സഹകരണവികസനകോര്‍പറേഷനു നല്‍കുന്ന വായ്‌പ മുന്‍ഗണനാവായ്‌പയായി കണക്കാക്കും
ദേശീയസഹകരണവികസനകോര്‍പറേഷനു (എന്‍സിഡിസി) നല്‍കുന്ന വായ്‌പകളെ മുന്‍ഗണനാവിഭാഗംവായ്‌പകളായി കണക്കാക്കുന്നവിധത്തില്‍ റിസര്‍വ് ബാങ്ക് മുന്‍ഗണനാവിഭാഗംവായ്‌പകളുടെ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി. ഇതുമൂലം സഹകരണസ്ഥാപനങ്ങള്‍ക്ക് എന്‍സിഡിസിയില്‍നിന്നു കൂടുതല്‍ ധനസഹായം കിട്ടാന്‍ സാധ്യതയേറി. കാര്‍ഷിക-കാര്‍ഷികാനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കു ധനസഹായം നല്‍കുന്ന സഹകരണസ്ഥാപനങ്ങള്‍ക്കായിരിക്കും ഇതു കൂടുതല്‍ ഗുണകരമാവുക. ഇതിനായി എന്‍സിഡിസി തങ്ങള്‍ക്കു ധനസഹായം നല്‍കുന്ന ബാങ്കുകള്‍ക്ക് കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ എംപാനല്‍ ചെയ്‌ത ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനത്തില്‍നിന്ന് ഓരോ മൂന്നുമാസവും സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. മുന്‍ഗണനാവിഭാഗങ്ങള്‍ക്കു വായ്‌പ നല്‍കുന്നതിനുവേണ്ടി സഹകരണസംഘങ്ങള്‍ക്കു ധനസഹായം നല്‍കുന്നതിനുവേണ്ടിയാണു വായ്‌പ ഉപയോഗിച്ചതെന്നും മറ്റുകാര്യങ്ങള്‍ക്കൊന്നും ഈ വായ്‌പ ഉപയോഗിച്ചിട്ടില്ലെന്നുമുള്ള സര്‍ടിഫിക്കറ്റാണു സമര്‍പ്പിക്കേണ്ടത്.

എന്‍സിഡിസി സഹകരണസ്ഥാപനങ്ങള്‍ക്കു നല്‍കുന്ന വായ്‌പ ഒരുലക്ഷംകോടിരൂപ പിന്നിട്ടുകഴിഞ്ഞു. 2014-15ല്‍ 5735.51 കോടിരൂപയുടെ വായ്‌പയാണ് എന്‍സിഡിസി സഹകരണസ്ഥാപനങ്ങള്‍ക്കു നല്‍കിയിരുന്നത്. അത് ഓരോകൊല്ലവും വര്‍ധിച്ചു. 2025-26ല്‍ ഒരുലക്ഷംകോടി കവിയുകയും ചെയ്‌തു.

