സഹകരണ സ്‌പിന്നിങ് മില്ലുകള്‍ക്കുംമറ്റുമായി 3.3കോടിയുടെ പഞ്ഞി വാങ്ങാന്‍ നടപടി
ആറു സഹകരണ സ്‌പിന്നിങ്‌മില്ലുകള്‍ക്കും രണ്ടു പൊതുമേഖലാ സ്‌പിന്നിങ് മില്ലുകള്‍ക്കും പ്രയോജനപ്പെടുന്ന വിധത്തില്‍ 3.3 കോടിരൂപയുടെ പഞ്ഞ വാങ്ങാന്‍ നടപടിയായി. അഞ്ചുമില്ലുകള്‍ക്കായി 500 ബെയ്‌ല്‍ പഞ്ഞി ലഭിച്ചു. ബാക്കി അടുത്തദിവസങ്ങളില്‍ ലഭിക്കും.കോട്ടണ്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍നിന്നാണു പഞ്ഞി വാങ്ങുന്നത്. ഒരുമാസത്തേക്ക് 1200 ബെയ്‌ല്‍ പഞ്ഞിക്കാണു സംസ്ഥാന കോട്ടണ്‍ ബോര്‍ഡ് വാങ്ങല്‍ഓര്‍ഡര്‍ നല്‍കിയത്. അസംസ്‌കൃതവസ്‌തുക്കള്‍ വാങ്ങാനുള്ള ബുദ്ധിമുട്ടു പരിഹരിക്കാനാണു നടപടി.
കോമളപുരം സ്‌പിന്നിങ് ആന്റ് വീവിങ് മില്ലിനു 300 ബെയ്‌ലും, പ്രിയദര്‍ശിനി സഹകരണ സ്‌പിന്നിങ് മില്ലിന് 200 ബെയ്‌ലും, ആലപ്പി കോഓപ്പറേറ്റീവ് സ്‌പിന്നിങ് മില്ലിന് 200 ബെയ്‌ലും, കണ്ണൂര്‍ സഹകരണ സ്‌പിന്നിങ് മില്ലിനു 100 ബെയ്‌ലും, മലപ്പുറം സഹകരണ സ്‌പിന്നിങ് മില്ലിനു 150 ബെയ്‌ലും, മലബാര്‍ സ്‌പിന്നിങ് ആന്റ് വീവിങ് മില്ലിനു 100 ബെയ്‌ലും, മലബാര്‍ സഹകരണടെക്‌സ്റ്റൈല്‍സ് ലിമിറ്റഡിന് (മാല്‍കോടെക്‌സ്) 100 ബെയ്‌ലും, കെ കരുണാകരന്‍ സ്‌മാരക സഹകരണ സ്‌പിന്നിങ് മില്ലിന് 50 ബെയ്‌ലും പഞ്ഞി ലഭിക്കും.
സംസ്ഥാന ടെക്‌സ്റ്റൈല്‍ കോര്‍പറേഷനും കേരള സംസ്ഥാന സഹകരണ ടെക്‌സ്‌റ്റൈല്‍ ഫെഡറേഷന്‍ ലിമിറ്റഡിനും (ടെക്‌സ്‌ഫെഡ്) ബജറ്റുവിഹിതത്തില്‍നിന്നു മില്ലുകളുടെ കുടിശ്ശികയുടെ ഒരു ഭാഗം തീര്‍ക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ടെക്‌സ്റ്റൈല്‍ മേഖലയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും സഹകരണമേഖലയിലും പൊതുമേഖലയിലുമുള്ള സ്‌പിന്നിങ് മില്ലുകള്‍ക്കു പഞ്ഞി കിട്ടുമെന്ന് ഉറപ്പാക്കാനുമാണു സര്‍ക്കാര്‍ കോട്ടണ്‍ ബോര്‍ഡ് രൂപവല്‍കരിച്ചിട്ടുള്ളത്. വിളവെടുപ്പുസമയത്തു ഗുണമേന്‍മയുള്ള പഞ്ഞി വാങ്ങി സംഭരിച്ചു പിന്നീട് മില്ലുകള്‍ക്കു നല്‍കലാണു ലക്ഷ്യം. ഇതിനുവേണ്ട പ്രവര്‍ത്തനമൂലധനത്തിനായി ദേശീയസഹകരണവികസനകോര്‍പറേഷനില്‍നിന്ന് 70 കോടിരൂപയും സംസ്ഥാനബജറ്റുവഴി 10 കോടിരൂപയും ലഭ്യമാക്കി. ടെക്‌സ്റ്റൈല്‍ മില്ലുകളുടെ 111.15 കോടിരൂപയുടെ വൈദ്യുതിക്കുടിശ്ശിക എഴുതിത്തള്ളുകയും ചെയ്‌തിട്ടുണ്ട്.