ജിഎസ്‌ടി അടക്കമുള്ള വിഷയങ്ങളില്‍ സഹകരണപരിശീലനസ്ഥാപനങ്ങളില്‍ പരിശീലനം
വിവിധ സഹകരണ പരിശീലനസ്ഥാപനങ്ങളില്‍ ജി.എസ്‌ടി, ആദായനികുതി, ബിസിനസ് ഡവലപ്‌മെന്റ് പ്ലാന്‍, സാങ്കേതികവിദ്യാമാനേജ്‌മെന്റ്, ഫിനാന്‍ഷ്യല്‍ പ്രോഡക്ടുകള്‍ എന്നിവയില്‍ പരിശീലനങ്ങള്‍ സംഘടിപ്പിക്കുന്നു. സഹകരണബാങ്കുകളിലെയും വായ്‌പാസഹകരണസംഘങ്ങളിലെയും സെക്രട്ടറിമാരും നികുതികാര്യങ്ങള്‍ നോക്കുന്ന ജീവനക്കാരും അറിഞ്ഞിരിക്കേണ്ട ചരക്കുസേവനനികുതി(ജിഎസ്‌ടി) ആദായനികുതി എന്നിവയെപ്പറ്റി ദേശീയസഹകരണപരിശീലനകൗണ്‍സിലിനു കീഴിലുള്ള സഹകരണമാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് (ഐ.സി.എം) കണ്ണൂര്‍ ഫെബ്രുവരി മൂന്നിനും നാലിനും ഒരു ബാച്ചിനും ഫെബ്രുവരി 27നും 28നും മറ്റൊരു ബാച്ചിനും പരിശീലനം നല്‍കും. ജിഎസ്‌ടി രജിസ്‌ട്രേഷന്‍, ഇളവുകള്‍, സേവനങ്ങള്‍, സര്‍ക്കാരുകളുടെ സേവനങ്ങള്‍, നികുതിനിരക്ക്, ഐടിസി, ഘടന, രേഖാസൂക്ഷിപ്പ്, ആദായനികുതിയിലെ 80പി ഇളവുകള്‍, നികുതിഓഡിറ്റ്, ടിഡിഎസ്, റിട്ടേണുകള്‍, പണനിക്ഷേപം, പണവായ്‌പ, പണച്ചെലവ്, പാന്‍, ടാന്‍ എന്നിവയാണ് ഉള്ളടക്കം. 2500രൂപയും ജിഎസ്‌ടിയുമാണു ഫീസ്.
ഐ.സി.എം കണ്ണൂര്‍ സഹകരണസ്ഥാപനങ്ങളിലെ സിസ്റ്റം അഡ്‌മിനിസ്‌ട്രേറ്റര്‍മാര്‍ക്കായി സഹകരണസ്ഥാപനങ്ങളിലെ സാങ്കേതികവിദ്യാമാനേജ്‌മെന്റിനെപ്പറ്റിയും ജനുവരി 15മുതല്‍ 18വരെ പരിശീലനം നല്‍കൂന്നുണ്ട്. പ്രായോഗികപരിശീലനവും ഉണ്ടാകും. ജിഎസ്‌ടി അടക്കം 5900 രൂപയാണു ഫീസ്.
എന്‍.സി.സി.ടി.യുടെ കീഴില്‍തന്നെയുള്ള തിരുവനന്തപുരം പൂജപ്പുരയിലെ ഐ.സി.എമ്മില്‍ ജനുവരി 20മുതല്‍ 22വരെ ഒരു ബാച്ചിനും 27 മുതല്‍ 29 വരെ മറ്റൊരു ബാച്ചിനുമായി പ്രാഥമികകാര്‍ഷികസഹകരണസംഘങ്ങളിലെ സെക്രട്ടറിമാര്‍ക്കും അസിസ്റ്റന്റ് സെക്രട്ടറിമാര്‍ക്കും ഇന്റേണല്‍ ഓഡിറ്റര്‍മാര്‍ക്കും ചീഫ് അക്കൗണ്ടന്റുമാര്‍ക്കും ശാഖാമാനേജര്‍മാര്‍ക്കും ബിസനസ് ഡവലപ്‌മെന്റ് പ്ലാനിനെപ്പറ്റി പരിശീലനം നല്‍കും. സൗജന്യമാണിത്.
സംസ്ഥാനസര്‍ക്കാരിന്റെ സ്വയംഭരണസ്ഥാപനമായ തിരുവനന്തപുരത്തെ കാര്‍ഷികസഹകരണസ്റ്റാഫ് പരിശീലനഇന്‍സ്റ്റിറ്റിയൂട്ട് (എ.സി.എസ്.ടി.ഐ) പ്രാഥമികകാര്‍ഷികവായ്‌പാസഹകരണസംഘങ്ങളിലെയും ബാങ്കുകളിലെയും സെക്രട്ടറിമാര്‍ക്കും അസിസ്റ്റന്റ് സെക്രട്ടറിമാര്‍ക്കും ചീഫ്‌അക്കൗണ്ടന്റുമാര്‍ക്കും ബ്രാഞ്ച്‌മാനേജര്‍മാര്‍ക്കും ഇന്റേണല്‍ ഓഡിറ്റര്‍മാര്‍ക്കും ജനുവരി 13മുതല്‍ 18വരെ ഫിനാന്‍ഷ്യല്‍ പ്രോഡക്ടുകളെയും സേവനങ്ങളെയും പറ്റി പരിശീലനം നല്‍കും. ഇന്‍ക്രിമെന്റിനും സ്ഥാനക്കയറ്റത്തിനും പ്രയോജനപ്പെടുന്ന പരിശീലനമാണിത്. ജിഎസ്‌ടി അടക്കം 7080 രൂപയാണു ഫീസ്.