ഇന്‍-ചാര്‍ജ് ഉദ്യോഗസ്ഥര്‍ക്കു സ്റ്റാറ്റിയൂട്ടറി അധികാരങ്ങള്‍ അടക്കം പ്രയോഗിക്കാം: കര്‍ണാടക ഹൈക്കോടതി
മേലുദ്യോഗസ്ഥരുടെ ചുമതലകള്‍ വഹിക്കാന്‍ നിയുക്തരാകുന്ന കീഴുദ്യോഗസ്ഥര്‍ക്കു മേലുദ്യോഗസ്ഥരുടെ സ്റ്റാറ്റിയൂട്ടറി അധികാരങ്ങളടക്കം പ്രയോഗിക്കാമെന്നു കര്‍ണാടകഹൈക്കോടതിയുടെ ധാര്‍വാര്‍ബെഞ്ച് വിധിച്ചു. ഗോപാല്‍ജിഖന്ന കേസിലെ സുപ്രീംകോടതിയുടെയും, എ. സവരിയാര്‍ കേസിലെയും സുഗുണപുരി കേസിലെയും മദ്രാസ് ഹൈക്കോടതിയുടെയും വിധികള്‍ ഉദ്ധരിച്ചാണ് ജസ്റ്റിസ് സി.എം. പൂനാച്ചയുടെ ഉത്തരവ്. ഉത്തരകന്നഡ ജില്ലയിലെ ഒരു ഗ്രാമസേവാസഹകരണസംഘത്തിന്റെ ഒരു ഡയറക്ടര്‍ക്കെതിരെ പ്രകാശ്ചന്ദ്ര ഹെഗ്‌ഡേ എന്നയാള്‍ സഹകരണവകുപ്പധികൃതര്‍ക്കു പരാതി നല്‍കിയതോടെയാണ് ഉത്തരവിനാധാരമായ കാര്യങ്ങളുടെ തുടക്കം. പരാതിയെത്തുടര്‍ന്നു ഡയറക്ടര്‍ അയോഗ്യനാക്കപ്പെട്ടു. അദ്ദേഹം അതു സ്റ്റേ ചെയ്യണമെന്ന് അഭ്യര്‍ഥിച്ച് ഡെപ്യൂട്ടി ഡയറക്ടറുടെ ചുമതല വഹിക്കുന്ന കുംതയിലെ സഹകരണഅസിസ്റ്റന്റ് രജിസ്ട്രാര്‍ക്ക് അപ്പീല്‍ നല്‍കി. അസിസ്റ്റന്റ് രജിസ്ട്രാര്‍ സ്റ്റേ അനുവദിച്ചു. ഇതിനെതിരെയാണു ഹെഗ്‌ഡേ ഭരണഘടനയുടെ 226-ാംവകുപ്പുപ്രകാരം സെര്‍ഷ്യോററി ഉത്തരവിനായി ഹൈക്കോടതിയില്‍ റിട്ട്ഹര്‍ജി നല്‍കിയത്. അയോഗ്യനാക്കപ്പെട്ടയാളും ഹൈക്കോടതിയെ സമീപിച്ചു. രണ്ടു ഹര്‍ജിയും ഒരുമിച്ചു പരിഗണിച്ചാണ് ഉത്തരവ്.
അയോഗ്യനാക്കപ്പെട്ടതിനെതിരായ അപ്പീല്‍, കര്‍ണാടകസഹകരണനിയമത്തിലെ വ്യവസ്ഥ പ്രകാരം, കേള്‍ക്കേണ്ടതു സഹകരണസംഘം ഡെപ്യൂട്ടി രജിസ്ട്രാറാണ്. പക്ഷേ, ആ തസ്തിക ഒഴിവാണ്. അസിസ്റ്റന്റ് രജിസ്ട്രാര്‍, ഡെപ്യൂട്ടിരജിസ്ട്രാര്‍-ഇന്‍-ചാര്‍ജ് ആയി പ്രവര്‍ത്തിക്കുകയാണ്. അയോഗ്യനാക്കിയ നടപടി അദ്ദേഹമാണു സ്റ്റേ ചെയ്തത്. അസിസ്റ്റന്റ് രജിസ്ട്രാര്‍പദവി ഡെപ്യൂട്ടിരജിസ്ട്രാറുടെ റാങ്കിലുള്ളതല്ലാത്തതിനാല്‍ ഇതിന് അധികാരമില്ലെന്നാണു ഹെഗ്‌ഡേയുടെ വാദം. ഇന്‍ചാര്‍ജ് എന്ന നിലയില്‍ ദൈനംദിനഔദ്യോഗികകാര്യങ്ങള്‍ നിര്‍വഹിക്കാനല്ലാതെ, സ്റ്റാറ്റിയൂട്ടറി അധികാരം പ്രയോഗിക്കാനാവില്ലെന്നും വാദിച്ചു. ആറുമാസമായി ഡെപ്യൂട്ടി രജിസ്ട്രാറുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണെന്നും അസിസ്റ്റന്റ് രജിസ്ട്രാറെ ആ ചുമതലകള്‍ നിര്‍വഹിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ഔദ്യോഗികകൃത്യങ്ങള്‍ സ്തംഭിക്കുമെന്നും മറുഭാഗം വാദിച്ചു. റവന്യൂവകുപ്പിലും നിരവധി തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണെന്നും അവിടെയൊക്കെ തൊട്ടുതാഴെയുള്ള ഉദ്യോഗസ്ഥര്‍ക്കു ചുമതല നല്‍കിയാണു മുന്നോട്ടുപോകുന്നതെന്നും അഡീഷണല്‍ അഡ്വക്കേറ്റ് ജനറലും അറിയിച്ചു.
ഈ കേസില്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ക്കില്ലാത്ത, എന്തെങ്കിലും പ്രത്യേക സാങ്കേതികവൈദഗ്ധ്യമോ വിദ്യാഭ്യാസമോ യോഗ്യതാമാനദണ്ഡമോ ഡെപ്യൂട്ടിരജിസ്ട്രാര്‍ക്ക് ഉണ്ടായിരിക്കണമെന്ന വാദം ഇല്ലെന്നു കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ക്കു ഡെപ്യൂട്ടി രജിസ്ട്രാറുടെ ചുമതലകള്‍ നിര്‍വഹിക്കാന്‍ അധികാരമില്ലെന്ന വാദം തള്ളി.