KCEF സെക്രട്ടറിയറ്റ് മാർച്ചും ധർണ്ണയും നാളെ
കേരള കോ. ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ (ബുധൻ) രാവിലെ 10 മണിക്ക് സെക്രട്ടറിയറ്റ് മാർച്ചും ധർണ്ണയും നടത്തും. എം. എൽ. എ. കോർട്ടേഴ്‌സിനു മുമ്പിൽനിന്നും ആരംഭിക്കുന്ന മാർച്ചിൽ എല്ലാജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വനിതാ പ്രതിനിധികൾ ഉൾപ്പെടെ 1500 ലധികം ജീവനക്കാർ പങ്കെടുക്കും.
കേന്ദ്ര -കേരള സർക്കാരുകളുടെ സഹകരണ മേഖലയെ തകർക്കുന്ന നയങ്ങൾക്കെതിരെയാണ് മാർച്ച് സംഘടിപ്പിക്കുന്നത്. കെ. പി. സി. സി. പ്രസിഡന്റ് കെ. സുധാകരൻ എം. പി. ധർണ്ണ ഉദ്ഘാടനം ചെയ്യും. സഹകരണ ജനാധിപത്യവേദി സംസ്ഥാന ചെയർമാൻ കരകുളം കൃഷ്ണപിള്ള മാർച്ച് ഫ്ലാഗ് ഓഫ് ചെയ്യും. എം. എൽ. എ മാർ, എം. പി. മാർ, കെ. പി. സി. സി. ഭാരവാഹികൾ എന്നിവർ പങ്കെടുക്കും.
സഹകരണ മേഖലയുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കുക, ജീവനക്കാരുടെ പ്രൊമോഷൻ സാധ്യത ഇല്ലാതാക്കുന്ന ചട്ടം 185(2), ABC 185(10)ഭേദഗതി പിൻവലിക്കുക,ക്ഷാമബത്ത കുടിശ്ശിക അഞ്ചു ഗഡ്ഡു അനുവദിക്കുക, സാമൂഹ്യ സുരക്ഷ പെൻഷൻ വിതരണത്തിന്റ ഇൻസെന്റീവ് കുടിശ്ശിക അടിയന്തിരമായി നൽകുക, എല്ലാ സഹകരണ ജീവനക്കാർക്കും മെഡിക്കൽ പരിരക്ഷ ഉറപ്പാക്കുക, ജീവനക്കാരുടെ പെൻഷൻ -വെൽഫയർ ബോർഡുകളിൽ എംപ്ലോയീസ് ഫ്രണ്ട് പ്രതിനിധികളെ ഉൾപ്പെടുത്തുക, പെൻഷൻ പദ്ധതി കാലോചിതമായി പരിഷ്ക്കരിക്കുക, പെൻഷൻ പ്രായം 60വയസ്സാക്കി ഉയർത്തുക, പലവക സഹകരണ സംഘങ്ങളിലെ ജീവനക്കാരുടെ തസ്തിക ഘടനയും ശമ്പളവും പരിഷ്ക്കരിക്കുക, എല്ലാ സഹകരണ സംഘങ്ങൾക്കും ക്ലാസ്സിഫിക്കേഷൻ അനുവദിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങളെന്ന് പ്രസിഡന്റ് പി. കെ. വിനയകുമാർ, ജനറൽ സെക്രട്ടറി അശോകൻ കുറുങ്ങപ്പള്ളി, സംസ്ഥാന സെക്രട്ടറി ടി. വി. ഉണ്ണികൃഷ്ണൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.