മിസലേനിയസ്‌ സംഘങ്ങള്‍ക്ക്‌ അപ്പെക്‌സ്‌ സ്ഥാപനം രൂപവല്‍കരിച്ച്‌ ഫണ്ട്‌ മാനേജ്‌മെന്റ്‌ സാധ്യമാക്കണം: സി.പി. ജോണ്‍

Moonamvazhi

മിസലേനിയസ്‌ സംഘങ്ങള്‍ക്ക്‌ അപ്പെക്‌സ്‌ സ്ഥാപനം രൂപവല്‍കരിച്ച്‌ അതിനെ ഫണ്ട്‌ സമാഹരിക്കാന്‍ അനുവദിച്ച്‌ ആ ഫണ്ട്‌ കേരളത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക്‌ സാമ്പത്തികം ലഭ്യമാക്കാന്‍ ഉയോഗിക്കാവുന്നതാണെന്ന്‌ ആസുത്രണബോര്‍ഡ്‌ മുന്‍അംഗം സി.പി. ജോണ്‍ അഭിപ്രായപ്പെട്ടു. കനകക്കുന്ന്‌ കൊട്ടാരമൈതാനത്തു നടക്കുന്ന സഹകരണഎക്‌സ്‌പോയുടെ ഭാഗമായി ഭാവി മെച്ചപ്പെടുത്താന്‍ സഹകരണസ്ഥാപനങ്ങളിലെ കാര്യക്ഷമമായ ഫണ്ട്‌ മാനേജ്‌മെന്റിന്റെ ആവശ്യകതയെപ്പറ്റി നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കിഫ്‌ബി സഹകരണപ്രസ്ഥാനത്തില്‍നിന്നു ഫണ്ട്‌ സ്വീകരിക്കാന്‍ തയ്യാറാവുകയും സഹകരണപ്രസ്ഥാനം ഫണ്ട്‌ നല്‍കാന്‍ തയ്യാറാവുകയും ചെയ്‌തിരുന്നെങ്കില്‍ കിഫ്‌ബിക്കു ലണ്ടനില്‍ പോകാതെ ഇവിടെനിന്നുതന്നെ ഫണ്ട്‌ സമാഹരിക്കാമായിരുന്നു. 1000കോടിയോളംരൂപയുള്ള സഹകരണപെന്‍ഷന്‍ബോര്‍ഡിന്റെയും സഹകരണറിസ്‌ക്‌ഫണ്ടിന്റെയുമൊക്കെ കൈവശമുള്ള തുകയും കേരളത്തിന്റെ സാമ്പത്തികവികസനത്തിന്‌ ഉപയോഗപ്പെടുത്താവുന്നതാണ്‌. അതും ഫണ്ട്‌ മാനേജ്‌മെന്റാണ്‌. എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ സ്ഥാപിക്കാന്‍ 400 കോടിരൂപ നല്‍കാന്‍ കാലിക്കറ്റ്‌ സിറ്റിസര്‍വീസ്‌ സഹകരണബാങ്കിനു സര്‍ക്കാര്‍ അനുമതി നല്‍കാനുള്ള നിര്‍ണായകതീരുമാനത്തിന്റെയും ഏറെ വര്‍ഷങ്ങള്‍ തിരിച്ചടവിനു സാവകാശം അനുവദിച്ചതിന്റെയും ഫലമാണ്‌ അത്തരമൊരു മികച്ച ചികില്‍സാകേന്ദ്രം. ആ തുക നല്‍കാന്‍ അനുവദിക്കാനുള്ള തീരുമാനം എടുത്തില്ലായിരുന്നുവെങ്കില്‍ ആ പണം മൃതധനമായി അവശേഷിക്കുകമായിരുന്നു. മികച്ച ഫണ്ട്‌ മാനേജ്‌മെന്റിന്‌ ഉദാഹരണമാണ്‌ അത്തരം തീരുമാനങ്ങളെന്നും അദ്ദേഹം പറഞ്ഞു. വായ്‌പാസഹകരണസ്ഥാപനങ്ങളില്‍ ഭരണസമിതിയംഗമാകുന്നതിന്‌ ഏര്‍പ്പെടുത്തിയ തവണപ്പരിധിയെയും അവിശ്വാസം കൊണ്ടുവരുന്നതിന്‌ ഏര്‍പ്പെടുത്തിയ ചട്ടങ്ങളെയും അദ്ദേഹം വിമര്‍ശിച്ചു.

കുട്ടികള്‍ക്ക്‌ അക്കൗണ്ട്‌ തുറക്കുന്നതിനായി റിസര്‍വ്‌ ബാങ്ക്‌ കൊണ്ടുവന്ന ഉദാരവ്യവസ്ഥകള്‍ സഹകരണസ്ഥാപനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നു ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ കോസ്‌റ്റ്‌ അക്കൗണ്ടന്റ്‌സ്‌ ഓഫ്‌ ഇന്ത്യയുടെ സഹകരണവികസനബോര്‍ഡ്‌ മുന്‍ചെയര്‍മാന്‍ ചിത്തരഞ്‌ജന്‍ ചതോപാധ്യായ പറഞ്ഞു. സഹകരണആശുപത്രിസംരംഭങ്ങള്‍ക്ക്‌ ഐസിഎഐ പ്രത്യേകപ്രാധാന്യം നല്‍കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.സഹകരണസ്ഥാപനങ്ങള്‍ വരുമാനോല്‍പാദനസംരംഭങ്ങള്‍ക്കു കൂടുതല്‍ പ്രാധാന്യം നല്‍കുകയും സൈബര്‍സുരക്ഷയും അത്യാധുനികഓഡിറ്റ്‌ രീതികളും ഫണ്ട്‌ ഉപയോഗത്തില്‍ വൈവിധ്യവല്‍കരണവും നടപ്പാക്കണമെന്ന്‌ നബാര്‍ഡ്‌ ഡെപ്യൂട്ടി മാനേജിങ്‌ ഡയറക്ടര്‍ അജയ്‌ കെ മസുദ്‌ പറഞ്ഞു. ചെറുത്‌, ഇടത്തരം, ഉയര്‍ന്നത്‌ എന്ന തരത്തില്‍ സഹകരണസ്ഥാപനങ്ങളെ ക്ലാസിഫൈ ചെയ്യണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.പാലക്കാട്ടും കോട്ടയത്തും ഉയര്‍ന്നുവരുന്ന സഹകരണറൈസ്‌മില്ലുകള്‍ സഹകണമേഖലയുടെ ഫണ്ട്‌ ജനോപകാരപ്രദമായ രീതിയില്‍ കൈകാര്യം ചെയ്യുന്നതിന്‌ ഉദാഹരണമാണെന്നു സഹകരണവകുപ്പുമുന്‍സെക്രട്ടറി മിനി ആന്റണി പറഞ്ഞു.

മുന്‍ഗണനാമേഖലയ്‌ക്കു 40 ശതമാനംമാത്രം വായ്‌പ നല്‍കിയാലുംമതിയെന്നിരിക്കെ 100ശതമാനം വായ്‌പയും ആ മേഖലയ്‌ക്കാണു കേരളബാങ്ക്‌ നല്‍കുന്നതെന്നു കേരളബാങ്ക്‌ സിഇഒ ജോര്‍ട്ടി എം ചാക്കോ ചൂണ്ടിക്കാട്ടി. കേരളബാങ്കിന്റെ വായ്‌പകളില്‍ 23 ശതമാനത്തോളം കാര്‍ഷികമേഖലയ്‌ക്കാണ്‌. പ്രാഥമികകാര്‍ഷികസഹകരണസംഘങ്ങള്‍വഴി മറ്റൊരു 25ശതമാനം തുക കൂടി കാര്‍ഷികമേഖലയില്‍ ലഭ്യമാക്കുന്നു. കേരളബാങ്കിന്റെ ജീവനക്കാരില്‍ 60ശതമാനവും സ്‌ത്രീകളാണ്‌. ഇന്ത്യയില്‍ മറ്റേതെങ്കിലും ബാങ്കില്‍ വനിതാജീവനക്കാര്‍ ഇത്രയേറെ ഉണ്ടോ എന്നു സംശയമാണ്‌. ഇത്രയേറെ പ്രത്യേകതകളുള്ള കേരളബാങ്ക്‌മാതൃക പഠിക്കപ്പെടേണ്ടതാണ്‌. വായ്‌പാറിക്കവറിയുടെ കാര്യത്തില്‍ എസ്‌എംഎ പോലുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതും പലിശനിരക്കിന്റെ കാര്യത്തില്‍ കൃത്യമായി തിരിച്ചടവു നടത്തുന്നവര്‍ക്കു പ്രോല്‍സാഹനമേകുന്ന വിധത്തില്‍ വേറിട്ടപരിഗണന നല്‍കുന്ന നിരക്കുകള്‍ ഏര്‍പ്പെടുത്തേണ്ടതും ആവശ്യമാണെന്ന്‌ അദ്ദേഹം പറഞ്ഞു.

സഹകരണസ്ഥാപനങ്ങളില്‍ മൂന്നുശതമാനത്തിലേറെ സ്വന്തം ഫണ്ടുള്ളവ കുറവാണെന്ന ്‌എ.സി.എസ്‌.ടി.ഐ. മുന്‍ഡയറക്ടര്‍ ബി.പി. പിള്ള പറഞ്ഞു. സഹകരണസ്ഥാപനങ്ങളിലെ ലെന്റബിള്‍ ഫണ്ടിന്റെ പലിശ വാണിജ്യബാങ്കുകളുടെതിനെക്കാള്‍ രണ്ടുശതമാനം കൂടുതലാണ്‌. ഇതാണു വായ്‌പാനിക്ഷേപഅനുപാതം കുറയാന്‍ ഒരു പ്രധാനകാരണം. ആദായനികുതിനിയമങ്ങള്‍ പാലിക്കുന്നതിലും വീഴ്‌ചയുണ്ട്‌. സഹകരണസ്ഥാപനങ്ങളുടെ ക്ലാസിഫിക്കേഷന്‍ നടത്തിയിട്ടു 15വര്‍ഷമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.കേരളബാങ്ക്‌ എംപ്ലോയീസ്‌ യൂണിയന്‍ ജനറല്‍ സെക്രട്ടറി കെ.പി. അനില്‍കുമാറും സംസാരിച്ചു.

വിഴിഞ്ഞം പദ്ധതിയും വ്യവസായഇടനാഴിയുമൊക്കെ കേരളത്തിലെ സഹകരണസ്ഥാപനങ്ങള്‍ക്കുമുന്നില്‍ വന്‍അവസരങ്ങളാണു പ്രദാനം ചെയ്യുന്നതെന്ന്‌ വ്യവസായവികസനത്തില്‍ സഹകരണസ്ഥാപനങ്ങളുടെ പങ്കിനെക്കുറിച്ചു നടന്ന സെമിനാറില്‍ കെഎസ്‌ഐഡിസി എക്‌സിക്യൂട്ടീവ്‌ ഡയറക്ടര്‍ ആര്‍. ഹരികൃഷ്‌ണന്‍ പറഞ്ഞു.കേരളവും ഫിജിയും തമ്മില്‍ ഏറെ സമാനതകളുണ്ടെന്നും ഫിജിയിലെ സഹകരണസംരംഭങ്ങള്‍ക്കു പരിശീലനപരമായ സേവനങ്ങള്‍ നല്‍കാന്‍ കേരളമടക്കം ഇന്ത്യയിലെ സഹകരണമേഖലയുക്കു കഴിയുമെന്നും ഫിജി വാണിജ്യമന്ത്രാലയത്തിലെ സഹകരണബിസിനസ്‌ വിഭാഗം ഡയറക്ടര്‍ ജോസെഫോ പറഞ്ഞു.

ഡിജിറ്റല്‍ വിടവുമൂലം ബുദ്ധിമുട്ടുന്ന ചെറുകിടസ്ഥാപനങ്ങളെ സഹായിക്കാന്‍ സഹകരണസ്ഥാപനങ്ങള്‍ക്കു കഴിയുമെന്ന്‌ അന്താരാഷ്ട്രതൊഴില്‍സംഘടനയുടെ ദക്ഷിണേഷ്യക്കായുള്ള ഡീസന്റ്‌ വര്‍ക്ക്‌ ടെക്‌നിക്കല്‍ ടീമിന്റെ സംരംഭകത്വവികസനസ്‌പെഷ്യലിസ്റ്റ്‌ ഭാരതി ബിര്‍ള പറഞ്ഞു. വന്‍സ്ഥാപനങ്ങളുമായുള്ള മല്‍സരത്തില്‍ ചെറുകിടഇടത്തരംസംരംഭങ്ങള്‍ പിന്നിലായിപ്പോകുന്നുണ്ട്‌. ഡിജിറ്റലായ ഏറ്റവും പുതിയതും കൃത്യവുമായ വിവരങ്ങള്‍ അവര്‍ക്കു ലഭിക്കാതെ പോകുന്നത്‌ ഇതിനു കാരണമാണ്‌. ഈ ഡിജിറ്റല്‍ വിടവ്‌ പരിഹരിക്കാന്‍ സഹകരണസ്ഥാപനങ്ങള്‍ക്കു കഴിയും. സഹകരണക്ലസ്റ്ററുകള്‍ കൂടുതലായി ഉയര്‍ന്നുവരണമെന്നും അവര്‍ പറഞ്ഞു.ക്ലസ്റ്ററിങ്ങും ഡിജിറ്റല്‍ സഹകരണവും വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന്‌ ഡി.സി. സ്‌കൂള്‍ ഓഫ്‌ മാനേജ്‌മെന്റ്‌ ആന്റ്‌ ടെക്‌നോളജി ഡയറക്ടര്‍ ഡോ. ജയശങ്കര്‍ പ്രസാദ്‌ അഭിപ്രായപ്പെട്ടു.

Moonamvazhi

Authorize Writer

Moonamvazhi has 314 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News