ദേശീയസഹകരണനയപ്രഖ്യാപനത്തിന് അതല്‍ അക്ഷയ് ഊര്‍ജഭവന്‍ ഒരുങ്ങി
- ആദായനികുതി സര്‍ചാര്‍ജും ആള്‍ട്ടര്‍നേറ്റ് നികുതിയും കുറയ്‌ക്കാന്‍ ശുപാര്‍ശ വന്നേക്കും
ദേശീയസഹകരണനയപ്രഖ്യാപനത്തിനു കേന്ദ്രസഹകരണമന്ത്രാലയം ഒരുങ്ങി. ജൂലൈ 24നു മന്ത്രാലയആസ്ഥാനമായ ന്യൂഡല്‍ഹി അതല്‍ അക്ഷയ് ഊര്‍ജഭവനില്‍ കേന്ദ്രസഹകരണമന്ത്രി അമിത്‌ഷാ നയം പ്രഖ്യാപിക്കും. മുന്‍കേന്ദ്രമന്ത്രി സുരേഷ് പ്രഭുവിന്റെ നേതൃത്വത്തിലുള്ള 48അംഗസമിതിയാണു നയം രൂപവല്‍കരിച്ചത്. 648 നിര്‍ദേശങ്ങള്‍ സമിതി പരിഗണിച്ചു. 17യോഗവും നാലു മേഖലാശില്‍പശാലയും നടത്തി. യുപിഎസ്‌സിയുടെയും സംസ്ഥാന പിഎസ്‌സികളുടെയും മാതൃകയില്‍ ദേശീയതലത്തിലും സംസ്ഥാനതലങ്ങളിലും സഹകരണറിക്രൂട്ട്‌മെന്റ് ബോര്‍ഡുകള്‍, റിസര്‍വ് ബാങ്ക് മാതൃകയില്‍ സഹകരണമേഖലയ്‌ക്കായി മേല്‍നോട്ടസംവിധാനം, ആ സംവിധാനം ഫലപ്രദമാകാന്‍ സഹകരണഓഡിറ്റ് ആന്റ് അക്കൗണ്ടിങ് ബോര്‍ഡ്, ആര്‍ബിട്രേഷന്‍ ട്രൈബ്യൂണല്‍ എന്നിവ നയത്തില്‍ വിഭാവന ചെയ്യുന്നതായും സഹകരണസ്ഥാപനങ്ങളുടെ ആദായനികുതി സര്‍ചാര്‍ജ് ഇളവു ചെയ്യുകയോ ഒഴിവാക്കുകയോ ചെയ്യണമെന്നും, സഹകരണസ്ഥാപനങ്ങളുടെ മിനിമം ആള്‍ട്ടര്‍നേറ്റ് നികുതി കുറയ്‌ക്കണമെന്ന നിലപാടും നയത്തിലുണ്ടാവുമെന്നു വാര്‍ത്തയുണ്ട്. ഇത്തരം കാര്യങ്ങള്‍ സഹകരണസ്ഥാപനങ്ങളുടെ സാമ്പത്തികഭാരം ലഘൂകരിക്കും. ഇത്തരം നിര്‍ദേശമുണ്ടെങ്കില്‍ അതു നടപ്പാക്കാന്‍ ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ, പ്രത്യേകിച്ചു ധനമന്ത്രാലയത്തിന്റെ, സഹകരണം തേടേണ്ടിവരും. ആ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും തീരുമാനപ്രകാരമായിരിക്കും ഇത്തരം നിര്‍ദേശങ്ങള്‍ നടപ്പാക്കപ്പെടുക. കേന്ദ്രമന്ത്രിസഭയില്‍ പ്രധാനമന്ത്രി കഴിഞ്ഞാല്‍ ശക്തനായി കണക്കാക്കപ്പെടുന്ന അമിത്‌ഷായുടെ മന്ത്രാലയത്തിന്റെ നിര്‍ദേശമെന്ന നിലയില്‍ അത്തരം നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനു ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ പച്ചക്കൊടി കിട്ടാന്‍ പ്രയാസമുണ്ടായേക്കില്ല.
നയത്തില്‍ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നടപ്പാക്കാന്‍ സംസ്ഥാനങ്ങളുടെകൂടി സമ്മതം വേണ്ടിവരും. സഹകരണം സംസ്ഥാനവിഷയമായതിനാല്‍, പാര്‍ലമെന്റ് പാസ്സാക്കിയതാണെങ്കിലും 97-ാം ഭരണഘടനാഭേദഗതിയുടെ ചില ഭാഗങ്ങള്‍ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. സംസ്ഥാനവിഷയത്തില്‍ കടന്നു പാര്‍ലമെന്റ് നിയമം പാസ്സാക്കിയാലും സംസ്ഥാനനിയമസഭകളില്‍ പകുതിയെങ്കിലും അത് അംഗീകരിച്ചിരിക്കണമെന്ന വ്യവസ്ഥ പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണു സുപ്രീം കോടതി ആ ഭാഗം റദ്ദാക്കിയത്.
പി.എസ്.സി.മാതൃകയില്‍ സംസ്ഥാനസഹകരണ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപവല്‍കരിക്കുന്ന കാര്യത്തില്‍, കേരളം പോലെ പല സംസ്ഥാനങ്ങളിലും നിലവില്‍ സഹകരണപരീക്ഷാബോര്‍ഡ് പോലുള്ള സ്ഥാപനങ്ങള്‍ ഉണ്ട്.ഇതു രണ്ടാംതവണയാണു ദേശീയസഹകരണനയം രൂപവല്‍കരിക്കുന്നത്. 2002ല്‍ ഒരു നയം പ്രഖ്യാപിച്ചിരുന്നു.ജൂലൈ 23ലെ നയപ്രഖ്യാപനവേളയില്‍ കേന്ദ്രസഹകരണമന്ത്രാലയത്തിലെയും ദേശീയസഹകരണവികസനകോര്‍പറേഷനിലെയും ദേശീയസഹകരണപരിശീലനകൗണ്‍സിലിലെയും വൈകുണ്‌ഠമേത്ത ദേശീയസഹകരണമാനേജ്‌മെന്റ് ഇന്‍സ്‌റ്റിറ്റിയൂട്ടിലെയുമൊക്ക പ്രമുഖര്‍ പങ്കെടുക്കും.