മില്‍മ കാലിത്തീറ്റ സബ്‌സിഡി ഒക്ടോബറിലും തുടരും
കേരള സംസ്ഥാന സഹകരണ ക്ഷീരവിപണനഫെഡറേഷന്‍ (മില്‍മ) വിഹിതമായി 100 രൂപ കാലിത്തീറ്റ സബ്‌സിഡി നല്‍കുന്നതു ഒക്ടോബറിലും തുടരാന്‍ മില്‍മ വാര്‍ഷികപൊതുയോഗം തീരുമാനിച്ചു. കഴിഞ്ഞവര്‍ഷം ഏപ്രില്‍മുതല്‍ ഓഗസ്റ്റുറ്വരെ പാല്‍സംഭരണത്തില്‍ ശരാശരി 12.91ശതമാനം വര്‍ധനയുണ്ടായി. തിരുവനന്തപുരം മേഖലയില്‍ 12.9 ശതമാനവും എറണാകുളം മേഖലയില്‍ 18.58 ശതമാനവും മലബാര്‍മേഖലയില്‍ 12.43ശതമാനവുമാണു വര്‍ധന. അടുത്തവര്‍ഷത്തേക്കുള്ള റവന്യൂബജറ്റായ 597.97 കോടിരൂപയും ക്യാപിറ്റല്‍ ബജറ്റായ 67.33 കോടിയും അംഗീകരിച്ചു. ജിഎസ്‌ടി നിരക്കുകള്‍ കുറച്ച പശ്ചാത്തലത്തില്‍ പാല്‍വില തല്‍ക്കാലം കൂട്ടേണ്ടെന്നു തീരുമാനിച്ചു. മേഖലായൂണിയനുകളിലെ സ്ഥിരനിയമനങ്ങളില്‍ ക്ഷീരകര്‍ഷകരുടെ കുടുംബാംഗങ്ങള്‍ക്കു വെയിറ്റേജ് നല്‍കുന്ന കാര്യം യോഗം ചര്‍ച്ച ചെയ്‌തു.
കര്‍ഷകരെ പരമാവധി മില്‍മ കാലിത്തീറ്റ വാങ്ങാന്‍ പ്രോല്‍സാഹിപ്പിക്കാനും മില്‍മ കാലിത്തീറ്റയുടെ ഗുണമേന്‍മയെക്കുറിച്ചു ബോധവല്‍കരിക്കാനും തീരുമാനിച്ചു. ക്ഷീരസംഘങ്ങളുടെ സാമ്പത്തികസ്ഥിരതയ്‌ക്കായി മില്‍മ ഉല്‍പന്നങ്ങളുടെ വിപണനം വര്‍ധിപ്പിക്കാനും സംഘങ്ങളെ ശാക്തീകരിക്കാനും പാലുല്‍പാദനം വര്‍ധിപ്പിക്കാനും നടപടികള്‍ എടുക്കാനും നിശ്ചയിച്ചു. കാലിത്തീറ്റ സബ്‌സിഡിക്കൊപ്പം സൈലേജ്, ചോളത്തണ്ട് എന്നിവയ്‌ക്കും സബ്‌സിഡി ആവശ്യമാണെന്നു യോഗം വിലയിരുത്തി. പ്രാഥമികക്ഷീരസംഘങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും വിലയിരുത്തി. കര്‍ഷകക്ഷേമത്തിനും പാലുല്‍പാദനം വര്‍ധിപ്പിക്കാനും കേരളബാങ്കുമായും സര്‍ക്കാരുമായും ചേര്‍ന്നു ഫെഡറേഷന്‍ നടപ്പാക്കിയ പദ്ധതികള്‍ സംഘങ്ങള്‍ പ്രയോജനപ്പെടുത്തണം. സംഘങ്ങള്‍ പാലിന്റെ സംഭരണവും ഗുുണനിലവാരവും വര്‍ധിപ്പിക്കേണ്ടതുണ്ട്. സംഘങ്ങളുടെ വരുമാനം വര്‍ധിപ്പിക്കാന്‍ മില്‍മ ഉല്‍പന്നങ്ങള്‍ ഗ്രാമങ്ങളില്‍ എല്ലാവര്‍ക്കും കിട്ടാന്‍ സംവിധാനമൊരുക്കണം. എല്ലാഅംഗങ്ങളും മില്‍മഉല്‍പന്നങ്ങളും കാലിത്തീറ്റയുംതന്നെ ഉപയോഗിക്കണമെന്നും ഇതു മറ്റുള്ളവരില്‍ എത്തിക്കാന്‍ നടപടികള്‍ എടുക്കണമെന്നും യോഗം നിര്‍ദേശിച്ചു. വിവിധ ആവശ്യങ്ങളടങ്ങിയ എട്ടുപ്രമേയങ്ങള്‍ സര്‍ക്കാരിന് അയക്കാന്‍ തീരുമാനിച്ചു. 2024-25ല്‍ ക്ഷീരകര്‍ഷകര്‍ക്കായി നടപ്പാക്കിയ ക്ഷേമപ്രവര്‍ത്തനങ്ങള്‍ പാലുല്‍പാദനം വര്‍ധിപ്പിക്കാനും ഉല്‍പാദനച്ചെലവു കുറയ്‌ക്കാനും സഹായകമായെന്നു യോഗം അഭിപ്രായപ്പെട്ടു.
വിദഗ്‌ധസമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ അടുത്തവര്‍ഷം ജനുവരിയില്‍ പാല്‍ വില വര്‍ധിപ്പിക്കുന്ന കാര്യം പരിഗണിക്കും. മണ്ഡല-മകരവിളക്കു കാലത്തു ശബരിമലയിലേക്കു രണ്ടുലക്ഷം ലിറ്റര്‍ നെയ് വിതരണം ചെയ്യാനുള്ള അനുമതി തിരുവനന്തപുരം മേഖലായൂണിയനു നല്‍കാന്‍ നടപടി സ്വീകരിച്ച ദേവസ്വം മന്ത്രിക്ക് യോഗം നന്ദി അറിയിച്ചു. 2025 ഏപ്രിലില്‍ കെഎസ്‌ഇബി നടപ്പാക്കിയ താരിഫ് പരിഷ്‌കരണപ്രകാരം സംഭരണ, ശീതീകരണസൗകര്യങ്ങളുള്ള ഡയറിഫാമുകളെയും ക്ഷീരസഹകരണസംഘങ്ങളെയും വാണിജ്യതാരിഫ് വിഭാഗത്തില്‍നിന്നു മാറ്റി കാര്‍ഷികതാരിഫ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന മില്‍മയുടെ ആവശ്യം അംഗീകരിച്ച വൈദ്യുതിമന്ത്രിക്കും യോഗം നന്ദി രേഖപ്പെടുത്തി. ഫെഡറേഷന്‍ ചെയര്‍മാന്‍ കെ.എസ്.മണി അധ്യക്ഷനായി. എംഡി ആസിഫ് കെ യൂസഫ്, തിരുവനന്തപുരം മേഖലായൂണിയന്‍ ചെയര്‍പേഴ്‌സണ്‍ മണി വിശ്വനാഥ്, എറണാകുളം മേഖലായൂണിയന്‍ ചെയര്‍പേഴ്‌സണ്‍ വല്‍സലന്‍പിള്ള സി.എന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.