ഒറ്റത്തവണതീര്‍പ്പാക്കല്‍ അവകാശമല്ലെന്നു ഹൈക്കോടതിവിധി

Moonamvazhi

ഒറ്റത്തവണതീര്‍പ്പാക്കല്‍ ആനുകൂല്യങ്ങള്‍ അവകാശമെന്ന നിലയില്‍ ബാധകമാക്കാനാകില്ലെന്നു കേരളഹൈക്കോടതി. ഇക്കാര്യത്തില്‍ ഭരണഘടനയുടെ 226-ാംവകുപ്പുപ്രകാരമുള്ള റിട്ട്‌ അധികാരം ബാങ്കുകളുടെയും ധനകാര്യസ്ഥാപനങ്ങളുടെയുംമേല്‍ പ്രയോഗിക്കാന്‍ ഉത്തരവിടണമെന്ന്‌ ആവശ്യപ്പെടാന്‍ വായ്‌പക്കാര്‍ക്കാവില്ലെന്നാണ്‌ ജസ്റ്റിസ്‌ അനില്‍ കെ നരേന്ദ്രനും ജസ്റ്റിസ്‌ മുരളീകൃഷ്‌ണ എസ്സും അടങ്ങിയ ഡിവിഷന്‍ബെഞ്ച്‌ വ്യക്തമാക്കിയത്‌. ഈ വിഷയത്തില്‍ നേരത്തേയുള്ള സിംഗിള്‍ബെഞ്ച്‌ ഉത്തരവ്‌ ഡിവിഷന്‍ബെഞ്ച്‌ ശരിവെച്ചു. വസ്‌തുജാമ്യത്തില്‍ വാഴൂര്‍ ഫാര്‍മേഴ്‌സ്‌ സര്‍വീസ്‌ സഹകരണബാങ്കില്‍നിന്നു രണ്ടുപേരെടുത്ത മൂന്നുവായ്‌പകളാണ്‌ കേസിനാസ്‌പദം.

തിരിച്ചടവു മുടങ്ങിയപ്പോള്‍ സഹകരണസംഘംനിയമത്തിലെ 69-ാംവകുപ്പുപ്രകാരം ആര്‍ബിട്രേഷന്‍ നടപടി തുടങ്ങി. ഹര്‍ജിക്കാര്‍ക്കെതിരെ എക്‌സ്‌പാര്‍ട്ടി വിധി വന്നു. ഹര്‍ജിക്കാര്‍ ഹര്‍ജി നല്‍കി. തിരിച്ചടവിനായി കണക്കുകള്‍ ക്രമപ്പെടുത്താന്‍ സഹകരണട്രൈബ്യൂണല്‍ നിര്‍ദേശിച്ചു. സര്‍ക്കാര്‍നയം പിന്തുടര്‍ന്നു ബാങ്ക്‌ റിക്കവറി നടപടിയൊന്നും എടുത്തില്ല. പിന്നീട്‌ റിക്കവറി ആരംഭിക്കുന്നതിന്റെ ഭാഗമായി വസ്‌തുവിനുമുന്നില്‍ ബോര്‍ഡ്‌ വെക്കുമെന്ന്‌ അറിയിച്ചപ്പോള്‍ വായ്‌പ ക്രമപ്പെടുത്തണമെന്നും, പലിശയിളവ്‌ അനുവദിക്കണമെന്നും, പിഴപ്പലിശയും മറ്റു ചാര്‍ജുകളും ഒഴിവാക്കണമെന്നും, ക്രമപ്പെടുത്തിയ വായ്‌പ 40തവണയായി അടക്കാന്‍ അനുവദിക്കണമെന്നും ഹര്‍ജിക്കാര്‍ സഹകരണസംഘം അസിസ്റ്റന്റ്‌ രജിസ്‌ട്രാറോട്‌ അപേക്ഷിച്ചു. ഒരുതടിമില്ലില്‍നിന്നു കിട്ടുന്ന 20000 രൂപ വാടക മാത്രമാണു വരുമാനമെന്നും ഒന്നാംഹര്‍ജിക്കാരന്‍ ഗുരുതരമായ ലിവര്‍ സിറോസിസ്‌ രോഗിയാണെന്നും പറഞ്ഞു. 2018ലെ നവകേരളകുടിശ്ശികനിവാരണം പ്രകാരം ബാധ്യത തീര്‍ക്കാന്‍ നോട്ടീസ്‌ കിട്ടിയപ്പോള്‍ ഹര്‍ജിക്കാര്‍ നിവേദനം നല്‍കിയിരുന്നു. റിക്കവറി നടപടി ആരംഭിച്ചപ്പോള്‍ ഹര്‍ജിക്കാര്‍ നല്‍കിയ ഹര്‍ജികളില്‍ 2023 ഓഗസ്‌റ്റ്‌ പത്തിനും നവംബര്‍ 17നും കോടതിഉത്തരവുകളുണ്ടായി്‌. അതിനുശേഷം ഹര്‍ജിക്കാരുടെ ബാധ്യത 57,10,982 രൂപയാണെന്നു കണക്കാക്കി 2024 ജൂലൈ 11നു ബാങ്ക്‌ കത്തു നല്‍കി. ഇതിനെതിരെയും ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചു. ഒറ്റത്തവണതീര്‍പ്പാക്കല്‍ പ്രകാരം തീരുമാനമെടുക്കാനായി ആനുകൂല്യം കണക്കാക്കാന്‍ രൂപവല്‍കരിക്കപ്പെട്ട ജില്ലാതലസമിതിയോട്‌ പ്രശ്‌നം പരിഗണിക്കാന്‍ 2024 ഓഗസ്റ്റ്‌ ആറിനു കോടതി നിര്‍ദേശിച്ചു. ബാങ്ക്‌ 2025 ഡിസംബര്‍ പതിനാലിന്‌ ജില്ലാസമിതിയുത്തരവും കാല്‍ക്കുലേഷന്‍ സ്റ്റേറ്റ്‌മെന്റുമായി കത്തു നല്‍കി. അതുപ്രകാരം ബാധ്യത 53,13,802 രൂപയാണ്‌. എന്നാല്‍ തങ്ങള്‍ക്കു പറയാനുള്ളതു കേള്‍ക്കാതെയും സര്‍ക്കുലറിലെ വ്യവസ്ഥകളും ആനുകൂല്യങ്ങളും പരിഗണിക്കാതെയുമാണു കാല്‍ക്കുലേഷനെന്ന്‌ ആരോപിച്ചു ഹര്‍ജിക്കാര്‍ മാന്‍ഡമസ്‌ റിട്ടിനു ഹര്‍ജി നല്‍കി. ഒന്നാംഹര്‍ജിക്കാരന്‍ ലിവര്‍സിറോസിസിനു ചികില്‍സയിലാണെന്നതിന്റെ രേഖകളും ഹാജരാക്കി. അതുകൊണ്ടു മുതലില്‍തന്നെ ഗണ്യമായ ഇളവ്‌ അര്‍ഹിക്കുന്ന വിഭാഗത്തിലാണു തങ്ങള്‍ ഉള്‍പ്പെടുകയെന്നും, ജില്ലാസമിതിത്തീരുമാനവും കാല്‍ക്കുലേഷന്‍ സ്റ്റേറ്റ്‌മെന്റും നിയമപരമല്ലെന്നും വാദിച്ചു.

എന്നാല്‍ ഒറ്റത്തവണതീര്‍പ്പാക്കലില്‍ ഒരു നിശ്ചിതതുകതന്നെ ഇളവുചെയ്‌തുകിട്ടണമെന്നു നിര്‍ബന്ധം പിടിക്കാന്‍ നിയമപ്രകാരം കഴിയില്ലെന്നു ചൂണ്ടിക്കാട്ടി 2025 നവംബര്‍ 27നു സിംഗിള്‍ബെഞ്ച്‌ റിട്ടുഹര്‍ജി തള്ളി. ഒറ്റത്തവണതീര്‍പ്പാക്കല്‍സ്‌കീം പ്രകാരമുള്ള ഒരു പ്രത്യേകആനുകൂല്യം തങ്ങള്‍ക്കും ബാധകമാക്കണമെന്ന്‌ അവകാശപ്പെടാന്‍ ഹര്‍ജിക്കാരെ അര്‍ഹരാക്കുന്ന ഒരു വ്യവസ്ഥയുമില്ല. ബാധ്യത തീര്‍ക്കാന്‍ നല്‍കുന്ന ഒരു ആനുകൂല്യമാണ്‌ ഒറ്റത്തവണതീര്‍പ്പാക്കല്‍. ഹര്‍ജിക്കാര്‍ ആ അവസരം ഉപയോഗിച്ചില്ലെങ്കില്‍, ചില അധികാനുകൂല്യങ്ങള്‍ അവര്‍ക്കു ബാധകമാക്കണമെന്നു തീരുമാനിക്കപ്പെടാനായി അവരുടെ വാദം കേള്‍ക്കേണ്ടതായിരുന്നുവെന്നു പറയാനാവില്ല. 2021മുതല്‍ ഹര്‍ജിക്കാര്‍ ആവര്‍ത്തിച്ചു നിയമനടപടികളില്‍ ഏര്‍പ്പെടുന്നതുമൂലം വായ്‌പതിരിച്ചുപിടിക്കല്‍ നീളുകയാണ്‌. 2017ല്‍ ആര്‍ബിട്രേഷന്‍ നടപടികളിലൂടെ ബാധ്യത നിശ്ചയിക്കപ്പെടുകയും 18/2024 സര്‍ക്കുലര്‍ പ്രകാരം ഗണ്യമായ ആനുകൂല്യങ്ങള്‍ നല്‍കപ്പെടുകയും ചെയ്‌തതാണെങ്കിലും കുടിശ്ശിക തീര്‍ത്തില്ലെന്നും സിംഗിള്‍ബെഞ്ച്‌ ചൂണ്ടിക്കാട്ടി.

ഇതിനെതിരെ ഡിവിഷന്‍ബെഞ്ചില്‍ നല്‍കിയ ഹര്‍ജിയില്‍ ബാധ്യത തവണകളായി തീര്‍ക്കാന്‍ അനുവദിക്കണമെന്നു ഹര്‍ജിക്കാര്‍ അപേക്ഷിച്ചു. റിട്ടുഹര്‍ജി തള്ളിയശേഷം 20ലക്ഷത്തോളം രൂപയുടെ വ്യത്യാസംവരുന്ന തുകയാണു അടച്ചുതീര്‍ക്കേണ്ടതായി സഹകരണബാങ്ക്‌ ആവശ്യപ്പെടുന്നതെന്നും ഹര്‍ജിയിലുണ്ട്‌. തങ്ങളുടെത്‌ ഒറ്റത്തവണതീര്‍പ്പാക്കല്‍ ആനുകൂല്യങ്ങള്‍ക്കായുള്ള ഹര്‍ജിയല്ലെന്നും സുഗമമായ തിരിച്ചടവുവ്യവസ്ഥകളിലൂടെ ഗണ്യമായ ആശ്വാസം ലഭിക്കുന്നതിനുവേണ്ടിയുള്ളതാണെന്നും ഹര്‍ജിക്കാര്‍ പറഞ്ഞു. 2011ല്‍ നല്‍കിയ 11ലക്ഷംരൂപ ക്രമപ്പെടുത്താതെ സസ്‌പെന്‍സ്‌ അക്കൗണ്ടില്‍ അവശേഷിക്കുകയാണെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു.

വായ്‌പതിരിച്ചുപിടിക്കലില്‍നിന്നു രക്ഷപ്പെടാനാണു ഹര്‍ജിക്കാര്‍ ഹര്‍ജികള്‍ നല്‍കിക്കൊണ്ടിരിക്കുന്നതെന്നു സഹകരണബാങ്ക്‌ വാദിച്ചു. കാല്‍ക്കുലേഷന്‍ സ്റ്റേറ്റ്‌മെന്റ്‌ ജില്ലാസമിതി തീരുമാനത്തെ അടിസ്ഥാനപ്പെടുത്തിയല്ല, പുതിയ ഒറ്റത്തവണതീര്‍പ്പാക്കല്‍പദ്ധതി അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയതാണെന്നും ചൂണ്ടിക്കാട്ടി.

ഒറ്റത്തവണതീര്‍പ്പാക്കല്‍ പദ്ധതി അവകാശമല്ലെന്നും മാനദണ്ഡങ്ങള്‍ പാലിച്ചാലാണ്‌ അതു കിട്ടുകയെന്നും ബിജ്‌നോര്‍ അര്‍ബന്‍സഹകരണബാങ്കും മീനാല്‍ അഗര്‍വാളും തമ്മിലുള്ള കേസില്‍ സുപ്രീംകോടതി വിധിച്ച കാര്യം ഡിവിഷന്‍ബെഞ്ച്‌ ചൂണ്ടിക്കാട്ടി. ഇടുക്കിജില്ലാപൊലീസ്‌ സഹകരണസംഘവും റഷീദ്‌ എ.കെ.യും തമ്മിലുള്ള കേസിലും ബാങ്കുകളും വായ്‌പക്കാരുംതമ്മിലുള്ള കരാര്‍ബന്ധങ്ങളുടെ കാര്യത്തില്‍ റിട്ട്‌ കോടതികള്‍ക്ക്‌ ഇടപെടാനാവില്ലെന്നു നേരത്തേ കേരളഹൈക്കോടതി ഡിവിഷന്‍ബെഞ്ചും വിധിച്ചിട്ടുണ്ട്‌. വായ്‌പതിരിച്ചുപിടിക്കല്‍നടപടികളുടെ ഓരോഘട്ടത്തിലും ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചിരുന്നു. തുടര്‍ച്ചയായി വരുന്ന ഒറ്റത്തവണതീര്‍പ്പാക്കല്‍പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ഹര്‍ജിക്കാര്‍ക്കു ബാധകമാക്കാന്‍ ബാങ്കുകളെ നിര്‍ബന്ധിക്കുന്ന തരത്തില്‍ മാന്‍ഡമസ്‌ റിട്ട്‌ പുറപ്പെടുവിക്കണമെന്ന്‌ ആവശ്യപ്പെടാന്‍ ഹര്‍ജിക്കാര്‍ക്ക്‌ ആവില്ലെന്നു വ്യക്തമാക്കി ഡിവിഷന്‍ബെഞ്ച്‌ കോടതി തള്ളി.

 

Moonamvazhi

Authorize Writer

Moonamvazhi has 865 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!