6 സംഘങ്ങളില്‍ ലിക്വിഡേറ്റര്‍മാരായി; 13സംഘങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി
ആലപ്പുഴജില്ലയില്‍ നാലും മലപ്പുറം ജില്ലയില്‍ രണ്ടും ഉള്‍പ്പെടെ പ്രവര്‍ത്തനരഹിതമായ ആറു സഹകരണസംഘങ്ങളില്‍ ലിക്വിഡേറ്റര്‍മാരെ നിയമിച്ചു. ലിക്വിഡേഷന്‍ പൂര്‍ത്തിയായതിനെത്തുടര്‍ന്നു വിവിധ ജില്ലകളിലായി 13 സംഘങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ ഒരു സംഘത്തില്‍ പണം കിട്ടാനുള്ളവര്‍ സമീപിക്കണമെന്ന നോട്ടീസും എറണാകുളം ജില്ലയിലെ ഒരു സംഘത്തില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതില്‍ എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കണമെന്ന നോട്ടീസും പ്രസിദ്ധീകരിച്ചു.
ആലപ്പുഴ ജില്ലയിലെ 2136-ാംനമ്പര്‍ വള്ളികുന്നം സര്‍വീസ് സഹകരണസംഘത്തില്‍ ലിക്വിഡേറ്ററായി മാവേലിക്കര അസിസ്റ്റന്റ് രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ നൂറനാട് യൂണിറ്റ് ഇന്‍സ്‌പെക്ടറെ നിയമിച്ചു. 1998മുതല്‍ സംഘം അഡ്‌മിനിസ്‌ട്രേറ്റീവ് ഭരണത്തിലാണ്. ജീവനക്കാരും ഭരണസമിതിയുമില്ലെന്നും കേരളബാങ്കിന്റെ ചൂനാട് ശാഖയില്‍ 6,27166 രൂപ കടമുണ്ടെന്നും 12633രൂപ ഓഡിറ്റ് ഫീസ് അടക്കാനുണ്ടെന്നും വള്ളികുന്നം വില്ലേജില്‍ സംഘത്തിനു 5.4 ആര്‍സ് സ്ഥലമുണ്ടെന്നും തഴക്കര യൂണിറ്റ് ഇന്‍സ്‌പെക്ടറുടെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ലിക്വിഡേഷനുമുമ്പ് ആക്ഷേപം ബോധിപ്പിക്കാന്‍ നോട്ടീസ് ഇറക്കിയപ്പോള്‍ ഇക്കൊല്ലം മാര്‍ച്ച് 20ലെ കണക്കുപ്രകാരം 1545659 രൂപ കിട്ടാനുണ്ടെന്നു കേരളാബാങ്ക് പറഞ്ഞു. അംഗങ്ങള്‍ക്കാര്‍ക്കും പുനരുജ്ജീവിപ്പിക്കാന്‍ താല്‍പര്യമില്ല. ഈ സാഹചര്യത്തിലാണു ലിക്വിഡേറ്ററെ നിയമിച്ചത്.
മുഹമ്മ പഞ്ചായത്ത് പട്ടികജാതി സര്‍വീസ് സഹകരണസംഘം (ക്ലിപ്‌തം എ 762) ത്തില്‍ ലിക്വിഡേറ്ററെ നിയമിച്ചു. ചേര്‍ത്തല അസിസ്റ്റന്റ് രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ മുഹമ്മ യൂണിറ്റ് ഇന്‍സ്‌പെക്ടറാണു ലിക്വിഡേറ്റര്‍. 1982 മാര്‍ച്ച് ഏഴിനു തുടങ്ങിയ സംഘമാണ്. വര്‍ഷങ്ങളായി പ്രവര്‍ത്തനമില്ല. പുനരുജ്ജീവിപ്പിക്കാന്‍ ഒരു സാധ്യതയുമില്ലാത്തതിനാല്‍ ലിക്വിഡേറ്റ് ചെയ്യാവുന്നതാണെന്ന പരിശോധനാറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു ലിക്വിഡേറ്ററെ വച്ചത്.കലവൂര്‍ വനിതാ കണ്‍സ്യൂമര്‍ സഹകരണസംഘം എ 763ന്റെ ലിക്വിഡേറ്ററായി അമ്പലപ്പുഴ അസിസ്റ്റന്റ് രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ മണ്ണഞ്ചേരി യൂണിറ്റ് ഇന്‍സ്‌പെക്ടറെ നിയമിച്ചു. 1982 മെയ് 11നു തുടങ്ങിയ സംഘമാണ്. പിന്നീടു നിര്‍ജീവമായി. ജീവനക്കാരും ഭരണസമിതിയുമില്ലെന്നും ആര്‍ക്കും ഏറ്റെടുക്കാന്‍ താല്‍പര്യമില്ലെന്നും പരിശോധനാറിപ്പോര്‍ട്ടില്‍ പറയുന്നു.എ711-ാം നമ്പര്‍ ആലപ്പുഴ ടൗണ്‍ സര്‍വീസ് സഹകരണസംഘത്തിന്റെ ലിക്വിഡേറ്ററായി അമ്പലപ്പുഴ അസിസ്റ്റന്റ് രജിസ്‌ട്രാര്‍ (ജനറല്‍ ) ഓഫീസിലെ ആലപ്പുഴ യൂണിറ്റ് ഇന്‍സ്‌പെക്ടറെ നിയമിച്ചു. 1980 മെയ് 30നു രജിസ്റ്റര്‍ ചെയ്‌തു ജൂണ്‍ 30നു തുടങ്ങിയ സംഘമാണ്. നിര്‍ജീവമായതുമൂലം 2001 നവംബര്‍ 24ന് അഡ്‌മിനിസ്‌ട്രേറ്റീവ് ഭരണത്തിലായി. പരിശോധനയില്‍ 1995-96വരെ മാത്രമേ ഓഡിറ്റ് നടന്നിട്ടുള്ളൂവെന്നും 1991-92ലെ സര്‍ട്ടിഫിക്കറ്റു മാത്രമാണു പരിശോധനക്കു കിട്ടിയതെന്നും ഓഹരിയിനത്തില്‍ 1,11,958 രൂപയും നിക്ഷേപമിനിത്തില്‍ 1,52,831.667 രൂപയും കേരളബാങ്ക് വായ്‌പയിനത്തില്‍ 3,32,136 രൂപയും കൊടുക്കാനുണ്ടെന്നും കേരളബാങ്കില്‍ 35,555രൂപ നിക്ഷേപവും 83,854 രൂപ കരുതല്‍ധനവും 3,69050രൂപയുടെ ഓഹരിയും ഉണ്ടെന്നും വ്യക്തമായി. തുടര്‍ന്നു കേരളബാങ്കിന്റെ സ്ഥിരീകരണപ്രകാരം എസ്.ബി അക്കൗണ്ടില്‍ 31350രൂപയും കരുതല്‍ ധനമായി 83854 രൂപയും ഓഹരിയായി 35700രൂപയും ട്രഷറിനിക്ഷേപമായി രണ്ടുലക്ഷം രൂപയും റ്റിഎസ്‌ബി അക്കൗണ്ടില്‍ 512376രൂപയും ഉണ്ടെന്നും 3357701 രൂപ വായ്‌പ തിരിച്ചടക്കാനുണ്ടെന്നും കണ്ടു. പഴവീട് വില്ലേജില്‍ എട്ടുസെന്റ് ഭൂമി സംഘത്തിനുണ്ട്. ഭരണസമിതിയും ജീവനക്കാരുമില്ലാത്തതിനാലും ആരും ഏറ്റെടുക്കാന്‍ തയ്യാറല്ലാത്തതിനാലും ലിക്വിഡേറ്റ് ചെയ്യാമെന്നു പരിശോധനാറിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്‌തു. 2025 മാര്‍ച്ച് 20ലെ കണക്കുപ്രകാരം 34,17,130രൂപ കിട്ടാനുണ്ടെന്നു കേരളബാങ്ക് അറിയിച്ചിട്ടുണ്ട്.
മലപ്പുറം ജില്ലയിലെ സെന്‍ട്രല്‍ കോഓപ്പറേറ്റീവ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലും (ക്ലിപ്‌തം നമ്പര്‍ എം 695)ലിക്വിഡേറ്ററെ നിയമിച്ചു. പെരിന്തല്‍മണ്ണ അസിസ്റ്റന്റ് രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ മേലാറ്റൂര്‍ യൂണിറ്റ് ഇന്‍സ്‌പെക്ടറെയാണു നിയമിച്ചിട്ടുള്ളത്. ഏറെക്കാലമായി കോളേജ് പ്രവര്‍ത്തിക്കുന്നില്ല. രേഖകളുമായി വരാന്‍ ഒടുവിലത്തെ ഭരണസമിതിയിലെ ഒമ്പതുപേര്‍ക്കു നോട്ടീസ് അയച്ചെങ്കിലും വന്നില്ല. ഭരണസമിതിയും ഓഫീസും ജീവനക്കാരുമില്ലെന്നും സംഘവുമായി ബന്ധപ്പെട്ട ആരെയും നേരില്‍ കാണാനായില്ലെന്നും ബുക്കും രേഖയുമൊന്നും പരിശോധനക്കു കിട്ടിയില്ലെന്നും പരിശോധനാറിപ്പോര്‍ട്ടിലുണ്ട്. കരിങ്കല്ലത്താണിയിലായിരുന്നു കോളേജ്.മലപ്പുറംജില്ലയിലെ വണ്ടൂര്‍ എംപ്ലോയീസ് ആന്റ് പെന്‍ഷണേഴ്‌സ് സഹകരണ കണ്‍സ്യൂമര്‍ സ്റ്റോര്‍ (ക്ലിപ്‌തം നമ്പര്‍ എം 644) ലിക്വിഡേറ്ററായി നിലമ്പൂര്‍ അസിസ്റ്റന്റ് രജിസ്‌ട്രാര്‍ ഓഫീസിലെ വണ്ടൂര്‍ യൂണിറ്റ് ഇന്‍സ്‌പെക്ടറെ നിയമിച്ചു. 2001 ഡിസംബര്‍ 13 രജിസ്റ്റര്‍ ചെയ്‌തു 2002 ജനുവരി ഏഴിനു തുടങ്ങിയ സംഘമാണ്. നിര്‍ജീവമാണ്. 2,11,736 രൂപ അറ്റനഷ്ടമുണ്ട്. പുനരുജ്ജീവിപ്പിക്കാന്‍ ഒരു സാധ്യതയുമില്ലെന്നു പരിശോധനയില്‍ വ്യക്തമായി.
കോട്ടയം ജില്ലയില്‍ കെ 1163-ാം നമ്പര്‍ കോട്ടയം താലൂക്ക് പ്രൊഫഷണല്‍ സെല്‍ഫ് എംപ്ലോയീസ് ആന്റ് സ്‌കില്‍ഡ് വര്‍ക്കേഴ്‌സ് വെല്‍ഫയര്‍ സഹകരണസംഘത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി. ലിക്വിഡേഷന്‍ പൂര്‍ത്തിയായതിനെത്തുടര്‍ന്നാണിത്. ഒരു വിധത്തിലും ഈടാക്കാന്‍ കഴിയാത്ത ആസ്‌തികളും തീര്‍ക്കാന്‍ കഴിയാത്ത ബാധ്യതകളും എഴുതിത്തള്ളുകയും കണ്ടുകെട്ടുകയും ചെയ്‌തിരുന്നു. തുടര്‍ന്നു പൊതുയോഗം രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതിന് അംഗീകാരം നല്‍കി.ഇടുക്കി ജില്ലയിലെ ഐ 427-ാം നമ്പര്‍ തേര്‍ഡ് ക്യാമ്പ് ജനറല്‍ മാര്‍ക്കറ്റിങ് സഹകരണസംഘത്തിന്റെയും രജിസ്‌ട്രേഷന്‍ റദ്ദാക്കി. ഈടാക്കാനും തീര്‍ക്കാനും പറ്റാത്ത ആസ്‌തിബാധ്യതകള്‍ എഴുതിത്തള്ളി ലിക്വിഡേഷന്‍ പൂര്‍ത്തിയായതിനെത്തുടര്‍ന്നാണിത്.
കെ 377-ാംനമ്പര്‍ മലനാട് സഹകരണഡിസ്‌പെന്‍സറി സംഘത്തിന്റെ രജിസ്‌ട്രേഷനും ലിക്വിഡേഷന്‍ പൂര്‍ത്തിയാക്കി റദ്ദു ചെയ്‌തു. സര്‍ക്കാരിനു കൊടുക്കാനുണ്ടായിരുന്ന് 29885 രൂപ പൊതുലിക്വിഡേഷന്‍ഫണ്ടില്‍നിന്നു കൊടുത്തു. നിവൃത്തിയില്ലാത്ത മറ്റ് ആസ്‌തിബാധ്യതകള്‍ എഴുതിത്തള്ളി.മലപ്പുറം ജില്ലയിലെ സെന്‍ട്രല്‍ കോഓപ്പറേറ്റീവ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് (ക്ലിപ്‌തം നമ്പര്‍ എം 695)ന്റെയും രജിസ്‌ട്രേഷന്‍ റദ്ദാക്കി.കാസര്‍ഗോഡ് ജില്ലയിലെ റിട്ടയേര്‍ഡ് എംപ്ലോയീസ് വെല്‍ഫയര്‍ സഹകരണസംഘത്തിന്റെയും (ക്ലിപ്‌തം നമ്പര്‍ എസ് 456) രജിസ്‌ട്രേഷന്‍ ലിക്വിഡേഷന്‍ പൂര്‍ണമായതിനാല്‍ റദ്ദാക്കി.കാസര്‍ഗോഡ് ജില്ലാ ഹൈസ്‌കൂള്‍ ടീച്ചേഴ്‌സ് വെല്‍ഫയര്‍ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ എസ് 367)രജിസ്‌ട്രേഷനും ലിക്വിഡേഷന്‍ സമാപ്‌തീകരണഉത്തരവിന്റെ അടിസ്ഥാനത്തില്‍ റദ്ദുചെയ്‌തു.
മഞ്ചേശ്വരം ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ എസ് 497) രജിസ്‌ട്രേഷനും റദ്ദാക്കി. 2013 ജൂണ്‍ 23നു പ്രവര്‍ത്തനം തുടങ്ങിയ സംഘത്തിനു മീഞ്ച ഗ്രാമപഞ്ചായത്ത് ഒഴികെ കാസര്‍ഗോഡ് ജില്ല മുഴുവന്‍ പ്രവര്‍ത്തനപരിധിയുണ്ടായിരുന്നു. 2020 ജനുവരി 29നു ഭരണസമിതിയുടെ കാലാവധി തീര്‍ന്നു. തുടര്‍ന്നു ഭരണസമിതിയോ അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മറ്റിയോ ഉണ്ടായിരുന്നില്ല. പ്രാരംഭഓഹരിമൂലധനം പിരിച്ചെടുത്തതല്ലാതെ പ്രവര്‍ത്തനമൊന്നും നടത്തിയിരുന്നില്ലെന്നു രജിസ്‌ട്രേഷന്‍ റദ്ദാക്കിയ ഉത്തരവു വിജ്ഞാപനത്തില്‍ പറയുന്നു.ഉദുമ സഹകരണ ഡിസ്‌പന്‍സറി സംഘത്തിന്റെയും (ക്ലിപ്‌തം നമ്പര്‍ സി 940 ) രജിസ്‌ട്രേഷന്‍ റദ്ദു ചെയ്‌തു. 1984 ഡിസംബര്‍ 22നു പ്രവര്‍ത്തനം തുടങ്ങിയതാണ്. 1999-2000വരെയുള്ള ഓഡിറ്റ് മാത്രമാണു പൂര്‍ത്തിയാക്കിയത്.മലബാര്‍ ടൂറിസം ഡവലപ്‌മെന്റ് സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ എല്‍ 373) രജിസ്‌ട്രേഷനും റദ്ദാക്കി. കൊടുക്കാനാവാത്തതിനാല്‍ 19015 രൂപയുടെ ബാധ്യതകള്‍ കണ്ടുകെട്ടിയിരുന്നു.
കാസര്‍ഗോഡ് ജില്ലാ ടെമ്പിള്‍ എംപ്ലോയീസ് വര്‍ക്കേഴ്‌സ് സഹകരണസംഘത്തിന്റെയും (ക്ലിപ്‌തം നമ്പര്‍ എസ് 344) രജിസ്‌ട്രേഷന്‍ റദ്ദാക്കി. കാഞ്ഞങ്ങാട് ആസ്ഥാനമായി 2003 മാര്‍ച്ച് ഏഴിനു രജിസ്റ്റര്‍ ചെയ്‌ത സംഘമാണ്.
കാസര്‍ഗോഡ് ജില്ലയിലെ ജില്ലാ ടൂറിസം ഡവലപ്‌മെന്റ് സഹകരണസംഘത്തിന്റെയും (ക്ലിപ്‌തം നമ്പര്‍ എസ് 454) രജിസ്‌ട്രേഷന്‍ റദ്ദായി. പടന്ന ആസ്ഥാനമായി 2012 മെയ് 23നു തുടങ്ങിയ സംഘമാണ്.പീലിക്കോട് സഹകരണസ്‌റ്റോറിന്റെയും (ക്ലിപ്‌തം നമ്പര്‍ 933) കാസര്‍ഗോഡ് താലൂക്ക് ഓട്ടോറിക്ഷാ ഡ്രൈവേഴ്‌സ് സഹകരണസംഘത്തിന്റെയും (ക്ലിപ്‌തം നമ്പര്‍ സി 571) രജിസ്‌ട്രേഷനും റദ്ദാക്കിയിട്ടുണ്ട്.ലിക്വിഡേഷനിലിരിക്കുന്ന തിരുവനന്തപുരം ജില്ലയിലെ നെഹ്‌റു മെമേമോറിയല്‍ സംയോജിത കയര്‍ വ്യവസായസഹകരണസംഘത്തില്‍നിന്നു (ലിമിറ്റഡ് നമ്പര്‍ ടി 1126) ആര്‍ക്കെങ്കിലും പണം കിട്ടാനുണ്ടെങ്കില്‍ 60ദിവസത്തിനകം തെളിവുസഹിതം തന്നെ സമീപിക്കണമെന്നു ചിറയിന്‍കീഴ് കയര്‍ പ്രോജക്ട് ഓഫീസിലെ ലിക്വിഡേഷന്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ജൂണ്‍ 16 തിയതിവച്ച് ജൂലൈ ഒന്നിലെ ഗസറ്റില്‍ പ്രസിദ്ധീകരിച്ചഅറിയിപ്പിലാണിത്.
എറണാകുളം ജില്ലയിലെ ഇ-269-ാം നമ്പര്‍ എസ്‌ബിഐ സ്റ്റാഫ് ഹൗസിങ് സഹകരണസംഘത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതില്‍ ആര്‍ക്കെങ്കിലും ആക്ഷേപമുണ്ടെങ്കില്‍ 30ദിവസത്തിനകം രേഖാമൂലം തന്നെ അറിയിക്കണമെന്നു ലിക്വിഡേറ്റര്‍ മെയ് 24 തിയതിവച്ചു ജൂലൈ ഒന്നിലെ ഗസറ്റിലെ വിജ്ഞാപനത്തില്‍ അറിയിച്ചു. കൊച്ചി സഹകരണസംഘം അസിസ്റ്റന്റ് രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ മട്ടാഞ്ചേരി യൂണിറ്റ് ഇന്‍സ്‌പെക്ടറാണു ലിക്വിഡേറ്റര്‍. ക്ലെയിംനോട്ടീസ് ഇറക്കിയെങ്കിലും ആരും വന്നില്ലെന്നും കിട്ടാനുള്ളതും കൊടുക്കാനുള്ളതുമായ തുക സംബന്ധിച്ചു കണക്കോ രജിസ്‌റ്ററുകളോ ആസ്‌തികബാധ്യതകളുടെ രേഖകളോ ലഭ്യമല്ലെന്നും പുനരുദ്ധരിക്കാന്‍ ഒരു സാഹചര്യവും ഇല്ലെന്നും അറിയിപ്പില്‍ പറയുന്നു.