ഐസിഎ വര്‍ക്കിങ് ഗ്രൂപ്പില്‍ മലയാളിസഹകാരിക്ക് അംഗത്വം
അന്താരാഷ്ട്രസഹകരണദിനാചരണവേളയില്‍ ഒരു മലയാളിക്ക് ലോകസഹകരണപ്രസ്ഥാനത്തിന്റെ അംഗീകാരം. അന്താരാഷ്ട്രസഹകരണസഖ്യത്തിന്റെ (ഐസിഎ) സഹകരണസാംസ്‌കാരികപൈതൃക വര്‍ക്കിങ്‌ഗ്രൂപ്പ് അംഗമായി മലയാളിയും ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘത്തിന്റെ (യുഎല്‍സിസിഎസ്) ചീഫ് പ്രോജക്ട് കോഓര്‍ഡിനേറ്ററും യുഎല്‍ സൈബര്‍ പാര്‍ക്ക് സി.ഇ.ഒ.യുമായ ടി.കെ. കിഷോര്‍കുമാറിനെ തിരഞ്ഞെടുത്തു. കോഴിക്കോട് സ്വദേശിയാണു കിഷോര്‍കുമാര്‍. യു.കെ. യിലെ റോച്‌ഡെയില്‍ പയനിയേഴ്‌സ് മ്യൂസിയത്തില്‍ സഹകരണസാംസ്‌കാരികപൈതൃകത്തെ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നടന്ന അന്താരാഷ്ട്ര ശില്‍പശാലയിലായിരുന്നു നിയമനം. മാഞ്ചസ്റ്ററില്‍ അന്താരാഷ്ട്രസഹകരണവര്‍ഷാചരണത്തിന്റെ ഭാഗമായി നടന്ന നാലുദിവസത്തെ സഹകരണോല്‍സവത്തിന്റെ (ഫെസ്റ്റിവല്‍ ഓഫ് കോഓപ്പറേറ്റീവ്‌സ്) വിവിധ പരിപാടികളിലൊന്നായിരുന്നു റോച്‌ഡേല്‍ മ്യൂസിയം സന്ദര്‍ശനവും അവിടെ നടന്ന സെമിനാറും. 100ല്‍ പരം രാജ്യങ്ങളില്‍നിന്നായി അറുന്നൂറില്‍ പരം സഹകാരികള്‍ സഹകരണോല്‍സവത്തില്‍ വിവിധ ദിവസങ്ങളിലായി പങ്കെടുത്തിരുന്നു. ഇന്ത്യയില്‍ നിന്ന് ഐസിഎ-ഏഷ്യാപസഫിക് മേഖലാ ചെയര്‍മാന്‍ ഡോ. ചന്ദ്രപാല്‍സിങ് യാദവിന്റെ നേതൃത്വത്തില്‍ ദേശീയസഹകരണയൂണിയന്‍ ചെയര്‍മാന്‍ ദിലീപ് സംഘാനിയും ഇഫ്‌കോ മാനേജിങ് ഡയറക്ടര്‍ യു.എസ്. അവാസ്‌തിയുമൊക്കെയുള്ള സംഘമാണു പങ്കെടുത്തത്.
ഐസിഎ ഡയറക്ടര്‍ ജെറോണ്‍ ഡഗ്ലസ് ആണ് വര്‍ക്കിങ് ഗ്രൂപ്പിന്റെ ചെയര്‍മാന്‍. സഹകരണസംസ്‌കാരത്തിന്റെ വളര്‍ച്ചയില്‍ സുപ്രധാനമായ 25 പ്രദേശങ്ങളുടെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്ന ഡിജിറ്റല്‍ മാപ്പ് തയ്യാറാക്കുക, ഭാവിയില്‍ സഹകരണസാസ്‌കാരികപ്രധാനമായ സ്ഥലങ്ങള്‍ നിശ്ചയിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കുക, ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളും ഭാവിപരിപാടികളും സംബന്ധിച്ച് അന്താരാഷ്ട്രതലത്തില്‍ പ്രചാരണം നടത്തുക എന്നിവയാണു വര്‍ക്കിങ് ഗ്രൂപ്പിന്റെ ഉദ്ദേശ്യങ്ങള്‍. ഈ വര്‍ഷം അവസാനം മാപ്പ് പ്രസിദ്ധീകരിക്കും.
ബ്രസീലിയന്‍ സഹകരണസ്ഥാപനങ്ങളുടെ സംഘടനയുടെ പ്രസിഡന്റ് മാര്‍സിയോ ലോപസ് ഡി ഫ്രെയ്‌റ്റാസ്, മൊറോക്കോയിലെ സഹകരണവി്‌കസനകാര്യാലയ ഡയറക്ടര്‍ ജനറല്‍ അയ്‌ച്ച എറിഫായ്, ജര്‍മനിയിലെ ഡൊയിച്ചര്‍ ഗെനോസ്സെന്‍ഷാഫ്‌റ്റ്‌സ് അണ്ട് റെയ്‌ഫീസെന്‍വെര്‍ബാന്‍ ഇ.വി.യുടെ ജിഡിആര്‍വി വകുപ്പു മേധാവി ഡോ. ആന്‍ഡ്രിയാസ് ലിയെഗ്, നൈജിരിയയിലെ സഹകരണവികസനഫെഡറേഷന്‍ എക്‌സിക്യൂട്ടീവ് സെക്രട്ടറി എബുണ്‍ അകിന്‍-ഫലായിയെ, ഇന്ത്യയിലെ ദേശീയസഹകരണവികസനകോര്‍പറേഷന്‍ (എന്‍സിഡിസി) ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ റോഹിത് ഗുപ്‌ത, ജപ്പാന്‍ തൊഴിലാളിസഹകരണയൂണിയന്‍ സെക്രട്ടറി ജനറല്‍ ഒസാമു നക്കാനോ, യു.കെ.യിലെ സഹകരണപൈതൃകട്രസ്റ്റ് മാനേജരും മേധാവിയുമായ ലിസ് മക്‌ഐവര്‍, ബ്രസീലിലെ സിക്രെജി പയനീറയുടെ പ്രസിഡന്റ് ടിയാഗോ ലൂയി ഷ്‌മിറ്റ്, അമേരിക്കയിലെ എന്‍എഫ്‌സിഎ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എര്‍ബിന്‍ ക്രോവെല്‍, ബ്രസീലിയന്‍ സഹകരണസ്ഥാപനങ്ങളുടെ സംഘടനയുടെ ജനറല്‍ മാനേജര്‍ ഫാബിയോള ഡാ സില്‍വ നാജേര്‍ മോട്ട, ബ്രസീലിയന്‍ സഹകരണസ്ഥാപനങ്ങളുടെ അന്താരാഷ്ട്രബന്ധങ്ങളുടെ കോഓര്‍ഡിനേറ്റര്‍ ജോആവോ പിന്‍ഹീറോ വാലഡാരെസ് പെന്ന, ഐസിഎ നിയമനിര്‍മാണവിഭാഗം ഡയറക്ടര്‍ സന്തോഷ്‌കുമാര്‍ എന്നിവരാണ് വര്‍ക്കിങ് ഗ്രൂപ്പ് അംഗങ്ങള്‍. വര്‍ക്കിങ് ഗ്രൂപ്പ് വികസിപ്പിച്ചുകൊണ്ടാണ് ടി.കെ. കിഷോര്‍കുമാറിനെയും ജപ്പാനില്‍നിന്നുള്ള ഒരു പ്രതിനിധിയെയുകൂടി അംഗമാക്കിയത്.2024 സെപ്‌റ്റംബറിലാണു വര്‍ക്കിങ് ഗ്രൂപ്പിന് ഐസിഎ ഭരണസമിതി അംഗീകാരം നല്‍കിയത്. ഇക്കൊല്ലം ഫെബ്രുവരിയില്‍ ഔപചാരികമായി പ്രവര്‍ത്തനം തുടങ്ങി.