ആദായനികുതി ബില്‍: സംഘങ്ങളുടെയും കര്‍ഷകോല്‍പാദകകമ്പനികളുടെയും ഡിഡക്ഷന്‍ വ്യവസ്ഥകള്‍ ക്രമീകരിച്ചു
കേന്ദ്രധനമന്ത്രി നിര്‍മലാസീതാരാമന്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച പുതിയ ആദായനികുതിബില്ലില്‍ വിവിധയിനം സഹകരണസംഘങ്ങള്‍ക്കും ഉല്‍പാദകക്കമ്പനികള്‍ക്കും നികുതികൊടുക്കേണ്ട വരുമാനം കണക്കാക്കുന്നതിലുള്ള ഡിഡക്ഷന്‍ സംബന്ധിച്ച കാര്യങ്ങള്‍ രണ്ടു വ്യവസ്ഥകളിലും അവയുടെ ഉപവ്യവസ്ഥകളിലുമായി ക്രമീകരിച്ചു. 149-ാംവ്യവസ്ഥയിലാണു സഹകരണസംഘങ്ങളുടെ ഡിഡക്ഷന്‍കാര്യങ്ങള്‍. 150ല്‍ പ്രൊഡ്യൂസര്‍കമ്പനികളുടെ ഡിഡക്ഷന്‍കാര്യങ്ങളും. ധാരാളം സഹകരണസംഘങ്ങള്‍ പ്രൊഡ്യൂസര്‍കമ്പനികള്‍ രൂപവല്‍കരിച്ചിട്ടുള്ളതിനാല്‍ ആ ഡിഡക്ഷനുകള്‍ അത്തരം മാതൃസഹകരണസംഘങ്ങള്‍ക്കും ഗുണം ചെയ്യും. കൃഷിയുമായി ബന്ധപ്പെട്ട പ്രൊഡ്യൂസര്‍കമ്പനികളുടെ കാര്യമാണിതില്‍ പറയുന്നത്.
നിലവിലുള്ള ആദായനികുതിനിയമം ലളിതമാക്കുകയാണു ചെയ്‌തിട്ടുള്ളത് എന്നാണു സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. പുതിയ നിയമം 2026 ഏപ്രില്‍ ഒന്നിനു പ്രാബല്യത്തില്‍വരും. ബില്‍ പാര്‍ലമെന്റിന്റെ സ്ഥിരം സമിതിയുടെ പരിശോധനയ്‌ക്കു വിടാന്‍ ധനമന്ത്രി സ്‌പീക്കര്‍ ഓംബിര്‍ളയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. സമിതി പരിശോധിച്ചു വിദഗ്‌ധാഭിപ്രായം തേടുകയുംമറ്റും ചെയ്‌തശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അതിലെ അഭിപ്രായങ്ങളുടെയും ശുപാര്‍ശകളുടെയും അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ബില്ലില്‍ ഭേദഗതികള്‍ വരുത്തിയേക്കാം.23 അധ്യായവും 16 പട്ടികകളും 536 വ്യവസ്ഥകളുമാണ് ഇതിലുള്ളത്. മൊത്തവരുമാനം കണക്കുകൂട്ടുന്നതില്‍ വരുത്തേണ്ട ഡിഡക്ഷനുകളെക്കുറിച്ചുള്ള എട്ടാം അധ്യായത്തിലെ 149-ാം വ്യവസ്ഥയില്‍ സഹകരണസംഘങ്ങള്‍ക്ക് അനുവദനീയമായ ഡിഡക്ഷനുകളെക്കുറിച്ചു പറയുന്നത്. 150ല്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍ക്കുള്ള ഡിഡക്ഷനുകളെക്കുറിച്ചുമുണ്ട്.149-ാം വ്യവസ്ഥപ്രകാരം ബാങ്കിങ് ബിസിനസ് നടത്തുകയോ അംഗങ്ങള്‍ക്കു വായ്‌പ നല്‍കുകയോ ചെയ്യുന്ന സംഘങ്ങള്‍, കുടില്‍ വ്യവസായം നടത്തുന്ന സംഘങ്ങള്‍, അംഗങ്ങള്‍ കൃഷിചെയ്‌തുണ്ടാക്കുന്ന കാര്‍ഷികോല്‍പന്നങ്ങള്‍ വില്‍ക്കുന്ന സംഘങ്ങള്‍, അംഗങ്ങള്‍ക്കു വിതരണം ചെയ്യാനായി കാര്‍ഷികോപകരണങ്ങളും വിത്തും കന്നുകാലികളും മറ്റുസാധനങ്ങളും വാങ്ങുന്ന സംഘങ്ങള്‍, വൈദ്യുതി ഉപയോഗിച്ചല്ലാതെ അംഗങ്ങളുടെ കാര്‍ഷികോല്‍പന്നങ്ങള്‍ സംസ്‌കരിക്കുന്ന സംഘങ്ങള്‍, അംഗങ്ങളുടെ അധ്വാനം കൂട്ടായി വിനിയോഗിക്കുന്ന സംഘങ്ങള്‍, മീന്‍പിടിത്ത-ശുദ്ധീകരണ-സംസ്‌കരണ-സംരക്ഷണ-ശേഖരണ-വിപണനപ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ഇതിനായി അംഗങ്ങള്‍ക്കു നല്‍കാന്‍ സാധനങ്ങളും ഉപകരണങ്ങളും വാങ്ങുകയോ ചെയ്യുന്ന സംഘങ്ങള്‍ എന്നിവയ്‌ക്ക ് ആ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ബിസിനസില്‍നിന്നു കിട്ടുന്ന മുഴുവന്‍ ലാഭവും നേട്ടവും മൊത്തവരുമാനം കണക്കുകൂട്ടുന്നതില്‍ ഡിഡക്ഷനായി അനുവദിക്കാം. സംഘത്തിന്റെ ആകെമൊത്തം വരുമാനത്തില്‍ ആ ലാഭവും നേട്ടവും ഉള്‍പ്പെടുന്നുണ്ടെങ്കിലാണ് ഡിഡക്ഷന് അര്‍ഹത.
അംഗങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികള്‍, പഴങ്ങള്‍, എണ്ണക്കുരുക്കള്‍, പാല്‍ എന്നിവ ഫെഡറല്‍ സംഘത്തിനോ സര്‍ക്കാരിനോ തദ്ദേശസ്വയംഭരണസ്ഥാപനത്തിനോ സര്‍ക്കാര്‍കമ്പനിക്കോ വിതരണം ചെയ്യുന്ന പ്രാഥമികസംഘങ്ങള്‍ക്കും, ആകെമൊത്തംവരുമാനത്തില്‍ ഇവയുമായി ബന്ധപ്പെട്ട ബിസിനസില്‍നിന്നുള്ള ലാഭവും നേട്ടവും ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ആ തുക പൂര്‍ണമായി മൊത്തവരുമാനം കണക്കുകൂട്ടുന്നതില്‍ ഡിഡക്ട് ചെയ്യാം.മേല്‍പറഞ്ഞവയല്ലാത്ത സംഘങ്ങള്‍ക്കും സ്‌പെസിഫൈ ചെയ്‌ത പ്രവര്‍ത്തനങ്ങള്‍ക്കു ഡിഡക്ഷന് അര്‍ഹതയുണ്ട്. പക്ഷേ, പരിധിയുണ്ട്. ഉപഭോക്തൃസംഘമാണെങ്കില്‍ ആ പ്രവര്‍ത്തനങ്ങളില്‍നിന്നുള്ള ലാഭവും നേട്ടവും ഒരുലക്ഷംരൂപയില്‍ താഴെയാണെങ്കിലാണു ഡിഡക്ഷന് അര്‍ഹത. മറ്റുകേസുകളില്‍ ഇത് 50,000 രൂപയില്‍ താഴെയാണെങ്കിലാണു ഡിഡക്ഷന് അര്‍ഹത.സംഘങ്ങള്‍ക്കു മറ്റുസംഘങ്ങളിലെ നിക്ഷേപത്തില്‍നിന്നു ലാഭവിഹിതമായും പലിശയായുംകിട്ടുന്ന വരുമാനം മുഴുവന്‍ ഡിഡക്ഷന് അര്‍ഹമാണ്.
സാധനങ്ങള്‍ ശേഖരിക്കാനും സംസ്‌കരിക്കാനും വിപണനസൗകര്യമൊരുക്കാനുമുള്ള സംഭരണശാലകളില്‍നിന്നു സംഘത്തിനു കിട്ടുന്ന വരുമാനവും മുഴുവനായി ഡിഡക്ഷന് അര്‍ഹംതന്നെ.ആകെമൊത്തംവരുമാനം 20000രൂപയില്‍ കവിയാത്തപക്ഷം, സംഘങ്ങള്‍ക്ക് ഓഹരികളുടെ പലിശയില്‍നിന്നും, സെക്ഷന്‍ 20പ്രകാരം നികുതി ചുമത്താവുന്ന ഭവനസ്വത്തില്‍നിന്നുമുള്ള വരുമാനങ്ങള്‍ക്കു ഡിഡക്ഷന് അര്‍ഹതയുണ്ട്. പക്ഷേ, ഭവനസംഘങ്ങള്‍ക്കും അര്‍ബന്‍ ഉപഭോക്തൃസംഘങ്ങള്‍ക്കും ഗതാഗതബിസിനസ് നടത്തുന്ന സംഘങ്ങള്‍ക്കും വൈദ്യുതിസഹായത്തോടെ ഉല്‍പന്നനിര്‍മാണം നടത്തുന്ന സംഘങ്ങള്‍ക്കും ഇതിന് അര്‍ഹതയില്ല.
ആദായനികുതിനിയമത്തിന്റെ 80-ഒന്ന് എ പ്രകാരമുള്ള ഡിഡക്ഷന് അര്‍ഹതയുള്ള സംഘങ്ങളുടെ കാര്യത്തില്‍ ആ ഡിഡക്ഷന്‍ കഴിഞ്ഞുള്ള ആകെമൊത്തവരുമാനത്തില്‍നിന്നാണ് 149-ാം വ്യവസ്ഥപ്രകാരമുള്ള ഡിഡക്ഷന്‍കൂടി ലഭിക്കുന്നത്.149 (5) ആയി ഈ സെക്ഷനിലെ വ്യവസ്ഥ പ്രാഥമികകാര്‍ഷികസഹകരണസംഘമോ പ്രാഥമികാര്‍ഷികഗ്രാമവികസനബാങ്കോ അല്ലാത്ത ഒരു സഹകരണബാങ്കിനും ബാധകമായിരിക്കില്ലെന്നു പറയുന്നുണ്ട്.150-ാംവ്യവസ്ഥ പ്രൊഡ്യൂസര്‍ കമ്പനികള്‍ക്കുള്ള ഡിഡക്ഷന്റെ കാര്യം വ്യക്തമാക്കുന്നു. എല്ലാ പ്രൊഡ്യൂസര്‍ കമ്പനികള്‍ക്കുമല്ല, നികുതിവര്‍ഷം വിറ്റുവരവു 100 കോടിയില്‍ കുറവായവയ്‌ക്കാണു ഡിഡക്ഷന്‍അര്‍ഹത. യോഗ്യമായ ബിസിനസില്‍നിന്നുള്ള ലാഭവും നേട്ടവും ആകെമൊത്തംവരുമാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലാണു കിട്ടുക. നിര്‍ദിഷ്ട ബിസിനസില്‍നിന്നുള്ള ലാഭത്തിനും നേട്ടത്തിനും 100% ഡിഡക്ഷന്‍ കിട്ടും. 2018 ഏപ്രില്‍ ഒന്നിനുശേഷമുള്ള നികുതിവര്‍ഷത്തിനാണ് ഡിഡക്ഷന്‍ ലഭിക്കുക. 2024 ഏപ്രില്‍ ഒന്നിനുമുമ്പുള്ള നികുതിവര്‍ഷമായിരിക്കയുംവേണം. ആകെമൊത്തംവരുമാനത്തില്‍നിന്ന് അര്‍ഹമായ മറ്റുഡിഡക്ഷനുകള്‍ കഴിച്ചുള്ള തുകയ്‌ക്കാണ് ഈ ഡിഡക്ഷന്‍ കിട്ടുക. യോഗ്യമായ ബിസിനസ് എന്നതുകൊണ്ട് അംഗങ്ങള്‍ കൃഷിചെയ്‌തുണ്ടാക്കുന്ന കാര്‍ഷികോല്‍പന്നങ്ങളുടെ വിപണനം, അംഗങ്ങള്‍ക്കു വിതരണം ചെയ്യാനായി കാര്‍ഷികോപകരണങ്ങളും വിത്തും കന്നുകാലികളും മറ്റുവസ്‌തുക്കളും വാങ്ങല്‍, അംഗങ്ങളുടെ കാര്‍ഷികോല്‍പന്നങ്ങളുടെ സംസ്‌കരണം എന്നിവയാണ് ഉദ്ദേശിക്കുന്നതെന്നു 150(3)ല്‍ വ്യക്തമാക്കിയിട്ടുണ്ട്.
65, 118, 203, 204, 205 എന്നീ വ്യവസ്ഥകളിലും സഹകരണസംഘങ്ങളെ സംബന്ധിക്കുന്ന കാര്യങ്ങളുണ്ട്. 118ല്‍ സംഘങ്ങള്‍ ലയിക്കുമ്പോള്‍ നേരത്തേയുള്ള സഞ്ചിതനഷ്ടത്തിന്റെയും തേയ്‌മാനത്തിന്റെയും മറ്റും കാര്യത്തിലുള്ള ഇളവുകളാണുള്ളത്. 65ല്‍ സഹകരണബാങ്കുകളുടെ ബിസിനസ് പുന:സംഘടിപ്പിക്കേണ്ടിവരുമ്പോള്‍ ഡിഡക്ഷനുകള്‍ കണക്കുകൂട്ടുന്നതുസംബന്ധിച്ച പ്രത്യേകവ്യവസ്ഥകളുണ്ട്. 203ല്‍ ചില റസിഡന്റ് സഹകരണസംഘങ്ങളുടെ ആദായനികുതി സംബന്ധിച്ച നിരക്കാണു പരമാര്‍ശിക്കുന്നത്. സഹകരണസംഘങ്ങള്‍ക്കുള്ള ഇളവുകളോടെയുള്ള നികുതിനിരക്കു സംബന്ധിച്ചാണ് ഇതിലെ പരാമര്‍ശം. ഈ നിരക്ക് ഓപ്‌ഷണല്‍ ആണ്. 204-ാം വ്യവസ്ഥയുടെ പരിധിയില്‍ വരാത്ത സംഘങ്ങള്‍ക്കുള്ളതാണിത്. സ്‌പെസിഫിക് ഡിഡക്ഷനുകള്‍ ക്ലെയിം ചെയ്യുന്നില്ലെങ്കിലുള്ള കാര്യമാണ് ഇതിലുള്ളത്. 204ല്‍ ഏതെങ്കിലും വസ്‌തുക്കളുടെ നിര്‍മാണത്തിലോ ഉല്‍പാദനത്തിലോ ഏര്‍പ്പെട്ടിരിക്കുന്ന സഹകരണസംഘങ്ങളുടെ ആദായനികുതി നിരക്കു കണക്കാക്കുന്നതു സംബന്ധിച്ച വ്യവസ്ഥകളാണുള്ളത്. പുതിയ മാനുഫാക്‌ചറിങ് സഹകരണസംഘങ്ങള്‍ക്ക്, ചില വ്യവസ്ഥകള്‍ക്കു വിധേയമായി, മാനുഫാക്‌ചറിങ്ങില്‍നിന്നുള്ള വരുമാനത്തിന് ഇന്‍സെന്‍സിറ്റിവൈസ്‌ഡ് ആയി 15%നികുതിനിരക്ക് ആകാം എന്നിതില്‍ പറയുന്നു. 205ല്‍ ചിലതരം കമ്പനികളുടെയും സഹകരണസംഘങ്ങളുടെയും വരുമാനത്തിലുള്ള നികുതി കണക്കാക്കുന്നതു സംബന്ധിച്ച ഉപാധികള്‍ വ്യക്തമാക്കുന്നു.