍ വിവരങ്ങളും വാലിഡേറ്റ് ചെയ്യുന്നതിനു ക്യുആര്‍കോഡ് സഹായകമായിരിക്കും. പാന്‍ എടുത്തിരിക്കേണ്ട ബിസിനസ് സ്ഥാപനങ്ങളുടെ കാര്യത്തില്‍ നിര്ദിഷ്ടസര്ക്കാര് ഏജന്‍സികളുടെ സകല ഡിജിറ്റല്‍ സംവിധാനങ്ങള്‍ക്കുമായുള്ള പൊതുതിരിച്ചറിയല്വസ്തുവായി പാന്‍ കണക്കാക്കുമെന്നു 2023ലെ കേന്ദ്രബജറ്റില്‍ വ്യക്തമാക്കിയിരുന്നു.