പ്രാഥമികസംഘങ്ങളിലെ പരിശോധനക്ക് ആപ്പ് നിര്‍ബന്ധമാക്കി
മാര്‍ച്ച് ഒന്നുമുതല്‍ പ്രാഥമികകാര്‍ഷികവായ്‌പാസഹകരണസംഘങ്ങളിലെ (പാക്‌സ്) മിന്നല്‍പരിശോധനകള്‍ കോഓപ്പറേറ്റീവ് ഇന്‍സ്‌പെക്ഷന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ (സിമ) വഴി മാത്രമേ മടത്താവൂ എന്നു സഹകരണസംഘം രജിസ്‌ട്രാര്‍ സര്‍ക്കുലറില്‍ വ്യക്തമാക്കി. സാങ്കേതികപ്രശ്‌നമുണ്ടായാല്‍ ജില്ലാ ഐടി നോഡല്‍ ഓഫീസറെ ബന്ധപ്പെട്ടു പരിഹരിക്കണം. ആവശ്യമെങ്കില്‍ ആപ്പിലെ ചോദ്യങ്ങളില്‍ മാറ്റം വരുത്താം. 70ചോദ്യവും അതെ, അല്ല എന്നീ ഉത്തരങ്ങളുടെ അടിസ്ഥാനത്തിലുളള അനുമാനങ്ങളും ആപ്പിലുണ്ട്. സഹകരണസ്ഥാപനമായ ദിനേശ് ഐടി സിസ്റ്റംസ് ആണ് ആപ്പ് വികസിപ്പിച്ചത്. ഓരോമാസവും നടത്തേണ്ട മിന്നല്‍ പരിശോധനകളില്‍ ഒന്നാംഘട്ടമായാണു പാക്‌സുകളിലെ പിരശോധന ആപ്പ് വഴിയാക്കുന്നത്.എല്ലാ പരിശോധനാഉദ്യോഗസ്ഥരും ഇതു സഹകരണവകുപ്പിന്റെ വെബ്‌സൈറ്റില്‍നിന്നു ഡൗണ്‍ലോഡ് ചെയ്യണം. പരിശോധനാഉദ്യോഗസ്ഥരുടെ പെര്‍മനന്റ് എംപ്ലോയീനമ്പര്‍ (പെന്‍) ആയിരിക്കും അവരുടെ യൂസര്‍ഐഡി. രജിസ്‌റ്റേര്‍ഡ് മൊബൈല്‍നമ്പര്‍ ഡീഫാള്‍ട്ട് പാസ് വേഡും. ഇതുപയോഗിച്ചു സിമ ആപ്പില്‍ ലോഗിന്‍ ചെയ്‌തശേഷം പാസ്‌വേഡ് മാറ്റണം. സഹകരണസംഘം രജിസ്‌ട്രാര്‍ നിര്‍ദേശിക്കുന്ന സംഘങ്ങളില്‍ നിശ്ചയിച്ച തിയതികളില്‍ പരിശോധന നടത്തി അന്നുതന്നെ പൂര്‍ത്തിയാക്കണം. സഹകരണസംഘം അസിസ്റ്റന്റ് രജിസ്‌ട്രാര്‍മുതല്‍ സഹകരണസംഘം രജിസ്‌ട്രാര്‍വരെയുള്ളവര്‍ക്കു പരിശോധന തല്‍സമയം നിരീക്ഷിക്കാനുംമറ്റുമായി സിമ വെബ് ആപ്ലിക്കേഷന്‍ ഉപയോഗിക്കണം. ഇതിന്റെ ലിങ്ക് വകുപ്പിന്റെ സൈറ്റില്‍ കിട്ടും. യൂസര്‍ ഐഡി പെന്‍ നമ്പരും ഡീഫാള്‍ട്ട് പാസ്‌വേഡ് രജിസ്റ്റേര്‍ഡ് മൊബൈല്‍നമ്പരും ആയിരിക്കും.
യൂണിറ്റ് ഇന്‍സ്‌പെകടര്‍മാര്‍ മാസം മൂന്നു മിന്നല്‍പരിശോധന നടത്തുന്നതില്‍ രണ്ടെണ്ണം സിമ ആപ്പ് ഉപയോഗിച്ചു പാക്‌സുകളില്‍ ആയിരിക്കണം. ഇതിന്റെ കാര്യക്ഷമതയും കൃത്യതയും വിലയിരുത്താന്‍ സിമ ആപ്പ് വഴി പാക്‌സുകളില്‍ താലൂക്ക് സഹകരണസംഘം അസിസ്റ്റന്റ് രജിസ്‌ട്രാര്‍മാര്‍ (ജനറല്‍) രണ്ടുമിന്നല്‍പരിശോധനയും ജില്ലാ ജോയിന്റ് രജിസ്‌ട്രാര്‍മാര്‍ (ജനറല്‍) ഒരു മിന്നല്‍പരിശോധനയും നടത്തണം.യൂണിറ്റ് ഇന്‍സ്‌പെക്ടര്‍മാര്‍ സിമ ആപ്പ് വഴി നടത്തുന്ന പരിശോധനയുടെ റിപ്പോര്‍ട്ട് താലൂക്ക് അസിസ്‌റ്റന്റ് രജിസ്‌ട്രാര്‍മാര്‍ക്ക് (ജനറല്‍) ഓണ്‍ലൈനായി സമര്‍പ്പിക്കണം. അവര്‍ ഇതു കിട്ടി മൂന്നുദിവസത്തിനകം പരിശോധിച്ച് അംഗീകരിക്കണം. അംഗീകരിച്ചവയുമായി ബന്ധപ്പെട്ട നോട്ടീസുകള്‍ ഇലക്ട്രോണിക് ഒപ്പുവച്ചു ഉടന്‍ ബന്ധപ്പെട്ട സംഘങ്ങള്‍ക്കു നല്‍കുകയും വേണം.
സംഘം പ്രവര്‍ത്തനവും യൂണിറ്റ് ഇന്‍സ്‌പെക്ടറുടെ റിപ്പോര്‍ട്ടും തമ്മില്‍ പൊരുത്തക്കേടുണ്ടെങ്കില്‍ അസിസ്റ്റന്റ് രജിസ്‌ട്രാര്‍ ആ സംഘത്തില്‍ സിമ ആപ്പ് വഴി പരിശോധന നടത്തണം.താലൂക്ക് അസിസ്റ്റന്റ് രജിസ്‌ട്രാര്‍മാര്‍ (ജനറല്‍) സിമ ആപ്പ് വഴി നടത്തുന്ന പരിശോധനയുടെ റിപ്പോര്‍ട്ടുകള്‍ ജില്ലാസഹകരണസംഘം ജോയിന്റ് രജിസ്‌ട്രാര്‍മാര്‍ക്ക് (ജനറല്‍) സമര്‍പ്പിക്കണം. അവര്‍ അംഗീകരിക്കുന്ന റിപ്പോര്‍ട്ടുകളില്‍ താലൂക്ക് അസിസ്റ്റന്റ് രജിസ്‌ട്രാര്‍മാര്‍ (ജനറല്‍) തുടര്‍നടപടികള്‍ എടുക്കണം.ജില്ലാജോയിന്റ് രജിസ്‌ട്രാര്‍ (ജനറല്‍) സിമ ആപ്പ് വഴി നടത്തുന്ന പരിശോധനകളുടെ റിപ്പോര്‍ട്ട് സഹകരണസംഘം രജിസ്‌ട്രാര്‍ക്കു സമര്‍പ്പിക്കണം.അദ്ദേഹം അംഗീകരിച്ചാല്‍ ജോയിന്‍ര് രജിസ്‌ട്രാര്‍ (ജനറല്‍) തുടര്‍നടപടികള്‍ എടുക്കണം.
എല്ലാ പാക്‌സും വകുപ്പിന്റെ സൈറ്റില്‍നിന്നു കോ-ഓപ് കണക്ട് മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. തൂലൂക്ക് അസിസ്‌റ്റന്റ് രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസില്‍നിന്നു യൂസര്‍ ഐഡിയും പാസ്‌വേഡും കൈപ്പറ്റുകയും, ആപ്പ് ലോഗിന്‍ ചെയ്‌തു കിട്ടുന്ന പരിശോധനാനോട്ടീസുകള്‍ ഡൗണ്‍ലോഡ് ചെയ്‌ത് അവയില്‍ പറയുന്ന നടപടികള്‍ എടുക്കുകയും വേണം. സംഘം ചീഫ് എക്‌സിക്യൂട്ടീവ് കോഓപ് കണക്ടിലൂം ഇമെയിലിലൂം കിട്ടുന്ന നോട്ടീസകളില്‍ പറയുന്ന ന്യൂനതകള്‍ പരിഹരിച്ചു 15ദിവസത്തിനകം താലൂക്ക് അസിസ്റ്റന്റ് രജിസ്‌ട്രാറെ (ജനറല്‍) നേരിട്ട് ബോധ്യപ്പെടുത്തണം. അദ്ദേഹത്തിനു ബോധ്യമായാല്‍ സിമ വെബ് ആപ്ലിക്കേഷനില്‍ ന്യൂനത പരിഹരിച്ചതായി രേഖപ്പെടുത്തണം. പരിഹരിക്കാത്ത ന്യൂനതകളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് അദ്ദേഹം മൂന്നുദിവസത്തിനകം ജില്ലാജോയിന്റ് രജിസ്‌ട്രാര്‍ക്ക് (ജനറല്‍) സമര്‍പ്പിക്കണം. ജില്ലാജോയിന്റ് രജിസ്‌ട്രാര്‍അഞ്ചുദിവസത്തിനകം തുടര്‍നടപടി തുടങ്ങണം. ആവശ്യമെങ്കില്‍ അദ്ദേഹം നേരിട്ടു സംഘത്തോടു ന്യൂനത പരിഹരിക്കാന്‍ ആവശ്യപ്പെടണം. ന്യൂനത ഗുരുതരമാണെങ്കില്‍ ജില്ലാജോയിന്റ് രജിസ്‌ട്രാര്‍ (ജനറല്‍) സഹകരണനിയമവും ചട്ടവും പ്രകാരം ഉടന്‍ നടപടി എടുക്കണം.ജോയിന്റ് രജിസ്‌ട്രാര്‍ക്കു (ജനറല്‍) കിട്ടുന്ന പരിശോധനാറിപ്പോര്‍ട്ടില്‍ എടുത്ത നടപടികള്‍, അസിറ്റന്റ് രജിസ്‌ട്രാറില്‍ (ജനറല്‍) നിന്നു റിപ്പോര്‍ട്ടു ലഭിച്ച അന്നുമുതല്‍ 20ദിവസത്തിനകം വെബ് ആപ്ലിക്കേഷനില്‍ ചേര്‍ക്കണം.
നീക്കിയിരിപ്പില്‍ വ്യത്യാസം, പണാപഹരണം എന്നിവ കണ്ടാല്‍ സഹകരണസംഘം രജിസ്‌ട്രാറുടെ അനുമതിയോടെ 50/2021 സര്‍ക്കുലര്‍ പ്രകാരമുള്ള നടപടികള്‍ എടുക്കണം.ന്യൂനതകള്‍ യഥാസമയം പരിഹരിച്ചെന്ന് ഉറപ്പാക്കിയിട്ടുവേണം സംഘങ്ങളുടെ പ്രൊപ്പോസലുകളില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍. അസിസ്റ്റന്റ് രജിസ്‌ട്രാറും (ജനറല്‍) ജോയിന്റ് രജിസ്‌ട്രാറും (ജനറല്‍) ആണ് ഇത് ഉറപ്പാക്കേണ്ടത്.ജില്ലാജോയിന്റ് രജിസ്‌ട്രാറുടെയും (ജനറല്‍) താലൂക്ക് അസിസ്‌റ്റന്റ് രജിസ്‌ട്രാറുടെയും (ജനറല്‍) മാസാവലോകനത്തില്‍ സിമ ആപ്പിലെ റിപ്പോര്‍ട്ടുകളും അവലോകനം ചെയ്യണം. സംഘം സെക്രട്ടറിമാരുടെ താലൂക്ക്‌അവലോകനത്തിലും പരിശോധനാവലോകനം നിര്‍ബന്ധമാണ്.