ലിക്വിഡേഷനു പുതിയ മാര്‍ഗനിര്‍ദേശങ്ങളായി

Moonamvazhi

പഴയ 22 സര്‍ക്കുലറുകള്‍ റദ്ദാക്കി സഹകരണസംഘങ്ങളുടെ ലിക്വിഡേഷനു സഹകരണസംഘം രജിസ്‌ട്രാര്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇതുപ്രകാരം ലിക്വിഡേറ്റര്‍ രണ്ടുകൊല്ലത്തിനകം ലിക്വിഡേഷന്‍ തീര്‍ക്കണം. പറ്റിയില്ലെങ്കില്‍ കാരണം വ്യക്തമാക്കി രജിസ്‌ട്രാര്‍മുഖേന സര്‍ക്കാരിന്‌ അപേക്ഷ നല്‍കണം.
ലഭ്യമായ ഏറ്റവും ഒടുവിലത്തെ ഓഡിറ്റ്‌ സര്‍ട്ടിഫിക്കറ്റ്‌ പരിശോധിച്ച്‌ അതിനുശേഷം ഒരിടപാടും (സംഘം നടത്തിയ നിക്ഷേപത്തിന്റെയും എടുത്ത വായ്‌പയുടെയും പലിശ ഒഴികെ) നടന്നിട്ടില്ലെന്നു ബോധ്യപ്പെട്ടാല്‍ ആ ഓഡിറ്റ്‌ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ആസ്‌തിബാധ്യതകള്‍ കണക്കാക്കി ലിക്വിഡേഷന്‍ പൂര്‍ത്തിയാക്കാം. ഒടുവിലെ ഓഡിറ്റിനുശേഷം ഇടപാടുകള്‍ നടന്നിട്ടുണ്ടെങ്കില്‍ ലിക്വിഡേറ്റര്‍ ചുമതലയേറ്റ ദിവസംവരെയുള്ള ഓഡിറ്റ്‌ സഹകരണഓഡിറ്റ്‌ വിഭാഗം സമയബന്ധിതമായി നടത്തി ലിക്വിഡേറ്റര്‍ക്കു കൊടുക്കണം.

രജിസ്റ്റര്‍ ചെയ്‌ത്‌ ആറുമാസത്തിനകം പ്രവര്‍ത്തനം തുടങ്ങാത്ത സംഘങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിക്കൊണ്ടുള്ള നടപടിക്രമം ബന്ധപ്പെട്ട ജോയിന്റ്‌/രജിസ്‌ട്രാര്‍/രജിസ്‌ട്രാര്‍ പുറപ്പെടുവിക്കണം. പരിശോധനാറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കണം ഇത്‌.
രജിസ്റ്റര്‍ ചെയ്‌ത സംഘത്തിന്‌ ഓഡിറ്റ്‌ സര്‍ട്ടിഫിക്കറ്റടക്കം ഒരു രേഖയുമില്ലെന്നു ബോധ്യപ്പെട്ടാല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ ജോയിന്റ്‌ രജിസ്‌ട്രാര്‍/രജിസ്‌ട്രാര്‍ നടപടിയെടുക്കണം. പരിശോധനാറിപ്പോര്‍ട്ടിന്റെയും താലൂക്ക്‌ അസിസ്‌റ്റന്റ്‌ രജിസ്‌ട്രാറുടെ ശുപാര്‍ശയുടെയും അടിസ്ഥാനത്തില്‍ വേണം ഇതു ചെയ്യാന്‍.പ്രവര്‍ത്തിക്കാതായിട്ടു വര്‍ഷങ്ങളായ സംഘങ്ങളില്‍ പരിേേശാധനയ്‌ക്കും താലൂക്ക്‌ അസിസ്‌റ്റന്റ്‌ രജിസ്‌ട്രാര്‍മാര്‍ സമയബന്ധിതമായി ഉത്തരവിറക്കണം. പരിശോധനാറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, സംഘത്തെ പുനരുജ്ജീവിപ്പിക്കാന്‍ പറ്റില്ലെന്നു ബോധ്യമായാല്‍ അസിസ്‌റ്റന്റ്‌ രജിസ്‌ട്രാറുടെ ശുപാര്‍ശ സഹിതം അപേക്ഷിക്കുന്ന മുറയ്‌ക്ക്‌ ലിക്വിഡേഷന്‍ നടപടികള്‍ക്കായി ജോയിന്റ്‌ രജിസ്‌ട്രാര്‍/ രജിസ്‌ട്രാര്‍ ഉത്തരവിറക്കണം. ജോയിന്റ്‌ രജിസ്‌ട്രാര്‍മാര്‍ പ്രതിമാസാവലോകനത്തില്‍ നടപടിയുടെ പുരോഗതി വിലയിരുത്തണം.ഉത്തരവുനമ്പരും തിയതിയും അടക്കം ലിക്വിഡേറ്റര്‍ ചുമതലയേറ്റതിന്റെ വിവരങ്ങള്‍ മിനിറ്റ്‌സ്‌ബുക്കില്‍ എഴുതണം. രേഖകളില്ലെങ്കില്‍ പുതിയ മിനിറ്റ്‌സ്‌ ബുക്ക്‌ സൂക്ഷിച്ചു വിവരങ്ങള്‍ അതില്‍ എഴുതണം.

സംഘംരേഖകള്‍, നീക്കിയിരിപ്പുതുക, പ്രമാണങ്ങള്‍, ജംഗമസാധനങ്ങള്‍, മുതലുകള്‍ തുടങ്ങിയവ ഏറ്റെടുക്കണം. ഇവയുടെ വിശദമായ പട്ടിക ഉണ്ടാക്കി സെക്രട്ടറിയോ പ്രസിഡന്റോ ഭരണസമിതിയംഗങ്ങളോ ആരെങ്കിലുമുണ്ടെങ്കില്‍ അവരെക്കൊണ്ടു സാക്ഷ്യപ്പെടുത്തി വേണം ഏറ്റെടുക്കാന്‍. ഇവരാരുമില്ലെങ്കില്‍ പട്ടിക ഉണ്ടാക്കിയശേഷം സ്വതന്ത്രസാക്ഷികളുടെ സാന്നിധ്യത്തില്‍ ഏറ്റെടുക്കാം. സ്വതന്ത്രസാക്ഷികള്‍ രണ്ടുപേരെങ്കിലും വേണം.
സംഘത്തിലെയും അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍ ഓഫീസുകളിലെയും രേഖകളുടെ അടിസ്ഥാനത്തില്‍ സംഘത്തിന്റെ ആസ്‌തിബാധ്യതകളും രേഖകളും ഭരണസമിതിയംഗങ്ങള്‍, ജീവനക്കാര്‍ തുടങ്ങിയവരുടെ പേരും വിലാസവും ഉള്‍പ്പെടെയുള്ള വിവരങ്ങളും തയ്യാറാക്കണം.
സംഘത്തിന്റെ ആസ്‌തിവിവരങ്ങള്‍ ലിക്വിഡേറ്റര്‍ ചുമതലയേല്‍ക്കുമ്പോള്‍തന്നെ പ്രത്യേകരജിസ്റ്ററില്‍ എഴുതിസൂക്ഷിക്കണം.

സംഘം ആര്‍ക്കെങ്കിലും നല്‍കാനുള്ളതോ സംഘത്തിലേക്ക്‌ ആരില്‍നിന്നെങ്കിലും കിട്ടാനുള്ളതോ സംബന്ധിച്ച്‌ ഏതെങ്കിലും തരത്തിലുള്ള അവകാശവാദം ഉന്നയിക്കാനുണ്ടെങ്കില്‍ വിശദവിവരം രേഖാമൂലം 60ദിവസത്തിനകം ലിക്വഡേറ്ററെ അറിയിക്കണം എന്ന ക്ലെയിം നോട്ടീസ്‌ പ്രസിദ്ധീകരിക്കണം. ഇതു സംഘം പരിധിയിലെ താലൂക്ക്‌ഓഫീസ്‌, സര്‍ക്കിള്‍ സഹകരണയൂണിയന്‍ ഓഫീസ്‌, വില്ലേജ്‌ ഓഫീസ, അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍ ഓഫീസ്‌ എന്നിവിടങ്ങളില്‍ പ്രസിദ്ധീകരിക്കണം.ലിക്വിഡേറ്റര്‍ ചുമതലയേറ്റു 30 ദിവസത്തിനകം ആ തിയതിയിലെ ബാക്കിപത്രവും ആസ്‌തിബാധ്യതകളുടെയും രേഖകളുടെയും പട്ടികയും സഹിതം ജോയിന്റ്‌ രജിസ്‌ട്രാര്‍ക്കു റിപ്പോര്‍ട്ടു കൊടുക്കണം. ലഭ്യമായ കണക്കുകളും ഓഡിറ്റ്‌ സര്‍ട്ടിഫിക്കറ്റും പരിശോധിച്ചു സംഘത്തിനു കിട്ടാനുള്ളതും സംഘം കൊടുക്കാനുള്ളതുമായ ആസ്‌തിബാധ്യത കണക്കാക്കി അത്തരം സ്ഥാപനങ്ങള്‍, കേരളബാങ്ക്‌, സര്‍ക്കാര്‍ബാധ്യത എന്നിവയുടെ സ്ഥിരീകരണസര്‍ട്ടിഫിക്കറ്റിനായി മടക്കരശീത്‌ സഹിതം രജിസ്‌ട്രേഡ്‌ കത്ത്‌ അയക്കുകയോ നേരിട്ടു കൊടുത്തു കൈപ്പറ്റ്‌ രശീത്‌ വാങ്ങുകയോ ചെയ്യണം.
ലിക്വിഡേഷന്‍വിവരങ്ങള്‍ രേഖപ്പെടുത്താന്‍ താലൂക്കുതലത്തില്‍ ലിക്വിഡേഷന്‍ രജിസ്റ്റര്‍ സൂക്ഷിക്കണം. ഇതില്‍ രേഖപ്പെടുത്തിയ കാര്യങ്ങളുടെ കൃത്യത എല്ലാമാസവും ആദ്യആഴ്‌ച ജോയിന്റ്‌ രജിസ്‌ട്രാര്‍മാരുടെ അവലോകനത്തില്‍ പരിശോധിക്കണം.
ലിക്വിഡേറ്റര്‍ ചുമതലയേറ്റശേഷമുള്ള എല്ലാഇടപാടും യഥാസമയം നാള്‍വഴിയില്‍ രേഖപ്പെടുത്തണം. ക്ലെയിംപ്രകാരം കിട്ടുന്ന പണം യഥാസമയം ധനസഹായബാങ്കില്‍ ലിക്വിഡേറ്ററുടെ പേരില്‍ അക്കൗണ്ടു തുടങ്ങി അതില്‍ നിക്ഷേപിക്കണം.
ലിക്വിഡേഷന്‍പുരോഗതി വിശദമായി രജിസ്‌ട്രാര്‍ക്കു സമര്‍പ്പിക്കണം.
ലിക്വിഡേറ്റര്‍ സംഘത്തിനു കിട്ടാനുള്ള എല്ലാ തുകയും ഈടാക്കാന്‍ നടപടിയെടുക്കണം. ഇതിനായി ആര്‍ബിട്രേഷന്‍, റവന്യൂറിക്കവറി എന്നിവ അടക്കമുള്ള നിയമപ്രകാരമുള്ള നടപടികളും എടുക്കണം.

ലിക്വിഡേറ്ററുടെ സൂക്ഷിപ്പിലുള്ള ഫര്‍ണിച്ചര്‍ അടക്കമുള്ള സാധനങ്ങള്‍ മുഴുവന്‍ പരസ്യലേലം നടത്തി സംഘത്തിനു മുതല്‍ക്കൂട്ടണം. സ്ഥാവരജംഗമവസ്‌തുക്കളും നിയമാനുസൃതം ലേലം ചെയ്യണം.സ്ഥലം വില്‍ക്കാന്‍വേണ്ട എല്ലാ രേഖയും ലഭ്യമാക്കണം. ആധാരം, മുന്‍പ്രമാണം, പട്ടയം, 13/31 വര്‍ഷത്തില്‍ കുറയാത്ത ബാധ്യതാസര്‍ട്ടിഫിക്കറ്റ്‌, ഏറ്റവും ഒടുവിലത്തെ നികതിയടച്ച രശീത്‌, തണ്ടപ്പേര്‌, കരം അടച്ച രശീത്‌, താലൂക്ക്‌ സര്‍വേയര്‍ അളന്നുതിരിച്ചു കൃത്യമായി അതിര്‍ത്തികള്‍ രേഖപ്പെടുത്‌ിയ സ്‌കെച്ച്‌, ലൊക്കേഷന്‍സ്‌കെച്ച്‌ എന്നിവ ലഭ്യമാക്കണം. ബന്ധപ്പെട്ട താലൂക്ക്‌ അധികാരികളില്‍നിന്നോ ഫെയര്‍വാല്യു അനുസരിച്ചുള്ള സ്ഥലത്തിന്റെ വാല്യുവേഷന്‍ സര്‍ട്ടിഫിക്കറ്റോ ലഭ്യമാക്കണം. വസ്‌തുവിവരങ്ങള്‍, ലേലത്തിയതി, സമയം,സ്ഥലം എന്നിവയടങ്ങിയ ലേലനോട്ടീസ്‌ തയ്യാറാക്കണം. ലേലത്തിയതിക്കു 15ദിവസംമുമ്പു സ്ഥാവരവസ്‌തുവുള്ള പ്രദേശത്തു പ്രചാരമുള്ള രണ്ടു പത്രങ്ങളിലും സ്ഥലത്തെ സബ്‌രജിസ്‌ട്രാര്‍ ഓഫീസിലും വില്ലേജോഫീസിലും പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും പരസ്യം ചെയ്യണം. സമൂഹമാധ്യമങ്ങളും ഉപയോഗിക്കാം. വാല്യുവേഷന്‍ സര്‍ട്ടിഫിക്കറ്റിലെ വില അടിസ്ഥാനമാക്കിയാണു ലേലം തുടങ്ങേണ്ടത്‌. പങ്കെടുക്കുന്നവരുടെ ഹാജര്‍ രേഖപ്പെടുത്തണം. കൂടുതല്‍ തുക വിളിക്കുന്നയാള്‍ക്കു സ്ഥിരപ്പെടുത്തണം.അയാള്‍ അപ്പോള്‍തന്നെ തുകയുടെ 15% ലിക്വിഡേറ്ററുടെ പേരില്‍ അടക്കണം;ബാക്കി 30ദിവസത്തിനുള്ളിലും. ഇല്ലെങ്കില്‍ നിരതദ്രവ്യം കണ്ടുകെട്ടണം. മുഴുവന്‍തുകയും അടച്ചു നടപടി പൂര്‍ത്തിയാക്കിയെങ്കില്‍ വിശദറിപ്പോര്‍ട്ടുസഹിതം ലേലസ്ഥിതീകരണത്തിനു ജോയിന്റ്‌ രജിസ്‌ട്രാര്‍ക്ക്‌/രജിസ്‌ട്രാര്‍ക്ക്‌ അപേക്ഷിക്കണം. സ്ഥിതീകരിച്ചാല്‍ ലേലംകൊണ്ടയാള്‍ക്കു വസ്‌തു രജിസ്റ്റര്‍ ചെയ്‌തുകൊടുക്കാം.

ബാധ്യത തീര്‍ക്കാനുള്ള പണം സ്വരൂപിക്കാനായില്ലെങ്കില്‍ സര്‍ക്കാര്‍ബാധ്യതകളും കേരളബാങ്കുബാധ്യതകളും ഒഴികെയുള്ളവ എഴുതിത്തള്ളാന്‍ ജോയിന്റ്‌ രജിസ്‌ട്രാര്‍ക്ക്‌/രജിസ്‌ട്രാര്‍ക്ക്‌ അപേക്ഷിക്കാം. അപേക്ഷ കിട്ടിയാല്‍ അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍മാരും (ജനറല്‍) ജോയിന്റ്‌ രജിസ്‌ട്രാര്‍മാരും (ജനറല്‍) അതില്‍ ശുപാര്‍ശ എഴുതുകയും അതുവരെയുള്ള ലിക്വിഡേറ്ററുടെ നടപടിക്രമങ്ങള്‍ എ.ഇ.എല്‍. ഓഡിറ്റ്‌ നടത്തി കൃത്യത ഉറപ്പാക്കുകയും ചെയ്യണം. ആസ്‌തിബാധ്യതകള്‍ ഈടാക്കാനോ തീര്‍ക്കാനോ പറ്റില്ലെന്നു ബോധ്യമായാല്‍ എഴുതിത്തള്ളാം.തിരിച്ചടക്കാനാവാത്ത സര്‍ക്കാര്‍ബാധ്യതകള്‍ താലൂക്കിലെ പൊതുലിക്വിഡേഷന്‍ ഫണ്ടിലെ പണംകൊണ്ടു തീര്‍ക്കാന്‍ അപേക്ഷിക്കണം. അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍ (ജനറല്‍) മുഖേന ജോയിന്റ്‌ രജിസ്‌ട്രാര്‍ (ജനറല്‍) ക്കാണ്‌ അപേക്ഷിക്കേണ്ടത്‌. ഫണ്ടി്‌ല്‍ വേണ്ടത്ര പണമില്ലെങ്കില്‍ ജില്ലയിലെ മറ്റുതാലൂക്കുകളിലെ ഫണ്ടില്‍നിന്നു പണം ഉപയോഗിക്കാന്‍ ഇങ്ങനെ അപേക്ഷിക്കണം.സര്‍ക്കാര്‍ഓഹരിയും വായ്‌പയും എഴുതിത്തള്ളാന്‍ ജില്ലയിലെ കോമണ്‍ ലിക്വിഡേഷന്‍ഫണ്ടില്‍ പണമില്ലെങ്കില്‍ എഴുതിത്തള്ളാന്‍ സഹകരണസംഘംരജിസ്‌ട്രാര്‍മുഖേന സര്‍ക്കാരിനോട്‌ അപേക്ഷിക്കണം.ധനസഹായബാങ്ക്‌ ഉള്‍പ്പെടെ മറ്റുധനകാര്യസ്ഥാപനങ്ങളില്‍ പണംകൊടുക്കാനാകാതെയുണ്ടെങ്കില്‍ എഴുതിത്തള്ളാനും ഇങ്ങനെ അപേക്ഷിക്കണം.


ലിക്വിഡേറ്റര്‍ ഈടാക്കിയെടുക്കുന്ന കളക്ഷന്റെ 15% ട്രഷറിവഴി സര്‍ക്കാരില്‍ അടക്കണം. ബാക്കി 5% ലിക്വിഡേഷന്റെ കണ്ടിജന്റ്‌ ചാര്‍ജിനു ചെലവാക്കാം. സര്‍ക്കാര്‍ബാധ്യത തീര്‍ക്കാനായിരിക്കണം മുന്‍ഗണന. തുടര്‍ന്നു മറ്റുള്ളവരുടെതു തീര്‍ക്കാം.
സര്‍ക്കാര്‍ബാധ്യതകള്‍ എഴുതിത്തള്ളാന്‍ അനുമതി കിട്ടിയാല്‍ അതു ബാക്കിപത്രത്തില്‍നിന്നു തട്ടിക്കിഴിച്ച്‌ ബാധ്യത ഒഴിവാക്കാം.എല്ലാ ആസ്‌തിബാധ്യതയും തീര്‍ത്താല്‍ സീറോ ബാലന്‍സ്‌ ഷീറ്റ്‌ തയ്യാറാക്കണം. അപ്പോള്‍ അതുവരെ ചെയ്‌ത ലിക്വിഡേഷന്‍ നടപടിക്രമങ്ങള്‍ എ.ഇ.എല്‍ ഓഡിറ്റിനു വിധേയമാക്കണം. അതില്‍ ലിക്വിഡേറ്റര്‍ അതുവരെ ചെയ്‌ത പ്രവര്‍ത്തനങ്ങളും സ്വരൂപിച്ച തുകകളുടെ വിവരങ്ങളും ലിക്വിഡേറ്ററുടെ മിനിറ്റ്‌സും സാക്ഷ്യപ്പെടുത്തണം. ഓഡിറ്റില്‍ ന്യൂനതയുണ്ടെങ്കില്‍ അതു പരിഹരിച്ചു സാക്ഷ്യപ്പെടുത്തണം.
തുടര്‍ന്നു വില്ലേജോഫീസിലും താലൂക്കോഫീസിലും കേരളബാങ്കിലുമൊക്കെ 15ദിവസത്തെ നോട്ടീസ്‌ പരസ്യപ്പെടുത്തി പൊതുയോഗം വിളിച്ച്‌ അതുവരെയുള്ള പ്രവര്‍ത്തനങ്ങളും കണക്കും അവതരിപ്പിക്കണം. അതിനു കോറം ബാധകമല്ല.

എല്ലാബാധ്യതയും ഒടുക്കിയശേഷമുള്ള തുക ധനസഹായബാങ്കില്‍ രണ്ടുകൊല്ലത്തേക്കു നിക്ഷേപിക്കണം. അതുകഴിഞ്ഞാലുടന്‍ ലിക്വിഡേറ്ററുടെ അപേക്ഷപ്രകാരം അതു താലൂക്ക്‌ അസിസ്റ്റന്റ്‌ രജിസ്‌ട്രാറുടെ (ജനറല്‍) പേരിലുള്ള കോമണ്‍ ലിക്വിഡേഷന്‍ ഫണ്ടില്‍ നിക്ഷേപിക്കണം.അന്തിമപൊതുയോഗം കഴിഞ്ഞു സംഘംപ്രവര്‍ത്തനം നിര്‍ത്തി എല്ലാഫയലും അസിസ്റ്റന്റ്‌ രജിസ്‌ട്രാറുടെ (ജനറല്‍) ശുപാര്‍ശയും അതുവരെയുള്ള നടപടികളുടെ സൂചനയും സഹിതം രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ ജോയിന്റ്‌ രജിസ്‌ട്രാര്‍ക്ക്‌ അപേക്ഷ കൊടുക്കണം. അദ്ദേഹമോ രജിസ്‌ട്രാറോ 30ദിവസത്തിനകം രജിസ്‌ട്രേഷന്‍ റദ്ദാക്കണം. ഉത്തരവു ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയും വേണം. സംഘത്തിന്റെ രേഖകള്‍ മൂന്നുകൊല്ലംകൂടി ലിക്വിഡേറ്റര്‍ സൂക്ഷിക്കണം. അതിനുശേഷം ജോയിന്റ്‌ രജിസ്‌ട്രാറുടെ/രജിസ്‌ട്രാറുടെ അനുവാദത്തോടെ നശിപ്പിക്കാം.

Moonamvazhi

Authorize Writer

Moonamvazhi has 625 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!