സഹകരണ എക്‌സ്‌പോ ഏപ്രിൽ 21മുതൽ
സഹകരണ എക്‌സ്‌പോ മൂന്നാം പതിപ്പ് ഏപ്രിൽ 21ന് കനകക്കുന്ന് പാലസ് ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഒരുമയുടെ പൂരം എന്ന് പേരിട്ടിരിക്കുന്ന എക്‌സ്‌പോയിൽ സംസ്ഥാനത്തെ സഹകരണ സംഘങ്ങളുടെ വൈവിധ്യമാർന്ന 400-ൽ പരം ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനവും ഉണ്ടാകുമെന്ന് സഹകരണ മന്ത്രി വി എൻ വാസവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
70,000 ചതുരശ്ര അടിയിലുള്ള ശീതീകരിച്ച 250-ലധികം പ്രദർശന സ്റ്റാളുകളും വിവിധ ജില്ലകളിൽ നിന്നുള്ള വൈവിധ്യമാർന്ന വിഭവങ്ങൾ ഒരുക്കിക്കൊണ്ടുള്ള 12000 ചതുരശ്ര അടിയിലുള്ള ഫുഡ് കോർട്ടും , ഉത്പന്നങ്ങൾ വിപണിയിലിറക്കാനും പുസ്തകങ്ങൾ പ്രകാശനം ചെയ്യാനും പ്രത്യേക വേദിയും, സഹകരണ പ്രസ്ഥാനത്തിന്റെ ചരിത്രവും വികാസപരിണാമങ്ങളും ജനകീയ പദ്ധതികളും പ്രവർത്തനങ്ങളും പരിചയപ്പെടുത്തുന്ന സഹകരണ വകുപ്പിന്റെ പവിലിയനും എക്‌സ്‌പോയിലുണ്ടാകും. ദേശീയതലത്തിൽ പ്രാധാന്യമുള്ള സഹകരണ സ്ഥാപനങ്ങളുടെയും മറ്റു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുത്ത പ്രമുഖ സഹകരണ സ്ഥാപനങ്ങളുടെയും സ്റ്റാളുകളും അണിനിരക്കും.
അന്താരാഷ്ട്ര സഹകരണസഖ്യത്തിന്റെ അന്താരാഷ്ട്ര സഹകരണ വർഷം 2025- ന്റെ പ്രമേയമായ സഹകരണസ്ഥാപനങ്ങൾ കെട്ടിപ്പടുക്കുന്നു. ഏവർക്കും ഒരു നല്ല ഭാവി എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി വിവിധ വിഷയങ്ങളിൽ സെമിനാറുകൾ, സാംസ്‌കാരിക യുവജന സമ്മേളനങ്ങൾ, കലാപരിപാടികൾ, സാംസ്‌കാരിക പരിപാടികൾ എന്നിവയും നടത്തും. ഏപ്രിൽ 30 വരെയാണ് എക്‌സ്‌പോ. എക്സ്പോയുടെ പോസ്റ്റർ മന്ത്രി പ്രകാശനം ചെയ്തു.