സഹകരണ ഉപഭോക്തൃഫെഡറേഷനില്‍ ഒഴിവുകള്‍
ദേശീയസഹകരണഉപഭോക്തൃഫെഡറേഷനില്‍ (എന്‍.സി.സിഎഫ്) അഡൈ്വസര്‍ (ഫിനാന്‍സ്), കണ്‍സള്‍ട്ടന്റ് (അഗ്രികള്‍ച്ചറല്‍ എക്‌സ്റ്റന്‍ഷന്‍), കണ്‍സള്‍ട്ടന്റ് (എച്ച്.ആര്‍) തസ്‌തികകളില്‍ ഓരോ ഒഴിവുണ്ട്. ഒരുവര്‍ഷത്തേക്കു കരാറടിസ്ഥാനത്തിലാണു നിയമനം. ഇതു നീട്ടാന്‍ സാധ്യതയുണ്ട്. അഡൈ്വസര്‍ തസ്‌തികയില്‍ രണ്ടുലക്ഷംരൂപയും കണ്‍സള്‍ട്ടന്റ് തസ്‌തികയില്‍ ഒന്നരലക്ഷംരൂപയുമാണു പ്രതിഫലം. അഗ്രിക്കള്‍ച്ചറല്‍ എക്‌സ്റ്റന്‍ഷന്‍ കണ്‍സള്‍ട്ടന്റ് തസ്‌തികയിലേക്ക് അപേക്ഷിക്കാന്‍ കൃഷിയിലോ ധനശാസ്‌ത്രത്തിലോ മാനേജ്‌മെന്റിലോ അനുബന്ധവിഷയത്തിലോ ബിരുദാനന്തരബിരുദം ഉണ്ടായിരിക്കണം. പി.എച്ച്‌ഡി അധികയോഗ്യതയായി കണക്കാക്കും. 10വര്‍ഷം പ്രവൃത്തിപരിചയം വേണം.
ഹ്യൂമന്‍ റിസോഴ്‌സസ് കണ്‍സള്‍ട്ടന്റ് തസ്‌തികയിലേക്ക് അപേക്ഷിക്കാന്‍ ഹ്യൂമന്‍ റിസോഴ്‌സസിലോ അഡ്‌മിനിസ്‌ട്രേഷനിലോ പബ്ലിക് പോളിസിയിലോ അനുബന്ധവിഷയത്തിലോ ബിരുദാനന്തരബിരുദം ഉണ്ടായിരിക്കണം. 10വര്‍ഷം പ്രവൃത്തിപരിചയം വേണം. പ്രവൃത്തിപരിചയം സഹകരണമേഖലയിലോ സര്‍ക്കാര്‍മേഖലയിലോ ആണെങ്കില്‍ കൂടുതല്‍ നല്ലത്.ഫിനാന്‍സ് അഡൈ്വസര്‍ തസ്‌തികയിലേക്ക് അപേക്ഷിക്കാന്‍ എംബിഎ വേണം. അല്ലെങ്കില്‍ ഫിനാന്‍സിലോ അക്കൗണ്ടിങ്ങിലോ ധനശാസ്‌ത്രത്തിലോ ബിസിനസ് അഡ്‌മിനിസ്‌ട്രേഷനിലോ അനുബന്ധമേഖലയിലോ ബിരുദാനന്തരബിരുദം ഉണ്ടായിരിക്കണം. ചാര്‍ട്ടേഡ് ഫിനാന്‍ഷ്യല്‍ അനലിസ്റ്റ് (സിഎഫ്‌എ), സര്‍ട്ടിഫൈഡ് ഫിനാന്‍ഷ്യല്‍ പ്ലാനര്‍ (സിഎഫ്‌പി), ചാര്‍ട്ടേഡ് അക്കൗണ്ടന്റ് (സിഎ) എന്നിവ പോലുള്ള സര്‍ട്ടിഫിക്കേഷനുകളുള്ളതു കൂടുതല്‍ അഭികാമ്യമായിരിക്കും. 15വര്‍ഷം പ്രവൃത്തിപരിചയം വേണം.
പൂരിപ്പിച്ച അപേക്ഷാഫോമും സിവിയും വിദ്യാഭ്യാസ-പ്രവൃത്തിപരിചയസര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികളും പ്രസക്തമായ മറ്റുരേഖകളും ഒറ്റ പിഡിഎഫ് ആയി മാര്‍ച്ച് 16നകം [email protected] ല്‍ സമര്‍പ്പിക്കണം. അപേക്ഷാഫോമും കൂടുതല്‍ വിവരങ്ങളും nccf-india.comhttp://nccf-india.com ല്‍ ലഭിക്കും.