കേരളബാങ്കിന് 8.10%മുതല്‍ 8.85%വരെ പലിശയുള്ള 400ദിന പ്രത്യേക നിക്ഷേപപദ്ധതി
കേരളബാങ്ക് നിലവിലുള്ള സ്ഥിരനിക്ഷേപസ്‌കീമുകള്‍ക്കുപുറമെ പുതിയൊരു നിക്ഷേപപദ്ധതികൂടി തുടങ്ങി. 400ദിവസത്തേക്കുള്ള വിവിധ സ്ഥിരനിക്ഷേപങ്ങള്‍ക്ക് 8.10%മുതല്‍ 8.85 %വരെ പലിശലഭിക്കുന്ന പദ്ധതിയാണിത്. മാര്‍ച്ച് 21മുതല്‍ ഏപ്രില്‍മൂന്നുവരെ നടത്തുന്ന നിക്ഷേപങ്ങള്‍ക്കുമാത്രമാണ് ഈ പലിശനിരക്കുകള്‍ ലഭിക്കുക. റീട്ടെയില്‍ നിക്ഷേപമായ 15ലക്ഷംരൂപവരെയുള്ള നിക്ഷേപങ്ങള്‍ക്ക് 8.10 ശതമാനവും, 15ലക്ഷംമുതല്‍ അഞ്ചുകോടിയില്‍താഴെവരെയുള്ള ബള്‍ക്ക് നിക്ഷേപങ്ങള്‍ക്ക് 8.60 ശതമാനവും അഞ്ചുകോടിയും അതിനുമുകളിലുമുള്ള ബള്‍ക്ക് നിക്ഷേപങ്ങള്‍ക്ക് 8.85ശതമാനവും ആണ് ഈ 400ദിനനിക്ഷേപത്തിന്റെ പലിശനിരക്ക്. സഹകരണനിക്ഷേപസമാഹരണയജ്ഞം അവസാനിക്കുന്നതും ഏപ്രില്‍മൂന്നിനാണെന്നതു ശ്രദ്ധേയമാണ്. സഹകരണസംഘങ്ങളും മുതര്‍ന്നപൗരരും ജീവനക്കാരും ഉള്‍പ്പെടെ എല്ലാവിഭാഗം ഉപഭോക്താക്കള്‍ക്കും ഈ പലിശനിരക്കു ബാധകമായിരിക്കും.
ബാങ്കിലുള്ള സ്ഥിരനിക്ഷേപങ്ങള്‍ കാലാവധിയെത്തുംമുമ്പേ ഒരുശതമാനം പിഴയോടെ പിന്‍വലിക്കാന്‍ അനുവദിക്കുന്നതാണ്. 45-ാമത് സഹകരണനിക്ഷേപസമാഹരണയജ്ഞത്തില്‍ കാര്യമായ നേട്ടമുണ്ടാക്കാനായില്ലെന്നു തങ്ങള്‍ അംഗീകരിക്കുന്നതായി പുതിയ പലിശനിരക്കു സംബന്ധിച്ച അറിയിപ്പില്‍ പറയുന്നു. അതുകൊണ്ടു റീജിയണ്‍ മേധാവികള്‍ പരമാവധി നിക്ഷേപം സമാഹരിക്കാന്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കണമെന്നും അറിയി്‌പ്പിലുണ്ട്. എല്ലാ അംഗസംഘങ്ങളെയും പുതിയ സ്‌കീമിനെപ്പറ്റി അറിയിക്കുകയും ശാഖകളില്‍ വളരെ പ്രാധാന്യത്തോടെ ഈ വിവരം പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നകാര്യം ഉറപ്പുവരുത്തണമെന്നും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ നിര്‍ദേശിച്ചു.