ഐസിഎ എപി യില്‍ മലയാളികള്‍ക്ക് അംഗീകാരം
ശ്രീലങ്കയിലെ കൊളംബോയില്‍ നടക്കുന്ന അന്താരാഷ്ട്രസഹകരണസഖ്യം ഏഷ്യാ-പസഫിക് റീജണല്‍ അസംബ്ലി സമ്മേളനത്തില്‍ വിവിധരംഗങ്ങളില്‍ മലയാളികള്‍ അംഗീകരിക്കപ്പെട്ടു. അന്താരാഷ്ട്രസഹകരണസഖ്യത്തിലും അന്താരാഷ്ട്രസഹകരണആരോഗ്യപരിചരണസ്ഥാപനത്തിലും അംഗത്വമുള്ള കൊല്ലത്തെ എന്‍എസ് സഹകരണആശുപത്രിയുടെ പ്രസിഡന്റ്‌് പി. രാജേന്ദ്രന്‍, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘം (യുഎല്‍സിസിഎസ്) .ചീഫ് പ്രോജക്ട് കോ-ഓര്‍ഡിനേറ്ററും യുഎല്‍ സൈബര്‍ പാര്‍ക്കിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമായ ടി.കെ. കിഷോര്‍ കുമാര്‍ എന്നിവരാണു അംഗീകരിക്കപ്പെട്ടത്. സമ്മേളനത്തില്‍ എന്‍എസ് സഹകരണആശുപത്രിക്ക് അന്ത്രാഷ്ട്രസഹകരണസഖ്യത്തിന്റെ കോഓപ്പറേറ്റീവ് ഗ്ലോബല്‍ എക്‌സലന്‍സ് അവാര്‍ഡ് 2024-25 ലഭിച്ചതാണ് അംഗീകാരമായത്. എന്‍എസ് സഹകരണആശുപത്രി പ്രസിഡന്റ് പി. രാജേന്ദ്രന്‍ പുരസ്‌കാരം ഏറ്റുവാങ്ങി. ഏഷ്യാ-പസഫിക് മേഖലയിലെ 51 രജ്യങ്ങളില്‍നിന്നുള്ള 57 നാമനിര്‍ദേശങ്ങളില്‍നിന്നാണ് എന്‍.എസ്. സഹകരണആശുപത്രി പുരസ്‌കാരാര്‍ഹമായി തിരഞ്ഞെടുക്കപ്പെട്ടത്. കൊല്ലത്തുനിന്നുള്ള മുന്‍ലോക്‌സഭാംഗവും മുതിര്‍ന്ന സി.പി.ഐ(എം) നേതാവുമാണ് രാജേന്ദ്രന്‍. അടുത്തിടെ അന്താരാഷ്ട്രആരോഗ്യപരിചരണസ്ഥാപനത്തിന്റെ (ഐസിഎച്ച്‌ഒ) ഡയറക്ടര്‍ ബോര്‍ഡംഗമായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനസര്‍ക്കാരിന്റെ സഹകരണഎകസലന്‍സ് പുരസ്‌കാരങ്ങള്‍ അടക്കം നിരവധി പുരസ്‌കാരങ്ങള്‍ രാജേന്ദ്രന്റെ നേതൃത്വത്തില്‍ എന്‍.എസ്. സഹകരണആശുപത്രി കരസ്ഥമാക്കിയിട്ടുണ്ട്. 396കോടിരൂപയുടെ വികസനപ്രവര്‍ത്തനങ്ങളുടെ പാതയിലാണ് എന്‍.എസ്. സഹകരണാശുപത്രി.

ഐസിഎ എപിയുടെ കൃഷി-പരിസ്ഥിതിസമിതിയുടെ (ഐസിഎഇ) വൈസ്‌ചെയര്‍മാനായി യുഎല്‍സിസിഎസ് പ്രതിനിധി ടി.കെ. കിഷോര്‍കുമാര്‍ തിരഞ്ഞെടുക്കപ്പെട്ടതാണു മറ്റൊരു അംഗീകാരം. ഈ സ്ഥാനത്തെത്തുന്ന ആദ്യമലയാളിയാണ്. ഇന്ത്യയിലെ ലേബര്‍ സഹകരണസംഘങ്ങളുടെ ദേശീയ ഫെഡറേഷനായ എന്‍എല്‍സിഎഫിന്റെ ഡയറക്ടറാണ്. 47000 സഹകരണസംഘങ്ങള്‍ ഉള്‍ക്കൊള്ളുന്നതും ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നതുമായ ഫെഡറേഷനില്‍ യുഎല്‍സിസിസിനെയാണു കിഷോര്‍കുമാര്‍ പ്രതിനിധാനം ചെയ്യുന്നത്. കേന്ദ്രസഹകരണമന്ത്രാലയം രൂപവല്‍കരിച്ച ഉപദേശകസമിതി ഉള്‍പ്പെടെ വിവിധ ദേശീയസമിതികളിലും യഎല്‍സിസിഎസിന്റെ പ്രതിനിധിയായി കിഷോര്‍കുമാര്‍ ഉണ്ട്. യുവാക്കളെ സഹകരണമേഖലയിലേക്ക് ആകര്‍ഷിക്കാനുള്ള വിവിധ ദേശീയസമിതികളിലും അംഗമാണ്. യുഎന്‍ഡിപിയുടെ ആഭിമുഖ്യത്തില്‍ സ്‌പെയിന്‍, ഇറ്റലി, ബ്രസീല്‍ എന്നിവിടങ്ങളില്‍ നടത്തിയ പഠനയാത്രകളിലും അംഗമായിരുന്നു. ഓസ്‌ട്രേലിയ., ശ്രീലങ്ക, ഇറാന്‍, തായ്‌ലന്റ്, ഫിലപ്പീന്‍സ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ സഹകരണമേഖലയ്‌ക്കു നൂതനാശയങ്ങല്‍ പങ്കുവയ്‌ക്കാന്‍ ഇന്ത്യന്‍ സഹകരണമേഖലയെ പ്രതിനിധാനം ചെയ്‌തിട്ടുണ്ട്. ബ്രിട്ടീഷ് ഹൈക്കമ്മീഷണറുടെ ക്ഷണപ്രകാരം ഇംഗ്ലണ്ടും സന്ദര്‍ശിച്ചു. ഏഷ്യന്‍ പ്രെഡക്ടിവിറ്റി ഓര്‍ഗനൈസേഷന്‍ അംഗരാജ്യങ്ങളിലെ ഡിജിറ്റല്‍ പരിര്‍ത്തനം മെച്ചപ്പെടുത്താന്‍ വിയറ്റ്‌നാമില്‍ സംഘടിപ്പിച്ച ശില്‍പശാലയിലും ഇന്ത്യയ പ്രതിനിധാനം ചെയ്‌തു. ടി.പി. രാമകൃഷ്‌ണന്‍ തൊഴില്‍മന്ത്രിയായിരിക്കെ ഇറാന്‍ സന്ദര്‍ശിച്ച സംഘത്തിലും അംഗമായിരുന്നു.
ഡോ. മാഡ് ഡാറ്റോ അബ്ദുല്‍ റഹ്മാന്‍ അബ്ദുല്‍ റസാഖ് ഷെയ്‌ക് ആണ് ഐസിഎഇ ചെയര്‍മാന്‍. സുസ്ഥിരക്കൃഷി പ്രോല്‍സാഹിപ്പിക്കുക, കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുക, കാര്‍ഷികസഹകരണസംഘങ്ങള്‍ വികസിപ്പിക്കുക, കാലാവസ്ഥാവ്യതിയാനം കുറക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഐസിഎഇക്കുള്ളത്.
സമ്മേളനത്തില്‍ സഹകരണരംഗത്തെ മൂലധനപ്രശ്‌നം പരിഹരിക്കാന്‍ ശക്തമായ സാമ്പത്തികസംവിധാനമുണ്ടാകേണ്ടതിന്റെ ആവശ്യകതയെപ്പറ്റി നടന്ന ചര്‍ച്ചയില്‍ റിസര്‍വ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡംഗവും സഹകാര്‍ ഭാരതി നേതാവുമായ സതീഷ് മറാത്തെ പ്രബന്ധം അവതരിപ്പിച്ചു. ഇന്ത്യയിലെ സഹകരണസംരംഭങ്ങള്‍ക്കു ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഫണ്ടു ലഭ്യമാക്കാനും മൂലധനം സമാഹരിക്കാനുമുള്ള വഴികളെയും സംവിധാനങ്ങളെയുംകുറിച്ചാണ് അദ്ദേഹം പറഞ്ഞത്. ഇന്ത്യയുടെ സഹകരണമൂലധനസംവിധാനത്തില്‍ പല വിടവുകളുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതു പരിഹരിക്കാന്‍ പരിഷ്‌കരണങ്ങളുടെ നിര തന്നെ ആവശ്യമാണ്. വോട്ടവകാശമില്ലാത്ത ഓഹരികള്‍ അനുവദിക്കുക, സഹകരണബോണ്ടുകള്‍ ഇറക്കാന്‍ അനുവദിക്കുക, രക്ഷാകര്‍ൃതൃത്വഓഹരികള്‍ ഏര്‍പ്പെടുത്തുക, എടിഐയും ടയര്‍രണ്ട് സംവിധാനങ്ങളും പോലുള്ള സമ്മിശ്രമൂലധനരൂപങ്ങള്‍ ആവിഷ്‌കരിക്കുക, സഹകരണസ്ഥാപനങ്ങള്‍ക്കു ഓഹരിപിന്‍ബലമേകാന്‍ ദേശീയസഹകരണനിക്ഷേപനിധി രൂപവല്‍കരിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ അദ്ദേഹം മുന്നോട്ടുവച്ചു. ഡിജിറ്റല്‍ എംഐഎസ് സംവിധാനത്തിലൂടെ ശേഷി വര്‍ധിപ്പിക്കുക, ശക്തമായ റിസ്‌ക് മാനേജ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തുക, ഘടനാപരമായ കരുതുല്‍ധനസംവിധാനങ്ങള്‍ ഒരുക്കുക തുടങ്ങിയ നിര്‍ദേശങ്ങളും അദ്ദേഹം വച്ചു. ഐസിഎ എപി റീജണല്‍ ഡയറക്ടര്‍ ബാലസുബ്രഹ്മണ്യന്‍ അയ്യര്‍ അധ്യക്ഷനായി. സോളിഡാരിഡാഡ് ശൃംഖലയുടെ പ്രതിനിധി അനിതാമുനസിംഘെ, പ്രൊഫ. സിഡ്‌സെല്‍ ഗ്രിംസ്റ്റാഡ് തുടങ്ങിയവരും സംസാരിച്ചു. ഏഷ്യയിലെയും പസഫിക്കിലെയും സഹകരണസ്ഥാപനങ്ങള്‍ നൂതനമായ സാമ്പത്തികലഭ്യതാമാതൃകകള്‍ ആവിഷ്‌കരിക്കണമെന്നും ഭാവിവികസനം ലക്ഷ്യംവച്ചുള്ള നയപരിഷ്‌കാരങ്ങള്‍ നടപ്പാക്കണമെന്നും ധാരണയിലെത്തിയാണു ചര്‍ച്ച സമാപിച്ചത്.

സഹകരണപ്രസ്ഥാനങ്ങള്‍ക്ക് എങ്ങനെ മികച്ച ഭാവിക്കായുള്ള രാസത്വരകങ്ങളായി പ്രവര്‍ത്തിക്കാം എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ ഇന്ത്യയിലെ പ്രമുഖസഹകരണസംരംഭമായ ഇഫ്‌കോയുടെ മാനേജിങ് ഡയറക്ടര്‍ കെ.ജെ. പട്ടേല്‍ സംസാരിച്ചു. കാര്‍ഷികമേഖലയില്‍ നൂനതമായ കാര്യങ്ങള്‍ ആവിഷ്‌കരിച്ചു നടപ്പാക്കേണ്ടതു സഹകരണമേഖലയുടെ ഉത്തരവാദിത്വമായി മാറിയിരിക്കയാണെന്ന് അദ്ദേഹം പറഞ്ഞു. പരിസ്ഥിതി പ്രശ്‌നങ്ങള്‍ വര്‍ധിച്ചുവരുന്നതും ഭക്ഷണാവശ്യം ഉയരുന്നതുമാണ് സഹകരണപ്രസ്ഥാനങ്ങളുടെ ഭാഗത്തുനിന്നു നൂതനത്വത്തിനായുള്ള ശ്രമങ്ങള്‍ അനിവാര്യമാക്കുന്നത്. നാനോവളങ്ങങള്‍ പോല കര്‍ഷകരെ സഹായിക്കുന്നതും മണ്ണിന്റെ ആരോഗ്യം പരിപാലിക്കുന്നതും കാലാവസ്ഥാവ്യതിയാനപ്രശ്‌നങ്ങള്‍ക്കുമേല്‍ പിടിച്ചുനില്‍ക്കുന്നതുമായ ഉല്‍പന്നങ്ങളിലൂടെ പുത്തന്‍തലമുറസാങ്കേതികവിദ്യയിലൂടെയാണ് ഇഫ്‌കോ മുന്നേറുന്നത്. പ്രകൃതിയെ സംരക്ഷിക്കുന്നതും പങ്കാളിത്തവികസനം യാഥാര്‍ഥ്യമാക്കുന്നതുമായ സംവിധാനമാണു സഹകരണപ്രസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.
പുരോഗമനാത്മകമായ നയങ്ങളിലൂട സഹകരണാഭിവൃദ്ധി രൂപപ്പെടുത്തല്‍ എന്ന ചര്‍ച്ചയില്‍ ഓസ്‌ട്രേലിയയിലെ ന്യൂകാസില്‍ സര്‍വകലാശാലയിലെ പ്രൊഫ. ആന്‍ ആപ്‌സ് അധ്യക്ഷത വഹിച്ചു. ദേശീയസഹകരണവികസനകോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ പങ്കജ് കുമാര്‍ ബന്‍സാല്‍, ജോര്‍ദാന്‍ സഹകരണകോര്‍പറേഷന്‍ ഡയറക്ടര്‍ ജനറല്‍ അബ്ദെല്‍ ഫറ്റാഹ് അല്‍-ഷലാബി, ദേശീയ സഹകരണവികസനഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍പേഴ്‌സണ്‍ ഉപാലി ഹേരാത്ത് എന്നിവര്‍ സംസാരിച്ചു.

