സഹകരണസംഘത്തിന്റെ വാടകവരുമാനം മറ്റുവരുമാനമാക്കി ആദായനികുതിയിളവു നിഷേധിച്ചനടപടി റദ്ദാക്കി
സഹകരണസംഘത്തിന്റെ ഭരണമന്ദിരത്തില്‍നിന്നുള്ള വാടകവരുമാനത്തെ മറ്റിടങ്ങളില്‍നിന്നുള്ള വരുമാനമായി കണക്കാക്കി നികുതിയിളവുകള്‍ നിഷേധിച്ച നടപടി ആദായനികുതി അപ്പലേറ്റ് ട്രൈബ്യൂണല്‍ റദ്ദാക്കി. ബോംബെ ബെഞ്ചിന്റെതാണു വിധി. ആസ്ഥാനമന്ദിരത്തിലെ വാടകവരുമാനം ഭവനസ്വത്തില്‍നിന്നുള്ള വരുമാനത്തിലാണ് (ഇന്‍കം ഫ്രം ഹൗസ് പ്രോപ്പര്‍ട്ടി) പെടുക. മറ്റിടങ്ങളില്‍നിന്നുള്ള വരുമാനത്തില്‍ (ഇന്‍കം ഫ്രം അതര്‍ സോഴ്‌സസ്) പെടില്ല-ട്രൈബ്യൂണല്‍ വ്യക്തമാക്കി. വൈസ്‌പ്രസിഡന്റ് ശക്തിജിത് ദേയും അക്കൗണ്ടന്റ് അംഗം ജഗ്‌ദീഷും അടങ്ങിയ ബെഞ്ചാണു വിധി പറഞ്ഞത്. മഹാരാഷ്ട്ര അന്ധേരിയിലെ വെസ്‌റ്റേണ്‍ ഇന്‍ഡസ്‌ട്രിയല്‍ സഹകരണഎസ്‌റ്റേറ്റ്‌് നല്‍കിയ അപ്പീലിലാണിത്. 2017-18വര്‍ഷത്തെ കണക്കിലാണു പ്രശ്‌നം.അന്ധേരി എംഐഡിസിയിലാണു സംഘം. വാടകവരുമാനം ഭവനസ്വത്തില്‍നിന്നുള്ള വരുമാനമായാണു സഹകരണസംഘം കാണിച്ചുവന്നിരുന്നത്. എന്നാല്‍ 2017-18ല്‍ അസസിങ് ഓഫീസര്‍ ഇതിനെ മറ്റിടങ്ങളില്‍നിന്നുള്ള വരുമാനമായി കണക്കാക്കി. സ്റ്റാന്റേഡ് ഡിഡക്ഷനും എംഐഡിസിക്കു കൊടുത്ത സബ്‌ലെറ്റിങ് തുകകളും കടമെടുത്തമൂലധനത്തിനുള്ള പലിശയും മറ്റുചില ചെലവുകളും അടങ്ങുന്ന ആനുകൂല്യങ്ങള്‍ നിഷേധിക്കുകയും ചെയ്‌തു.
എന്നാല്‍ കാര്യങ്ങള്‍ക്കു മുന്‍കൊല്ലങ്ങളില്‍നിന്നു മാറ്റമില്ലെന്നു ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടി. അസസിങ് ഓഫീസര്‍ക്ക് സ്വേച്ഛാപരമായി ഹെഡ് ഓഫ് ഇന്‍കം മാറ്റിനിശ്ചയിക്കാനാവില്ല. അല്ലെങ്കില്‍ സാഹചര്യങ്ങള്‍ മാറിയിട്ടുണ്ടാകണം. ആദായനികുതിവകുപ്പിനു മുന്‍വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ഒരു പ്രത്യേകസമീപനം സ്വീകരിച്ചശേഷം പിന്നീടുവരുന്ന ഒരു വര്‍ഷം മതിയായ നീതീകരണമില്ലാതെ വ്യത്യസ്‌തസമീപനം സ്വീകരിക്കാനാവില്ല. അതിനാല്‍ വാടകവരുമാനത്തെ ഭവനസ്വത്തില്‍നിന്നുള്ള വരുമാനമായി കണക്കാക്കാന്‍ അസസിങ് ഓഫീസറോടു ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു. അതനുസരിച്ച് 24(എ) പ്രകാരം അര്‍ഹമായ 30%സ്റ്റാന്റേഡ് ഡിഡക്ഷനും അനുവദിച്ചു. 24(ബി) പ്രകാരം കടമെടുത്ത മൂലധനത്തിന്റെ പലിശയും അനുവദിച്ചു. എംഐഡിസിക്കു കൊടുത്ത സബ്‌ലെറ്റിങ് ചാര്‍ജുതുകകള്‍ അംഗീകരിക്കാതിരുന്ന അസസിങ് ഓഫീസറുടെ നടപടി റദ്ദാക്കുകയും ചെയ്‌തു.

ടെസ്റ്റിങ് ആന്റ് മിസലേനിയസ് വരുമാനവുമായി ബന്ധപ്പെട്ട പ്രത്യേകചെലവുകളും സംഭരണനിരക്കുകള്‍ക്ക് 80പി വകുപ്പു പ്രകാരം ഡിഡക്ഷന്‍ അവകാശപ്പെടാനാവുമോ എന്ന കാര്യത്തിലും നേരത്തേയെടുത്ത തീരുമാനം നിയമപരമായ കാര്യങ്ങള്‍വച്ച് വീണ്ടും വിലയിരുത്താന്‍ നിര്‍ദേശിച്ചുകൊണ്ട് അസസിങ് ഓഫീസര്‍ക്കു തിരിച്ചയക്കുകയും ചെയ്‌തു.
സംഘത്തിന് 6676051 രൂപ വാടകവരുമാനമുണ്ട്. എംഐഡിസിക്കു കൊടുത്ത സബ്‌ലെറ്റിങ് ചാര്‍ജായ 792084 രൂപയും ആദായനികുതിനിയമത്തിന്റെ 24(എ) പ്രകാരമുള്ള 30%സ്റ്റാന്റേഡ് ഡിഡക്ഷനും കഴിച്ചുള്ള തുകയാണിത്. അസസിങ് ഓഫീസര്‍ ഇതു മറ്റിടങ്ങളില്‍നിന്നുള്ള വരുമാനമായി കണക്കാക്കി. അതുകൊണ്ട് ഭവനസ്വത്തില്‍നിന്നുള്ള വരുമാനമായി പറഞ്ഞ 8783783രൂപക്കു കിട്ടേണ്ട 30% സ്റ്റാന്റേഡ് ഡിഡക്ഷന്‍ കൊടുത്തില്ല. സബ്‌ലെറ്റിങ് ചാര്‍ജായ 792084 രൂപയും അനുവദിച്ചില്ല. കെട്ടിടനിര്‍മാണത്തിനായി കടമെടുത്ത 13819443രൂപയുടെ പലിശയും അനുവദിച്ചില്ല. ലബോറട്ടറിയില്‍നിന്നുള്ള ടെസ്‌റ്റിങ് ചാര്‍ജുകളുടെയിനത്തിലും മറ്റുപലവകയിനങ്ങളിലുമായുള്ള വരുമാനത്തില്‍ 3178068 രൂപ ചെലവുവന്നതിന്റെ നഷ്ടമുണ്ടെന്നു സംഘം റിട്ടേണില്‍ കാണിച്ചിരുന്നു. എന്നാല്‍ ലബോറട്ടറിയില്‍നിന്നുള്ള ടെസ്‌റ്റിങ് ചാര്‍ജിനത്തില്‍ ചെലവായ തുക ഒട്ടുംതന്നെ അസസിങ് ഓഫീസര്‍ അംഗീകരിച്ചില്ല. അംഗങ്ങളുടെ സ്റ്റോറേജ് ചാര്‍ജ് ഇനത്തില്‍ ആദായനികുതിവകുപ്പ് 80പി(2)(ഇ) പ്രകരം 216000രൂപയടെ ഡിഡക്ഷനും സഹകരണസംഘം അവകാശപ്പെട്ടിരുന്നു. ഇത് ആദായനികുതിനിയമം 80പി(2)(ഡി) പ്രകാരം അനുവദിക്കാനാവില്ലെന്നുമാണ് അസസിങ് ഓഫീസറുടെ നിലപാട്.
ഇതിനെതിരെ സഹകരണസംഘം ആദായനികുതികമ്മീഷണര്‍ക്ക് അപ്പീല്‍ നല്‍കി. അദ്ദേഹം അസസിങ് ഓഫീസര്‍ ചെയ്‌തതില്‍ തെറ്റില്ല എന്നാണു പറഞ്ഞത്. ഇതിനെതിരെയാണു ട്രൈബ്യൂണലില്‍ പോയത്.
എംഐഡിസി ആറേക്കറാണു സംഘത്തിന് അനുവദിച്ചിട്ടുള്ളത്. സംഘം അതു 15 പ്ലോട്ടാക്കി 16കെട്ടിടം പണിത് 29അംഗങ്ങള്‍ക്കു നല്‍കിയിരിക്കയാണ്. 95കൊല്ലത്തേക്കാണു പാട്ടത്തിനു കൊടുത്തിരിക്കുന്നത്. ഒരുകെട്ടിടം സംഘത്തിന്റെ ഭരണകാര്യങ്ങള്‍ക്കുള്ളതാണ്. അതു 17500 ചതുരശ്രഅടിയുണ്ട്. ഇതു സബ്‌ലെറ്റു ചെയ്‌തു കിട്ടുന്നതാണു സംഘത്തിന്റെ വരുമാനം. ഇതു ഭവനസ്വത്തില്‍നിന്നുള്ള വരുമാനമായാണു കാണിച്ചിരുന്നതും. പക്ഷേ, 2017-18ല്‍മാത്രം അസസിങ് ഓഫീസര്‍ നിലപാടു മാറ്റി. അതു മറ്റിടങ്ങളില്‍നിന്നുള്ള വരുമാനമായി കണക്കാക്കി. സഹകരണസംഘം വരവുചെലവുകണക്കില്‍ ഇതു മറ്റിടങ്ങളില്‍നിന്നുള്ള വരുമാനമെന്നാണു പറഞ്ഞിട്ടുള്ളത്. 2013ല്‍ സബ് ലെറ്റിങ് തുകയായി എംഐഡിസിക്കു കൊടുത്ത 792084 രൂപ അസസിങ് ഓഫീസര്‍ അംഗീകരിച്ചിരുന്നില്ല. എങ്കിലും ആദായനികുതി ട്രൈബ്യൂണല്‍ 2019ല്‍ അസസിങ് ഓഫീസറുടെ നടപടി റദ്ദാക്കി. തുടര്‍ന്നുപോരുന്നകാര്യനിയമം (റൂള്‍ ഓഫ് കണ്‍സിസ്‌റ്റന്‍സി) പാലിക്കണമെന്ന് ആസാദി ബച്ചാവോ ആന്ദോളന്‍കേസില്‍ സുപ്രീംകോടതിവിധിയുണ്ടെന്നു ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടി. വസ്‌തുതകളിലും സാഹചര്യങ്ങളിലും മാറ്റമൊന്നുമില്ലെങ്കില്‍ പ്രത്യേകിച്ചും. ഇതിന്റെ അടിസ്ഥാനത്തിലാണ് അസസിങ് ഓഫീസറുടെയും ആദായനികുതിഅപ്പീല്‍കമ്മീഷണറുടെയും നടപടി ട്രൈബ്യൂണല്‍ റദ്ദാക്കിയത്. ഇതോടുകൂടി സ്വാഭാവികമായി വരുന്നകാര്യമാണ് 24(എ) പ്രകാരമുള്ള 30% ആശ്വാസം. സബ്‌ലെറ്റിങ് ചാര്‍ജ്‌അനുവദിക്കാതിരുന്ന നടപടി 2013ല്‍തന്നെ ട്രൈബ്യൂണല്‍ റദ്ദാക്കിയതാണ്.
കെട്ടിടം പണിയാന്‍ കടമെടുത്ത 13819443 കോടിയുടെ പലിശ അനുവദിക്കാതിരുന്നതാണ് അടുത്തപ്രശ്‌നം. എന്‍കെജിഎസ്‌ബി സഹകരണബാങ്കില്‍നിന്നാണു കടമെടുത്തത്. ഫെഡറല്‍ബാങ്കിലും ഡിഎച്ച്‌എഫ്‌എലിലുംനിന്നു കടമെടുത്ത് ഇതു തിരിച്ചടച്ചിട്ടുണ്ട്. ഇതിനുകൊടുത്ത പലിശക്കാണു സംഘം ഇളവ് അവകാശപ്പെടുന്നത്. ഇങ്ങനെ കൊടുത്ത പലിശത്തുകയെ മറ്റിടങ്ങളില്‍നിന്നുള്ള വരുമാനമായി കണക്കാക്കിയാണ് അസസിങ് ഓഫീസര്‍ നിഷേധിച്ചത്. എന്നാല്‍ ഇത് ഭവനസ്വത്തില്‍നിന്നുള്ള വരുമാനമായാണു കണക്കാക്കേണ്ടതെന്നതിനാല്‍ ആദായനികുതിനിയമം 24(ബി) പ്രകാരമുള്ള പലിശഡിഡക്ഷന് അര്‍ഹമാണെന്നു ട്രൈബ്യൂണല്‍ വ്യക്തമാക്കി. അതുകൊണ്ട് ആവശ്യമായ പരിശോധനകള്‍ നടത്തിയശേഷം ഈ ആനുകൂല്യം അനുവദിക്കണം.
ടെസ്‌റ്റിങ് ചാര്‍ജായി ചെലവിട്ട 3178068 രൂപ അംഗീകരിക്കാതിരുന്നതാണു പിന്നത്തെ പ്രശ്‌നം. ടെസ്റ്റിങ് ചാര്‍ജായി 703590 രൂപയും പലവക/പാര്‍ക്കിങ് ചാര്‍ജായി 1366461രൂപയും അടക്കം 3178068 രൂപ ചെലവായെന്നാണു സഹകരണസംഘം പറയുന്നത്. ടെസ്റ്റിങ് ചാര്‍ജിന്റെ കാര്യം പരിശോധിച്ച് ഉറപ്പാക്കാനാവില്ലെന്നു പറഞ്ഞാണ് അസസിങ് ഓഫീസര്‍ അതു നിഷേധിച്ചത്. ഇത് ആദായനികുതി അപ്പീല്‍കമ്മീഷണറും പരിശോധിച്ചിട്ടില്ല. അതുകൊണ്ട് ഇക്കാര്യം പുതുതായി പരിഗണിക്കണമെന്നു ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു. അസസിങ് ഓഫീസര്‍ ഇതു നിഷേധിക്കുകയാണെങ്കില്‍തന്നെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ സഹകരണസംഘത്തിന് അവസരം നല്‍കിയശേഷം മാത്രമേ അതു ചെയ്യാവൂ.
സഹകരണബാങ്കില്‍നിന്നുള്ള പലിശവരുമാനമെന്ന നിലയില്‍ 80പി(2)(ഡി) പ്രകാരം അര്‍ഹമാണെന്നു സഹകരണസംഘം പറയുന്ന 216000 രൂപ അംഗീകരിക്കാതിരുന്നതാണു മറ്റൊരു പ്രശ്‌നം. പിസിഐടിയും ടോട്ടാഗാര്‍സ് സഹകരണവിപണനസംഘവും തമ്മിലുള്ള കേസില്‍ സഹകരണബാങ്കിലെ നിക്ഷേപത്തിന്റെ പലിശ80പി(2)(ഇ) പ്രകാരം ഡിഡക്ഷന് അര്‍ഹമല്ലെന്നു സുപ്രീംകോടതിവിധിയുണ്ടെന്നാണ് അസസിങ് ഓഫീസര്‍ പറഞ്ഞത്. അവകാശപ്പെടുന്ന തുക സ്റ്റോറേജ് ചാര്‍ജുകളാണെന്നും സ്റ്റോറേജ് ചാര്‍ജുകള്‍ക്ക് ലീവ്-ലൈസന്‍സ് ഫീസുകളുടെ സ്വഭാവമാണുള്ളതെന്നതിനാല്‍ 80പി(2)(ഇ) പ്രകാരം ഇളവിന് അര്‍ഹമല്ലെന്നും ആദായനികുതിഅപ്പീല്‍കമ്മീഷണറും വിധിച്ചു. എന്നാല്‍ സ്ഥാപനം സഹകരണസംഘമാണ്. സ്റ്റോറേജ് ചാര്‍ജ് സഹകരണസംഘംഅംഗങ്ങളില്‍നിന്നു കിട്ടിയതായാണ് അവകാശപ്പെട്ടിട്ടുള്ളത്. അതുകൊണ്ട് 80പി(2)(ഡി) പ്രകാരമുള്ള ഡിഡക്ഷന് അര്‍ഹമാണ്. എന്നാല്‍ ആരില്‍നിന്നാണു സ്റ്റോറേജ് ചാര്‍ജുകള്‍ സ്വീകരിച്ചതെന്നും അതിന്റെ സ്വഭാവമെന്താണെന്നും പരിശോധിക്കപ്പെട്ടിട്ടില്ലെന്നു ട്രൈബ്യൂണല്‍ കണ്ടെത്തി. അതുകൊണ്ട് ഈ പ്രശ്‌നം പുതുതായി പരിശോധിക്കാനായി അസസിങ് ഓഫീസര്‍ക്കു തിരിച്ചയച്ചു.

