പുനരുജ്ജീവന പദ്ധതിയുമായി വന്നാല്‍ നിക്ഷേപകര്‍ക്കു പണം മടക്കിക്കൊടുക്കാന്‍ ധനസഹായത്തിനുവ്യവസ്ഥയായി
- 5ലക്ഷംവരെ മടക്കിക്കൊടുക്കാന്‍ ധനസഹായം ഉപയോഗിക്കാം
- നിക്ഷേപഗ്യാരന്റി സ്‌കീമില്‍ ചേരാത്തവയ്‌ക്കു നിക്ഷേപവിലക്കു വരാം
സഹകരണസംഘങ്ങള്‍ സഹകരണ നിക്ഷേപ ഗ്യാരന്റീ സ്‌കീമില്‍ ചേരണമെന്നു നിര്‍ബന്ധമാക്കിയും പുനരുജ്ജീവന പദ്ധതിയുമായിവരുന്ന പ്രശ്‌നബാധിത സംഘങ്ങള്‍ക്ക് നിക്ഷേപകരുടെ പണം തിരിച്ചുകൊടുക്കാന്‍ ധനസഹായം അനുവദിക്കാന്‍ വ്യവസ്ഥ ചെയ്‌തും സഹകരണനിക്ഷേപഗ്യാരന്റി സ്‌കീമില്‍ മാറ്റങ്ങള്‍ വരുത്തി. സ്‌കീമിന്റെ പ്രവൃത്തിക്രമീകരണവ്യവസ്ഥകളിലാണു ഭേദഗതി. സ്‌കീമിന്റെ 2(കെ) ഖണ്ഡികയില്‍ പരമാര്‍ശിക്കുന്ന എല്ലാസംഘവും സ്‌കീമില്‍ ചേരണം. സ്‌കീമില്‍ ചേരാതെ സംഘങ്ങള്‍ നിക്ഷേപം സ്വീകരിച്ചാല്‍ രജിസ്‌ട്രാര്‍ ഉത്തരവിലൂടെ അതു തടയുമെന്നും പിഴ ഈടാക്കുമെന്നും ഇതിന്റെ 12-ാംവകുപ്പിലുണ്ട്. അതേസമയം നിക്ഷേപഗ്യാരന്റിഫണ്ട് ബോര്‍ഡില്‍ അംഗമാകുന്ന സാമ്പത്തിക പ്രതിസന്ധിയുള്ള സംഘത്തിന് ബോര്‍ഡില്‍നിന്നു വായ്‌പയായി ധനസഹായം നല്‍കാമെന്നു ഭേദഗതിയില്‍ പറയുന്നു. നിക്ഷേപകര്‍ക്കു പണം നല്‍കാനാണ് ഇത് അനുവദിക്കുക. നിക്ഷേപകര്‍ക്കു പണം തിരിച്ചുകിട്ടാന്‍ ലിക്വിഡേഷന്‍വരെ കാത്തിരിക്കേണ്ടസ്ഥിതി ഒഴിവാക്കാനും ലിക്വിഡേഷനിലേക്കു പോകാതെ സംഘത്തെ പുനരുജ്ജീവിപ്പിക്കാന്‍ യത്‌നിക്കാനും ഇതോടെ സാധ്യതെ തെളിയുകയാണ്. ഈ വായ്‌പക്കുള്ള അപേക്ഷയോടൊപ്പം സഹകരണസംഘം രജിസ്‌ട്രാറുടെ ശുപാര്‍ശയും അദ്ദേഹം സാക്ഷ്യപ്പെടുത്തിയ പുനരുജ്ജീവനപദ്ധതിയും സമര്‍പ്പിക്കണം. ധനസഹായം ഏഴുകൊല്ലത്തിനകം തിരിച്ചടക്കണം. ഇതിന്റെ പലിശ കേരളബാങ്ക് സ്ഥിരനിക്ഷേപങ്ങള്‍ക്കു നല്‍കുന്ന പരമാവധി പലിശയെക്കാള്‍ രണ്ടുശതമാനം കൂടുതലായിരിക്കും. സ്ഥിരആസ്‌തികള്‍ ഇക്വിറ്റബിള്‍ മോര്‍ട്ട്‌ഗേജ്‌പ്രകാരവും മറ്റ്‌ആസ്‌തികള്‍ പണയമായും ഈടൂ നല്‍കണം. ബോര്‍ഡ് മുന്‍സാമ്പത്തികവര്‍ഷം സമാഹരിച്ച ആകെവിഹിതത്തിന്റെ 50%വരെയേ ധനസഹായം നല്‍കാന്‍ ഉപയോഗിക്കൂ. അപേക്ഷയും രേഖകളും ആദ്യം താലൂക്ക് സഹകരണരജിസ്‌ട്രാര്‍ഓഫീസില്‍ കൊടുക്കണം. അവിടന്ന് അവ ഏഴുദിവസത്തിനകം ജില്ലാതലസമിതിക്കു കൊടുക്കണം. ജില്ലാസഹകരണസംഘം ജോയിന്റ് രജിസ്‌ട്രാര്‍ (ജനറല്‍), ജില്ലാസഹകരണസംഘം ജോയിന്റ് ഡയറക്ടര്‍ (ഓഡിറ്റ്), ബന്ധപ്പെട്ട താലൂക്ക് അസിസ്റ്റന്റ് രജിസ്‌ട്രാര്‍ (ജനറല്‍) എന്നിവരാണു ജില്ലാസമിതിയുണ്ടാവുക. അവര്‍ പപരിശോധിച്ചു ശുപാര്‍ശയോടെ ഏഴുദിവസത്തിനകം സഹകരണസംഘം രജിസ്‌ട്രാര്‍ക്കു സമര്‍പ്പിക്കണം. രജിസ്‌ട്രാറാണ് ഇതു ശുപാര്‍ശസഹിതം ബോര്‍ഡ്‌ഭരണസമിതിക്കു സമര്‍പ്പിക്കേണ്ടത്. ബോര്‍ഡ് 15ദിവസത്തിനകം തീരുമാനമെടുക്കണം. വായ്‌പ രണ്ടാംവര്‍ഷംമുതലും പലിശ നാലാംവര്‍ഷംമുതലും തിരിച്ചടച്ചാല്‍മതി. നിക്ഷേപകരായ ഓരോരുത്തര്‍ക്കും അഞ്ചുലക്ഷംരൂപയുടെവരെ നിക്ഷേപം തിരിച്ചുകൊടുക്കാന്‍ ഈ സഹായം ഉപയോഗിക്കാം. അതിനുമാത്രമേ ഉപയോഗിക്കാവൂതാനും. ബോര്‍ഡിന്റെ പ്രതിനിധിയടക്കമുള്ള ജില്ലാസമിതി മുമ്മൂന്നുമാസംകൂടുമ്പോള്‍ പാക്കേജിന്റെ പുരോഗതി വിലയിരുത്തി റിപ്പോര്‍ട്ടു നല്‍കണം. ബോര്‍ഡ് ഇതു യഥാസമയം പരിശോധിക്കും. കാലാവധിക്കുമുമ്പു സാമ്പത്തികഭദ്രത വീണ്ടെടുക്കുന്ന സംഘങ്ങള്‍ക്ക് കാലാവധിക്കുമുമ്പേ വായ്‌പ അടച്ചുതീര്‍ക്കാം. നിക്ഷേപം തിരിച്ചുകിട്ടാന്‍ നിക്ഷേപകര്‍ നിര്‍ദിഷ്ടമാതൃകയില്‍ അപേക്ഷിക്കണം. പ്രവര്‍ത്തനരഹിതമായെങ്കിലും, ലിക്വിഡേഷന്‍/സമാപ്‌തീകരണനടപടികള്‍ക്കുള്ള അപേക്ഷ നിരസിക്കപ്പെട്ട സംഘങ്ങള്‍ക്കും സ്‌കീമില്‍ ചേരാം.
സ്‌കീമില്‍ അംഗമായിരിക്കെ പ്രവര്‍ത്തനം അവസാനിപ്പിക്കാനോ സമാപ്‌തീകരിക്കാനോ ഉത്തരവാകുന്ന സംഘങ്ങളുടെ കാര്യത്തിലും പരമാവധി അഞ്ചുലക്ഷംരൂപവരെ നിക്ഷേപകര്‍ക്കു കിട്ടും. രജിസ്‌ട്രേഷന്‍ റദ്ദാക്കുന്ന തിയതിയിലെ നിക്ഷേപത്തുകയില്‍ കൂടാത്തതുകയുടെ പരിധിയിലും സ്‌കീമിനു വിധേയമായുമേ തുക നല്‍കൂ. ലിക്വിഡേറ്റര്‍ നിര്‍ദിഷ്ടമാതൃകയിലുള്ള അപേക്ഷ നിക്ഷേപകരില്‍നിന്നു വാങ്ങി ബോര്‍ഡിനു നല്‍കണം. ഒരാള്‍ക്ക് ഒരുസംഘത്തിന്റെ പലശാഖയില്‍ പലതരം അക്കൗണ്ടില്‍ നിക്ഷേപമുണ്ടെങ്കില്‍ അവ ഒന്നായെടുത്താണു പരമാവധി അഞ്ചുലക്ഷംവരെ അനുവദിക്കുക. ഒരാള്‍ക്ക് ഒന്നിലേറെ സംഘങ്ങളില്‍ നിക്ഷേപമുണ്ടെങ്കില്‍ ഒരോനിക്ഷേപത്തിനും പരമാവധി അഞ്ചുലക്ഷംവരെ ലഭിക്കും. നിക്ഷേപകര്‍ സംഘത്തിനു തുക നല്‍കാനുണ്ടെങ്കില്‍ അത് എടുത്തിട്ടു ബാക്കിയാണു മടക്കിനല്‍കുക. ലിക്വിഡേറ്ററെ വച്ചാല്‍ അദ്ദേഹം വേഗം നിക്ഷേപകരുടെ പേരും തുകയും അടങ്ങിയ പട്ടിക ബോര്‍ഡിനു നല്‍കണം. അതുകിട്ടി മൂന്നുമാസത്തിനകം ബോര്‍ഡ് അഞ്ചുലക്ഷംവരെയുള്ള നിക്ഷേപം തിരിച്ചുകൊടുക്കും. ഇതു നിക്ഷേപകരുടെ അക്കൗണ്ടിലേക്ക് നല്‍കുകയോ അവര്‍ക്കു നല്‍കാനായായി ലിക്വിഡേറ്റര്‍ക്കു നല്‍കുകയോ ആകാം.
ഭേദഗതിപ്രകാരം സ്‌കീമിന്റെ 2(കെ) ഖണ്ഡികയില്‍ പരാമര്‍ശിക്കുന്ന എല്ലാ സംഘംവും സ്‌കീം ആരംഭിച്ച് ഒരുകൊല്ലത്തിനകം നിശ്‌ചിതമാതൃകയില്‍ അപേക്ഷിച്ചു സ്‌കീമില്‍ രജിസ്റ്റര്‍ ചെയ്യണം. അതാതുജില്ലാ ജോയിന്റ് രജിസ്‌ട്രാര്‍(ജനറല്‍)മാര്‍ സംഘങ്ങളെ ഗ്യാരന്റിഫണ്ട് ബോര്‍ഡില്‍ അംഗമാക്കി വിജ്ഞാപനം ചെയ്യണം. ജില്ലയ്‌ക്കുപുറത്തോ ഒന്നിലേറെ ജില്ലകളിലോ സംസ്ഥാനത്താകെയോ പ്രവര്‍ത്തിക്കുന്നവയുടെ കാര്യത്തില്‍ സഹകരണസംഘംരജിസ്‌ട്രാറാണ് ഇതു ചെയ്യേണ്ടത്. വിജ്ഞാപനത്തിനുശേഷം സംഘങ്ങള്‍ ഓരോസാമ്പത്തികവര്‍ഷവും നിക്ഷേപബാക്കിനില്‍പിലെ ഒരോ 100രൂപയ്‌ക്കും 10പൈസവച്ച് കേരളബാങ്കിന്റെ അതതുജില്ലകളിലെ നിക്ഷേപഗ്യാരന്റിഫണ്ട്‌ബോര്‍ഡിന്റെ അക്കൗണ്ടില്‍ അടയ്‌ക്കണം. ബാക്കിപത്രത്തിലെ തൊട്ടുമുന്‍വര്‍ഷത്തെ വ്യാപാരാവസാനദിനത്തിലെ നിക്ഷേപം രേഖപ്പെടുത്തണം. ഓഡിറ്റ് നടത്താത്തവ പിന്നീട് ഓഡിറ്റ്‌ചെയ്‌തകണക്കുവച്ചു റിട്ടേണ്‍ വീണ്ടുംസമര്‍പ്പിക്കണം. നിക്ഷേപക്കണക്ക് ഏറ്റവും അടുത്ത 1000 രൂപയില്‍ റൗണ്ട്‌ഓഫ് ചെയ്യണം.2024-25 സാമ്പത്തികവര്‍ഷം 2025മാര്‍ച്ച് 31ലെ ആസ്‌തിബാധ്യതപ്പട്ടിക പ്രകാരമുള്ള നിക്ഷേപബാക്കിത്തുകയെ 0.02/100 കൊണ്ടു ഗുണിച്ചുകിട്ടുന്നതുകയാണ് അംഗത്വം പുതുക്കാന്‍ അടക്കേണ്ടത്. തുടര്‍ന്നുള്ള സാമ്പത്തികവര്‍ഷങ്ങളില്‍ ഇത് ആസ്‌തിബാധ്യതാപ്പട്ടികയിലെ നിക്ഷേപബാക്കിനില്‍പുതുകയെ 0.04/100 കൊണ്ടു ഗുണിച്ചുകിട്ടുന്ന തുകയായിരിക്കും. ഇതൊക്കെ സംഘംതന്നെ വഹിക്കണം. നിക്ഷേപകരുടെ ചെലവിലാകരുത്.
രജിസ്‌ട്രാറുടെ ശുപാര്‍ശയും വിജ്ഞാപിതപട്ടികയും സഹകരണഓഡിറ്റര്‍ സാക്ഷ്യപ്പെടുത്തിയ ലാഭനഷ്ടക്കണക്കും താല്‍ക്കാലികബാക്കിപത്രവും തരളധനരജിസ്റ്ററിന്റെ പകര്‍പ്പും ഗ്യാരന്റിവിഹിതം അടച്ച ചെലാന്റെ പകര്‍പ്പും ഓഡിറ്റ് സര്‍ട്ടിഫിക്കറ്റും സഹിതം സഹകരണസംഘംജോയിന്റ് രജിസ്‌ട്രാര്‍മുഖേനയാണ് അപേക്ഷിക്കേണ്ടത്.സംഘത്തെ സ്‌കീമില്‍ രജിസ്റ്റര്‍ ചെയ്‌താല്‍ 30ദിവസത്തിനകം ബോര്‍ഡ് അക്കാര്യം അറിയിക്കും. അറിയിപ്പുകിട്ടി മൂന്നുമാസത്തിനകം വിഹിതവും മറ്റുരേഖകളും സമര്‍പ്പിക്കണം. എല്ലാക്കൊല്ലവും ബോര്‍ഡിനു വാര്‍ഷികറിട്ടേണ്‍ സമര്‍പ്പിക്കുകയും വേണം.രജിസ്‌ട്രാര്‍ നിക്ഷേപം സ്വീകരിക്കുന്നതു വിലക്കുകയോ രജിസ്‌ട്രേഷന്‍ റദ്ദാക്കുകയോ സമാപ്‌തീകരണഉത്തരവാകുകയോ സമാപ്‌തീകരണത്തിനു ലിക്വിഡേറ്ററെ വയ്‌ക്കുകയോ മറ്റേതെങ്കിലും സംഘവുമായി സംയോജിക്കപ്പെടുകയോ ചെയ്‌താല്‍ നിക്ഷേപഗ്യാരന്റിരജിസ്‌ട്രേഷന്‍ റദ്ദാക്കും. അപ്പോഴും റദ്ദാകലിനുതൊട്ടുമുമ്പുള്ള കാലത്തെ വിഹിതം അടക്കണം.
ഗ്യാരന്റീഡ്‌സംഘം വിഹിതം അടക്കാതായാല്‍ അടക്കാത്തകാലത്തേക്കു തുകയുടെ 12%പലിശകൂടി അടക്കണം. ജൂലൈആദ്യദിനംമുതല്‍ വിഹിതം അടയ്‌ക്കുംവരെയുള്ള പിഴപ്പലിശയും അടക്കണം. തുടര്‍ച്ചയായി നാലുവര്‍ഷംവിഹിതം അടച്ചില്ലെങ്കില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ ബോര്‍ഡിന് അധികാരമുണ്ട്. ഒരുമാസത്തെ നോട്ടീസ് നല്‍കിവേണം റദ്ദാക്കാന്‍. അപക്ഷനല്‍കി കുടിശ്ശികയും പലിശയും അടച്ചാല്‍ രജിസ്‌ട്രേഷന്‍ പുന:സ്ഥാപിക്കാം. രജിസ്‌ട്രേഷന്‍ റദ്ദായാല്‍ പുന:സ്ഥാപിക്കുംവരെ നിക്ഷേപം സ്വീകരിക്കരുതെന്നു രജിസ്‌ട്രാര്‍ക്കു വിലക്കാം.എല്ലാ ഗ്യാരന്റീഡ് സംഘവും ജൂണിലെ അവസാന പ്രവൃത്തിദിനത്തിനുമുമ്പ് നിക്ഷേപഗ്യാരന്റിഫണ്ട് റിട്ടേണ്‍ സമര്‍പ്പിക്കണം. ഇല്ലെങ്കില്‍ പിഴയീടാക്കും. പരമാവധി 2000രൂപവരെ പിഴയും വീഴ്‌ചതുടരുന്ന ഓരോദിവസത്തിനും 50രൂപയുമാണ് ഈടാക്കുക. വ്യാജപ്രസ്‌താവന സമര്‍പ്പിച്ചാല്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്കു 10,000 രൂപവരെ പിഴ ചുമത്താം.