കൃഷിയില്‍ പിഒടി നടപ്പാക്കാന്‍ സംഘങ്ങള്‍ മുന്നോട്ടുവരണം:ഡോ. ഡി. സജിത്‌ബാബു
കേരളത്തില്‍ കൃഷി ഭൂമി കിട്ടാത്ത പ്രശ്‌നം പരിഹരിക്കാന്‍ നാട്ടില്‍ ഉപയോഗിക്കാതെ കിടക്കുന്ന, വിദേശകേരളീയരുടെ സ്ഥലങ്ങളില്‍ അവരുടെ സമ്മതത്തോടെ കൃഷിചെയ്‌തു പരിപാലിച്ച് പിന്നീട് അവര്‍ക്കു കൈമാറുന്ന പ്ലാന്റ് ഓപ്പറേറ്റ് ആന്റ് ട്രാന്‍സ്‌ഫര്‍ (പിഒടി) സമ്പ്രദായം നടപ്പാക്കാന്‍ സഹകരണസംഘങ്ങള്‍ മുന്നോട്ടുവരണമെന്നു സഹകരണസംഘം രജിസ്‌ട്രാര്‍ ഡോ. ഡി. സജിത്‌ബാബു പറഞ്ഞു. കനകക്കുന്നു കൊട്ടാരമൈതാനത്ത് സഹകരണഎക്‌സ്‌പോ25ന്റെ ഭാഗമായി കേരളത്തെ ഹോര്‍ട്ടികള്‍ച്ചര്‍ കേന്ദ്രമാക്കി മാറ്റുന്നതില്‍ സഹകരണമേഖലയുടെ പങ്ക് എന്ന സെമിനാറില്‍ വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പിപിടി വഴി 14 ജില്ലയിലും 70ഏക്കറെങ്കിലുംവീതം സ്ഥലം കണ്ടെത്താം. ഇവിടങ്ങളില്‍ വിദേശപഴങ്ങളുടെ ഫാമുകള്‍ ഉണ്ടാക്കാം. കൃഷി ഹൈടെക് ആക്കണം. കേരളത്തില്‍ ഏഴിനം ജൈവവൈവിധ്യമേഖലകളുണ്ട്. അതുകൊണ്ടു ജമ്മുകാശ്‌മീരില്‍ വളരാത്ത പഴവര്‍ഗങ്ങള്‍പോലും ഇവിടെ കൃഷിചെയ്‌തുണ്ടാക്കാനാവും. ഡ്രൈഫ്രൂട്ട്‌സ് വിപണിയും പ്രയോജനപ്പെടുത്തണം. കേരളത്തില്‍നിന്നു ദിവസവും നൂറുകണക്കിനു ലോറികള്‍ നടീല്‍വസ്‌തുക്കളുമായി മണ്ണുത്തിയിലും നെല്ലിമൂടുംനിന്ന് ഇതരസംസ്ഥാനങ്ങളിലേക്കു പോകുന്നുണ്ട്. ഇതു കേരളത്തിന്റെ സാധ്യത വ്യക്തമാക്കുന്നു. സ്വകാര്യഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ക്കു സഹകരണബദലായി അങ്ങാടി കേരള എന്ന ഡിജിറ്റില്‍ പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്നുണ്ട്. ഇതും കോപ്പ് കേരള ബ്രാന്റിങ്ങും പ്രയോജനപ്പെടുത്തണം. കൃഷിഭൂമികളില്‍ അനുഭവാധിഷ്‌ഠിതടൂറിസം പ്രോല്‍സാഹിപ്പിച്ചും വരുമാനം വര്‍ധിപ്പിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
എം.എല്‍.എ.മാരായ ഒ.എസ്. അംബിക, പി. അബ്ദുള്‍ഹമീദ്, നീലഗിരി ഇന്‍ഡ്‌കോസെര്‍വ് എന്ന സഹകരണസ്ഥാപനത്തിന്റെ മേധാവി ഡോ. എസ്. വിനീത്, കാസര്‍ഗോഡ് സി.പി.സി.ആര്‍.ഐ.യിലെ മുതിര്‍ന്ന ശാസ്‌ത്രജ്ഞന്‍ ഡോ. തമ്പാന്‍, കാര്‍ഷികവിദഗ്‌ധന്‍ ഡോ. ഹിരോഷ്‌കുമാര്‍, മണ്ണാര്‍ക്കാട് സര്‍വീസ് സഹകരണബാങ്ക് മുന്‍സെക്രട്ടറി എം. പുരുഷോത്തമന്‍, സഹകരണജീവനക്കാരുടെ വിവിധസംഘടനകളുടെ നേതാക്കളായ ഇ.പി. സാബു, വി.എം. ആനന്ദ് എന്നിവരും ഓണ്‍ലൈനായി ആസൂത്രണബോര്‍ഡംഗം പ്രൊഫ. രാമകുമാറും സംസാരിച്ചു.
കാര്‍ഷികപദ്ധതികള്‍ക്ക് ഫോളോഅപ്പുകള്‍ ഉണ്ടാകണം, സഹകരണസംഘങ്ങള്‍ തമ്മിലുള്ള സഹകരണം കാര്‍ഷികമേഖലയില്‍ കൂടുതല്‍ വര്‍ധിപ്പിക്കണം, കാര്‍ഷികമേഖലയില്‍ വളര്‍ച്ചാപ്രതിസന്ധിയും ഉല്‍പ്പാദനക്കുറവുമുണ്ടായിട്ടും സ്‌പൈസസ് മേഖലയില്‍നിന്നുള്ള വരുമാനം വര്‍ധിപ്പിക്കാനായതു മറ്റുമേഖലകളും മാതൃകയാക്കണം, സ്‌പൈസസ് മേഖലയ്‌ക്കു ഗുണം ചെയ്‌ത ആന്തരികമായ റീഎഞ്ചിനിയറിങ് മറ്റമേഖലകളിലും വരണം, കൃഷിയുടെ കോര്‍പറേറ്റുവല്‍കരണത്തിനു ബദലായി സഹകരണവല്‍ക്കരണം വളര്‍ത്തിയെടുക്കണം, കേരളകാര്‍ഷികമേഖലയിലെ രൂക്ഷമായ ഉല്‍പാദനക്ഷമത പരിഹരിക്കപ്പെടണം, പ്രാഥമികകാര്‍ഷികവിപണികള്‍ ഓരോപഞ്ചായത്തിലും ഉണ്ടാക്കണം, സംഭരണകേന്ദ്രങ്ങള്‍ ആധുനിക പാക്ക്‌ഹൗസുകളായിക്കൂടി വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന കോമണ്‍ ഫെസിലിറ്റി സെന്ററുകള്‍ ആകണം, കാര്‍ഷികവായ്‌പാനയവും കാര്‍ഷികവായ്‌പയുടെ നിര്‍വചനവും കാലത്തിനൊത്തു മാറ്റണം തുടങ്ങിയ ആശയങ്ങള്‍ ചര്‍ച്ചകളില്‍ പങ്കെടുത്തവര്‍ അവതരിപ്പിച്ചു.