ദേശീയസഹകരണയൂണിയന്‍ കരാര്‍ ഉദ്യോഗസ്ഥരെ ഒഴിവാക്കുന്നു; ക്രമക്കേടെന്നു സൂചന
സഹകരണഅപ്പെക്‌സ് സ്ഥാപനമായ ദേശീയസഹകരണയൂണിയനില്‍ (എന്‍സിയുഐ) അരലക്ഷംരൂപയിലധികം പ്രതിഫലം പറ്റുന്ന കരാര്‍ഉദ്യോഗസ്ഥരുടെ സേവനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി ഇന്ത്യന്‍ കോഓപ്പറേറ്റീവ് റിപ്പോര്‍ട്ട് ചെയ്‌തു. ക്രമക്കേടുകള്‍ ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നു ചെയര്‍മാന്‍ ദിലീപ് സംഘാനി അടിയന്തരനടപടിയെടുക്കുകയായിരുന്നുവെന്നാണു സൂചന. നേരത്തേ 12 ഒഴിവുകളിലേക്കു കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചുകൊണ്ടു നല്‍കിയ സര്‍ക്കുലര്‍ റദ്ദാക്കുകയും അപേക്ഷിച്ചവര്‍ക്ക് അപേക്ഷാഫീസ് തിരികെ നല്‍കാന്‍ തീരുമാനിക്കുകയും ചെയ്‌ത കാര്യം എന്‍സിയുഐയുടെ വെബ്‌സൈറ്റില്‍ ഉണ്ട്. അതിന് കരാര്‍നിയമനങ്ങള്‍ റദ്ദാക്കാനുള്ള തീരുമാനവുമായി ബന്ധമുണ്ടോ എന്നു വ്യക്തമല്ല.
സിക്കിമില്‍ ചേര്‍ന്ന എന്‍സിയുഐ ഭരണസമിതിയാണ് അരലക്ഷംരൂപയിലധികം പ്രതിഫലമുള്ള കരാര്‍ഉദ്യോഗസ്ഥരെ ഒഴിവാക്കാന്‍ തീരുമാനിച്ചതെന്ന് ഇന്ത്യന്‍ കോഓപ്പറേറ്റീവ് റിപ്പോര്‍ട്ടില്‍ പറയുന്നു. കരാര്‍ ജീവനക്കാരുടെ കാര്യത്തില്‍ മാത്രമല്ല സ്ഥിരംജീവനക്കാരില്‍ പലരെയും ബാധിക്കുന്ന വിധത്തില്‍ എന്‍സിയുഐയുടെ വിവിധ വിഭാഗങ്ങളില്‍ പുനസംഘടന നടപ്പാക്കാനും ഭരണസമിതി തീരുമാനിച്ചതായി റിപ്പോര്‍ട്ടിലുണ്ട്. പുതുതായി ആരംഭിച്ച ചില സംരംഭങ്ങളില്‍ സാമ്പത്തികക്രമക്കേടു നടക്കുന്നതായി തനിക്കു ചില പരാതികള്‍ ലഭിച്ചതായി എന്‍സിയുഐ പ്രസിഡന്റ് ദിലീപ് സംഘാനി പറഞ്ഞതായി ഇന്ത്യന്‍ കോഓപ്പറേറ്റീവ് വാര്‍ത്തയിലുണ്ട്. അതുകൊണ്ടാണു കരാര്‍ അടിസ്ഥാനത്തില്‍ നിയമിതരായ ഉദ്യോഗസ്ഥരെ ഒഴിവാക്കാനും അവര്‍ കൈകാര്യം ചെയ്‌തിരുന്ന പ്രോജക്ടുകള്‍ എന്‍സിയുഐയുടെ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമാകാത്തവിധത്തില്‍ എങ്ങനെ പുനസംഘടിപ്പിക്കാമെന്നു നോക്കാമെന്നും തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞതായും റിപ്പോര്‍ട്ടു വ്യക്തമാക്കുന്നു. തേര്‍ഡ്‌പാര്‍ട്ട് ഓഡിറ്റ് നടത്താനും നിശ്ചയിച്ചു.
എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആശിഷ് ദ്വിവേദിയെ പേഴ്‌സൊണേല്‍ വിഭാഗത്തിന്റെയും ഡയറക്ടര്‍ സന്ധ്യാകപൂറിനെ എന്‍സിആര്‍സി, സിഇഎഎസ് വിഭാഗങ്ങളുടെയും ഡെപ്യൂട്ടി ഡയറക്ടര്‍ ഹരി പ്രകാശിനെ എസ്റ്റേറ്റ് വിഭാഗത്തിന്റെയും ഡെപ്യൂട്ടി ഡയറക്ടര്‍ അനുരാഗ് ഡാങ്ങിനെ ഫിനാന്‍സ് വിഭാഗത്തിന്റെയും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റിതേഷ് ദേയെ ബോര്‍ഡ് വിഭാഗത്തിന്റെയും മേല്‍നോട്ടം ഏല്‍പിച്ചിട്ടുണ്ട്.
നേരിട്ടുള്ള നിയമനത്തിനായി 2024 ഡിസംബര്‍ 12നു പരസ്യനമ്പര്‍ 1/2024 സര്‍ക്കുലര്‍ നമ്പര്‍ പ്രകാരം അപേക്ഷ ക്ഷണിച്ചിരുന്ന 12 ഒഴിവുകളിലേക്കുള്ള നിയമനപ്രക്രിയ റദ്ദാക്കിയതായി എന്‍സിയുഐയുടെ വെബ്‌സൈറ്റിലുണ്ട്. എംപ്ലോയ്‌മെന്റ് ന്യൂസിന്റെ ഹിന്ദി, ഇംഗ്ലീഷ്, ഉറുദു എഡീഷനുകളിലും രണ്ടുപ്രമുഖപത്രങ്ങളിലും പ്രസിദ്ധീകരിച്ച വിജ്ഞാപനമാണു റദ്ദാക്കിയത്. അപേക്ഷിച്ചവര്‍ക്ക് ഫീസ് തിരിച്ചുകൊടുക്കും.
ഡയറക്ടറുടെ ഒന്നും അസിസ്റ്റന്റ് ഡയറക്ടറുടെ നാലും അസിസ്റ്റന്റുമാരുടെ നാലും ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്കുമാരുടെ രണ്ടും ഇലക്ട്രീഷ്യന്റെ ഒന്നും ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരുന്നത്. 2025 ജനുവരി അഞ്ചായിരുന്നു അപേക്ഷിക്കാനുള്ള അവസാനതിയതി.