നബാര്‍ഡ്‌ ഒരുലക്ഷംരൂപയുടെ ഗവേഷണപുരസ്‌കാരത്തിന്‌ അപേക്ഷ ക്ഷണിച്ചു

Moonamvazhi

ഏറ്റവും മികച്ച ഗവേഷണപ്രബന്ധത്തിനുള്ള ഒരുലക്ഷംരൂപയുടെ പ്രശസ്‌തിപത്രപുരസ്‌കാരത്തിന്‌ (സൈറ്റേഷന്‍) ദേശീയകാര്‍ഷികഗ്രാമവികസനബാങ്ക്‌ (നബാര്‍ഡ്‌) അപേക്ഷകളും നാമനിര്‍ദേശങ്ങളും ക്ഷണിച്ചു. മൂന്നുപേര്‍ക്കാണു പുരസ്‌കാരം നല്‍കുക. കാര്‍ഷികവിപണനം, ഗ്രാമീണ ചെറുകിട-ഇടത്തരം-സൂക്ഷ്‌മസംരംഭങ്ങള്‍, കാലാവസ്ഥാപ്രതിരോധശേഷിയുള്ള കൃഷി, കാര്‍ഷികവായ്‌പ എന്നീ വിഷയങ്ങളുമായി നേരിട്ടു ബന്ധമുള്ള മൗലികഗവേഷണപ്രബന്ധങ്ങളാണു പരിഗണിക്കുക. 2023 കലണ്ടര്‍വര്‍ഷത്തില്‍ പി.എച്ച്‌ഡി പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ പൗരര്‍ക്ക്‌ അപേക്ഷിക്കാം. ഗവേഷണപ്രബന്ധം ഡിഫന്റ്‌ ചെയ്‌തശേഷം പ്രെവിഷണല്‍ ആയോ ഫൈനല്‍ആയോ ഡിഗ്രി ലഭിച്ചവര്‍ ആയിരിക്കണം. 2023 ജനുവരി ഒന്നിനും ഡിസംബര്‍ 31നുമകം പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റോ ബിരുദസര്‍ട്ടിഫിക്കറ്റോ നേടിയിരിക്കണം. ഒരു പ്രബന്ധം ഒരുതവണ മാത്രമേ പരിഗണിക്കൂ. നാസ്‌ റേറ്റിങ്‌ 6 അംഗീകാരമുള്ള പ്രസിദ്ധീകരണങ്ങളില്‍ മികച്ച രണ്ടു ഗവേഷണപേപ്പറുകള്‍കൂടിയെങ്കിലും പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കില്‍ അഭികാമ്യമായിരിക്കും.

നബാര്‍ഡിന്റെ വെബ്‌സൈറ്റില്‍ (nabard.org) അപേക്ഷാമാതൃക ലഭിക്കും. അതുപൂരിപ്പിച്ച്‌ ആവശ്യമായ രേഖകള്‍ സഹിതം [email protected] ല്‍ മെയ്‌ നാലിനകം സമര്‍പ്പിക്കണം. രണ്ടുപേജില്‍ പ്രബന്ധത്തിന്റെ ഇംഗ്ലീഷിലുള്ള സംഗ്രഹം (800-1000 വാക്കുകള്‍), ഒരുപേജ്‌ നാമനിര്‍ദേശപ്രസ്‌താവന (200-300 വാക്കുകള്‍), സൂപ്പര്‍വൈസറില്‍നിന്നോ കോ-സൂപ്പര്‍വൈസറില്‍നിന്നോ വകുപ്പുമേധാവിയില്‍നിന്നോ സ്ഥാപനമേധാവിയില്‍നിന്നോ ഔദ്യോഗിക ലെറ്റര്‍ഹെഡിലുള്ള ശുപാര്‍ശക്കത്ത്‌, പ്രബന്ധത്തിന്റെ ഇലക്ട്രോണിക്‌ ഫോര്‍മാറ്റിലുള്ള ഒരു കോപ്പി (സോഫ്‌റ്റ്‌കോപ്പി) , സമ്മേളനങ്ങളിലും ജേര്‍ണലുകളിലും പ്രബന്ധം സംബന്ധിച്ചു വന്ന കാര്യങ്ങളുണ്ടെങ്കില്‍ അതിന്റെയും സൈറ്റേഷനുണ്ടെങ്കില്‍ അതിന്റെയും രേഖ എന്നിവയാണു സമര്‍പ്പിക്കേണ്ട രേഖകള്‍. ഇവയൊക്കെ പിഡിഎഫ്‌ മാതൃകയിലാണു സമര്‍പ്പിക്കേണ്ടത്‌.

പ്രബന്ധസംഗ്രഹത്തില്‍ ഗവേഷണവിധേയമാക്കിയ പ്രശ്‌നത്തിന്റെ പ്രസക്തി, ഗവേഷണരീതിശാസ്‌ത്രം, പ്രബന്ധത്തിന്റെ സ്‌കോപ്പ്‌, പ്രാധാന കണ്ടെത്തലുകള്‍, നയപരമായ ഫലസാധ്യതകള്‍ എന്നിവ പറയണം. നാമനര്‍ദേശപ്രസ്‌താവനയില്‍ എന്തുകൊണ്ടാണു നാമനിര്‍േദശം ചെയ്യപ്പെടുന്നയാള്‍ സൈറ്റേഷന്‌ അര്‍ഹതയുള്ളയാളാണെന്നു കരുതുന്നതെന്നു വ്യക്തമാക്കണം. ഇതില്‍ പ്രബന്ധത്തിന്റെ പ്രസക്തി, ഉപയോഗം തുടങ്ങിയവ വിശദമാക്കണം. വിവരങ്ങള്‍ അബ്‌സ്‌ട്രാക്ടില്‍ ഖേപ്പെടുത്തിയാല്‍ മാത്രം പോരാ.

വിദഗ്‌ധസമിതി പ്രബന്ധങ്ങള്‍ പരിശോധിച്ചു ചുരുക്കപ്പട്ടിക തയ്യാറാക്കും. ചുരുക്കപ്പട്ടികയില്‍ ഇടംലഭിക്കുന്നവവര്‍ അഭിമുഖത്തിനും അവതരണത്തിനും ഹാജരാകണം, അവയിലെ മികവു കൂടി വിലയിരുത്തിയാണു മൂന്നുപേരെ സൈറ്റേഷനു തിരഞ്ഞെടുക്കുക.

 

Moonamvazhi

Authorize Writer

Moonamvazhi has 319 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!