ദേശീയ സഹകരണനയം കരട് തയ്യാറായി
- സ്‌കൂളുകള്‍ മുതല്‍ സഹകരണകോഴ്‌സുകള്‍ തുടങ്ങണം :മോദി
- സഹകരണസ്ഥാപനങ്ങള്‍ക്കു റാങ്കിങ് വേണം
- അഗ്രിസ്റ്റാക്ക് പ്രോല്‍സാഹിപ്പിക്കണം
ഗ്രാമീണസാമ്പത്തികവികസനം വേഗത്തിലാക്കലും സ്‌ത്രീകളുടെയും യുവാക്കളുടെയും അഭിവൃദ്ധിക്കു പ്രത്യേകപ്രാധാന്യം നല്‍കലും ലക്ഷ്യമിട്ടുകൊണ്ടുള്ള ദേശീയ സഹകരണനയത്തിന്റെ കരട് തയ്യാറായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ സഹകരണമേഖലയിലെ പദ്ധതികള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ കരടുനയം അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌തു. ഇന്ത്യന്‍സഹകരണമേഖല ആഗോളസഹകരണപ്രസ്ഥാനങ്ങളുമായി പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കേണ്ടതിന്റെ പ്രാധാന്യം യോഗത്തില്‍ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. സഹകരണസ്ഥാപനങ്ങള്‍ ജൈവോല്‍പന്നങ്ങള്‍ക്കു പ്രാധാന്യം നല്‍കുകയും കയറ്റുമതിക്കു പ്രത്യേകഊന്നല്‍ നല്‍കുകയും വേണം. സഹകരണമേഖലയില്‍ കൃഷിയുടെയും അനുബന്ധപ്രവര്‍ത്തനങ്ങളുടെയും വികാസത്തിന് ഡിജിറ്റല്‍ പൊതുഅടിസ്ഥാനസൗകര്യസംവിധാനമായ അഗ്രിസ്റ്റാക്ക് ഉപയോഗിക്കണം. സഹകരണമേഖലയില്‍ സാമ്പത്തികഇടപാടുകള്‍ കൂടുതല്‍ സുഗമമാക്കാന്‍ റുപേ കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകളെ യുപിഐയുമായി സംയോജിപ്പിക്കണം. സ്‌കൂളുകളിലും കോളേജുകളിലും ഐഐഎമ്മുകളിലും സഹകരണകോഴ്‌സുകള്‍ തുടങ്ങണം. സുതാര്യത ഉറപ്പാക്കാന്‍ സഹകരണസ്ഥാപനങ്ങളുടെ ആസ്‌തികള്‍ക്കു മതിയായ രേഖാപരമായ അടിസ്ഥാനം ഉറപ്പുവരുത്തണം. സഹകരണാടിസ്ഥാനത്തിലുള്ള കൃഷി പ്രോല്‍സാഹിപ്പിക്കണം. അഗ്രിസ്റ്റാക്ക് വഴി കര്‍ഷകര്‍ക്കു കൂടുതല്‍ മികച്ച സേവനങ്ങളുമായി പ്രാപ്യത ലഭിക്കും. ഭാവിതലമുറയെ പ്രചോദിപ്പിക്കുന്ന വിധത്തില്‍ സഹകരണസ്ഥാപനങ്ങളെ വളര്‍ത്തിയെടുക്കണം. മികവിന്റെ അടിസ്ഥാനത്തില്‍ സഹകരണസ്ഥാപനങ്ങളെ റാങ്കുചെയ്യണം. ഇതു സഹകരണമേഖലയില്‍ മല്‍സരവും വളര്‍ച്ചയും ഉണ്ടാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ദേശീയസഹകരണനയത്തെക്കുറിച്ചു യോഗത്തില്‍ ബന്ധപ്പെട്ടവര്‍ പ്രധാനമന്ത്രിയോടു വിശദീകരിച്ചു. കേന്ദ്രസഹകരണമന്ത്രാലയത്തിന്റെ മൂന്നരവര്‍ഷത്തെ നേട്ടങ്ങളും അവതരിപ്പിച്ചു. സഹകരണത്തിലൂടെ സമൃദ്ധി എന്നതാണു ദേശീയസഹകരണനയത്തിന്റെ ലക്ഷ്യം. ഇതിനായി വിപുലമായ കൂടിയാലോചനകള്‍ നടത്തി. സഹകരണമേഖലയുടെ സമഗ്രവും ക്രമപ്രവൃദ്ധവുമായ വികസനമാണു നയത്തിന്റെ കാതല്‍. സ്‌ത്രീകള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ടു ഗ്രാമീണസമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചക്കു വേഗം കൂട്ടാനാവശ്യമായ സമീപനം നയത്തിലുണ്ട്. സഹകരണാടിസ്ഥാനത്തിലുള്ള സാമ്പത്തികമാതൃക പ്രോല്‍സാഹിപ്പിക്കാന്‍ നയം ഉദ്ദേശിക്കുന്നു. ഇതിനാവശ്യമായ നിയമപരവും സ്ഥാപനപരവുമായ ചട്ടക്കൂടുകള്‍ രൂപവല്‍കരിക്കുന്നതു സംബന്ധിച്ചും നയത്തില്‍ പ്രതിപാദിക്കുന്നുണ്ട്. സഹകരണസ്ഥാപനങ്ങള്‍ക്കു സമൂഹത്തിന്റെ താഴെത്തട്ടിലുള്ള സ്വാധീനം കൂടുതല്‍ ആഴത്തിലുള്ളതാക്കാന്‍ നയം ഊന്നല്‍ നല്‍കുന്നു. രാജ്യത്തിന്റെ മൊത്തം വികസനത്തില്‍ സഹകരണമേഖലയുടെ പങ്കു വര്‍ധിപ്പിക്കാനുതകുന്ന കാര്യങ്ങളും നയത്തിലുണ്ട്.
കേന്ദ്രത്തില്‍ സഹകരണമന്ത്രാലയം സ്ഥാപിച്ചശേഷം 60 പ്രമുഖനടപടികള്‍ എടുത്തിട്ടുണ്ട്. ഏഴു സുപ്രധാനമേഖലകളിലായാണ് ഇവ കൈക്കൊണ്ടത്. ദേശീയസഹകരണഡാറ്റബേസിലൂടെയും കമ്പ്യൂട്ടര്‍വല്‍ക്കരണപദ്ധതികളിലൂടെയും സഹകരണസ്ഥാപനങ്ങളുടെ ഡിജിറ്റലൈസേഷന്‍, പ്രാഥമികകാര്‍ഷികവായ്‌പാസഹകരണസംഘങ്ങളെ ശക്തിപ്പെടുത്തല്‍, സഹകരണപഞ്ചസാരമില്ലുകളുടെ കാര്യക്ഷമത വര്‍ധിപ്പിക്കല്‍, പത്തു മന്ത്രാലയങ്ങളുടെ പതിനഞ്ചിലേറെ സ്‌കീമുകള്‍ പാക്‌സ് തലത്തില്‍ ഏകോപിപ്പിച്ചു സേവനങ്ങള്‍ നല്‍കല്‍, സഹകരണബിസിനസിന്റെ വൈവിധ്യവല്‍കരണം, സഹകരണസ്ഥാപനങ്ങള്‍ക്ക് അധികവരുമാനം ലഭ്യമാക്കല്‍, സഹകരണസ്ഥാപനങ്ങളുടെ അവസരങ്ങള്‍ വര്‍ധിപ്പിക്കല്‍, ഗ്രാമീണമേഖലകളില്‍ സര്‍ക്കാര്‍സ്‌കീമുകളുടെ പ്രാപ്യത സഹകരണസ്ഥാപനങ്ങള്‍വഴി വര്‍ധിപ്പിക്കല്‍, സഹകരണസ്ഥാപനങ്ങള്‍ക്കു വാര്‍ഷികലക്ഷ്യം നിര്‍ബന്ധമാക്കല്‍, സഹകരണവിദ്യാഭ്യാസ-പരിശീലന-ഗവേഷണപ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാന്‍ ത്രിഭുവന്‍ സഹകരണസര്‍വകലാശാല സ്ഥാപിക്കല്‍,സര്‍വകലാശാലയെ ദേശീയപ്രാധാന്യമുള്ള കേന്ദ്രമായി പ്രഖ്യാപിക്കല്‍ തുടങ്ങിയവ അവയില്‍ പെടുന്നു.
വിവിധമേഖലകളില്‍ സഹകരണപ്രസ്ഥാനങ്ങള്‍ കൈവരിച്ച ശ്രദ്ധേയമായ നേട്ടങ്ങളും പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തി. കാര്‍ഷികമേഖലയില്‍ ഈ സംഭാവന ഏറെ വലുതാണെന്നു ചൂണ്ടിക്കാണിക്കപ്പെട്ടു. ഗ്രാമീണവികസനത്തിലും സാമ്പത്തികപങ്കാളിത്തവര്‍ധനയിലും ഗണ്യമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സഹകരണമേഖലയ്‌ക്കു കഴിഞ്ഞു. ജനസംഖ്യയുടെ അഞ്ചിലൊന്നും സഹകരണമേഖലയുമായി ബന്ധപ്പെടുന്നുണ്ട്. 8.2ലക്ഷം സഹകരണസ്ഥാപനങ്ങളാണു രാജ്യത്തുള്ളത്. ഇവയിലൂടെ 30കോടിയില്‍പരം ജനങ്ങള്‍ സഹകരണസ്ഥാപനങ്ങളില്‍ അംഗങ്ങളാണ്
കേന്ദ്രസഹകരണമന്ത്രി അമിത്‌ഷാ, മന്ത്രാലയസെക്രട്ടറി ഡോ. ആശിഷ്‌കുമാര്‍ ഭൂട്ടാനി, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. പി.കെ. മിശ്ര, രണ്ടാംപ്രിന്‍സിപ്പല്‍ സെക്രട്ടറി ശക്തികാന്തദാസ്, പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് അനില്‍ ഖാരെ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.