ക്ഷാമബത്ത ഉടന്‍ നല്‍കണം:കെ.സി.ഇ.എഫ്
സഹകരണജീവനക്കാര്‍ക്ക് ഉടൻ ക്ഷാമബത്ത നല്‍കണമെന്നു കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് (കെ.സി.ഇ.എഫ്) സംസ്ഥാനകമ്മറ്റി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ജീവനക്കാര്‍ക്ക് അനുവദിച്ച ക്ഷാമബത്ത രണ്ടുമാസമായിട്ടും സഹകരണജീവനക്കാര്‍ക്ക് അനുവദിച്ചിട്ടില്ല. മൂന്നു ശമ്പളപരിഷ്‌കരണങ്ങളില്‍ ഡി.എ. ലയിപ്പിച്ചതിലുള്ള വ്യത്യാസംമൂലം സര്‍ക്കാര്‍ജീവനക്കാര്‍ക്കു നല്‍കിയ മൂന്നുശതമാനം നിരക്കിനെക്കാള്‍ മൂന്നുശതമാനംകൂടി ഉയര്‍ന്ന നിരക്കിനു സഹകരണജീവനക്കാര്‍ക്ക് അര്‍ഹതയുണ്ട്. സര്‍ക്കാരിന് ഒരുരൂപയുടെയും ബാധ്യതവരാത്ത ഈ ഫയല്‍ സഹകരണവകുപ്പ് അംഗീകരിച്ചിട്ടും ധനവകുപ്പില്‍ നടപടി വൈകുകയാണ്. ധനവകുപ്പിന്റെ സേവനപെന്‍ഷന്‍ കാര്യക്ഷമമായി വിതരണം ചെയ്യുന്ന സഹകരണജീവനക്കാരോടു ചിറ്റമ്മനയം കാട്ടുകയാണ്. ഇത് ഉടന്‍ അവസാനിപ്പിച്ചില്ലെങ്കില്‍ പ്രത്യാഘാതമുണ്ടാകുമെന്നു യോഗം മുന്നറിയിപ്പു നല്‍കി.
സംസ്ഥാനപ്രസിഡന്റ് എം. രാജു അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ഇ.ഡി. സാബു, ട്രഷറര്‍ കെ.കെ. സന്തോഷ്, സി. ശ്രീകല, ടി.സി. ലൂക്കോസ്, സി.കെ. മുഹമ്മദ് മുസ്തഫ, ടി.വി. ഉണ്ണിക്കൃഷ്ണന്‍, സി.വി. അജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.