ദേശീയസഹകരണനയം 24നു പ്രഖ്യാപിച്ചേക്കും
- ദേശീയറിക്രൂട്ട്‌മെന്റ് ബോര്‍ഡും ട്രൈബ്യൂണലുംവരുമെന്നു സൂചന
- ദേശീയ ഓഡിറ്റ് ബോര്‍ഡും വിഭാവനയില്‍
- കൂടുതല്‍ അപ്പെക്‌സ് സ്ഥാപനങ്ങളും വന്നേക്കും
പുതിയ ദേശീയ സഹകരണനയത്തില്‍ ദേശീയസഹകരണറിക്രൂട്ട്‌മെന്റ് ബോര്‍ഡും ദേശീയ സഹകരണട്രൈബ്യൂണലും പോലുള്ള പുതിയ സ്ഥാപനങ്ങള്‍ വിഭാവന ചെയ്‌തിട്ടുള്ളതായി സൂചന. നയം തയ്യാറായതായും ജൂലൈ 24നു കേന്ദ്രസഹകരണമന്ത്രി അമിത്‌ഷാ കേന്ദ്രസഹകരണമന്ത്രാലയ ആസ്ഥാനമായ അതല്‍ അക്ഷയ് ഊര്‍ജഭവനില്‍ നയം പ്രഖ്യാപിക്കുമെന്നും ഇന്ത്യന്‍ കോഓപ്പറേറ്റീവ് ന്യൂസ് റിപ്പോര്‍ട്ടു ചെയ്‌തു. സഹകരണസ്ഥാപനങ്ങള്‍ക്കായി ഒരു കേന്ദ്രധനകാര്യസ്ഥാപനവും സെന്റര്‍ ഓഫ് എക്‌സലന്‍സും ദേശീയസഹകരണഓഡിറ്റ് ആന്റ് അക്കൗണ്ടിങ് ബോര്‍ഡുമൊക്കെ നയത്തില്‍ വിഭാവന ചെയ്യുന്നുണ്ടെന്നു വാര്‍ത്തയില്‍ പറയുന്നു. കൂടുതല്‍ അപ്പെക്‌സ് സ്ഥാപനങ്ങളും ഉണ്ടാകും. നയത്തിന്റെ അന്തിമരൂപം തയ്യാറായിട്ടുണ്ടെന്ന് അന്താരാഷ്ട്രസഹകരണദിനാഘോഷത്തിനു മുന്നോടിയായി കേന്ദ്രസര്‍ക്കാരിന്റെ പ്രസ് ഇന്‍ഫര്‍മേഷന്‍ ഇന്ത്യ സഹകരണപ്രസ്ഥാനത്തെക്കുറിച്ചു പ്രസിദ്ധീകരിച്ച വിശദലേഖനത്തില്‍ പറഞ്ഞിരുന്നു.
2022 സെപ്‌റ്റംബര്‍ രണ്ടിനാണു നയം തയ്യാറാക്കാന്‍ മുന്‍കേന്ദ്രമന്ത്രി സുരേഷ് പ്രഭാകര്‍ പ്രഭു അധ്യക്ഷനായി 47അംഗസമിതി രൂപവല്‍കരിച്ചത്. സമിതിയില്‍ കേരളത്തില്‍നിന്നു രജിസ്‌ട്രാര്‍ അടക്കം മൂന്നുപേരാണുള്ളത്. സമിതി 17യോഗങ്ങളും നാലു മേഖലാശില്‍പശാലകളും അഭിപ്രായനിര്‍ദേശങ്ങള്‍ ശേഖരിക്കാനായി നടത്തിയിരുന്നു.നടപ്പാക്കിക്കൊള്ളണം എന്നു നിയമപരമായി നിര്‍ബന്ധമുള്ള ഒന്നല്ല നയം. കാര്യങ്ങള്‍ നടപ്പാക്കുമ്പോള്‍ ലക്ഷ്യവും മാര്‍ഗനിര്‍ദേശകവുമായി ഉദ്ദേശിച്ചുള്ളതാണത്. അതില്‍ പറയുന്ന സംവിധാനങ്ങളും സ്ഥാപനങ്ങളും നടപ്പാക്കുന്നതിനു കേന്ദ്രതലത്തിലാണെങ്കില്‍ പാര്‍ലമെന്റിലും സംസ്ഥാനതലത്തിലാണെങ്കില്‍ നിയമസഭയിലും നിയമം അവതരിപ്പിച്ചു പാസ്സാക്കേണ്ടതുണ്ട്.
ദേശീയസഹകരണനയത്തിനുകീഴില്‍ ഓരോ സംസ്ഥാനത്തെയും സഹകരണസാഹചര്യങ്ങള്‍ക്കനുസൃതമായിരിക്കണം സംസ്ഥാനങ്ങളിലെ സഹകരണനയമെന്നു അമിത്‌ഷാ ഈയിടെ ന്യൂഡല്‍ഹിയില്‍നടന്ന സഹകരണമേഖലാപ്രമുഖരുടെ യോഗത്തിലെ അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞിരുന്നു. 2045വരെ ഉണ്ടാകാനിടയുള്ള വെല്ലുവിളികളും സാധ്യതകളും മുന്നില്‍ കണ്ടാണു നയം തയ്യാറാക്കുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടിരുന്നു. സ്വാതന്ത്ര്യത്തിന്റെ ശതാബ്ദിയാഘോഷിക്കുമ്പോള്‍ ഇന്ത്യയെ മാതൃകാസഹകരണരാഷ്ട്രമായി വളര്‍ത്തലാണു ലക്ഷ്യമെന്നും പറഞ്ഞു. ഇതിനായി സംസ്ഥാനങ്ങള്‍ അതാതു സംസ്ഥാനങ്ങള്‍ക്കിണങ്ങുന്ന സഹകരണനയം രൂപവല്‍കരിക്കണമെന്നും കൃത്യമായ ലക്ഷ്യങ്ങളോടെ പ്രവര്‍ത്തിക്കണമെന്നും അതിനായി 2026 ജനുവരി 31നകം സംസ്ഥാനങ്ങള്‍ സ്വന്തം സഹകരണനയം പ്രഖ്യാപിക്കണമെന്നും ഷായുടെ പ്രസംഗത്തിലുണ്ടായിരുന്നു.
2023 ജൂണ്‍ അഞ്ചിനു സുരേഷ്‌പ്രഭുവിന്റെ നേതൃത്വത്തിലുള്ള സമിതി നയത്തിന്റെ കരടുമായി ഷായെ കണ്ടു ചര്‍ച്ച നടത്തിയിരുന്നു.കേരളം നേരത്തേതന്നെ സഹകരണനയം അവതരിപ്പിച്ചിട്ടുണ്ട്. 2018 ഫെബ്രുവരി 10മുതല്‍ 12വരെ കണ്ണൂരില്‍ നടന്ന സഹകരണകോണ്‍ഗ്രസ്സില്‍ അന്നത്തെ സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കേരളത്തിന്റെ സഹകരണനയം അവതരിപ്പിച്ചിരുന്നു. സംസ്ഥാനസഹകരണബാങ്കിനെയും ജില്ലാസഹകരണബാങ്കുകളെയും ലയിപ്പിച്ചു കേരളബാങ്ക് രൂപവല്‍ക്കരിക്കല്‍, പ്രവര്‍ത്തനം നിലച്ചതും ദുര്‍ബലവുമായ സംഘങ്ങളെ ലിക്വിഡേറ്റ് ചെയ്യല്‍, കേന്ദ്രസംസ്ഥാനസര്‍ക്കാരുകളുടെ വികസനപദ്ധതികള്‍ നടപ്പാക്കാനുള്ള സംവിധാനങ്ങളായി സഹകരണസ്ഥാപനങ്ങളെ അംഗീകരിക്കല്‍ തുടങ്ങിയവ അതില്‍ വിഭാവന ചെയ്‌തിരുന്നു. പലവിധസഹകരണസംഘങ്ങള്‍ക്കായി ഒരു അപ്പെക്‌സ് സഹകരണഫെഡറേഷന്‍ രൂപവല്‍കരിക്കണമെന്നും മറ്റുമുള്ള കാര്യങ്ങളും വിഭാവന ചെയ്യപ്പെട്ട പരിപാടികളില്‍ ഉള്‍പ്പെടുന്നു. കേരളബാങ്ക് രൂപവല്‍കരിച്ചെങ്കിലും. പലവിധ സംഘങ്ങള്‍ക്കായുള്ള അപ്പെക്‌സ് സ്ഥാപനം യാഥാര്‍ഥ്യമായിട്ടില്ല.