ലോക അരിസമ്മേളനത്തിനു ഭാരതമണ്ഡപമൊരുങ്ങുന്നു
സഹകരണസ്ഥാപനങ്ങളുടെയും കര്‍ഷകഉല്‍പാദകസ്ഥാപനങ്ങളുടെയും (എഫ്‌പിഒ) ഉല്‍പന്നങ്ങള്‍ വ്യാപകമായി പ്രദര്‍ശിപ്പിക്കപ്പെടുന്ന ഭാരത് അന്താരാഷ്ട്ര നെല്ലരി സമ്മേളനം ഒക്ടോബര്‍ 30നും 31നും ന്യൂഡല്‍ഹി പ്രഗതിമൈതാനത്തെ ഭാരത് മണ്ഡപത്തില്‍ നടക്കും. ഇന്ത്യയിലെ അരിക്കയറ്റുമതിക്കാരുടെ ഫെഡറേഷനും (ഐ.ആര്‍.ഇ.എഫ്) കാര്‍ഷികസംസ്‌കരിതഭക്ഷ്യോല്‍പന്നക്കയറ്റുമതി അതോറിട്ടിയും (അപ്പേഡ) ചേര്‍ന്നു കേന്ദ്ര വാണിജ്യ-വ്യവസായമന്ത്രാലയം, സഹകരണമന്ത്രാലയം, ഭക്ഷ്യ-സംസ്‌കരണവ്യവസായമന്ത്രാലയം, കൃഷി-കര്‍ഷകക്ഷേമമന്ത്രാലയം, തെലങ്കാന-ഒഡിഷ-അസം-മേഘാലയ-മണിപ്പൂര്‍ സംസ്ഥാനസര്‍ക്കാരുകള്‍ എന്നിവയുടെ സഹായത്തോടെയാണു സംഘടിപ്പിക്കുന്നത്.

മൂവായിരത്തില്‍പരം കര്‍ഷകരും എഫ്‌പിഒ പ്രതിനിധികളും 2500 കയറ്റുമതിക്കാരും മില്ലുകാരും അനുബന്ധ വ്യവസായികളും എണ്‍പതില്‍പരം രാജ്യങ്ങളില്‍നിന്നായി ആയിരത്തോളം വാങ്ങലുകാരും പങ്കെടുക്കും. ദേശീയസഹകരണകയറ്റുമതി ലിമിറ്റഡ്, ദേശീയ ജൈവസഹകരണലിമിറ്റഡ്, ഭാരതീയ ബീജ് സഹകാരിതാസമിതി, കൃഷക്‌ഭാരതി സഹകരണലിമിറ്റഡ് തുടങ്ങിയ സഹകരണസ്ഥാപനങ്ങള്‍ ചെറുകിടകര്‍ഷകരെ അന്താരാഷ്ട്രവിപണികളുമായി ബന്ധപ്പെടാന്‍ സഹായിക്കും. വര്‍ഷം 150ദശലക്ഷം ടണ്‍ അരി ഉല്‍പാദിപ്പിക്കുകയും 20 ദശലക്ഷം ടണ്ണിലേറെ കയറ്റുമതി ചെയ്യുകയും ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഈയിനത്തിലുള്ള കയറ്റുമതിമൂല്യം 13 ബില്യണ്‍ ഡോളറാണ്. കര്‍ഷകരുടെ നേതൃത്വത്തിലുള്ളതും സഹകരണപ്രചോദിതവുമായ സംരംഭങ്ങളിലൂടെ കയറ്റുമതി വര്‍ധിപ്പിക്കുകയാണു സമ്മേളനത്തിന്റെ ലക്ഷ്യം. കൂട്ടായ വിപണികള്‍, മൂല്യവര്‍ധന, കയറ്റുമതിക്ലസ്റ്ററിങ് തുടങ്ങിയവ ശക്തമാക്കാന്‍ കേന്ദ്രസഹകരണമന്ത്രാലയത്തിനു പദ്ധതികളുണ്ട്. നൂതനത്വം, സര്‍ട്ടിഫിക്കേഷന്‍, കാലാവസ്ഥാപ്രതിരോധം, വിപണീപ്രാപ്യത തുടങ്ങി എട്ടുവിഷയങ്ങളില്‍ സാങ്കേതികസെഷനുകള്‍ ഉണ്ടാകും. അപ്പേഡ, ഐആര്‍ഇഎഫ്, ഐസിഎആര്‍, അന്താരാഷ്ട്രനെല്ലുഗവേഷണഇന്‍സ്റ്റിറ്റിയൂട്ട് എന്നിവയുമായി ചേര്‍ന്നു കേന്ദ്ര വാണിജ്യവകുപ്പ് അരിമേഖലയ്‌ക്കായി ഒരു റോഡ് മാപ്പും ദൗത്യദര്‍ശനവും രൂപവല്‍കരിച്ചുവരികയാണ്. 1.80ലക്ഷം കോടിരൂപയുടെ പുതിയ അരിവിപണികള്‍ കണ്ടെത്താനും 250000കോടിരൂപയുടെ കയറ്റുമതി ധാരണാപത്രങ്ങള്‍ ഒപ്പുവയ്‌ക്കാനും ലക്ഷ്യമിട്ടുകൊണ്ടാണു പ്രവര്‍ത്തനങ്ങള്‍. ഇന്ത്യയുടെ അരിയിനങ്ങളുടെ വൈവിധ്യം വ്യക്തമാക്കുന്ന പാചകാനുഭവമേഖലയും അപ്പേഡയും ഐആര്‍ഇഎഫും ചേര്‍ന്ന് സജ്ജമാക്കും. ഇവിടെ വിവിധ സഹകരണബ്രാന്റുകളുടെയും കര്‍ഷഗ്രൂപ്പുകളുടെയും അരിയുല്‍പന്നങ്ങള്‍ രുചിച്ചുനോക്കാനും വാങ്ങുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും തമ്മില്‍ ചര്‍ച്ച നടത്താനും സൗകര്യമുണ്ടാകും.

