ജിഎസ്‌ടി പരിഷ്‌കാരങ്ങള്‍ അംഗീകരിച്ചു; ലൈഫ് ഇന്‍ഷുറന്‍സിനു ജിഎസ്‌ടി ഒഴിവാക്കി
ജിഎസ്‌ടി പരിഷ്‌കാരങ്ങള്‍ക്കു ജിഎസ്‌ടി കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കി. എല്ലാ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ക്കും യുലിപ്-എന്‍ഡോവ്‌മെന്റ് പോളിസികള്‍ക്കും റീഇന്‍ഷുറന്‍സുകള്‍ക്കും ജിഎസ്‌ടി ഒഴിവാക്കിയിട്ടുണ്ട്. വ്യക്തിഗതആരോഗ്യഇന്‍ഷുറന്‍സ് പോളിസികള്‍ക്കും (കുടുംബഫ്‌ളോട്ടര്‍ പോളിസികളും മുതിര്‍ന്ന പൗരര്‍ക്കുള്ള പോളിസികളും അടക്കം) ജിഎസ്‌ടി ഇല്ല. നാലു തട്ടായുള്ള നികുതിഘടന രണ്ടുതട്ടാക്കി. അള്‍ട്രാഹൈടെംപറേച്ചര്‍ പാല്‍, പ്രീപാക്കേജ്‌ഡ് ചെന, ചപ്പാത്തി, റൊട്ടി, പറാത്ത, പെറോട്ട തുടങ്ങിയവയ്‌ക്കൊക്കെ ജിഎസ്‌ടി അഞ്ചുശതമാനമുണ്ടായിരുന്നത് ഒഴിവാക്കി.എയര്‍കണ്ടീഷനിങ് മെഷീനുകളുടെയും മറ്റും ജിഎസ്‌ടി 28 ശതമാനത്തില്‍നിന്നു 18 ശതമാനമായി കുറച്ചിട്ടുണ്ട്.
പാന്‍മസാല, ഗുഡ്‌ക, സിഗരറ്റ്, പുകയില, സര്‍ദ, ബീഡി എന്നിവയൊഴികെയുള്ള എല്ലാ സാധനങ്ങള്‍ക്കും പുതിയ ജിഎസ്‌ടിനിരക്കുകള്‍ സെപ്‌റ്റംബര്‍ രണ്ടുമുതല്‍ ബാധകമായിരിക്കും. പാന്‍മസാല, ഗുഡ്‌ക, സിഗരറ്റ് തുടങ്ങിയ പുകയില ഉല്‍പന്നങ്ങള്‍ക്ക് 40 ശതമാനം ജിഎസ്‌ടിയുണ്ടാകും.മല്‍സ്യക്കര്‍ഷകര്‍ക്കും മറ്റും പുതിയ നിരക്കുകള്‍ ഗുണകരമായിരിക്കും. മല്‍സ്യഎണ്ണകള്‍, ഫിഷ് എക്‌സ്‌ട്രാക്ടുകള്‍, തയ്യാറാക്കിയതും പ്രിസര്‍വ് ചെയ്‌തതുമായി മല്‍സ്യ-ചെമ്മീന്‍ ഉല്‍പന്നങ്ങള്‍ എന്നിവയുടെ നികുതി 12 ശതമാനത്തില്‍നിന്ന് അഞ്ചുശതമാനമായി കുറച്ചിട്ടുണ്ട്. ഫിഷിങ് റോഡുകള്‍, ടാക്കിള്‍, ലാന്റിങ് നെറ്റുകള്‍, ബട്ടര്‍ഫ്‌ളൈ നെറ്റുകള്‍ ഗിയര്‍ എന്നിവയുടെയും ജിഎസ്‌ടി 12 ശതമാനത്തില്‍നിന്ന് അഞ്ചായി കുറച്ചിട്ടുണ്ട്.പെട്രോള്‍-പെട്രോള്‍ ഹൈബ്രിഡ്- എല്‍പിജി-സിഎന്‍ജി കാറുകളുടെ ജിഎസ്‌ടി 28 ശതമാനത്തില്‍നിന്നു 18 ശതമാനമായി കുറച്ചു. 1200സിസിയും 4000എംഎമ്മും കവിയാത്തവയ്‌ക്കാണിത്. ഡീസല്‍-ഡീസല്‍ ഹൈബ്രിഡ് കാറുകളുടെയും ജിഎസ്‌ടി 28 ശതമാനത്തില്‍നിന്നു 18 ശതമാനമാക്കിയിട്ടുണ്ട്. ഇതും 1500സിസിയും 4000എംഎമ്മും കവിയാത്തവയുടെ കാര്യത്തിലാണ്. മൂന്നുചക്രവാഹനങ്ങള്‍, 350സിസിവരെയുള്ള മോട്ടോര്‍ സൈക്കിളുകള്‍, ചരക്കുഗതാഗതത്തിനുള്ള മോട്ടാര്‍ വാഹനങ്ങള്‍ എന്നിവയുടെ ജിഎസ്‌ടിയും 28 ശതമാനത്തില്‍നിന്നു 18 ശതമാനമായി കുറച്ചിട്ടുണ്ട്. എയര്‍കണ്ടീഷണറുകള്‍, 32ഇഞ്ചില്‍കൂടുതലുള്ള ടെലിവിഷനുകള്‍, മോണിറ്ററുകള്‍, പ്രോജക്ടറുകള്‍, ഡിഷ് വാഷിങ് മെഷീനുകള്‍ എന്നിവയുടെയും ജിഎസ്‌ടി 28 ശതമാനത്തില്‍നിന്നു 18 ശതമാനമായി കുറച്ചു.
പുതിയനിരക്കുകള്‍ പ്രകാരം ഹെയര്‍ ഓയില്‍, ഷാംപൂ, ടൂത്ത്‌പേസ്റ്റ്, ടോയ്‌ലെറ്റ് സോപ്പ് ബാര്‍, ടൂത്ത് ബ്രഷുകല്‍ ഷേവിങ് ക്രീം എന്നിവയുട ജിഎസ്‌ടി അഞ്ചുശതമാനമായി. നിലവില്‍ 18 ശതമാനമാണ്.വെണ്ണ, നെയ്യ്, ചീസ്, ഡയറി സ്‌പ്രെഡുകള്‍, പ്രീപാക്കേജ്‌ഡ് നംകീനുകള്‍, ഭുജ, മിക്‌സചറുകള്‍, വീട്ടുപകരണങ്ങള്‍, ഫീഡിങ് ബോട്ടിലുകള്‍, നാപ്‌കിനുകള്‍്, ക്ലിനിക്കല്‍ ഡയപ്പറുകള്‍, തയ്യല്‍ മെഷീനുകള്‍, തയ്യല്‍മെഷീനുകളുടെ ഭാഗങ്ങള്‍, എന്നിവയുടെയും ജിഎസ്‌ടി അഞ്ചുശതമാനമാകും. നിലവില്‍ 12 ശതമാനമാണ്.ആരോഗ്യമേഖലയില്‍ ഇന്റിവിഡുവല്‍ ഹെല്‍ത്ത് – ലൈഫ് ഇന്‍ഷുറന്‍സിന് ജിഎസ്‌ടി ഒഴിവാക്കി. നിലവില്‍ 18 ശതമാനം ജിഎസ്‌ടി ഉള്ളതാണ്. തെര്‍മോമീറ്ററിന്റെ ജിഎസ്‌ടി 18 ശതമാനത്തില്‍നിന്ന് അഞ്ചുശതമാനമായി കുറച്ചു. മെഡിക്കല്‍ ഗ്രേഡ് ഓക്‌സിജന്‍, എല്ലാത്തരം ഡയഗ്നോസ്‌റ്റിക് കിറ്റുകള്‍, റീജന്റുകള്‍, ഗ്ലൂക്കോമീറ്റര്‍, ടെസ്‌റ്റ് സ്‌ട്രിപ്പുകള്‍, കറക്ടീവ് സ്‌പെക്ടക്കിളുകള്‍ എന്നിവയുടെ ജിഎസ്‌ടി 12 ശതമാനത്തില്‍നിന്ന് അഞ്ചുശതമാനമായി കുറച്ചു.
മാപ്പുകള്‍, ചാര്‍ട്ടുകള്‍ ഗ്ലോബുകള്‍, പെന്‍സിലുകള്‍, ഷാര്‍പ്പണറുകള്‍, ക്രയോണുകള്‍, പേസ്റ്റലുകള്‍, എറേസറുകള്‍ എന്നിവയെ ജിഎസ്‌ടിയില്‍നിന്ന് ഒഴിവാക്കി. നിലവില്‍ 12 ശതമാനം ജിഎസ്‌ടി ഉണ്ടായിരുന്നവയാണിവ.
ട്രാക്ടര്‍ ടയറുകളുടെയും ഭാഗങ്ങളുടെയും നികുതി 18 ശതമാനത്തില്‍നിന്ന് അഞ്ചുശതമാനമാക്കി. ട്രാക്ടറുകളുടെയും സ്‌പെസിഫൈഡ് ജൈവകീടനാശിനികളുടെയും മൈക്രോന്യൂട്രിയന്റുകളുടെയും ഡ്രിപ് ഇറിഗേഷന്‍ സംവിധാനങ്ങളുടെയും സ്‌പ്രിങ്ക്‌ളറുകളുടെയും മണ്ണൊരുക്കാനും കൃഷി നടത്താനും വിളവെടുക്കാനും പേറ്റാനുമുള്ള കാര്‍ഷിക-ഹോര്‍ടികള്‍ച്ചറല്‍-ഫോറസ്‌ട്രി ഉല്‍പന്നങ്ങളുടെയും ജിഎസ്‌ടി 12 ശതമാനത്തില്‍നിന്ന് അഞ്ചുശതമാനമായി കുറച്ചു.
ജിഎസ്‌ടി അപ്പലേറ്റ് ട്രൈബ്യൂണല്‍ സെപ്‌റ്റംബര്‍ അവസാനത്തോടെ അപ്പീലുകള്‍ സ്വീകരിച്ചുതുടങ്ങും. ജിസ്‌ടി അപ്പലേറ്റ് ട്രൈബ്യൂണലിന്റെ പ്രിന്‍സിപ്പല്‍ ബെഞ്ച് ദേശീയഅപ്പലേറ്റ് അതോറിട്ടിയായി പ്രവര്‍ത്തിക്കും.
സഹകരണപെന്‍ഷന്‍കാര്‍ ഒക്ടോബര്‍ 31നകം മസ്‌റ്ററിങ് നടത്തണം
സഹകരണജീവനക്കാരുടെ പെന്‍ഷന്‍ബോര്‍ഡ് മുഖേന പെന്‍ഷന്‍ വാങ്ങുന്ന പ്രാഥമികസഹകരണസംഘം, കേരളബാങ്ക്, സഹകരണേതരവകുപ്പുകളിലെ സഹകരണസംഘങ്ങള്‍ എന്നിവയില്‍നിന്നു വിരമിച്ച പെന്‍ഷന്‍കാര്‍, കുടുംബപെന്‍ഷന്‍കാര്‍, ആശ്വാസ്-സമാശ്വാസ് പദ്ധതി പ്രകാരം പെന്‍ഷന്‍ വാങ്ങുന്നവര്‍,, കയര്‍ സ്‌പെഷ്യല്‍ സ്‌കീംപ്രകാരം പെന്‍ഷന്‍ വാങ്ങുന്നവര്‍ എന്നിങ്ങനെ 2025 ജനുവരിക്കു പെന്‍ഷന്‍ലഭി്‌ച്ചുതുടങ്ങിയവര്‍ അക്ഷയകേന്ദ്രം വഴി ബയോമെട്രിക് രതിയില്‍ ഒക്ടോബര്‍ 31നകം മസ്റ്ററിങ് നടത്തണമെന്നു പെന്‍ഷന്‍ ബോര്‍ഡ് അഡീഷണല്‍ രജിസ്‌ട്രാര്‍/ സെക്രട്ടറി അറിയിച്ചു. ഇല്ലെങ്കില്‍ ഡിസംബര്‍മുതല്‍ പെന്‍ഷന്‍ മുടങ്ങും.