സഹകരണസംഘങ്ങളിലെ അവിശ്വാസപ്രമേയം: ഭേദഗതിയുടെ കരടില്‍ പ്രതിഷേധം
സഹകരണസംഘങ്ങളിലും ബാങ്കുകളിലും മൂന്നിലൊന്ന് അംഗങ്ങള്‍ ഒപ്പിട്ട് അവിശ്വാസപ്രമേയവുമായി രജിസ്‌ട്രാറെ സമീപിച്ചാല്‍ പൊതുയോഗം വിളിക്കാനും പ്രമേയം ചര്‍ച്ച ചെയ്യാനും പാസ്സായാല്‍ ഭരണസമിതിയെ പുറത്താക്കാനും വ്യവസ്ഥ ചെയ്യുന്ന സഹകരണസംഘം ചട്ടങ്ങളിലെ ഭേദഗതിയുടെ കരടിനെപ്പറ്റി പ്രതിഷേധം ഉയരുന്നു.
മൂന്നിലൊന്നംഗങ്ങളുടെ ഒപ്പും പ്രമേയവുമായി, ഒപ്പിട്ടവരില്‍ രണ്ടുപേര്‍ നേരിട്ടു സഹകരണസംഘം രജിസ്‌ട്രാറെ കണ്ടാല്‍ അദ്ദേഹമോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഓഫീസറോ അതു ചര്‍ച്ച ചെയ്യാന്‍ പൊതുയോഗം വിളിക്കണമെന്നാണു കരടിലുള്ളത്. രജിസ്‌ട്രാറെ കാണുന്ന ഈ രണ്ട് അംഗങ്ങള്‍ ഹാജരാക്കുന്ന ഒപ്പുകള്‍ യഥാര്‍ഥഅംഗങ്ങളുടെതുതന്നെയാണെന്ന് എങ്ങനെ ഉറപ്പാക്കും എന്നാണ് ഭേദഗതിയോട് എതിര്‍പ്പുള്ളവരുടെ ചോദ്യം. അരലക്ഷവും അതിലേറെയും അംഗങ്ങളുള്ള സംഘങ്ങളുണ്ട്. ഇവരുടെ മൂന്നിലൊന്ന് ഒപ്പുകള്‍ വരുമ്പോള്‍ ആയിരക്കണക്കിന് ഒപ്പുകളുടെ നിജസ്ഥിതി പരിശോധിക്കേണ്ടിവരും. അത്രയേറെ ഒപ്പുകള്‍ യഥാര്‍ഥഅംഗങ്ങള്‍ തന്നെയാണോ വച്ചതെന്നു പരിശോധിച്ച് ഉറപ്പുവരുത്തുക വലിയ വെല്ലുവിളിയായിരിക്കും. അതുകൊണ്ടു നിലവിലുള്ള ഭരണസമിതിയെ പുറത്താക്കാന്‍ സ്ഥാപിതതാല്‍പര്യമുള്ളവര്‍ ഈ വ്യവസ്ഥ ദുരുപയോഗം ചെയ്യുമെന്നാണ് ആശങ്ക.
സംഘത്തിന്റെ ഓഫീസില്‍ അവിശ്വാസപ്രമേയം ചര്‍ച്ച ചെയ്യാന്‍ യോഗം ചേരണമെന്നാണു മറ്റൊരു വ്യവസ്ഥ. ആയിരക്കണക്കിന് അംഗങ്ങളുള്ള സംഘങ്ങളില്‍ ഓഫീസില്‍ എല്ലാവരെയും ഉള്‍ക്കൊള്ളാനാവില്ല. നിലവില്‍ സംഘംതിരഞ്ഞെടുപ്പുകള്‍ നടത്തുന്നതു ധാരാളംപേര്‍ക്കു വന്നു വോട്ടുചെയ്യാന്‍ സൗകര്യമുള്ള പൊതുഇടങ്ങളിലാണ്. രാവിലെ മുതല്‍ വൈകിട്ടുവരെ സൗകര്യംപോലെ വന്നു വോട്ടു ചെയ്യുകയും ചെയ്യാം. അവിശ്വാസപ്രമേയത്തിലുള്ള വോട്ടെടുപ്പ് ഇതുപോലെ നടത്താനാവുമോ എന്നതു പ്രശ്‌നമാണ്.
സ്ഥാപിതതാല്‍പര്യത്തോടെയുള്ള ഇടപെടലുകളുണ്ടാവുമ്പോള്‍ ഇതൊക്കെ ക്രമസമാധാനപ്രശ്‌നത്തിനും ഇടയാക്കിയേക്കാം.അപ്പെക്‌സ് സംഘങ്ങളുടെയും കേന്ദ്രതലസംഘങ്ങളുടെയും നിയന്ത്രണം കൈക്കലാക്കാനുള്ള ദുരുദ്ദേശ്യം ഈ വ്യവസ്ഥയ്‌ക്കു പിന്നിലുണ്ടെന്നും ആരോപണമുണ്ട്. അത്തരം സംഘങ്ങളില്‍ അംഗങ്ങളുടെ എണ്ണം കുറവാണ്. അവയില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ വലിയ വ്യത്യാസമില്ലാത്തവയില്‍ മൂന്നിലൊന്ന് അംഗങ്ങളുടെ ഒപ്പു സംഘടിപ്പിക്കാന്‍ പ്രയാസമുണ്ടാവില്ല. രജിസ്‌ട്രാറും അധ്യക്ഷത വഹിക്കാന്‍ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥരുമൊക്കെ സര്‍ക്കാരിന്റെ ഇംഗിതത്തിനു വഴങ്ങാന്‍ നിര്‍ബന്ധിതരാകുമെന്നും അതു കാര്യങ്ങള്‍ ജനാധിപത്യവിരുദ്ധമായി കലാശിക്കാന്‍ ഇടവരുത്തുമെന്നുമാണ് ആശങ്ക.സംസ്ഥാന സഹകരണകാര്‍ഷികഗ്രാമവികസനബാങ്ക് പോലുള്ളവയിലെ നിലവിലെ ഭരണസമിതിയെ പുറത്താക്കാനുള്ള ഉദ്ദേശ്യം ഭേദഗതിനീക്കത്തിനു പിന്നിലുണ്ടെന്നു പത്രവാര്‍ത്തകളുണ്ട്.
ഫെബ്രുവരി 21നാണു കരടുരൂപം ഗസറ്റില്‍ പ്രസിദ്ധീകരിച്ചത്. ഇതിനെതിരായ ആക്ഷേപങ്ങള്‍ പലരും സഹകരണവകുപ്പു സ്‌പെഷ്യല്‍ സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്.അവിശ്വാസപ്രമേയം അവതരിപ്പിക്കാനുള്ള ഉദ്ദേശ്യം അറിയിക്കുന്ന രേഖാമൂലമുള്ള നോട്ടീസില്‍ ആകെ അംഗങ്ങളുടെ മൂന്നിലൊന്നുപേരെങ്കിലും ഒപ്പിട്ടിരിക്കണം. പ്രമേയത്തിന്റെ കോപ്പിയും വക്കണം. നോട്ടീസില്‍ ഒപ്പുവച്ച രണ്ടുപേരെങ്കിലും ചേര്‍ന്നു പ്രമേയം രജിസ്‌ട്രാര്‍ക്കു കൈമാറണം. 30ദിവസത്തിനകം രജിസ്‌ട്രാറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഓഫീസറോ പ്രമേയം ചര്‍ച്ച ചെയ്യാന്‍ സംഘം ഓഫീസില്‍ പൊതുയോഗം വിളിക്കണം. പ്രമേയം പാസ്സായാല്‍ രജിസ്‌ട്രാര്‍ അഡ്‌മിനിസ്‌ട്രേറ്ററെയോ അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മറ്റിയെയോ വയ്‌ക്കണം – ഇതാണു കരടിന്റെ ചുരുക്കം.